മോദിയുടെ ഭരണത്തുടർച്ച പോലെ പിണറായിയുടെ ഭരണത്തുടർച്ചയും അപകടമെന്ന് ആസാദിന്റെ പോസ്റ്റ്

75

ആസാദ്

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന് തുടര്‍ച്ച നല്‍കിയ രാജ്യത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് തുടര്‍ച്ചയുണ്ടാകും എന്നു പറയുന്നതില്‍ അത്ഭുതമേയില്ല. ഒരേ പാറ്റേണില്‍ May be an image of 1 person and smilingചരിക്കുന്ന അപായങ്ങളാണവ.വംശഹത്യയുടെ ചോരയും ചൂരും മായാത്ത ഗുജറാത്തില്‍ തുടര്‍ഭരണം നാം കണ്ടിട്ടുണ്ട്. മോദി എത്തിയയിടത്തെല്ലാം അതു കണ്ടിട്ടുണ്ട്. പൊതുസമ്മതം ആര്‍ജ്ജിക്കാന്‍ ഫാഷിസ്റ്റുകള്‍ക്ക് കുറുക്കുവഴികളുണ്ട്. ജനങ്ങളുടെ ചെലവില്‍ ജനങ്ങളെ അന്ധരും അടിമകളും പിണിയാളരുമാക്കുന്ന വിദ്യ.

ജനങ്ങളോടു പ്രതിബദ്ധതയുള്ള അടിസ്ഥാന മാറ്റങ്ങള്‍ വരുത്തുന്ന സര്‍ക്കാറുകള്‍ക്ക് മുതലാളിത്താധികാര ക്രമം ചതിക്കുഴികള്‍ മാത്രമേ നല്‍കിയിട്ടുള്ളു. ഭൂപരിഷ്കരണ – പൊതുവിദ്യാഭ്യാസ നിയമങ്ങള്‍ കൊണ്ടുവന്ന സര്‍ക്കാറിനെ അതു മറിച്ചിട്ടു. ഒരു കാലത്തും ജനകീയപ്രതിബദ്ധതയോടു മുതലാളിത്തം ക്ഷമിച്ചു കണ്ടിട്ടില്ല.മാറിയത് മുതലാളിത്തമല്ല. ഇടതുപക്ഷ നാമത്തിലുള്ള പാര്‍ട്ടിയാണ്. കേരളത്തിലതു കോര്‍പറേറ്റ് ഭരണത്തിന്റെ കാര്യസ്ഥ സംഘമായി. ഹിന്ദുത്വ ഫാഷിസത്തിന്റെ മിത്ര പദവിയണിഞ്ഞു. ഒരേ ഇന്ദ്രജാലംകൊണ്ട് വികസനാതിശയങ്ങള്‍ വരുത്തുന്ന കേന്ദ്ര – കേരള തിയേറ്ററിന്റെ രണ്ടു മുഖംമൂടികളായി. മുതലാളിത്തത്തിന് ഇതില്‍പ്പരം എന്തു വേണം?

മുതലാളിത്തം ജനകീയ സമരങ്ങളോടു പൊറുത്തിട്ടില്ല. അതു ജനങ്ങളോടു യുദ്ധം തുടരുകയാണ്. മുറിവേറ്റവരെല്ലാം സമര രംഗത്താണ്. രാജ്യ തലസ്ഥാനത്തു കര്‍ഷകര്‍, സംസ്ഥാനത്തില്‍ യുവാക്കളും ഭൂരഹിതരും വിവിധ വികസനാഭാസങ്ങളുടെ ഇരകളും. മുതലാളിത്തവുമായി ജനങ്ങള്‍ നടത്തുന്ന ചെറുത്തു നില്‍പ്പില്‍ മുതലാളിത്തത്തോടു മാത്രം കൂറു പുലര്‍ത്തുന്നവര്‍ക്ക് അധികാരത്തിലേയ്ക്ക് കുറുക്കു വഴികള്‍ നല്‍കാന്‍ മുതലാളിത്തം പ്രതിജ്ഞാബദ്ധം.

ജനങ്ങള്‍ നടത്തുന്നത് ജീവിക്കാനുള്ള സമരമാണ്. ഫാഷിസ്റ്റുകളെ, അവരുടെ ഇന്ദ്രജാലങ്ങളെ മുഖാമുഖം നേരിട്ടു പൊരുതുന്ന ഘട്ടമാണ്. അവിടെ കോര്‍പറേറ്റ് പണക്കൊഴുപ്പിലും അതിന്റെ പ്രചാരണ വഴുവഴുപ്പിലും ജനവിരുദ്ധ സര്‍ക്കാറുകള്‍ തിരിച്ചുവരാന്‍ ഏതറ്റംവരെയും പോകും. തടഞ്ഞു നിര്‍ത്താന്‍ കഴിയുമോ എന്നാണ് നോക്കേണ്ടത്. കോര്‍പറേറ്റ് വഞ്ചനയുടെ എച്ചില്‍പുറമല്ല അവകാശ സ്ഥാപനത്തിന്റെ ഇത്തിരിയിടമാണ് അഭിമാനബോധമുള്ള മനുഷ്യര്‍ ആഗ്രഹിക്കുന്നത്.

രണ്ടാം മോദിസര്‍ക്കാര്‍ വന്നശേഷം നടക്കുന്നത് നാം കാണുകയാണ്. അതു നിയമ നിര്‍മ്മാണമാണെങ്കിലും അവയുടെ അതിവേഗ നടത്തിപ്പുകളാണെങ്കിലും പൗരാവകാശങ്ങള്‍ക്കു മേലുള്ള ബല പ്രയോഗമാണ്. സര്‍വ്വാധികാരങ്ങളോടെയും കെട്ടഴിച്ചു വിടപ്പെട്ട കോര്‍പറേറ്റ് ഭീകരതയാണ് രണ്ടാം മോദി സര്‍ക്കാര്‍. രണ്ടാം പിണറായി സര്‍ക്കാര്‍ അതേ ഭീകരതയുടെ കേരളപ്പതിപ്പ് ആവാനേ തരമുള്ളു. കാരണം കൂട്ട് കോര്‍പറേറ്റുകളുമായാണ്. ഭ്രമം മുതലാളിത്ത വികസനാഭാസങ്ങളിലാണ്.

വര്‍ഗനിലപാടിലെ ഈ മാറ്റം ഇടതുപക്ഷ പ്രസ്ഥാനത്തെ ഏതു വലതുപക്ഷത്തെക്കാളും ആപല്‍ക്കാരിയാക്കിയിരിക്കുന്നു. ലെനിന്‍ അതു പറഞ്ഞിട്ടുണ്ട്. വര്‍ഗനിലപാട് കൈയൊഴിയുന്ന കമ്യൂണിസ്റ്റു പാര്‍ട്ടികളെക്കാള്‍ ജീര്‍ണമായി മറ്റൊന്നും ഇല്ലെന്ന്. സ്വന്തം ശവക്കുഴി തോണ്ടുന്ന സംഘമായി അനുയായി വൃന്ദത്തെ അവര്‍ മാറ്റിയിരിക്കുന്നു. കോര്‍പറേറ്റ് കോളനീകരണത്തിന്റെ കപ്പംപിരിവവകാശം നേടിയെടുക്കാനാണ് നേതാക്കള്‍ക്കു താല്‍പ്പര്യം. അതിനവര്‍ ഏതറ്റംവരെയും പോകും.

ജനാധിപത്യം അപകടത്തിലാവുമ്പോള്‍ ഇടതുപക്ഷ രാഷ്ട്രീയവും ആപത്തിലാവുന്നു. സോഷ്യലിസ്റ്റു സ്വപ്നങ്ങള്‍ വേരോടെ പിഴുതു മാറ്റപ്പെടുന്നു. കോര്‍പറേറ്റ് ബ്രാഹ്മണിക്കല്‍ ഫാഷിസത്തിന്റെ അവതാര രൂപങ്ങളെ വേര്‍തിരിച്ചറിയാന്‍ നമുക്കു സാധിക്കണം. പരിമിത ജനാധിപത്യമെങ്കിലും തിരിച്ചു പിടിക്കാന്‍ എത്രമേല്‍ ജീവത്യാഗം വേണ്ടിവരുമെന്നേ അറിയാനുള്ളു. അതിനുള്ള ഓരോ ശ്രമവും വിലപ്പെട്ടതാണ്.

ആസാദ്
22 ഫെബ്രുവരി 2021