ഇളംപ്രായത്തില്‍ മതപ്രാമാണികതയും മതനിഷ്ഠയും ഏറ്റുവാങ്ങി മെരുക്കപ്പെടേണ്ടതില്ല ഒരാളും

ആസാദ്.

മതവിദ്യാഭ്യാസം മതരാഷ്ട്രങ്ങളില്‍ പൊതു വിഷയമാവാം. മതേതര രാഷ്ട്രത്തില്‍ അതു വേണ്ട. പൊതുഫണ്ട് അതിനു വിനിയോഗിക്കയും അരുത്. മതപാഠശാലകളുടെ നടത്തിപ്പ് മതങ്ങളുടെ മാത്രം വിഷയമാണ്. മതരഹിതരോ മതേതരരോ ആയ പൗരന്മാരുടെ ചെലവില്‍ അതു നിലനിര്‍ത്തേണ്ടതില്ല.

ഇളംപ്രായത്തില്‍ മതപ്രാമാണികതയും മതനിഷ്ഠയും ഏറ്റുവാങ്ങി മെരുക്കപ്പെടേണ്ടതില്ല ഒരാളും. മതം ഓരോരുത്തര്‍ക്കും തെരഞ്ഞെടുക്കാനാവണം. മതപരിവര്‍ത്തനം സാധ്യമാകുന്നത് അങ്ങനെ തെരഞ്ഞെടുക്കാന്‍ അവസരമുള്ളതുകൊണ്ടാണല്ലോ. മതപ്രചാരണ ലക്ഷ്യവും അതല്ലേ? അതിനാല്‍ പിറന്നു വീണ കുട്ടിയില്‍ മതം അടിച്ചേല്‍പ്പിക്കരുത്. മാതാ പിതാക്കളുടെ മതമേ കുട്ടികള്‍ക്കു പാടുള്ളുവെങ്കില്‍ ലോകത്ത് ഇത്രയേറെ മതങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. പിറന്ന മതത്തിന്റെ/ മതരാഹിത്യത്തിന്റെ നിഷേധമാണ് എല്ലാ മതത്തിന്റെയും പിറവിക്കു നിദാനം.

മതപാഠശാലകള്‍ മതേതര രാജ്യത്തു മുഖ്യ പരിഗണനാ വിഷയമാവരുത്. മതേതര വിദ്യാഭ്യാസത്തിനാവണം ഊന്നല്‍. സ്കൂള്‍ സമയമോ സിലബസ്സോ മതപഠനവുമായി ബന്ധപ്പെടുത്തി നിശ്ചയിക്കേണ്ടതുമല്ല. മതാധ്യാപകര്‍ക്കു പൊതുഖജനാവില്‍നിന്നു പണം അനുവദിക്കുന്നതും ശരിയല്ല. അതേസമയം മതങ്ങളെക്കുറിച്ചുള്ള സാമാന്യമോ വിശദമോ ആയ പഠനം പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാം. മതപണ്ഢിതരുടെ സേവനം അതിനു പ്രയോജനപ്പെടുത്തുകയുമാവാം. അതു മതേതര വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ ഉതകുംവിധം ആയിരിക്കണം.

രാജ്യം മത വര്‍ഗീയ കാലുഷ്യങ്ങളിലേക്കു വലിച്ചെറിയപ്പെടുന്നതും ഭീകരവാദങ്ങള്‍ക്കു കീഴ്പ്പെടുന്നതും ശക്തമായ മതേതര നിശ്ചയങ്ങളുടെ അഭാവംമൂലമാണ്. ഇന്ത്യയില്‍ ഫാഷിസമായി വളരുന്ന ജാതിഹിന്ദുത്വത്തിന് എതിരായ പ്രതിരോധം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് മതേതരവും ജനാധിപത്യപരവുമായ മൂല്യങ്ങളുടെയും പ്രയോഗങ്ങളുടെയും വീണ്ടെടുപ്പുകള്‍ വേണമെന്നാണ്. അതിനു ക്ഷീണം വരുത്തുന്ന ഒരു ചുവടുവെപ്പും ഗുണകരമാവില്ല.

ആസാദ്
28 നവംബര്‍ 2019