വോട്ടിംഗ് യന്ത്രങ്ങള്‍ പ്രസവിച്ച അധികവോട്ടുകള്‍ ആരുടേതാണ്?

0
959

ഡോ. ആസാദ്

വോട്ടിംഗ് യന്ത്രങ്ങള്‍ പ്രസവിച്ച അധികവോട്ടുകള്‍ ആരുടേതാണ്?

തെരഞ്ഞെടുപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഒടുവില്‍ സുപ്രീംകോടതിയില്‍തന്നെ ചോദ്യം ചെയ്യപ്പെടുന്നു. വിശദമായ പഠനത്തിനു ശേഷം അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. തൃണമൂല്‍ പാര്‍ട്ടി എം പി മഹ്വാ മൊയ്ത്രയുടെ പരാതിയും കോടതിയ്ക്കു മുന്നിലുണ്ട്.

542ലോകസഭാ മണ്ഡലങ്ങളില്‍ 347 എണ്ണത്തിലും പിശകു കാണാം. ആകെ പോള്‍ ചെയ്ത വോട്ടിന്റെയും എണ്ണിയ വോട്ടിന്റെയും കണക്കു തുല്യമല്ല. 195 മണ്ഡലങ്ങളില്‍ മാത്രമാണ് എണ്ണം ഒത്തുപോകുന്നത്. ഒരു വോട്ടു മുതല്‍ ഒരു ലക്ഷം (കൃത്യമായി 101323) വോട്ടുവരെ വ്യത്യാസം കാണുന്നു. ആറു മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നിര്‍ണയിച്ച വോട്ടുകളുടെ എണ്ണത്തെക്കാള്‍ കൂടുതലാണിത്. ചരിത്രത്തില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു പ്രവണതയാണിത്.

ഓരോ വോട്ടും ഓരോ ഇന്ത്യന്‍ പൗരന്റെ തീര്‍പ്പാണ്. കര്‍ക്കശമായ ജാഗ്രതയോടെ രൂപപ്പെടുത്തുന്ന വോട്ടര്‍ പട്ടികയും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പു പ്രക്രിയയും മുമ്പൊരിക്കലും ഇങ്ങനെ സംശയിക്കപ്പെട്ടിട്ടില്ല. ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ വ്യത്യാസമുണ്ടാവരുത്. ഒരു വോട്ടിന്റെ വ്യത്യാസം തെരഞ്ഞെടുപ്പ് അഴിമതിയാവും. ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യത തകര്‍ക്കുമത്. പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പ് വലിയ സന്ദേഹങ്ങളാണ് ഉണര്‍ത്തുന്നതെന്ന് കോടതിയിലെത്തിയ പഠന റിപ്പോര്‍ട്ടു പറയുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്‍ അതു വിശദീകരിക്കട്ടെ.

ഇപ്പോള്‍ മോദി അമിത്ഷാ കൂട്ടുകെട്ട് ഭരണഘടനക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും എതിരെ നടത്തുന്ന അക്രമങ്ങള്‍ക്ക് പറയുന്ന ന്യായം തെരഞ്ഞെടുപ്പില്‍ ലഭിച്ച ജനസമ്മതിയാണ്. പ്രകനപത്രികയില്‍ പറഞ്ഞതെല്ലാം അംഗീകരിക്കപ്പെട്ടിട്ടുണ്ടത്രെ. ഇപ്പോള്‍ തെരഞ്ഞെടുപ്പുതന്നെ സംശയത്തിന്റെ മുനമ്പിലാണ്. കൊടും ചതിയിലൂടെ സൃഷ്ടിച്ച വ്യാജസമ്മതിയുടെ മുകളിലാണ് മോഡി അമിത്ഷാമാര്‍ തിളയ്ക്കുന്നതെന്ന് രാജ്യത്തെങ്ങുമുയരുന്ന പ്രതിഷേധങ്ങള്‍ പറയുന്നുണ്ട്.

ഇന്ത്യക്കു താങ്ങാനാവാത്ത ചതിയും ഹിംസയും രാഷ്ട്രീയരൂപം കൈക്കൊണ്ട് അധികാരത്തില്‍ എത്തിയിരിക്കുന്നു. അതിനു യോജിച്ചവര്‍ നേതൃത്വവുമാളുന്നു. ഇവരല്ല നേതാക്കളെന്ന്, ഇതല്ല ഇന്ത്യയ്ക്കര്‍ഹമായ രാഷ്ട്രീയ നേതൃത്വമെന്ന് മതേതര ജനാധിപത്യ ഇന്ത്യ തെരുവുകളില്‍ വിളിച്ചു പറയുകയാണ്. കോടതിയില്‍ ഇനി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സംസാരിക്കട്ടെ.