ഡോ. ആസാദ്
കവിയുടെ രാഷ്ട്രീയ പക്ഷപാതം നോക്കിയേ കവിത സ്വീകരിക്കൂ എന്ന ശാഠ്യം കലയുടെയും സാഹിത്യത്തിന്റെയും സ്വതന്ത്രാസ്തിത്വത്തിന്റെ നിരാകരണമാണ്. എഴുത്തുകാരനെയും കൃതിയ്ക്കകത്തെ എഴുത്തുകാരനെയും വേര്‍തിരിച്ചറിയാനുള്ള ശേഷിയില്ലായ്മയാണ്.
ഒരു കൃതിയും ഒരാള്‍ ഒറ്റയ്ക്കെഴുതുന്നതല്ല. ഒരാളിലൂടെ തികച്ചും അറിയാതെ സംഭവിച്ചു പോകുന്നതുമല്ല. ഇടപെടുന്ന എല്ലാറ്റിന്റെയും നിഷേധമോ സ്വാംശീകരണമോ സവിശേഷമായ രീതിയില്‍ നിര്‍വ്വഹിക്കപ്പെടുകയാണ്. ചുറ്റുപാടുകളുടെ സമ്മര്‍ദ്ദവും തന്റെ ദര്‍ശനവും തമ്മിലുള്ള നിരന്തര സംഘര്‍ഷമാണ് ഓരോ രചനയും. അതിനാല്‍ അത് എഴുത്തുകാരനില്‍ നിന്നു വേര്‍തിരിഞ്ഞു നില്ക്കുന്നു. മിക്കപ്പോഴും അയാളുടെ നിലപാടുകളോട് ഇടഞ്ഞുതന്നെ പുലരുന്നു. അതിനാല്‍ രചനകള്‍ കാലത്തിന്റെ സ്പന്ദനങ്ങളാകുന്നു. മുണ്ടശ്ശേരി കാലത്തിന്റെ ദാസനെന്ന് എഴുത്തുകാരനെ വിളിച്ചത് ആ അര്‍ത്ഥത്തിലാണല്ലോ.
വലതു രാഷ്ട്രീയാഭിമുഖ്യമുള്ള ഒരെഴുത്തുകാരന് ജീവിതത്തിന്റെ വൈരുദ്ധ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ ഇടതുപക്ഷസ്വരമുണ്ടായെന്നു വരും. തിരിച്ച് ഇടതുപക്ഷ എഴുത്തുകാരന് പിന്നോക്കി രചനകളില്‍ അഭിരമിച്ചുവെന്നും വരാം. അക്കിത്തത്തിന്റെ കവിതകളിലെ ചില വരികളെങ്കിലും ഏതിടതുപക്ഷ അനുഭാവിയും ഓര്‍ത്തിരിക്കുന്നുണ്ടാവും. എന്നാല്‍ ഇടതുപക്ഷക്കാരനായ പ്രഭാവര്‍മ്മയുടെ ഒരു വരിപോലും ഓര്‍ത്തുകൊള്ളണമെന്നില്ല.
ഗാന്ധിയനായ ഇടശ്ശേരി മലയാളത്തിലെ ഇടതുപക്ഷോന്മുഖ ഭാവുകത്വത്തിനു നല്കിയ സംഭാവന വളരെ വലുതാണ്. ജീവിച്ചകാലത്ത് കോണ്‍ഗ്രസ്സുകാരനായിരുന്നതിനാല്‍ ഇടശ്ശേരിയുടെ കവിതകള്‍ സ്വീകാര്യമല്ലെന്ന് ഏതെങ്കിലും ഇടതുപക്ഷക്കാരന് പറഞ്ഞു കേട്ടിട്ടില്ല. ഏറ്റവും ശക്തമായ ഇടതുപക്ഷ വിമര്‍ശനമുള്ള കൃതിയാണ് ദേവലോകം. അതെഴുതിയത് ചെറുകാടാണ്. അദ്ദേഹം അതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തിലെ ഗോര്ക്കിയെന്ന ആദരം ആരും നിഷേധിച്ചുകണ്ടില്ല.
അക്കിത്തം സംഘപരിവാര രാഷ്ട്രീയത്തോടു കാണിക്കുന്ന ആഭിമുഖ്യം വിമര്‍ശിക്കപ്പെടണം. അതേ സമയം അദ്ദേഹത്തിന്റെ കവിതകളില്‍ വിപരീതാനുഭവങ്ങള്‍ പൊരുതിനില്‍ക്കുന്നത് കാണാതിരുന്നുകൂടാ. എഴുത്തിന്റെ ഒരു സവിശേഷതയതാണ്. അത് അതിനകത്തൊരു എഴുത്തുകാരനെ നിര്‍മ്മിക്കും. പുറത്തെ എഴുത്തുകാരനും അകത്തെ എഴുത്തുകാരനും തമ്മിലുള്ള നിരന്തരസംഘര്ഷമാണ് വായനയുടെ ആനന്ദമാകുന്നത്.