പാരീസില്‍നിന്ന് ബ്രസ്സല്‍സിലേക്കും ലക്സംബര്ഗിലേക്കുമുള്ള ഹൈവേ അത്ഭുതപ്പെടുത്തി. യൂറോപ്പിലെ വന്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണ്. ഇരുപത്തിയേഴു മീറ്റര്‍ വീതിയില്ല ആറുവരിപ്പാത. നാല്‍പ്പത്തിയഞ്ചു മീറ്റര്‍ വീതിക്കു ശഠിക്കുന്ന നമ്മുടെ ദേശീയപാതാ വികസന സങ്കല്‍പ്പങ്ങള്‍ എത്ര വികലമാണെന്ന് അതെന്നെ ചിന്തിപ്പിക്കുന്നു.
ആറുവരിപ്പാതയിലൂടെയാണ് ഞങ്ങള്‍ കടന്നു പോകുന്നത്. നടുക്കു മീഡിയന് രണ്ടു മീറ്ററില്‍ അധികമില്ല. രണ്ടു വശങ്ങളിലായി ഒന്നര രണ്ടു മീറ്ററോളം വരുന്ന നടപ്പാത. ആകെ ഇരുപത്തിയേഴു മീറ്ററില്‍ ഏറെയില്ല.
കേരളത്തില്‍ മുപ്പതു മീറ്ററില്‍ ദേശീയപാതാ വികസനത്തിനു ഭൂമി ഏറ്റെടുത്തിട്ട് മൂന്നു നാലു പതിറ്റാണ്ടായി. അതില്‍ നാലുവരിപ്പാത വിഭാവനം ചെയ്തിട്ടും കാലമേറെയായി. അതുണ്ടായില്ല. ഇപ്പോള്‍ നാല്‍പ്പത്തിയഞ്ചു മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കാതെ വികസനം സാധ്യമല്ലെന്ന് പഠിപ്പിക്കുന്ന സര്‍ക്കാറും ഭരണ – പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും വാസ്തവത്തില്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്.
മോട്ടോര്‍വാഹനങ്ങളുടെ ഉത്പാദന കേന്ദ്രങ്ങളില്‍ അവയുടെ പെരുപ്പമല്ല റോഡിന്റെ വികസനം നിര്‍ണയിക്കുന്ന ഘടകം. വാഹനങ്ങള്‍ പെരുകുന്ന മുറയ്ക്കല്ല, ആവശ്യമായ വാഹനങ്ങളുടെ നിയന്ത്രിത സാധ്യത കണക്കിലെടുത്താണ് റോഡ് നയം നിശ്ചയിക്കുന്നത്.
കേരളത്തിലുണ്ടാവേണ്ടത് ഗതാഗത നയമാണ്. പാതാസദാചാരമാണ്. യാത്രാ ജനാധിപത്യമാണ്. പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്കെല്ലാം വിപണി എന്ന നിലയിലേക്ക് നാടിനെ തള്ളരുത്. കച്ചവട താല്‍പ്പര്യവും ഇടനില ആര്‍ത്തിയും നമ്മുടെ പുരോഗതിയെ അട്ടിമറിക്കുകയാണ്.
ലോകത്തെല്ലായിടത്തും ഹൈവേകള്‍ക്കു വലിയ വീതിയാണെന്ന സര്ക്കാര്വാദത്തിലെ കള്ളം തിരിച്ചറിയുന്നു. മുപ്പതു മീറ്ററില്‍ മതി നമുക്കും ആറുവരിപ്പാത എന്ന അഭിപ്രായത്തില്‍ ഊന്നുന്നു.
ആസാദ്
10 ഒക്ടോബര്‍ 2019