ജെ എന്‍ യുവില്‍ പഠനമല്ല നടക്കുന്നതെന്ന് ചവറുകള്‍ക്കിടയില്‍ കോണ്ടമേ കാണാനുള്ളു എന്ന് സംഘപരിവാരങ്ങള്‍ കണ്ടെത്തിയിരിക്കുന്നു

208

ഡോ.ആസാദ്

ജെ എന്‍ യുവില്‍ പഠനമികവോ വിജ്ഞാന തത്വ പേറ്റന്റോ നേടാനാവാത്തവരാണ് ഉള്ളതെന്ന് ബിജെപിയുടെ വിശകലന വക്താവ് ശിവശങ്കരന്‍ പറയുന്നു. മീഡിയാ വണ്ണിലെ ചര്‍ച്ച ഗംഭീരം. കനയ്യ കുമാറിന്റെ തീസിസ് പൊട്ടയാണെന്ന്, അദ്ദേഹത്തിന്റെ പ്രസിദ്ധീകൃത ലേഖനം ദുര്‍ബ്ബലമെന്ന് ശിവശങ്കരന്‍ അളന്നു കഴിഞ്ഞു! എന്തു നേട്ടമുണ്ടായിട്ടുണ്ട് ജെ എന്‍ യുവില്‍നിന്ന്? സര്‍ക്കാറിന്റെ പണം വെറുതെ പാഴാക്കുകയല്ലേ? ശിവശങ്കരന്‍ കൊള്ളാം. രണ്ടു ചുവടുകൊണ്ട് സര്‍വ്വ തീസിസുകളും ഗവേഷണ പ്രബന്ധങ്ങളും അളന്ന് മൂന്നാം ചുവട് സര്‍വ്വകലാശാലയുടെ ശിരസ്സില്‍വെച്ച് അര്‍മാദിക്കുന്നു കുഞ്ഞു വാമനന്‍!!!

സര്‍വ്വകലാശാലകളില്‍ എന്തു നടക്കുന്നുവെന്ന് തീര്‍ച്ചയായും പൊതുസമൂഹം അറിയണം. ആ ലക്ഷ്യത്തോടെ അകത്തു ചെല്ലണം. നിങ്ങളുടെ ഗുണ്ടകള്‍ അതിനല്ലല്ലോ ശ്രമിച്ചത്. നിങ്ങളുടെ അധികാരികളും അതിനു പ്രാപ്തരായില്ല. അവര്‍ കണ്ടതാണല്ലോ ശിവശങ്കരാ താങ്കളും കാണുന്നത്!!

ജെ എന്‍ യുവില്‍ പഠനമല്ല നടക്കുന്നതെന്ന് സംഘപരിവാരങ്ങള്‍ കണ്ടെത്തിയിരിക്കുന്നു! ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ കയറുന്നു. തിരിച്ചും നടക്കുന്നു. അതിനു നേരമോ കാലമോ നോക്കുന്നില്ല. ചവറുകള്‍ക്കിടയില്‍ കോണ്ടമേ കാണാനുള്ളു! സംഘികളും അധികാരികളും അവരുടെ കണ്ണ് ചെല്ലുന്നിടമേ അരിച്ചു പെറുക്കിയുള്ളു. ഒരു സര്‍വ്വകലാശാല വിജ്ഞാനോത്പാദനമോ വിനിമയമോ നടത്തുന്നത് എങ്ങനെയെന്ന് അറിയാനുള്ള ശേഷിയില്ലാത്തവര്‍ക്ക് അത്രയേ സാധ്യമാവൂ. തങ്ങള്‍ക്കു പരിചയമുള്ള ഉള്‍പ്പുളകങ്ങളുടെ പറുദീസയാണ് ജെ എന്‍ യു എന്ന് അവര്‍ അസ്വസ്ഥരാകുന്നു! രാത്രിയില്‍ എന്തു കാണിക്കുന്നു എന്നു ചുമ്മാ സങ്കല്‍പ്പിക്കുന്നു!

അങ്ങനെയെങ്കില്‍ അതിനൊക്കെ ഫീസു കൂട്ടണം എന്നത് നല്ല കച്ചവട ബുദ്ധിയാണ്. അതാണ് അവിടെ പരീക്ഷിച്ചത്. ഹോസ്റ്റല്‍ ഫീസ് കൂട്ടി. ലോഡ്ജില്‍ ആവശ്യം നോക്കി റൂംറെന്റ് കൂട്ടുന്നതു പോലെ. പക്ഷെ, സംഘപരിവാരം കാണുന്നതല്ലല്ലോ സര്‍വ്വകലാശാല. അവിടെ പഠനവും ഗവേഷണവും നടത്തുന്നവര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നു പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടി എത്തിയവരാണ്. ഏറ്റവും ദരിദ്രരായ കുട്ടികളും അവരിലേറെയാണ്. ജീവിതത്തെക്കുറിച്ചുള്ള അവരുടെ അവബോധം മധ്യയുഗത്തിലെവിടെയോ തടഞ്ഞുനിന്നുപോയിട്ടില്ല. രണ്ടു പേര്‍ ഒത്തു കൂടുമ്പോള്‍ പങ്കുവെക്കുന്നത് ഇന്ത്യയുടെ പൊള്ളുന്ന വര്‍ത്തമാനവും ഭാവിയുടെ രാഷ്ട്രീയവുമാണെന്ന് തീര്‍ച്ച. അല്ലെങ്കില്‍ അവര്‍ക്കിങ്ങനെ പൊരുതാനാവുന്നത് എങ്ങനെയാണ്?

ശിവശങ്കരാ, അവരുടെ പഠന മികവു പരിശോധിക്കുകതന്നെ വേണം. ജെ എന്‍ യുവില്‍ മാത്രമല്ല. എല്ലാ വിദ്യാലയങ്ങളിലും അതു വേണം. ഓരോരുത്തരുടെയും സംഭാവന പരിശോധിക്കപ്പെടണം. അതിന് അവരുടെ മുറികളില്‍ ഒളിച്ചു നോക്കുകയോ പിന്നാമ്പുറങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട ഉറകളെണ്ണുകയോ അല്ല വേണ്ടത്. ആശയപരമായി അവരെ നേരിടണം. ജ്ഞാന സിദ്ധാന്തങ്ങളും രീതിശാസ്ത്രവും അണിഞ്ഞു തയ്യാറെടുക്കണം. പൊരുതണം.

‘അറിവളക്കല്‍ ദണ്ഡുകള്‍’ കയ്യിലേന്തിയ മുഖംമൂടിയ അക്രമികള്‍ ഭയന്നത് അറിവിനെയാണ്. ജെ എന്‍ യു പുറത്തു വിടുന്ന അറിവുകള്‍ നിങ്ങളുടെ പഴങ്കഥകളുടെ കാറ്റഴിച്ചുവിടും! അതിന്റെ ദേശീയ രാഷ്ട്രീയം നിങ്ങളുടെ ഭൂതബാധകളൊഴിപ്പിക്കും. അതിനാല്‍ അങ്ങനെയൊരു സര്‍വ്വകലാശാല നിങ്ങള്‍ക്കെന്നും ഭീഷണിയാണ്. നിങ്ങളതിനെ ഭയക്കാതെ വയ്യ.

ഉന്നത വിദ്യാഭ്യാസരംഗം നാക്പോലെയുള്ള അംഗീകൃത ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ നേടേണ്ടതുണ്ട്. അതിനു മാനദണ്ഡങ്ങളുണ്ട്. നിരീക്ഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമായാണ് ഗ്രേഡ് ലഭിക്കുന്നത്. അതിനും പുറത്താണ് സര്‍വ്വകലാശാലാ വിദ്യാഭ്യാസം കൊണ്ട് വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിക്കുന്ന സാമൂഹിക അറിവും ജീവിതവീക്ഷണവും അവരിടപെടുന്ന മണ്ഡലങ്ങളില്‍ പതിയ്ക്കുന്നത്. ജെ എന്‍ യു അങ്ങനെയൊരു അടയാളം പതിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷെ ഹിന്ദുത്വ സംഘ പരിവാരങ്ങളുടെ പഴയ മുളങ്കോലുകള്‍ അവരെ അളക്കാന്‍ മതിയാവുന്നില്ല. അതിനാല്‍ മുളവടികൊണ്ടു നേരിടാം എന്ന നിശ്ചയത്തിലെത്തുകയാണവര്‍. ഹിംസയുടെ വിചാരധാരയാണ് പാഠപുസ്തകം. ശിവശങ്കരന്‍, ജെ എന്‍ യു ഇന്ത്യയാണ്. നിങ്ങളുടെ ഹിന്ദുത്വ മതരാഷ്ട്രത്തിന്റെ ശത്രുരാജ്യം. അവിടെയെല്ലാം നിങ്ങളുടെ സങ്കല്‍പ്പത്തിനപ്പുറമാവും.