ഡോ.ആസാദ് എഴുതുന്നു 

ആറുവര്‍ഷം മുമ്പെഴുതിയ ഒരു കുറിപ്പ് ഇപ്പോള്‍ കൂടുതല്‍പ്രസക്തമായതുപോലെ തോന്നുന്നു

നൂറ്റാണ്ടിനുമുമ്പ്‌ എംഗല്‍സ്‌ എഴുതി: ”ക്യൂബയിലെ മലഞ്ചെരിവുകളില്‍വളര്‍ന്നുനിന്നിരുന്ന കാടുകളെല്ലാം കത്തിച്ച്‌ ചാരമാക്കിയ സ്‌പാനിഷ്‌ പ്ലാന്റര്‍മാര്‍, കാപ്പിച്ചെടികളുടെ വിളയ്‌ക്കാവശ്യമായ വളം സുലഭമായി ലഭിക്കും എന്നതില്‍ക്കവിഞ്ഞ്‌ ഒന്നുംതന്നെ കണക്കിലെടുത്തിട്ടില്ല. പിന്നീടുള്ള കനത്ത കാലവര്‍ഷങ്ങള്‍ ഈ പ്രദേശങ്ങളിലെ മണ്ണെല്ലാം ഒഴുക്കിക്കളഞ്ഞ്‌ മൊട്ടപ്പാറമാത്രം ബാക്കിയാക്കിയെങ്കില്‍ അവര്‍ക്കെന്തു ചേതം! പ്രകൃതിയോടുള്ള ബന്ധത്തിലായാലും വേണ്ടില്ല, സമൂഹത്തോടുള്ള ബന്ധത്തിലായാലും വേണ്ടില്ല, ഇന്നത്തെ ഉത്‌പ്പാദനവ്യവസ്ഥ, താല്‍ക്കാലിക നേട്ടങ്ങള്‍ – പെട്ടെന്നുള്ള ഫലങ്ങള്‍ – മാത്രമേ പരിഗണിക്കുന്നുള്ളു”. നമ്മുടെ ഭരണകൂടത്തെ സംബന്ധിച്ചും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെ സംബന്ധിച്ചും എംഗല്‍സിന്റെ പരാമര്‍ശം വാസ്‌തവമാകുന്നു.

Image result for heavy rain keralaഎംഗല്‍സ്‌ ഇങ്ങനെകൂടി എഴുതുന്നു: പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ വിജയത്തെപ്പറ്റി കൊട്ടിഘോഷിച്ച്‌ നമുക്ക്‌ ഊറ്റംകൊള്ളേണ്ടതില്ല. ഓരോ വിജയത്തിനും അതു നമുക്കുനേരെ പ്രതികാരം വീട്ടിയിട്ടുണ്ട്‌. പുതിയ കൃഷിസ്ഥലങ്ങള്‍ നേടുന്നതിനായി മെസോപൊട്ടാമിയയിലെയും ഗ്രീസിലെയും ഏഷ്യാമൈനറിലെയും അതുപോലുള്ള മറ്റു പ്രദേശങ്ങളിലെയും വനങ്ങള്‍മുഴുക്കെ നശിപ്പിച്ച മനുഷ്യര്‍, വനങ്ങളോടൊപ്പം, ഈര്‍പ്പം തങ്ങിനില്‍ക്കാനാവശ്യമായ സംഭരണകേന്ദ്രങ്ങളും നശിപ്പിച്ചുകൊണ്ട്‌ ഈ രാജ്യങ്ങളില്‍ ഇന്നത്തേതുപോലുള്ള നശിച്ച ഒരവസ്ഥക്ക്‌ അടിത്തറ പാകുകയാണ്‌ ചെയ്‌തത്‌. ആല്‍പ്‌സ്‌ പര്‍വ്വതനിരകളുടെ തെക്കന്‍ ചരിവുകളില്‍സമൃദ്ധമായി വളര്‍ന്നിരുന്ന പൈന്‍കാടുകള്‍ മുഴുവന്‍ വെട്ടിനശിപ്പിച്ച ഇറ്റലിക്കാര്‍, തങ്ങളുടെ പ്രദേശത്തെ ഡയറിവ്യവസായത്തിന്റെ ആണിവേരുകളാണ്‌ തങ്ങള്‍ പിഴുതെറിയുന്നതെന്നോ വലിയൊരു കാലത്തേക്കാവശ്യമായ ജലം സംഭരിച്ചുവെക്കാന്‍ സഹായകമായ അരുവികള്‍തങ്ങള്‍ നശിപ്പിച്ചുകളയുകയാണെന്നോ വര്‍ഷകാലത്ത്‌ താഴ്‌ വരപ്രദേശങ്ങള്‍കുത്തിയൊലിക്കുന്ന ജലപ്രവാഹത്തിന്റെ രൂക്ഷമായ ആക്രമണത്തിന്‌ വിധേയമാകാന്‍ ഇടവരുത്തുകയാണെന്നോ ധരിച്ചിരുന്നില്ല…..Image result for heavy rain keralaഒരു ജേതാവ്‌ ഏതെങ്കിലുമൊരു വൈദേശിക ജനതയെ അടക്കിവാണതുപോലെ പ്രകൃതിക്കതീതമായ ഒരു ശക്തിയെപ്പോലെ പ്രകൃതിയെ അടക്കിവാഴുകയല്ല, മറിച്ച്‌ നാം നമ്മുടെ മാംസവും ചോരയും തലച്ചോറുമെല്ലാമടക്കം പ്രകൃതിയുടെ ഭാഗമാണെന്നും പ്രകൃതിയിലാണ്‌ നമ്മുടെ അസ്‌തിത്വമെന്നും പ്രകൃതിയുടെ മേലുള്ള നമ്മുടെ അധീശത്വത്തിനു കാരണം, മറ്റെല്ലാ ജീവജാലങ്ങളെയും അപേക്ഷിച്ച്‌ അതിന്റെ നിയമങ്ങള്‍ മനസ്സിലാക്കാനും യുക്തിപൂര്‍വ്വം പ്രയോഗിക്കാനുമുള്ള കഴിവ്‌ നമുക്കുണ്ടെന്നുള്ളതുമാണെന്ന വസ്‌തുത ഓരോ ഘട്ടത്തിലും ഓര്‍മ്മിക്കണം.

പ്രകൃതിയുടെ വൈരുദ്ധ്യാത്മകത സംബന്ധിച്ച്‌ എംഗല്‍സ്‌ കഴിഞ്ഞ നൂറ്റാണ്ടിനും മുമ്പെഴുതിയത്‌ ഇപ്പോഴും പ്രസക്തമാകുന്നു.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.