‘വേരു പൊട്ടിയ കാലിന്‍ മുറിവായില്‍നിന്നിറ്റും നീറല്‍ വീഴുന്നൂ ഞങ്ങള്‍ നടക്കുന്നിടത്തൊക്കെ’

192

ആസാദ്

‘വേരു പൊട്ടിയ കാലിന്‍ മുറിവായില്‍നിന്നിറ്റും നീറല്‍ വീഴുന്നൂ ഞങ്ങള്‍ നടക്കുന്നിടത്തൊക്കെ’

എന്നു ചരിത്രത്തെയും പാരമ്പര്യത്തെയും അതിന്റെ സൂക്ഷ്മഛായയില്‍ വരച്ച കവിയാണ് അക്കിത്തം. വേരു പൊട്ടിച്ച വിപരീത നിര്‍ബന്ധത്തെ ‘കാലധര്‍മ്മത്തിന്റെ സങ്കടസത്യ’മായി അദ്ദേഹം ഉള്‍ക്കൊള്ളുന്നു. ”നിരത്തില്‍ കാക്ക കൊത്തുന്നൂ ചത്ത പെണ്ണിന്റെ കണ്ണുകള്‍, മുല ചപ്പി വലിക്കുന്നൂ നരവര്‍ഗ നവാതിഥി” എന്ന് ഈ വിച്ഛേദത്തെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ കേന്ദ്രമായി അദ്ദേഹം അടയാളപ്പെടുത്തുന്നത്.

പാരമ്പര്യത്തില്‍ മനുഷ്യാദ്ധ്വാനത്തിന്റെയും അതിന്റെ അനുഭൂതിധാരകളുടെയും സാകല്യമുണ്ട്. അവ ശീലങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അകത്ത് ഒളിഞ്ഞേയിരിക്കൂ. ആ അകസത്യത്തെ കാണാതെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും തട്ടി നിന്നുപോകുന്ന അന്വേഷണങ്ങളുടെ വ്യര്‍ത്ഥത അക്കിത്തം അറിഞ്ഞിട്ടുണ്ട്.

നാട്ടിന്‍പുറത്തുനിന്ന് നഗരത്തിലേക്ക് തൊഴിലന്വേഷിച്ചെത്തിയ രണ്ടു യുവാക്കളെ ഓര്‍മ്മ വരുന്നു. ഒരാള്‍ അക്കിത്തം തന്നെ. മറ്റൊരാള്‍ എന്‍ എന്‍ കക്കാട്. രണ്ടുപേരും ഭൂതകാലത്തിന്റെ ഭാണ്ഡങ്ങളുമായി വന്നിറങ്ങിയവര്‍. നഗരം അവരെ വിപരീതധര്‍മ്മങ്ങളുടെ സങ്കടങ്ങളിലേക്കു നയിച്ചു. ശിഖരങ്ങള്‍ പലവഴി വളര്‍ന്നപ്പോഴും മുറിഞ്ഞു തൂങ്ങിയ വേരുകള്‍ അവരെ അലോസരപ്പെടുത്തി. കോഴിക്കോടു നഗരത്തില്‍നിന്ന് അവര്‍ ആധുനികതയുടെ രണ്ടു കൈവഴികളായി.

അക്കിത്തം ആചാരങ്ങളുടെ പൊലിമയില്‍ ആനന്ദിച്ചില്ല. അവയ്ക്കുമാഴത്തിലാണ് വേരുകളെന്നറിഞ്ഞു. എന്റെയല്ലെന്റെയല്ലീ കൊമ്പനാനകള്‍, എന്റെയല്ലീമഹാ ക്ഷേത്രവും മക്കളേ എന്നു പുതിയ തലമുറയോടു തുറന്നു പറയുന്നുണ്ട് അദ്ദേഹം. അകത്തിരിക്കുന്ന സത്യത്തിലേക്കാണ് കണ്ണു നീളേണ്ടതെന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നു. ജീവിതത്തിന്റെ വിപരീത ശക്തികളെ മുഖാമുഖം നിര്‍ത്തി വിചാരണ ചെയ്യാന്‍ ഈ കവിയ്ക്കുള്ള കരുത്ത് മുമ്പ് ഇടശ്ശേരിയിലേ നാം കണ്ടിട്ടുള്ളു.

അക്കിത്തത്തിന്റെ കവിതകളെക്കുറിച്ചുള്ള വിശകലനമല്ല ഈ കുറിപ്പ്. അദ്ദേഹത്തിനു ജ്ഞാനപീഠം ലഭിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോഴുണ്ടായ ചില തോന്നലുകള്‍ മാത്രം. അക്കിത്തത്തിന് സ്നേഹം, ആദരം.

”നന്മയെക്കുറിച്ചുള്ള സങ്കല്‍പ്പത്തിനു വേണ്ടി
നമ്മള്‍ ചിന്നിടും വിയര്‍പ്പൊഴിച്ചെന്തുള്ളൂ ധര്‍മ്മം?
അന്യരെന്തൊക്കെ ചെയ്തൂ, ചെയ്തില്ലെന്നാലോചിച്ചി-
ട്ടുണ്ണി, നീ കണ്ണാടിപോലുടയ്ക്കായ്കായുഷ്ക്കാലം”
(അക്കിത്തം -ബലിബലോദയം)

ആസാദ്
30 നവംബര്‍ 2019