ഡോക്ടർ അഗസ്റ്റസ് മോറീസിന്റെ പോസ്റ്റ്

നമ്മുടെ ചിഹ്നം , വിതൗട്ട് .

( 1 ) ഒരിയ്ക്കൽ രാജുമോൻ എന്നോട് ചോദിച്ചു ; ” അങ്കിൾ , ചായക്കടയിൽ വരുന്നവരെല്ലാം വിതൗട് വിതൗട് എന്ന് പറയുന്നത് എന്തിനാണ് ? ”. അങ്കിൾ പറഞ്ഞു , അവരെല്ലാം പഞ്ചാരയുടെ അസുഖമുള്ളവരാ . മധുരമില്ലാത്ത ചായ , അഥവാ പഞ്ചാരയിടാത്ത ചായ എന്നാണ് വിതൗട്ടിനർത്ഥം . പഞ്ചാര കഴിക്കുന്നതുകൊണ്ടാണോ ഈ അസുഖം വരുന്നത് ? അവൻ വീണ്ടും ചോദ്യമെറിഞ്ഞു . അങ്കിൾ അതിനു മറുപടിയെന്നോണം ഒരു കഥ പറഞ്ഞു . അക്കഥയിലേക്ക് ….

( 2 ) പെട്രോൾ , ഡീസൽ & മണ്ണെണ്ണ – ഇന്ധനത്രിമൂർത്തികൾ പോലെ നമ്മുടെ ശരീരത്തിലും മൂന്നാളുണ്ട് . അതിൽ ഒന്നാമൻ , ഒറ്റയ്ക്ക് നിൽക്കുമ്പോ മധുരവും , കൂടിച്ചേർന്ന് നിൽക്കുമ്പോ പശിമ ( ഒട്ടിപ്പിടിയ്ക്കൽ ) യും പ്രദാനം ചെയ്യുന്ന ആളാണ് . സിംഗിളായി നിൽക്കുമ്പോ ഗ്ലൂക്കോസ് എന്നും , സംഘം ചേർന്ന് നിൽക്കുമ്പോ അന്നജം / ധാന്യകം ( ഇംഗ്ലീഷിൽ കാർബ്‌ എന്ന് ചുരുക്കി പറയുന്ന കാർബോഹൈഡ്രേറ്റ് ) എന്നും വിളിപ്പേരുള്ള ടിയാൻ , തലച്ചോറിന്റെയും മാംസപേശികളുടെയും പ്രധാന ഇന്ധനമാണ് . കൊഴുപ്പും മാംസ്യവുമാണ് മറ്റു രണ്ടുപേർ ….

( 3 ) ഒറ്റയ്ക്ക് നിൽക്കുമ്പോ പഴങ്ങൾക്കും മറ്റും മധുരം പ്രദാനം ചെയ്യുന്ന ഗ്ലൂക്കോസ് തന്മാത്രകൾ , ധാന്യങ്ങളിലും ഭൂമിയ്ക്ക് താഴേക്കുവളരുന്ന കിഴങ്ങു വർഗ്ഗങ്ങളിലും സംഘം ചേർന്ന് നിൽക്കുമ്പോഴുള്ള അന്നജത്തിന്റെ രൂപത്തിൽ കാണപ്പെടുന്നു . രണ്ടും ഒരമ്മ പെറ്റ അളിയന്മാരാണ് . ഇതൊക്കെ കഴിക്കുന്ന മനുഷ്യന്മാരുടെ ഉള്ളിൽ എന്താണ് നടക്കുന്നത് എന്നൊന്ന് നോക്കാം ….

( 4 ) ദഹനപ്രക്രിയയ്ക്ക് ശേഷം ഗ്ലൂക്കോസ് അതേ രൂപത്തിലും , അന്നജം വിഘടിച്ച് ഗ്ലൂക്കോസ് കണങ്ങളായി മാറി അങ്ങനെയും , രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു . ഇവിടെ നിന്നും കോശങ്ങളുടെ ഉള്ളിലേക്ക് , വണ്ടിയുടെ പെട്രോൾ ടാങ്കിലേക്ക് എണ്ണയടിക്കുന്ന പോലെ , ഗ്ലൂക്കോസിനെ തള്ളിക്കയറ്റണം . ബാക്കി വരുന്ന ഗ്ലൂക്കോസ് , നീളമുള്ള തന്മാത്രാ രൂപമായ ” ജന്തു അന്നജം (ഗ്ലൈക്കോജൻ ) ” ആയി മാറ്റണം . ഇനിയും അധികമുള്ളത് പട്ടിണി കിടക്കുമ്പോ ഉപയോഗിക്കാനുള്ള ഊർജ്ജരൂപമായ കൊഴുപ്പായി സംഭരിയ്ക്കപ്പെടും .
( 5 ) ഒരു പ്രമേഹരോഗിയുടെ ഗ്ലൂക്കോസ് ലെവൽ 300 ആണെന്ന് പറഞ്ഞാൽ എന്താണർത്ഥം ? ..അയാളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവാണത് . വെറും വയറ്റിൽ 70 – 110 ഉം , ഭക്ഷണശേഷം 140 ഉം കാണേണ്ടയിടത്താണ് മുന്നൂറടിച്ച് നിൽക്കുന്നത് . രക്തത്തിലേക്ക് വലിച്ചെടുക്കപ്പെട്ട ഗ്ലൂക്കോസ് , അവിടെ തന്നെ നിൽക്കുന്നു . കോശങ്ങൾക്കുള്ളിലേക്ക് കയറുന്നില്ല . കാരണം , ആർക്കും അങ്ങനെയൊന്നും കോശങ്ങൾക്കുള്ളിലേക്ക് കയറാൻ ആവില്ല . അവിടെയൊരു വാതിലുണ്ട് . അതിനൊരു പൂട്ടുണ്ട് . അത് തുറന്നെങ്കിലേ ഗ്ളൂക്കോസിന് അകത്തു കയറാൻ ആകൂ . പൂട്ട് തുറക്കുന്നവനാരാണ് ?

( 6 ) ഇൻസുലിൻ എന്നയാൾക്കേ പൂട്ട് തുറക്കാൻ കഴിയൂ . തുറന്നു കിട്ടിയാൽ രക്തത്തിൽ നിന്നും കോശങ്ങൾക്കുള്ളിലേക്ക് ഗ്ലൂക്കോസ് കയറിത്തുടങ്ങും , ബ്ലഡ് ലെവൽ ഗ്ലൂക്കോസ് താഴ്ന്നു തുടങ്ങും . ഇൻസുലിൻ ഇല്ലെങ്കിലോ ? ..രക്തത്തിൽ തന്നെ തമ്പടിച്ച് നിൽക്കുന്ന ഗ്ലൂക്കോസ് കിട്ടാതെ കോശങ്ങൾ പട്ടിണി കിടക്കും . അത് കണ്ടിട്ട് തലച്ചോർ , വിശപ്പിന്റെ കേന്ദ്രത്തെ ഉദ്ദീപിപ്പിക്കും . പ്രമേഹരോഗിയ്ക്ക് അമിതമായ വിശപ്പ് അനുഭവപ്പെടും . അയാൾ ഭക്ഷണം കഴിക്കും . അപ്പോഴും വലിച്ചെടുക്കപ്പെടുന്ന ഗ്ലൂക്കോസ് രക്തത്തിലേക്ക് വരും , കോശങ്ങൾക്കുള്ളിലേക്ക് കയറില്ല . മുന്നൂറിൽ നിന്നും നാനൂറ് – അഞ്ഞൂറ് ലേക്കും അതുക്കും മേലേക്കും ഗ്ലൂക്കോസ് ലെവൽ കുതിയ്ക്കും ….

( 7 ) കൊഴുപ്പിൽ നിന്നും ശരീരം ഊർജ്ജം നിർമ്മിക്കുന്ന പ്രക്രിയയാണ് കീറ്റോസിസ് . ഇവിടെ , കൊഴുപ്പ് രൂപം മാറി കീറ്റോൺ ബോഡി ആയി മാറുന്നു . ഹ്രസ്വ കാലത്തേക്ക് പ്രമേഹരോഗികൾക്ക് കീറ്റോ ഡയറ്റ് ആവാം . ദീർഘ കാലത്തേക്ക് അത് നന്നല്ല .

( 8 ) ദഹനരസങ്ങൾ പുറപ്പെടുവിക്കുന്ന ആഗ്നേയഗ്രന്ഥി ( പാൻക്രിയാസ് ) യിലെ രണ്ടു ശതമാനത്തോളം വരുന്ന ബീറ്റാ കോശങ്ങളാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത് . ചിലർക്ക് മുപ്പതുവയസ്സാകുമ്പോൾ കഷണ്ടി വരുന്നതുപോലെ , പ്രമേഹത്തിന്റെ ജീനുകൾ വഹിക്കുന്നവരിൽ എത്രയൊക്കെ കായികാധ്വാനം ചെയ്താലും , ബീറ്റാ കോശങ്ങളുടെ നാശം , പ്രമേഹത്തിനു കാരണമാകുന്നു . കുടവയറുള്ള അലസജീവിതം നയിക്കുന്ന ആൾക്കാർക്ക് , വയറ്റിലെ കൊഴുപ്പ് മൂലം ഇൻസുലിനു പ്രവർത്തിക്കാൻ പറ്റാതെ വരുന്ന അവസ്ഥ – insulin resistance / ഇൻസുലിൻ നിസ്സംഗത – വന്ന്‌ പ്രമേഹം വരുന്നു . ഗർഭിണികൾക്ക് , മറുപിള്ള ( placenta ) യിലെ ഹോർമോണുകൾ ഗ്ലൂക്കോസ് ലെവൽ ഉയർത്തുന്നത് മൂലം പ്രമേഹം വരുന്നു . ചിലരുടെ ശരീരം നിർമ്മിക്കുന്ന പ്രതിദ്രവ്യം ( antibody ) , സ്വന്തം ശരീരത്തിലെ കോശങ്ങളെ ശത്രുവായി തെറ്റിദ്ധരിച്ച് ഇല്ലായ്മ ചെയ്യുന്ന അവസ്ഥ = auto immune disease , പാൻക്രിയാസിനെയും ബാധിച്ച് type 1 പ്രമേഹം ഉണ്ടാക്കുന്നു .

( 9 ) ബീറ്റാ കോശങ്ങളെ പണിയെടുപ്പിച്ച് ഇൻസുലിൻ ഉത്പാദനം കൂട്ടുക , ഇൻസുലിൻ നിസ്സംഗത മറികടക്കുക തുടങ്ങിയവയാണ് പ്രമേഹത്തിനു നൽകുന്ന OHA ( oral hypoglycemic agents ) ഗുളികകളുടെ ധർമ്മം . ഇൻസുലിൻ ഉത്പാദനം പര്യാപ്തമല്ല / ഒട്ടുമില്ല എങ്കിൽ വെളിയിൽ നിന്നും ഇൻസുലിൻ കുത്തേണ്ടിവരും . അനുവദനീയമായ അളവിലും കൂടി നിൽക്കുന്ന രക്തത്തിലെ ഗ്ലൂക്കോസ് ശരീരത്തെ അടിമുടി തകർക്കും . ഉപ്പുവെള്ളം പാടത്ത് കയറിയാൽ നെൽച്ചെടി നശിക്കുന്നതുപോലെ ശരീരത്തിലെ ഓരോ അവയവവും പൊളിഞ്ഞടുങ്ങും ….

( 10 ) ഓരോ ദിവസവും എത്ര കലോറി ഊർജ്ജം വേണമോ , അത്രയും മാത്രം ഊർജ്ജമുള്ള ഭക്ഷണം കഴിക്കുക എന്നയവസ്ഥയിലേക്ക് നാം മാറേണ്ടിയിരിക്കുന്നു . ഏതാണ്ട് 50-55 % ഊർജ്ജം അന്നജത്തിന്റെ രൂപത്തിലും , 30 % നല്ല കൊഴുപ്പിന്റെ രൂപത്തിലും , 10-15 % മാംസ്യം ( പ്രോട്ടീൻ ) ന്റെ രൂപത്തിലും കഴിക്കണമെന്ന് പറയാറുണ്ട് .അനുദിനം ഗവേഷണങ്ങൾ പുരോഗമിക്കുന്ന ന്യൂട്രീഷൻ മേഖലയിൽ ഈ കണക്കുകളിൽ മാറ്റം വരാം . നാക്കിനു മുകളിലൂടെ കടന്നുപോകുമ്പോൾ നൈമിഷികമായ അനുഭൂതി — സ്വാദ് — നു തലച്ചോർ കീഴ്പ്പെട്ടാൽ , ജീവിതശൈലി രോഗങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുകയായി .

( 11 ) പുട്ട് + പഴം , പൂരി + മസാല , ദോശ + സാമ്പാർ , ഇഡ്ഡലി + ചട്നി , അപ്പം + കിഴങ്ങ് തുടങ്ങിയ കൂട്ടുകളെല്ലാം അന്നജം + അന്നജം മുന്നണിയാണ് . രണ്ടുപ്ളേറ്റ് കടല + അരക്കുറ്റി പുട്ട് , മുട്ടക്കറി + അപ്പം , ഓംലെറ്റ് + ദോശ , മീൻ + ഉപ്പുമാവ് ..എന്നിങ്ങനെ ആവശ്യത്തിന് മാംസ്യവും മിതമായ അന്നജവും കഴിച്ച് ശീലിക്കാതെ , ചായയിൽ മാത്രം ലേശം പഞ്ചസാര ഒഴിവാക്കി പ്രമേഹം വരുതിയിലാക്കാമെന്ന് വിചാരിക്കരുത് . നടക്കില്ല . പഞ്ചാസാരയല്ല വില്ലൻ , അതിന്റെ അളവാണ് പ്രശ്നം . എല്ലു മുറിയെ പണിയെടുത്ത ജനതയിൽ നിന്നും പല്ലു മുറിയെ കഴിക്കുന്നവരിലേക്കുള്ള മാറ്റം അമ്പരപ്പിക്കുന്നതാണ് .

NB — ഷുഗർ ഫ്രീ കപ്പ എന്ന പേരിൽ ആളെപ്പറ്റിയ്ക്കാൻ ഒരെണ്ണം ഇറങ്ങിയിട്ടുണ്ട് . ഷുഗർ ഫ്രീ പഞ്ചസാര എന്ന് വരുമോ എന്തോ ? വാങ്ങിച്ച് കൂട്ടാൻ മലയാളി റെഡിയാണ് .

 

You May Also Like

കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതെന്തുകൊണ്ട് ?

മലയാളിയുടെ തീന്മേശയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് മുരിങ്ങയിലക്കറി.

കൊവിഡ് മൂലം തീവ്രപരിചരണ വിഭാഗങ്ങ ളിൽ വെന്റിലേറ്റർ സൗകര്യങ്ങളോടെ ചികിത്സയിൽ കഴിഞ്ഞ രോഗികളുടെ ചിത്രങ്ങളിൽ മിക്കവാറും ഐസിയു ബെഡിൽ മലർന്ന് കിടക്കാതെ കമഴ്ന്ന് കിടക്കാൻ കാരണം എന്ത് ?

ഇത് ഒരു പഴയ ടെക്നിക്കാണ്. ഇതിനെ വൈദ്യശാസ്ത്രത്തിൽ വിശേഷിപ്പിക്കുന്നത് ‘പ്രോണിങ് ‘എന്നതാണ്.കൊറോണ സ്ഥിരീകരിക്കപ്പെട്ട് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്കെല്ലാം തന്നെ വളരെ ആശ്വാസം പകരുന്ന ഒരു സവിശേഷ വിധിയാണ് ‘പ്രോണിങ്’എന്നറിയപ്പെടുന്നത്.

അടുക്കള മാലിന്യം കൊണ്ട് നിങ്ങള്‍ എന്ത് ചെയ്യുന്നു….?

ഓരോ ദിവസവും പച്ചക്കറികളുടെയും പഴ വര്‍ഗ്ഗങ്ങളുടെയും വില കുതിച്ചുയരുന്നു. കറിവേപ്പില പോലും വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയിലാണ് നാമിപ്പോള്‍. മുളക്, പപ്പായ, വെണ്ടയ്ക്ക, വഴുതനങ്ങ, ചീര, കോവക്ക, കുമ്പളം, പാവക്ക, പയര്‍, തുടങ്ങിയവയെല്ലാം നമ്മുടെ വീടിന്റെ ഇത്തിരിവട്ടത്തില്‍ വളര്‍ന്നിരുന്ന കാലത്ത് ബന്ധുക്കളോ മറ്റോ വിരുന്നിനു വരുമ്പോള്‍ മാത്രമായിരുന്നു ചന്തകളില്‍ നിന്ന് പച്ചക്കറി വാങ്ങിയിരുന്നത്. പച്ചക്കറി കൃഷി കൂടുതലായി ഇല്ലാതിരുന്ന വീട്ടുകാരും ചന്തകളില്‍ നിന്ന് കറി ഇനങ്ങള്‍ അധികമായി വാങ്ങിയിരുന്നില്ല. വാഴക്കൂമ്പും ചേമ്പിന്‍ താളും മുരിങ്ങ ഇലയും പയര്‍ ഇലയും, തഴുതാമയും ചക്കക്കുരുവും ഒക്കെ ഉപയോഗിച്ച് രുചികരമായ കറികള്‍ വെച്ചിരുന്നു.

കടുത്ത ഉഷ്ണമാണ്, ഈ പോസ്റ്റ് നിർബന്ധമായും നിങ്ങൾ വായിച്ചിരിക്കണം

ഇപ്പോൾ ഉഷ്ണകാലമാണല്ലോ. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്ന മാസം. ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുകയും സൂര്യാഘാതം ഏൽക്കുകയും…