വായിക്കാം സൂപ്പർ സറ്റയർ – മീട്ടു മെഡിക്കൽ കോളേജ്

58

Dr Augustus Morris എഴുതുന്നു

മീട്ടു മെഡി കോളേജ് [ 1 ]

( 1 ) ആദ്യമേ പറയാം , അപ്പന്റെ പോക്കറ്റിന്റെ കനമല്ല ഇവിടെ അഡ്മിഷൻ നേടാനുള്ള യോഗ്യത . ഇത് മെഡിക്കൽ കോളേജാണ് , ” മേടിക്കൽ ” അല്ല . ഡിങ്കോയിസ്റ്റ് പ്രവാചൻ മീട്ടു മുയലിന്റെ നാമധേയത്തിലുള്ള ഈ കലാലയയത്തിൽ ജാതി മത വർണ്ണ വംശ ഭാഷ രാഷ്ട്ര ഭേദങ്ങളില്ലാതെ ആർക്കും പ്രവേശനം കിട്ടും . ഒറ്റക്കാര്യം മാത്രം — മെഡിക്കൽ രംഗത്തോട് അഭിനിവേശം ഉണ്ടായിരിക്കണം , കഷ്ടപ്പെടാനുള്ള മനസ്സുണ്ടാകണം , സഹ ജീവികളോട് empathy അഥവാ തന്മയീഭാവം ഉണ്ടാകണം . ഒപ്പം , മനുഷ്യന്റെ കണ്ണിലൊഴിക്കുന്ന മരുന്നുകൾ നീറ്റൽ ഉളവാക്കുന്നതാണോ അല്ലയോ എന്നറിയാൻ സ്വന്തം കണ്ണുകൾ വിട്ടുകൊടുത്ത് പരീക്ഷണമൃഗമായി മാറി ഒരുപാട് യാതനകൾ സഹിച്ച മീട്ടു മുയലിനെ വല്ലപ്പോഴും മനസ്സാ സ്മരിക്കുകയും വേണം .

( 2 ) ഒന്നാം വർഷ കരിക്കുലം

a — വരും തലമുറകൾക്ക് കീറി പഠിക്കാൻ സ്വശരീരം ദാനം ചെയ്തവരെ ഓർത്തുകൊണ്ട് അനാട്ടമി ഡിസക്ഷൻ ഹാളിലേക്ക് പ്രവേശിക്കുക . നിരനിരയായി കിടത്തിയിരിക്കുന്ന സ്ത്രീ പുരുഷ നഗ്നമൃതശരീരങ്ങൾ കണ്ട് കണ്ണുകൾ നിറഞ്ഞൊഴുകും . പേടിക്കണ്ട , മൃതദേഹങ്ങൾ അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിന്റെ ഇഫക്റ്റ് ആണ് . കുറേക്കഴിയുമ്പോ പൊരുത്തപ്പെടും . കത്തോലിക്കാ സഭയുടെ ചാരന്മാരെ ഭയക്കാതെ , വളരെ രഹസ്യമായി മൃതദേഹങ്ങൾ കീറി മുറിച്ച് പഠിച്ച Andreas Vesalius ( 1514 – 1564 ) എന്ന ബെൽജിയംകാരനെ ഒരു നിമിഷം മനസ്സാ ധ്യാനിച്ച് മനുഷ്യന്റെ ശരീരഘടന അഥവാ അനാട്ടമി പഠിക്കാൻ തുടങ്ങാം . തൊലിക്ക് താഴോട്ടുള്ള എല്ലാത്തിന്റെയും നിറം ഒന്നാണെന്ന് മനസ്സിലാകും . പുരുഷനും സ്ത്രീയ്ക്കും ഉള്ള വാരിയെല്ലുകളുടെ എണ്ണവും ഒന്നാണ് എന്നറിയുമ്പോ ഞെട്ടരുത് മക്കളേ , ഞെട്ടരുത് . ബൈ ദി വെ , മൃത ശരീരങ്ങളെ cadaver എന്ന് വിളിക്കും ( caro data vermibus എന്നതിന്റെ ചുരുക്കം . അർഥം = വിവരങ്ങൾ അസ്തമിച്ചത് ) . ഈ കെഡാവറാണ് നിങ്ങളുടെ പ്രഥമ ഗുരു & പ്രഥമ പാഠപുസ്തകം . അതിനെ ബഹുമാനിക്കുക . നിരവധിയായിട്ടുള്ള മാംസ പേശികളുടെ ഉത്ഭവം -ഒടുക്കം – പ്രവർത്തനം – അതിന്റെ നാഡി ; അനവധി രക്തക്കുഴലുകൾ [ ധമനി & സിര ] അവയുടെ തുടക്കം , ഒടുക്കം , ശാഖകൾ ; ശിരോ – സുഷുമ്ന – പരീധിയ നാഡികൾ [ cranial – spinal – peripheral nerves ] അവയുടെ ആൽഫാ & ഒമേഗ , ശാഖകൾ തുടങ്ങിയവ ശരീരം കീറിമുറിച്ച് കണ്ട് മനസ്സിലാക്കണം , ഹൃദിസ്ഥമാക്കണം .
b — ഭ്രൂണശാസ്ത്രം അഥവാ embryology ലേക്ക് സ്വാഗതം . ജീവന്റെ കഥയാണ് . പുംബീജം – അണ്ഡം എന്നിവ ചേർന്നുണ്ടാകുന്ന സിക്താണ്ഡം എന്ന കോശത്തിൽ നിന്നും കോടാനുകോടി കോശങ്ങളാൽ നിർമ്മിതമായ മനുഷ്യ ശരീരത്തിലേക്കുള്ള പരിണാമമാണ് ഈ വിഷയം . കളിമണ്ണിന്റെ അംശം തീരെയില്ലാത്ത ഭ്രൂണശാസ്ത്രം പഠിക്കുമ്പോ , ഇന്റലിജന്റ് ഡിസൈൻ എന്ന ഉഡായിപ്പിനെ പറ്റി കൂടുതൽ അറിയാൻ പറ്റും . എന്തുകൊണ്ട് ഡോക്റ്റർമാർക്ക് അരി വാങ്ങാൻ സാധിക്കുന്നു എന്നും മനസ്സിലാകും . ഒപ്പം മുച്ചിറി [ cleft lip ] , വാലോടു കൂടി ജനിക്കുന്ന മനുഷ്യ ശിശുക്കൾ etc എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് പഠിക്കും .
c — ശരീരക്രിയാവിജ്ഞാനം അഥവാ physiology യിലേക്ക് സ്വാഗതം . ശരീരത്തിനുള്ളിൽ നടക്കുന്ന എല്ലാവിധ പ്രവർത്തനങ്ങളും ഇതിലൂടെ മനസ്സിലാക്കാം . ശരീരസ്രവങ്ങൾ [ ഉമിനീര് , ദഹനരസം , ശുക്ലം etc ] ഉണ്ടാകുന്നതെങ്ങനെ ? പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നതെങ്ങനെ ? ശരീര മാലിന്യങ്ങൾ പുറന്തള്ളുന്നതെങ്ങനെ ? ഹൃദയം എങ്ങനെ മിടിക്കുന്നു ? ദഹനവ്യവസ്ഥ എങ്ങനെ പ്രവർത്തിക്കുന്നു ? നാഡീ വ്യവസ്ഥയുടെ ഉള്ളു കളികൾ എങ്ങനെ ? തുടങ്ങി ഒരു പറ്റം കാര്യങ്ങൾ മനസ്സിലാകും . ഇത് ശരിക്ക് പഠിച്ചാൽ — മഴ വെള്ളം തലയിലൂടെ അകത്ത് പോയി മൂക്കൊലിപ്പായി പുറത്തുവരും , ലവണ തൈലം തേച്ചാൽ വയറു കുറയും , കുങ്കുമപ്പൂവ് കഴിച്ചാൽ ഗർഭസ്ഥശിശുവിന് നിറം കിട്ടും , കിഡ്‌നി രോഗങ്ങൾക്ക് അതിന്റെ ആകൃതിയുള്ള മാങ്ങാണ്ടി പൊടിച്ച് കഴിച്ചാൽ മതി തുടങ്ങിയ മണ്ടത്തരങ്ങൾ കേട്ട് ബോധം കെടാതെ ഇരിക്കാൻ പറ്റും . പിന്നെ , ഈ പഠിക്കുന്ന കാര്യങ്ങൾ പരീക്ഷണ ശാലയിൽ ചെയ്ത് തെളിയിക്കുകയും വേണം . കാരണം സയൻസ് അങ്ങനാണ് .ആരെങ്കിലും ഒരു അവകാശവാദം ഉന്നയിച്ചാൽ തെളിയിച്ച് കാണിക്കണം . അല്ലാതെ ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് അങ്ങനെ എഴുതിയിട്ടുണ്ട് , ഇങ്ങനെ എഴുതിയിട്ടുണ്ട് തുടങ്ങിയ വാദഗതികൾ ഇവിടെ എടുക്കില്ല .
d — ജൈവ രസതന്ത്രം അഥവാ biochemistry . ശരീരത്തിനുള്ളിൽ നടക്കുന്ന ഊർജ്ജോത്പാദനം അഥവാ ഉപചയം [ anabolism ] , ഊർജ്ജവിഘടനം അഥവാ അപചയം [ catabolism ] , ഇവ രണ്ടും കൂടി ചേരുമ്പോൾ ഉപാപചയം അഥവാ metabolism … അതിൽ തന്നെ അന്നജം ( carbohydrate ) , കൊഴുപ്പ് ( fat ) & മാംസ്യം ( protein ) എന്നീ പ്രധാനികളുടെ ആഗിരണം , ഉപാപചയം , മാലിന്യ നിർമ്മാർജ്ജനം . ജീവകങ്ങൾ എന്നറിയപ്പെടുന്ന vitamin കളുടെ സമൂല വിവരണം . രാസാഗ്നികൾ അഥവാ enzyme കളുടെ പ്രവർത്തനങ്ങൾ തുടങ്ങി ശരീരത്തിനകത്തു നടക്കുന്ന സകലമാന രാസപ്രവർത്തനങ്ങളും അവയുടെ രാസ സമവാക്യങ്ങളും ഇവിടെ കടന്നുവരുന്നു . ചാക്കോമാഷിന്റെ എ പ്ലസ് ബി ദി ഓൾ സ്‌ക്വയർ എത്രയാണ് എന്നറിഞ്ഞുകൂടാത്ത ആട്തോമമാർക്ക് ബാലികേറാമലയായി അനുഭവപ്പെടുന്ന ഒരു വിഷയമാണിത് , ജാഗ്രതൈ ….

NB — വീട്ടിലേക്ക് പോകുന്ന മെഡിക്കൽ വിദ്യാർത്ഥികളെ കാണുമ്പോ , നാട്ടുകാര് ചോദിക്കും , എത്രാം വർഷമായി ? ….ഒന്നാം വർഷം കഴിഞ്ഞു എന്ന ഉത്തരം കേൾക്കുമ്പോ അവർ പറയും , അപ്പൊ കൊച്ചു കുട്ടികളെയൊക്കൊ നോക്കാറായി , അല്ലേ ? ..നാട്ടുകാരുടെ വിചാരം അങ്ങനാ . ഓരോ വർഷം കഴിയും തോറും കൊച്ചുകുട്ടികൾ , ബാലികാ ബാലന്മാർ , കൗമാരക്കാർ , യുവാക്കൾ & ഒടുവിൽ മുതിർന്നവർ – ഈ കണക്കിൽ ആൾക്കാരെ ചികിൽസിക്കാൻ പഠിക്കും .

*
മീട്ടു മെഡി കോളേജ് [ 2 ]

( 1 ) അടിസ്ഥാന വിഷയങ്ങളായ അനാട്ടമി – ഫിസിയോ – ബയോകെം എന്നിവ പഠിച്ച് പാസ്സായ മെഡിക്കോസ് , രണ്ടാം വർഷം ക്ലിനിക്കൽ മേഖലയിലേക്ക് കാലെടുത്തു വച്ചു . പരൂഷയിൽ ” കുത്തി ” യ ( തോറ്റ ) മെഡിക്കോസ് ആറുമാസം കഴിഞ്ഞുള്ള അടുത്ത അങ്കത്തിൽ പങ്കെടുക്കാൻ അഡീഷണൽ ബാച്ചിലേക്ക് യാത്രയായി . വിജയികളെ ആശുപത്രിയിലേക്ക് കൊണ്ട് പോകാനുള്ള ബസ്സ് വന്നു നിന്നു . ഓരോരുത്തരായി ആ ശകടത്തിലേക്ക് കാലെടുത്തു വച്ചു …

( 2 ) ക്ലിനിക്കൽ മേഖലയിലെ സിംഹങ്ങൾ എന്ന പ്രൊഫസേഴ്സ് & യൂണിറ്റ് ചീഫ്‌സ് അടക്കി വാഴുന്ന ആശുപത്രി വാർഡുകളിലേക്ക് അവർ നെഞ്ചിടിപ്പോടെ കടന്നു ചെന്നു . അവരെ പല ബാച്ചുകളായി തിരിച്ച് ഓരോ യൂണിറ്റുകളിലേക്ക് നിയമിച്ചു .രാജുമോൻ ഉൾപ്പെടെയുള്ള ഏതാനും മെഡിക്കോസ് ചെന്നെത്തപ്പെട്ടത് പ്രൊഫ. ഡിങ്കോൾഫി – യുടെ യൂണിറ്റിലേക്കായിരുന്നു . അടിമുടി എല്ലാവരെയും നോക്കിയ മേപ്പടിയാൻ , അവരോടായി പറഞ്ഞു , a medical student should be medically cleaned …..നഖം വെട്ടണം , ഷൂസ് പോളിഷ് ചെയ്തിരിക്കണം , വെണ്മയുള്ള ഓവർ കോട്ട് ധരിച്ചിരിക്കണം , മുടി വെട്ടിയിരിക്കണം , ഷേവിങ് നിർബന്ധം , വായ്‌നാറ്റം പാടില്ല . എല്ലാവരുടെയും കയ്യിൽ അവനവന്റെ പുസ്തകങ്ങളും പണിയായുധങ്ങളും ഉണ്ടായിരിക്കണം . എട്ട് മണി എന്ന സമയത്തിന് മുന്നേ വാർഡിൽ എത്തിയിരിക്കണം . എല്ലാ ദിവസവും കേസ് എടുത്തിരിക്കണം …

( 3 ) പിന്നീടവർ ശ്വസന വ്യവസ്ഥ , രക്തചംക്രമണ വ്യവസ്ഥ , ദഹന വ്യവസ്ഥ & നാഡീ വ്യവസ്ഥ എന്നിവ പരിശോധിക്കേണ്ട രീതികൾ പഠിച്ചു .. കേസ് എടുക്കേണ്ടതെങ്ങനെ , എന്തൊക്കെ ചോദിക്കണം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കിയ മെഡിക്കോസ് ഒരു ദിവസം ഒപിയിൽ നിൽക്കുകയായിരുന്നു .പ്രായമേറിയ ഒരു ‘അമ്മ കടന്നു വന്നു . നെഞ്ചെരിച്ചിൽ ആയിരുന്നു അവരുടെ പ്രശ്നം . അമ്ലാധിക്യം അഥവാ ഹൈപ്പർ അസിഡിറ്റിയ്ക്ക് മരുന്നെഴുതി വിട്ടാൽ മതിയാകും എന്ന് കരുതിയ ആ മെഡിക്കോസിനെ ഞെട്ടിച്ചുകൊണ്ട് പ്രൊഫ . ഡിങ്കോൾഫി , പ്രശാന്തദായിനി [ anxiolytic ] വിഭാഗത്തിൽ പെട്ട മരുന്നെഴുതി . അതിന്റെ കാരണമറിയാതെ ഉഴറിയ രാജുമോനോട് , കേസെടുക്കാൻ പ്രൊഫ ആവശ്യപ്പെട്ടു .

( 4 ) ഭർത്താവ് കുറെ വർഷങ്ങൾക്ക് മുൻപേ മരിച്ചുപോയ ആ അമ്മയ്ക്ക് ഒരു മകൻ ഉണ്ടായിരുന്നു . മകൻ വിവാഹം കഴിച്ച് , രണ്ടു കുട്ടികളുമുണ്ടായി .മരുമകളും പേരക്കിടാങ്ങളുമായി അവരങ്ങനെ ജീവിച്ചു പോരവേ , ആ വാർത്തയെത്തി . ഭീകരവാദികളുമായുള്ള പോരാട്ടത്തിൽ , പട്ടാളക്കാരനായ ആ മകൻ വെടിയേറ്റ് മരിച്ചു . പിന്നീട് കുറേക്കാലം കഴിഞ്ഞ് മരുമകൾ , കുട്ടികളുമായി പുള്ളിക്കാരിയുടെ വീട്ടിലേക്ക് പോയി . വാർധക്യത്തിൽ തനിച്ചായ ആ ‘അമ്മ ചിന്ത – ഉൽക്കണ്ഠ – ഭയം തുടങ്ങിയ വികാരങ്ങൾക്ക് അടിമപ്പെട്ടു . ഇവ മൂലം അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന അഡ്രിനാലിൻ , ആമാശയത്തിലെ അമ്ലോല്‍പാദനം കൂട്ടി . ഇത് നെഞ്ചെരിച്ചിലിന് കാരണമാകുന്നു .

( 5 ) പ്രൊഫ . ഡിങ്കോൾഫി അവരോടായി പറഞ്ഞു , സാധാരണഗതിയിൽ ഒരു രോഗനിർണ്ണയം സാധ്യമാക്കാൻ 70 % പങ്ക് വഹിക്കുന്നത് history taking അഥവാ പൂർവ്വ കാല ചരിത്രമാണ് . 20 – 25 % പങ്ക് , നിങ്ങളുടെ ക്ലിനിക്കൽ പരിശോധനയിൽ നിന്നുമാണ് . 03 – 05 % മാത്രമേ ലാബ് പരിശോധനകളിലൂടെ കിട്ടുന്നുള്ളൂ . അതുകൊണ്ട് ഓരോ രോഗിയോടും അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിച്ച് , വിവരങ്ങൾ ശേഖരിക്കുന്ന history taking ഒരു കലയാക്കി മാറ്റുക . രോഗി കേറിവരുമ്പോൾ തന്നെ മരുന്നെഴുതിക്കളയാമെന്ന് വിചാരിക്കരുത് . സഹജീവികളോട് empathy അഥവാ തന്മയീഭാവം വേണം .ആ രോഗം എനിക്കാണ് വന്നതെങ്കിൽ , എന്തൊക്കെ ബുദ്ധിമുട്ടുകൾ ഞാൻ അനുഭവിക്കുമായിരുന്നു എന്ന തോന്നലാണ് എമ്പതി . നമുക്ക് സിമ്പതി വേണ്ട , എമ്പതി മതി . ശേഷം യുദ്ധം എന്ന പ്രതിഭാസം മൂലം അനാഥരാക്കപ്പെടുന്ന കുട്ടികളുടെയും , വിധവകളാക്കപ്പെടുന്ന സ്ത്രീകളുടെയും , കടുത്ത മനോവ്യഥ അനുഭവിക്കുന്ന മാതാപിതാക്കളുടെയും അവസ്ഥയെപ്പറ്റി പ്രൊഫ വിശദീകരിച്ചു .നമ്മളീ പഠിക്കുന്ന ഫാർമക്കോളജി , ഭ്രൂണ ശാസ്ത്രം etc പലതും ലോകമഹായുദ്ധങ്ങളിലൂടെ തടവുകാരാക്കപ്പെട്ട മനുഷ്യരുടെ , സ്ത്രീകളുടെ യാതനകളുടെ ഫലമായുണ്ടായതാണ് . യുദ്ധങ്ങളുടെ കെടുതികളിലൂടെ അദ്ദേഹം അവരെ കൊണ്ടുപോയി . പലരുടെയും കണ്ണുകളിലൂടെ ജലധാര ഒഴുകി .

( 6 ) കേസെടുക്കാനായി ചെന്ന ഒരു മെഡിക്കോയോട് ഒട്ടും സഹകരിക്കാത്ത ഒരു രോഗിയെ പ്രൊഫ കണ്ടു . നിങ്ങൾ പിള്ളേർ , എന്റെ ദേഹത്ത് തൊടണ്ട , ഒന്നും ചോദിക്കുകയും വേണ്ട …രോഗി ആക്രോശിച്ചു . പ്രൊഫ ആ രോഗിയോടായി പറഞ്ഞു , ” ഇത് മെഡിക്കൽ കോളേജ് ആശുപത്രിയാണ് .ഇത് മെഡിക്കൽ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള സ്ഥാപനമാണ് .ആ പഠന പ്രക്രിയയുടെ ഭാഗമായി നിങ്ങൾക്ക് ചികിത്സ കിട്ടുന്നു എന്നേയുള്ളൂ . എനിക്ക് ശമ്പളം കിട്ടുന്നത് ഡോക്റ്റർ എന്ന പേരിലല്ല , മെഡിക്കൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അദ്ധ്യാപകൻ എന്ന നിലയ്ക്കാണ് . ഞാനും ഒരു കാലത്ത് ഇതേ പോലെ ഒരു വിദ്യാർത്ഥി ആയിരുന്നു .അന്നുണ്ടായിരുന്ന രോഗികൾ ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ , ഈ ഞാനുണ്ടാവില്ലായിരുന്നു ‘.’ രോഗിയ്ക്ക് കാര്യം മനസ്സിലായി . അയാൾ കേസെടുക്കാൻ സഹകരിച്ചു .

NB — ഉച്ചയ്ക്ക് ശേഷമുള്ള നോൺ ക്ലിനിക്കൽ തിയറി ക്ലാസുകളിലേക്ക് കൊണ്ടുപോകാനായി കോളേജ് ബസ്സെത്തി . ഓ പി റൂമിൽ നിന്നും ഇറങ്ങുന്നതിനു മുൻപായി പ്രൊഫസർ അവരോടു പറഞ്ഞു , രോഗിയാണ് VIP , ചികിൽസിക്കുന്ന നമ്മളൊക്കെ കേവലം ദാസന്മാരും . അല്ലാതെ ഡോക്റ്റർ VIP യും , രോഗി എന്നത് SERVANT ഉം ആണെന്ന് തെറ്റിദ്ധരിയ്ക്കരുത് .

മീട്ടു മെഡി കോളേജ് [ 3 ]

( 1 ) രണ്ടാം വർഷം പഠിക്കേണ്ട നോൺ ക്ലിനിക്കൽ വിഷയങ്ങൾ – പതോളജി – ഫാർമക്കോളജി – മൈക്രോബയോളജി എന്നിവയാണ് . രോഗങ്ങൾ , ഓരോ അവയവങ്ങളിലെ കോശങ്ങളിലും കലകളിലും സൃഷ്ടിക്കുന്ന മാറ്റങ്ങൾ സൂക്ഷ്മദർശിനിയിലൂടെ കണ്ട് രോഗനിർണ്ണയം നടത്തുന്ന പതോളജി ക്ലാസ്സിലേക്ക് രാജുമോനും കൂട്ടരും കടന്നു ചെന്നു . പ്രൊഫ .ഡിങ്കി , അവരെ രോഗനിദാന ശാസ്ത്രത്തിന്റെ ലോകത്തേക്ക് സ്വാഗതം ചെയ്തു . ശേഷം , പ്രഫ അവരോട് ഒരു കഥ പറഞ്ഞു , ” ചെമ്പൻ വിത്സൺ ” ന്റെ കഥ

( 2 ) ലുട്ടാപ്പി പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലാതെ വളർന്നു വന്ന ഒരു കുഞ്ഞായിരുന്നു . അങ്കണവാടിയിലെ അനൗപചാരിക വിദ്യാഭ്യാസം കഴിഞ്ഞ് ചെക്കൻ എൽ പി സ്‌കൂളിൽ ചേർന്നു . ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ ലുട്ടാപ്പി -യിൽ ചില മാറ്റങ്ങൾ പ്രത്യക്ഷപ്പെട്ടു . പഠനത്തിൽ ശ്രദ്ധ പോരാ .ചെറിയ മറവി . അദ്ധ്യാപകൻ നോക്കുമ്പോ പഠിത്തത്തിൽ ശ്രദ്ധിക്കുന്നതിനു പകരം പിയാനോ വായിക്കുന്ന പോലെ കൈകാൽ വിരലുകൾ മടക്കുകയും നിവർത്തുകയും ചെയ്യുന്നു . തന്നെ കോക്രി കാണിക്കുകയാണ് ചെക്കൻ എന്ന് കരുതിയ ചാക്കോ മാഷ് , ലുട്ടാപ്പിയെ ചൂരലിനു തല്ലി , ആടുതോമയിലേക്കുള്ള വഴി തെളിച്ചു . അവന്റെ നിറവും ജാതിയും കൂരയുടെ അവസ്ഥയുമൊക്കെ വച്ച് പല കമന്റുകളും മാഷ്മാര് പറഞ്ഞു . ലുട്ടാപ്പിയെ മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞില്ല . അടിയോളം ഉതകാം അണ്ണൻ തമ്പി എന്ന തത്വം അവന്റെ മുന്നിൽ ചെലവായില്ല . ഇനിയിപ്പോ എന്ത് ചെയ്യും ? അവസാനം , ലുട്ടാപ്പിയുടെ അടുത്ത സുഹൃത്തായ മായാവിയുടെ നിർദ്ദേശ പ്രകാരം , പ്രമുഖ ഡിങ്കോയിസ്റ്റ് ഡോ. സണ്ണിയുടെ അടുക്കലേക്ക് അവനെ കൊണ്ടുപോയി .

( 3 ) മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ സൈക്കിളുമായി പോകുന്ന സണ്ണി ഡോക്റ്റർ , ലുട്ടാപ്പിയുടെ ഉള്ളിലെ നാഗവല്ലിയെ കണ്ടെത്തി . ലുട്ടാപ്പിയുടെ മാതാപിതാക്കൾ കൺസൾട്ടിങ് റൂമിലേക്ക് ആനയിക്കപ്പെട്ടു . അവരോടായി ഡോ. സണ്ണി , സ്വർണ്ണത്തിൽ ചേർക്കുന്ന ചെമ്പിന്റെ കഥ പറഞ്ഞു . ഒരു 916 ഹാൾമാർക്ക് കഥ – ചെമ്പൻ വിത്സന്റെ കഥ .

( 4 ) മനുഷ്യ ശരീരത്തിൽ ലേശം ചെമ്പ് [ copper ] കൂടിയേ തീരൂ . ചെറുകുടലിൽ നിന്നും വലിച്ചെടുക്കപ്പെടുന്ന ചെമ്പ് , രക്തത്തിൽ സ്വതന്ത്രമായി അലഞ്ഞു തിരിയാൻ ശരീരം സമ്മതിക്കില്ല . ചെമ്പനെ കൂട്ടിക്കൊണ്ടു പോകാൻ ഒരാൾ വന്നു , പേര് ആൽബുമിൻ . പേടിക്കണ്ട , മ്മടെ മുട്ടയിലെ വെള്ളക്കരു എന്ന് പറയുന്നത് ഈ ചേട്ടനാണ് . ( ഒരു തരം മാംസ്യ തന്മാത്ര അഥവാ പ്രോട്ടീൻ തന്മാത്ര ). യാത്രയ്‌ക്കൊടുവിൽ അവർ കരളിൽ എത്തപ്പെട്ടു . ചെമ്പിനെ , യകൃത്ത് [ liver ] നെ ഏൽപ്പിച്ച് ആൽബുമിൻ തിരികെപ്പോയി . hepatocytes എന്ന കരൾകോശങ്ങളുടെ ഉള്ളിലേക്ക് ചെന്ന ചെമ്പൻ ഒരു അറിയിപ്പ് കേട്ടു . ” ഇനി മുതൽ നിന്നോടൊപ്പം എന്നും ഒരാൾ കൂടെയുണ്ടാകും ‘ . ശേഷം ചെമ്പനെ ഗ്ലോബുലിൻ എന്നയാളുമായി കൂട്ടിക്കെട്ടി , വീണ്ടും രക്തത്തിലേക്ക് പറഞ്ഞുവിട്ടു . ബന്ധനസ്ഥനായ ചെമ്പൻ – ന്റെ പേര് സെറുലോപ്ലാസ്മിൻ എന്ന് ഗസറ്റിൽ പബ്ലിഷ് ചെയ്തു മാറ്റം വരുത്തി . വലിയ പ്രശനങ്ങളൊന്നുമുണ്ടാക്കാതെ രക്തരസത്തിൽ ( plasma ) അവർ ഒഴുകി നടന്നു . ഇടയ്ക്കിടെ പിത്തരസത്തിലൂടെ ( bile ) പുറംതള്ളപ്പെട്ട് ചെമ്പൻ വീണ്ടും ഭൂമിയിലേക്ക് ഇറങ്ങിവന്നു .

( 5 ) രണ്ടു ലക്ഷത്തിൽ ഒരാൾക്ക് വരാവുന്ന , 13 -ആം നമ്പർ ക്രോമസോമിലെ ജനിതക തകരാർ മൂലം വരുന്ന ഒരവസ്ഥയാണ് വിത്സൺ രോഗം ( wilson’s disease ) . കരളിലെത്തുന്ന ചെമ്പനെ , ഗ്ലോബുലിനുമായി കൂട്ടിക്കെട്ടി സെറുലോപ്ലാസ്മിൻ ആക്കുന്ന പരിപാടി നടക്കാതെ വരിക , തൽഫലമായി ചെമ്പൻ കരളിൽ അടിഞ്ഞുകൂടുക , ചെമ്പൻ മൂത്രം വഴി ചെറിയ തോതിൽ രക്ഷപ്പെടുക തുടങ്ങിയവയാണ് ഇവിടെ സംഭവിക്കുന്നത് . പിന്നീട് പല ഘട്ടങ്ങളിലൂടെ കടന്ന് ഒടുവിൽ ഗുരുതരമായ കരൾ നാശം ( hepatitis – cirrhosis – massive hepatic necrosis ) എന്ന അവസ്ഥയിലേക്ക് ചെമ്പൻ നമ്മളെ കൊണ്ടുപോകുന്നു . മഞ്ഞപ്പിത്തം ഉണ്ടാകുന്നു .തലച്ചോറിലെ പല പ്രധാന ഭാഗങ്ങളെയും ദോഷകരമായി ബാധിക്കുന്ന ചെമ്പൻ , അവിടെ ഗർത്തങ്ങൾ ( cavities ) സൃഷ്ടിക്കുന്നു . കണ്ണിലെ നേത്രപടലത്തിൽ ( cornea ) വർണ്ണ വലയങ്ങൾ പ്രത്യക്ഷപ്പെടുന്നു .

( 6 ) നാലോ അഞ്ചോ വയസ്സിൽ പ്രത്യക്ഷപ്പെടുന്ന ഈ രോഗം , നേരത്തെ കണ്ടെത്തിയാൽ ചെമ്പനെ കൂട്ടിക്കെട്ടാൻ D – Penicillamine പോലുള്ള മരുന്നുകൾ നൽകിയാൽ ( copper binding agents ) , അസുഖം മൂലമുണ്ടാകുന്ന അവയവനാശം , മറ്റു പ്രശ്‍നങ്ങൾ തുടങ്ങിയവ ഇല്ലാതാക്കാം . ഗുരുതരമായ കരൾ നാശം ഉണ്ടായവരിൽ അവയവദാനം മുഖേന പരിഹാരമുണ്ടാക്കാം .

( 7 ) ചെമ്പന്റെ കഥ കേട്ട കുട്ടികളോടായി ഡിങ്കി മാഡം തുടർന്നു . ” ഏതൊരസുഖം വരുമ്പോഴും , അവയവങ്ങളിലെ കോശങ്ങളിലോ കോശങ്ങൾ കൂടിച്ചേർന്നുണ്ടാകുന്ന കലകളിലോ ( tissue ) മാറ്റങ്ങൾ വരാം .അവ രണ്ടു തരം — നഗ്ന നേത്രം കൊണ്ട് കാണാൻ സാധിക്കുന്ന സ്ഥൂല മാറ്റങ്ങൾ [ MACRO scopic ] , ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രം കാണാൻ സാധിക്കുന്ന സൂക്ഷ്മ മാറ്റങ്ങൾ [ MICRO scopic ]. ഈ മാറ്റങ്ങളാണ് പതോളജി എന്ന വിഷയത്തിൽ നാം പഠിക്കുന്നത് ”.

( 8 ) ഒന്നുകൂടി .. ” ബാല്യം എന്നത് ഒരിക്കലേ ഉള്ളൂ . പിന്നീടൊരിക്കലും തിരിച്ച് കിട്ടാത്ത ഒന്ന് . അക്കാലയളവിലെ കുസൃതികളും തമാശകളും ആസ്വദിക്കാൻ കഴിയാത്ത മാതാപിതാക്കൾ കുഞ്ഞുങ്ങളെ തല്ലി നേരെയാക്കാൻ നോക്കും . എന്നാൽ കുഞ്ഞുങ്ങളെ വളർന്നുവരുന്ന മുതിർന്ന പൗരന്മാരായി കണക്കാക്കുന്ന പരിഷ്കൃത രാജ്യങ്ങളിൽ അവരെ നോക്കി പേടിപ്പിക്കുകയോ , പിച്ചുകയോ നുള്ളുകയോ ചെയ്‌താൽ , ചെയ്യുന്നതാരായാലും ജയിലിൽ പോകും . പലപ്പോഴും കുട്ടികളുടെ സ്വഭാവ വ്യതിയാനങ്ങളിൽ ചെമ്പൻ വിത്സനെ പോലെ ആരെങ്കിലും ഒളിഞ്ഞ് കിടക്കുന്നുണ്ടാകും . അത് കണ്ടെത്തി പരിഹരിക്കുന്നതാണ് ഒരു ഭിഷഗ്വരന്റെ കടമ . അപ്പോൾ മാത്രമേ ഇതൊരു മഹത്തായ തൊഴിൽ ആകുന്നുള്ളൂ ”…..

( 9 ) കാക്കത്തൊള്ളായിരം രോഗങ്ങളുടെ ലോകത്തേക്കുള്ള യാത്രയുടെ ആദ്യദിനം തന്നെ മറക്കാനാവാത്ത കഥപറച്ചിലിലൂടെ ഡിങ്കി മാഡം , അവരുടെ മനം കവർന്നു . ശേഷം അവർ പാത്തോളജി മ്യൂസിയത്തിലേക്ക് പോയി . വിത്സൺ രോഗം ബാധിച്ച രോഗികളുടെ കരൾ ,തലച്ചോർ , കണ്ണുകൾ മുതലായവ അവയവങ്ങളിൽ ചെമ്പ്‌ എന്ന ഘനലോഹം വരുത്തുന്ന ഭീകരതകൾ നേരിട്ട് കണ്ട് മനസ്സിലാക്കി . അങ്ങനെ സന്ധ്യയായി , ഉഷസായി .

NB — രണ്ടാം ലോക മഹായുദ്ധത്തിൽ , ആഴ്സനിക് അടങ്ങിയ രാസായുധമായ Lewisite ന്റെ പ്രയോഗം മൂലം നിരവധി ആൾക്കാർ കൊല്ലപ്പെട്ടപ്പോൾ , അതിനെതിരായി വികസിപ്പിച്ചെടുത്ത ഒന്നാണ് British anti-Lewisite (BAL) അഥവാ Dimercaprol ….ഘനലോഹങ്ങൾ അകത്തു പോയാൽ ആന്തരികാവയവങ്ങൾ നശിക്കും . അത്തരം ലോഹങ്ങളെ പിടിച്ച് കെട്ടാൻ അകത്തേക്ക് കടത്തിവിടുന്ന പദാർഥങ്ങളാണ് chelating agents . ചെമ്പൻ വിത്സന്റെ ചികിത്സയിൽ നൽകുന്ന മരുന്നുകളും ഈ വിഭാഗത്തിൽ പെടുന്നവയാണ്

മീട്ടു മെഡി കോളേജ് [ 4 ]

( 1 ) ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ജീവിതരീതികളും പ്രശ്ന`ങ്ങളും നേരിട്ട് കണ്ടു പഠിച്ച് മനസ്സിലാക്കാൻ സഹായിക്കുന്ന വിഷയമാണ് കമ്മ്യൂണിറ്റി മെഡിസിൻ . അതിന്റെ ഭാഗമായി മെഡിക്കോസിനെ ഫീൽഡ് വിസിറ്റ് -നു കൊണ്ടുപോകാൻ കോളേജ് ബസ്സ് എത്തി . കുട്ടികൾ ഓരോരുത്തരായി ശകടത്തിലേക്ക് കയറി . അത് ഒരു വനമേഖല ലക്ഷ്യമാക്കി നീങ്ങി …

( 2 ) യാത്രയ്ക്കിടെ പ്രൊഫ . ഡിങ്കിണി അവരോട് അടിമുടി ചുവപ്പനായ ഒരു സഖാവിന്റെ ജീവിത കഥ പറഞ്ഞു — ” ഒരു ചുവന്ന അരിവാളിൻ കഥ ”. നമുക്ക് അതിലേക്കൊന്ന് കണ്ണോടിക്കാം ….

( 3 ) ചുമട്ടുതൊഴിലാളിയായ ചുവപ്പൻ , കഠിനാദ്ധ്വാനി ആയിരുന്നു . ആള് ഭാരവും താണ്ടി പോകാത്ത ഇടങ്ങളില്ല . വണ്ടിക്കാളയെപ്പോലെ ഓടിയോടി പണിയെടുത്ത ചുവപ്പന്റെ ആയുസ്സ് 120 ദിവസങ്ങൾ മാത്രമായിരുന്നു . ഒടുവിൽ അനിവാര്യമായത് വന്നെത്തി . അയാൾ ജീവൻ വെടിഞ്ഞു . മേപ്പടിയാന്റെ സംസ്ക്കാര ചടങ്ങുകൾക്ക് ഡിങ്കോയിസ്റ്റ് പുരോഹിതർ എത്തിച്ചേർന്നു . ഡിങ്കമത വിശ്വാസ പ്രകാരം , സ്വർഗ്ഗ നരകങ്ങളില്ല . പരേതന്റെ മൃതദേഹത്തിൽ നിന്നും പാർട്ട്സ് ഊരിയെടുത്ത് , റീ സൈക്കിൾ ചെയ്യുക എന്നതായിരുന്നു അവരുടെ വിശ്വാസം .അതിനായി ബോഡി മറ്റൊരാൾക്ക് കൈമാറണം . ” മനുഷ്യ ജീവൻ നിലനിറുത്താൻ അഹോരാത്രം പണിയെടുത്ത , വിശ്രമമില്ലാതെ ഓടിയ ഈ ചുവന്ന രക്താണുവിനെ ( RBC ) പുനരുപയോഗിക്കണേ പ്ലീഹത്തമ്പുരാനേ ”… എന്ന ഡിങ്കോയിസ്റ്റ് മന്ത്രോച്ചാരണങ്ങൾ മുഴങ്ങവേ , പാർട്ടിപ്പതാക പുതപ്പിച്ച ചുവപ്പന്റെ ദേഹം , പ്ലീഹ ( spleen ) ഏറ്റുവാങ്ങി …..

( 4 ) മാരുതി സെൻ കാറിന്റെ എൻജിനിൽ നിന്നും ,LTTE യ്ക്ക് വേണ്ടി ഔട്ബോർഡ് എൻജിനുകൾ നിർമ്മിച്ച് നൽകിയ കെ ആൻഡ് കെ കമ്പനി ഓണർ പ്ലീഹ , ചുവപ്പന്റെ ബോഡിയിലുള്ള വർണ്ണവസ്തുവായ – haemoglobin നെ – മൊത്തത്തിലൊന്നു നോക്കിയിട്ട് , അതിനെ വേർതിരിച്ചെടുത്തു . ഇരുമ്പിന്റെ അംശം നല്ല തോതിലുള്ള ഹീം ( haem ) എന്ന ഭാഗം പുള്ളിയെടുത്ത് പുറത്തിട്ടു . എൻജിൻ ഔട്ട് കംപ്ലീറ്റിലി . ബാക്കി വന്ന ഗ്ലോബിൻ ഭാഗം , പ്രോട്ടീൻ പൗഡർ നിർമ്മിക്കുന്ന കമ്പനിയ്ക്ക് മറിച്ച് വിറ്റു .

( 5 ) ഇരുമ്പിനാൽ നിർമ്മിതമായ ഹീമിന് ഭാരമുണ്ടായിരുന്നു . വലിയ ശരീരമുള്ള മാക്രോഫേജുകൾ ഹീമിൽ നിന്നും ഇരുമ്പിനെ നീക്കം ചെയ്തു. ബാക്കി വന്ന ഭാഗത്തിന് പച്ചനിറമാണുള്ളത് – പേര് ബിലീവേർഡിൻ. ഒരു തവണ കൂടി രാസപ്രക്രിയ ചെയ്തപ്പോ മഞ്ഞനിറത്തിലുള്ള പീതാംബരനായി മാറി , പേര് — ബിലിറൂബിൻ . അങ്ങനെ മാക്രോഫേജുകളുടെ ജോലി കഴിഞ്ഞു . ഇനി പീതാംബരനെ കല്യാണം കഴിപ്പിക്കണം . അതിനായി തല മൂത്ത കാർന്നോരായ യകൃത് ( liver )- ന്റെ തറവാട്ടിലെത്തിക്കണം . സാരഥിയായ ആൽബി കാറുമായി വന്നു . ആൽബിയുടെ ശരിക്കുള്ള പേര് ആൽബുമിൻ എന്നാണ് . മ്മടെ മുട്ടയുടെ വെള്ളക്കരു കണ്ടിട്ടില്ലേ , അയാള് തന്നെ . ആൽബി , പീതാംബരൻ എന്ന ബിലിറൂബിനെ കരളിലെത്തിച്ചു , ശേഷം മടങ്ങിപ്പോയി .

( 6 ) കരളിൽ വച്ച് പീതാംബരന്റെ കല്യാണം നടന്നു . വധുവിന്റെ പേര് ഗ്ലൂക്കറോണിക് ആസിഡ് . ഈ വേളിയ്ക്ക് കോൺജുഗേഷൻ എന്ന് പേര് . കല്യാണം കഴിഞ്ഞ പീതൻ , വെള്ളത്തിൽ ലയിക്കും . അയാളെക്കൊണ്ട് ഒരുപയോഗമുണ്ട് . കൊഴുപ്പിനെ ആഗിരണം ചെയ്യണമെങ്കിൽ കല്യാണം കഴിഞ്ഞ പീതൻ അഥവാ കോൺജുഗേറ്റഡ് ബിലിറൂബിൻ കൂടിയേ തീരൂ ..ശേഷം കരൾ , പീതനെ പിത്തരസത്തിലേക്ക് തള്ളിവിട്ടു . അവിടെ നിന്നും ചെറുകുടലിലേക്ക് . കൊഴുപ്പിന്റെ ആഗിരണത്തിന് സഹായിച്ച ശേഷം മലത്തിലൂടെ പുറന്തള്ളപ്പെടുന്ന പീതൻ [ stercobilinogen ] മനുഷ്യ മലത്തിന് മഞ്ഞനിറം നൽകുന്നു . കുടലിലെ ബാക്ടീരിയകളുടെ പ്രവർത്തനഫലമായി നിറമില്ലാത്ത ഒന്നായി മാറുന്ന urobilinogen എന്ന പീതനെ , ശരീരം തിരികെ ആഗിരണം ചെയ്യും …

( 7 ) ശരീരത്തിലെ പീതന്റെ 80 – 85 % വും വരുന്നത് കാലാവധി കഴിഞ്ഞ ചുവപ്പന്മാരുടെ ശരീരം റീ സൈക്കിൾ ചെയ്യുമ്പോഴാണ് . ഏതെങ്കിലും കാരണവശാൽ ചുവന്ന രക്താണുക്കൾ ഏറെ നശിക്കുമ്പോഴോ , കരളിനെ ബാധിക്കുന്ന അസുഖം മൂലം പീതന്റെ കല്യാണം നടത്തിച്ച് പിത്തരസത്തിലേക്ക് തള്ളിവിടാൻ കഴിയാതിരിക്കുമ്പോഴോ , പിത്തരസം ഒഴുകുന്ന കുഴലുകളിൽ തടസ്സം ഉണ്ടാകുമ്പോഴോ , രക്തത്തിൽ മഞ്ഞ നിറത്തിലുള്ള ബിലിറൂബിൻ അഥവാ പീതന്റെ അളവ് ഉയരുന്നു . ഇതാണ് മഞ്ഞപ്പിത്തം ( jaundice ) . അതൊരു ലക്ഷണം മാത്രമാണ് . നിരവധി കാരണങ്ങൾ മൂലം മഞ്ഞപ്പിത്തം ഉണ്ടാകാം . പ്രൊഫ ഡിങ്കിനെ പറഞ്ഞു നിറുത്തി .

( 8 ) അവരുടെ കോളേജ് ബസ്സ് , ലക്ഷ്യസ്ഥാനമായ അട്ടപ്പാടിയിലെത്തി . പ്രൊഫസർ അവരോട് അട്ടപ്പാടി നിവാസികളുടെ കണ്ണുകളിലേക്ക് നോക്കാൻ പറഞ്ഞു . മെഡിക്കോസ് , കുറെപ്പേർക്ക് കണ്ണിൽ മഞ്ഞിപ്പ് കണ്ടെത്തി . അതിന്റെ കാരണം ഡിങ്കിനെ മാഡം വിശദീകരിച്ചു . അരിവാൾ രോഗം അഥവാ sickle cell disease എന്ന ജനിതക രോഗമാണ് ഇതിനു കാരണം . ഇവിടെ , ഹീമോഗ്ലോബിന്റെ ഘടനയിലുണ്ടാകുന്ന മാറ്റം മൂലം , ചുവന്നരക്താണുവിന്റെ ശരീരത്തിലെ പ്രതലപാട [ cell membrane ] എളുപ്പം നശിക്കുന്നു , അതിന്റെ സാധാരണ ഗതിയിലുള്ള ആകൃതി മാറി അരിവാൾ പോലെയാകുന്നു , സാന്ദ്രത കൂടി രക്തത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു , വിളർച്ച [ anaemia ] ഉണ്ടാകുന്നു , ഇടയ്ക്കിടെ അണുബാധകൾ ഉണ്ടാകുന്നു , രോഗി മരിയ്ക്കുന്നു . പരിണാമത്തിൽ , മലേറിയ എന്ന രോഗത്തിൽ നിന്നും രക്ഷ നേടാൻ സംഭവിച്ച ഒന്നായി അരിവാൾ രോഗത്തെ ശാസ്ത്രസമൂഹം വിലയിരുത്തുന്നു . പക്ഷെ അത് മനുഷ്യന്റെ അകാല മരണത്തിനും കാരണമാകുന്നു .

( 9 ) ഈ വർഷത്തെ രസതന്ത്രശാസ്ത്ര നോബൽ ജേതാക്കളെ പറ്റി പഠിയ്ക്കുക .അവർ കണ്ടെത്തിയ സങ്കേതം ഉപയോഗിച്ച് , വികലമായ ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കുന്ന ജീനുകളുടെ ഭാഗം എഡിറ്റ് ചെയ്തു നീക്കിയാൽ ഇതിൽ നിന്നും രക്ഷ നേടാം .

NB — 80 – 85 % മഞ്ഞപ്പിത്തവും കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് – എ വൈറസ് മൂലം ഉണ്ടാകുന്ന ഒന്നാണ് . ഒന്നും ചെയ്യണമെന്നില്ല .തനിയെ മാറും . അത് പച്ചമരുന്ന് മാഹാത്മ്യം എന്ന പേരിൽ പലരും കൊട്ടിഘോഷിക്കാറുണ്ട് . ചികിത്സ വേണ്ടുന്ന മഞ്ഞപ്പിത്തങ്ങളുണ്ട് . അവിടെയും പച്ചമരുന്ന് കഴിച്ച് അസുഖം മൂർഛിച്ച് മരണപ്പെടുന്നവർ അവികസിത രാജ്യങ്ങളിലെ സ്ഥിരം കാഴ്ചയാണ് .