വിദ്യയെ പുറത്താക്കി, അകത്തിരുത്തിയത് ആരെയാണ് നേതാക്കളേ ?

  84

  ആസാദ്

  വിദ്യാ സംഗീത് സംസാരിക്കുകയാണ്.കേള്‍ക്കണം. അഭിവാദ്യം ചെയ്യണം. പിന്തുണയ്ക്കണം. വിജയംകൊണ്ടല്ലാതെ പിന്മാറാനാവാത്ത ഒരു സമരത്തിന്റെ മുന്നിലാണവര്‍. ഒറ്റയ്ക്കു നടത്തുന്ന സമരം. കാര്‍ഷിക കേരളത്തിന്റെ സമര ചരിത്രത്തിലെ ഉജ്ജ്വലമുഖം. വിപ്ലവ പ്രസ്ഥാനമെന്ന് മേനി നടിക്കുന്ന ഭരണകക്ഷി പ്രമാണിമാരേ ലജ്ജിക്കുവിന്‍! ഈ ധീരതയെ, ഈ പ്രതിബദ്ധതയെ അഭിസംബോധന ചെയ്യാന്‍ കെല്‍പ്പില്ലാതെ നട്ടെല്ലു കുഴഞ്ഞുപോയതില്‍ പരിതപിക്കുവിന്‍!

  എ കെ ജിയുടെയും ഗോദാവരിയുടെയും സമരവീറു ഞാന്‍ കണ്ടു. മനുഷ്യരുണരുമ്പോള്‍ എന്ന സ്വപ്നത്തിന്റെ പതാകകള്‍ ഉയരുന്നതു കണ്ടു. പാര്‍ട്ടിയ്ക്ക് ഈ പ്രതിബദ്ധത താങ്ങാനാവില്ലത്രെ. ഇന്നായിരുന്നുവെങ്കില്‍ മണ്ണിനുവേണ്ടി പൊരുതിയ എ കെ ജിയെ പുറത്താക്കുമായിരുന്നു. കുലംകുത്തി എന്നു വിളിക്കുമായിരുന്നു! വിദ്യയെ പുറത്താക്കി അകത്തിരുത്തിയത് ആരെയാണ് നേതാക്കളേ?

  വിദ്യാസംഗീത് ആ സമരാനുഭവം കുറഞ്ഞ വാക്കുകളില്‍ പറയുന്നു. നാം അണി ചേരേണ്ട ഒരു സമരത്തിന്റെ വാതിലുകള്‍ തുറന്ന് അവര്‍ വിളിക്കുന്നു. വാസ്തവം ബോദ്ധ്യപ്പെടുന്ന സുഹൃത്തുക്കളേ, ഒപ്പമുണ്ടെന്നു പറയുവിന്‍. ഐക്യപ്പെടുവിന്‍. നാളെ ചരിത്രമാകുന്ന ഉജ്ജ്വലമായ ചെറുത്തുനില്‍പ്പാണിത്. വിദ്യാ സംഗീത്, പെണ്‍കരുത്തിന്റെ പ്രഭാവമേ, പോരാട്ടങ്ങളുടെ ശമനമില്ലാത്ത തീനാളമേ, അഭിവാദ്യം. ഞങ്ങള്‍ ഒപ്പമുണ്ട്.

  ആസാദ്
  25 ഫെബ്രുവരി 2021