ഗാഡ്ഗില്‍ പറഞ്ഞതും മാധ്യമങ്ങള്‍ കേട്ടതും

362

ഡോ ആസാദ് എഴുതുന്നു

ഗാഡ്ഗില്‍ പറഞ്ഞതും മാധ്യമങ്ങള്‍ കേട്ടതും
***************************
പ്രളയവും പ്രകൃതിക്ഷോഭവും വരുത്തുന്നതില്‍ മുതലാളിത്ത വികസനത്തിനും ഭരണകൂടത്തിനുമുള്ള പങ്കു ചെറുതല്ലെന്നും ജനങ്ങളുടെ ജാഗ്രതയും ചെറുത്തുനില്‍പ്പും വഴി മാത്രമേ പരിഹാരം കാണാനാവൂ എന്നുമാണ് മാധവ് ഗാഡ്ഗിലിന്റെ കോട്ടയ്ക്കല്‍ പ്രസംഗത്തില്‍ ഞാന്‍ കേട്ടത്.

ഭരണകൂട- പണമുതലാളിത്ത ദല്ലാള്‍ ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ പലവിധ ജനവിരുദ്ധ ഇടപെടലുകള്‍ ഗോവയിലെയും കേരളത്തിലെയും അനുഭവങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹം വിശദീകരിച്ചു. ഇന്നത്തെ മാധ്യമ വാര്‍ത്തകളുടെ തലക്കെട്ടു പക്ഷെ വിചിത്രമായിരിക്കുന്നു.പൂര്‍ണമായും മനുഷ്യ നിര്‍മ്മിതമല്ല പ്രകൃതി ദുരന്തങ്ങള്‍ എന്ന അഭിപ്രായമാണ് ലീഡായത്.

പ്രകൃതിദുരന്തങ്ങള്‍ പൂര്‍ണമായും മനുഷ്യനിര്‍മ്മിതമാവില്ലെന്ന് ആര്‍ക്കും പറയാം. എന്നാല്‍ പ്രകൃതിക്കുമേല്‍ മനുഷ്യരുടെ കയ്യേറ്റം എത്രമേല്‍ കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നതെന്ന് അതു സംബന്ധിച്ചുള്ള പഠനങ്ങള്‍ നടത്തിയ ഗാഡ്ഗില്‍തന്നെ പറയണം.
ആ അറിവും വാദമുഖങ്ങളുമാണ് മാധ്യമങ്ങള്‍ ജനങ്ങളുടെ മുന്നില്‍ വെയ്ക്കേണ്ടിയിരുന്നത്.

No photo description available.കവളപ്പാറ ദുരന്തം മനുഷ്യ നിര്‍മ്മിതമല്ല എന്നു തലക്കെട്ടു കൊടുത്ത പത്രങ്ങള്‍പോലുമുണ്ട്.മനുഷ്യാതീതമായ ആപല്‍സാധ്യതകളുണ്ട് എന്നത് അംഗീകരിച്ചുകൊണ്ടുതന്നെയാണ് പശ്ചിമ ഘട്ടത്തിലെ വിനാശകരമായ കയ്യേറ്റങ്ങളെക്കുറിച്ചു ഗാഡ്ഗില്‍ വിശദീകരിച്ചത്.മനുഷ്യാതീതമായ കാരണങ്ങള്‍ കൊണ്ടു മനുഷ്യരുടെ കയ്യേറ്റങ്ങളെ മറയ്ക്കാനോ സാധൂകരിക്കാനോ മാധ്യമങ്ങള്‍ ശ്രമിച്ചു.അത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ്?

മനുഷ്യരുടെ കയ്യേറ്റങ്ങള്‍കൊണ്ടു മാത്രമല്ല പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുന്നതെന്ന സാമാന്യ തത്വത്തെ ഗാഡ്ഗിലിന്റെ വിദഗ്ദ്ധാഭിപ്രായമായി അവതരിപ്പിച്ചതിന്റെ യുക്തിയെന്താണ്? കവളപ്പാറപോലുള്ള ദുരന്തങ്ങള്‍ക്ക് മനുഷ്യ ഇടപെടലുകള്‍ മാത്രമല്ല കാരണമെന്നു വാദിക്കാന്‍ ഗാഡ്ഗിലിനെ സാക്ഷിയാക്കേണ്ട താല്‍പ്പര്യം ആരുടേതാണ്? മാത്രമല്ല, ജനങ്ങളാണ് നിശ്ചയിക്കേണ്ടത് എന്ന പരമപ്രധാനമായ ഭാഗം മാധ്യമങ്ങള്‍ വിട്ടുകളഞ്ഞതെന്തേ?

നമ്മുടെ പൊതുബോധം നമ്മെ കീഴടക്കുന്നവരുടെ ഇംഗിതങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നു.മനുഷ്യരുടെ അശാസ്ത്രീയവും അധാര്‍മ്മികവുമായ ഇടപെടല്‍ ഇത്തരം പ്രകൃതിക്ഷോഭങ്ങള്‍ക്ക് ഇനിയും ഇടവരുത്തിക്കൂടാ എന്ന ആഹ്വാനവും സന്ദേശവും മാധവ് ഗാഡ്ഗിലിന്റെ വാക്കുകളില്‍നിന്നു കേള്‍ക്കാന്‍ മാധ്യമങ്ങള്‍ വിസമ്മതിക്കുകയാണ്.ക്വാറി മണ്ണ് മാഫിയകള്‍ക്കു വഴിയും പഴുതുമൊരുക്കാന്‍ ഗാഡ്ഗിലിനെത്തന്നെ ഉപയോഗിക്കാനുള്ള ഹീനമായ ശ്രമമാണ് അവരുടേത്.

പ്രകൃതിക്ഷോഭം ഇളക്കിമറിച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് അനിവാര്യമായ തിരുത്തലുകളെയും മുന്നൊരുക്കങ്ങളെയും കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. തീര്‍ച്ചയായും ഗാഡ്ഗിലിന്റെ വാക്കുകള്‍ വിശകലനം ചെയ്യാതെ ഇനി നമുക്കൊട്ടും മുന്നോട്ടു പോകാനാവില്ല. മാധ്യമങ്ങള്‍ അതോര്‍ക്കുന്നതു നന്ന്.

ഡോ ആസാദ്
5 സെപ്തംബര്‍ 2019