ഡോക്ടർ അഗസ്റ്റസ് മോറീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് . ട്രാൻസ് ജെൻഡർ കമ്മ്യൂണിറ്റികളോടുള്ള അയിത്തം എവിടെയും നിലനിൽക്കുകയാണ്. അതിനു സാമൂഹികപരവും യാഥാസ്ഥിതികവുമായ കാരണങ്ങൾ അനവധിയുണ്ട്. ലിംഗബോധങ്ങളെ രണ്ട് എന്ന സംഖ്യയിൽ മാത്രം തളച്ചിടുന്ന സങ്കുചിതമായ കാഴ്ചപ്പാടുകൾ പുരാണങ്ങളിൽ പോലും എഴുതി വച്ചിട്ടുണ്ട്. ഇന്നും അതിനൊരു മാറ്റവുമില്ല. ചില ആചാരങ്ങൾ കാരണമെങ്കിലും ട്രാന്സ്ജെന്ഡറുകൾ മുഖ്യധാരയിലേക്ക് കടന്നുവരുന്നുണ്ട്. അഗസ്റ്റസ് മോറീസിന്റെ പോസ്റ്റ് വായിക്കാം
Augustus Morris
ചമയം
“““
( 1 ) ജീവൻ എന്നാൽ രക്തമാണെന്ന വിശ്വാസം പണ്ടേയ്ക്ക് തന്നെ ഉണ്ടായിരുന്നു . രക്തം ചീന്തി , ജീവൻ ബലിയർപ്പിക്കുന്നത് മഹത്തായ ഒന്നായി മതങ്ങൾ വാഴ്ത്തിപ്പാടി . അതിന് സെമിറ്റിക് മതങ്ങളെന്നോ , സനാതനധർമ്മമെന്നോ വ്യത്യാസമില്ലായിരുന്നു . ഒരു നരബലി ഐത്യഹ്യത്തിലേക്ക് ….
( 2 ) ബന്ധുക്കൾ തമ്മിലുള്ള മഹാഭാരതയുദ്ധത്തിന് കാഹളം മുഴങ്ങി . വിജയം തങ്ങളുടെ പക്ഷത്തിന്റേതാകാൻ , പാണ്ഡവർ കാളി ദേവതയ്ക്ക് ഒരു യുവാവിനെ ബലി കൊടുക്കാൻ തീരുമാനിച്ചു . അർജ്ജുനന്റെ പുത്രനായ അറവാൻ , നരബലിയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടു . തന്റെ അന്ത്യാഭിലാഷം എന്താണെന്ന ചോദ്യത്തിനുത്തരമായി ” ഒരു ദിവസമെങ്കിലും വിവാഹിതനായി ജീവിയ്ക്കണം ” എന്ന നിബന്ധന അറവാൻ , ഭഗവാൻ കൃഷ്ണന്റെ മുന്നിലേക്ക് വച്ചു . പക്ഷെ ഒറ്റ ദിവസത്തെ ദാമ്പത്യത്തിനും , അതിനുശേഷമുള്ള വൈധവ്യത്തിനും പെണ്ണുങ്ങളാരും തയ്യാറായില്ല . മോഹിനീരൂപം പൂണ്ട് , കൃഷ്ണഭഗവാൻ ആ ആഗ്രഹം സാധിച്ചു കൊടുത്തു . ശേഷം , അറവാൻ തന്റെ അനിവാര്യമായ വിധി ഏറ്റുവാങ്ങി …
( 3 ) തമിഴ്‌നാട്ടിലെ കല്ലകുറിച്ചി ജില്ലയിലെ കൂവാഗം ഗ്രാമത്തിൽ , ഒറ്റദിവസത്തെ ദാമ്പത്യം സ്മരിയ്ക്കുന്ന ചടങ്ങ് നടക്കാറുണ്ട് . നാനാ ദേശങ്ങളിൽ നിന്നും ഇതിൽ പങ്കെടുക്കാൻ ആൾക്കാർ എത്താറുണ്ട് . അറവാന്റെ ഭാര്യയായി അറ വാണിയുടെ രൂപമെടുത്ത കൃഷ്ണഭഗവാന്റെ മോഹിനീ രൂപത്തെ അനുസ്മരിപ്പിക്കുന്നോണം , ചമയങ്ങളണിഞ്ഞ് , വർണ്ണചേലകൾ ചുറ്റി , ആടയാഭരണങ്ങൾ ധരിച്ച് , പൂകൊണ്ടു തല മൂടി , തിരുനങ്കകൾ ( ട്രാൻസ് ജെൻഡർഴ്സ് ) കൂവാഗത്തെ കൂത്താണ്ടവർ ക്ഷേത്രത്തിൽ എത്തുന്നു . രാവ് മുഴുവൻ കല്യാണ ആഘോഷത്തിന്റേതാണ് . നേരം വെളുക്കുമ്പോൾ , ബലിയർപ്പിക്കപ്പെട്ട അറവാന്റെ ഛേദിച്ച ശിരസ്സുമായി , ഘോഷയാത്ര ആരംഭിക്കുന്നു . പ്രിയപ്പെട്ടവന്റെ വേർപാടിൽ തല തല്ലിക്കരയുന്ന , ദുഖിതരായ തിരുനന്കൈകൾ താലി പൊട്ടിച്ചെറിഞ്ഞ് തങ്ങളുടെ വൈധവ്യം അടയാളപ്പെടുത്തുന്നു ..
( 4 ) ഏതൊരു മനുഷ്യ ഭ്രൂണവും ആദ്യം കടന്നുപോകുന്നത് , ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാനാവാത്ത ഒരു ഘട്ടത്തിലൂടെയാണ് . കാരണം , ആൺ – പെൺ ലൈംഗികാവയവങ്ങളാകാനുള്ള വുൾഫിയൻ & മുള്ളേരിയൻ വ്യവസ്ഥകൾ അതിലുണ്ട് . ആണാകാനുള്ള തീരുമാനം നടപ്പിലാകണമെങ്കിൽ , പെണ്ണത്ത ജീനുകളെ വെട്ടിനിരത്തണം . പെണ്ണാകണമെങ്കിൽ , ആണത്തജീനുകളെ ചവിട്ടിയൊതുക്കണം .
( 5 ) ജീനുകളുടെ കാര്യത്തിൽ ഒരു തീരുമാനമായി , ആൺ അല്ലെങ്കിൽ പെൺ . ഇനി , മുന്നോട്ടുള്ള പ്രയാണത്തിന് അതാത് ഹോർമോണുകൾ കൂടിയേ തീരൂ . പുരുഷ / സ്ത്രൈണ ഹോർമോണുകൾ അടുത്ത രംഗത്തിലേക്ക് കടന്നുവരുന്നു . ആണാകാൻ തീരുമാനിച്ച ഭ്രൂണത്തിന് പുരുഷ ഹോർമോണും , പെണ്ണാകാൻ തീരുമാനിച്ചയാൾക്ക് സ്ത്രൈണ ഹോർമോണും വേണം . ഇപ്പോഴും ഇതൊന്നുമറിയാതെ ഭ്രൂണത്തിന്റെ തലച്ചോറ് എന്ന അവയവം , അതിന്റെ രൂപീകരണത്തിന്റെ ആദിമഘട്ടങ്ങളിലൂടെ കടന്നു പോകുന്നതേയുള്ളൂ . ഒടുവിൽ , ആ തലച്ചോറിനെ ഒന്ന് കുളിപ്പിച്ചെടുക്കേണ്ട നിയോഗം കൂടി ഹോർമോണുകൾക്കുണ്ട് . ഹോർമോണുകളുടെ പ്രഭാവം , ശരിയ്ക്കും തലച്ചോറിൽ ഏൽക്കണം . ഏറ്റില്ല എങ്കിലോ ?
( 6 ) ആണിന്റെ വൃഷണവും , XYജനിതകവുമായി ജനിക്കുന്ന കുഞ്ഞിന്റെ തലച്ചോർ പറയും നീ പെണ്ണാണ് . അതെ പോലെ പെൺ , ലൈംഗികാവയവങ്ങളും XXജനിതകവുമായി ജനിക്കുന്ന കുഞ്ഞിന്റെ തലച്ചോർ പറയും നീ ആണാണ് . സെക്സ് ( SEX ) എന്നാൽ ലിംഗവും , ജെൻഡർ ( GENDER ) എന്നാൽ ലിംഗത്വവും ആണെന്ന് നമുക്കറിയില്ല . ആണിന്റെ വൃഷണവും , XYജനിതകവും ഉള്ള കുഞ്ഞിന്റെ SEX , ”ആണ് ” എന്ന വിഭാഗത്തിൽ വരുന്നു . തലച്ചോറും ആ വഴിയ്ക്ക് വന്നാൽ , അതിന്റെ GENDER / ലിംഗത്വം ” ആണ് ” എന്ന വിഭാഗത്തിൽ വരുന്നു . എന്നാൽ തലച്ചോറ് , പുരുഷ ഹോർമോണിന്റെ പ്രഭാവം ശരിക്ക് ഏൽക്കാതെ വളരുകയാണെങ്കിൽ , അത് പെണ്ണത്തം പ്രകടിപ്പിക്കും . ഇവിടെ GENDER / ലിംഗത്വം എന്നത് ” പെണ്ണ് ” എന്നതാണ് . അത് മാറ്റാൻ പറ്റില്ല .
( 7 ) ലൈംഗിക ന്യൂനപക്ഷങ്ങൾ ( LGBTQQIP2SAA – lesbian, gay, bisexual, transgender, questioning, queer, intersex, pansexual, two-spirit (2S), androgynous and asexual ) എങ്ങനെയുണ്ടാകുന്നു ? അവരോടുള്ള കരുതൽ എങ്ങനെയായിരിക്കണം ? ഇതൊന്നും അറിയാൻ പ്രബുദ്ധ മല്ലു മെനക്കെടാറില്ല . പരിഹാസം , ഇരട്ടപ്പേരുകൾ ,ലൈംഗിക അതിക്രമങ്ങൾ etc മാത്രമേ നമുക്ക് പരിചയമുള്ളൂ . സാരി ഉടുത്തു നടന്ന ട്രാൻസ്ജെൻഡറിനെ വസ്ത്രാക്ഷേപം ചെയ്യുക , അത് മൊബൈലിൽ പകർത്തുക , ലൈവ് വിടുക തുടങ്ങിയ കലാപരിപാടികൾ ചെയ്യുന്നവർ , ഗുഹാമനുഷ്യനിൽ നിന്നും യാതൊരു പരിണാമവും സംഭവിക്കാത്ത ഇരുകാലി മൃഗങ്ങളാണ് .
( 8 ) അപരിഷ്കൃത സമൂഹങ്ങൾ , ട്രാൻസ് കമ്മ്യുണിറ്റിയെ തീണ്ടാപ്പാടകലെ നിറുത്തുമ്പോഴും , ഇതുപോലെയുള്ള ചില മതാനുഷ്ഠാനങ്ങളിൽ അയിത്തങ്ങൾ ഇല്ലാതാകുന്നു . കൂവാഗം കൂത്താണ്ടവർ ഉത്സവം പോലെ കേരളത്തിൽ ട്രാൻസ് കമ്മ്യുണിറ്റി സജീവമായി പങ്കെടുക്കുന്ന ഒന്നാണ് കൊല്ലം ജില്ലയിലെ ചവറ കൊറ്റംകുളങ്ങര അമ്പലത്തിലെ ചമയ വിളക്ക് മഹോത്സവം . പുരുഷന്മാർ , സ്ത്രീ വേഷം കെട്ടുന്ന ചടങ്ങാണ് പ്രധാനമെങ്കിലും , ട്രാൻസ് ജെൻഡേഴ്‌സും ഈ മഹോത്സവത്തിൽ സജീവമായി പങ്കെടുക്കുന്നു .
***