ഡോ. ആസാദ്
അലനും താഹയും എന്നെ വിട്ടുപോകുന്നില്ല. ഒരുപാടാലോചിച്ചു. അവരുമായി എനിയ്ക്കു പ്രത്യേകമായ ബന്ധം എന്താണുള്ളത്? അലനെ കണ്ടിട്ടുണ്ട് എന്നല്ലാതെ അടുപ്പമോ സൗഹൃദമോ ഇല്ല. എന്നിട്ടും അവരുടെ അറസ്റ്റും യു എ പി എ ചുമത്തലും കേസ് എന്‍ ഐ എയിലേക്കു പോകലും എന്നെ ഉലച്ചിരിക്കുന്നു.
മുമ്പും യുഎപിഎ ചുമത്തപ്പെട്ടവരുണ്ട്. കാരണമില്ലാതെ തടവില്‍ കഴിഞ്ഞവരുണ്ട്. ഒരു വ്യാഴവട്ടമായി വിചാരണയും കാത്ത് പരപ്പനങ്ങാടിക്കാരന്‍ സക്കറിയ ജയിലില്‍ കഴിയുന്നു. കണ്ണൂര്‍ക്കാരന്‍ ഷമീറുണ്ട്. (പത്തൊമ്പതോ ഇരുപതോ വയസ്സു മാത്രമുള്ളപ്പോള്‍ പിടിയ്ക്കപ്പെട്ടവരാണവര്‍). വിചാരണ വൈകിച്ച് ഒരു മനുഷ്യജന്മത്തിന്റെ ഏറിയഭാഗവും ജയിലില്‍ തളയ്ക്കപ്പെടുന്ന അബ്ദുള്‍ നാസര്‍ മാദനിയുണ്ട്. എനിയ്ക്കു പേരറിയാത്ത, നിശ്ചയമില്ലാത്ത ഇനിയും എത്രയോ പേര്‍.
എന്തിനാണ് ഇങ്ങനെ ദീര്‍ഘകാലം തടവിലിടുന്നത്? കുറ്റം ചെയ്തുവെങ്കില്‍ കുറ്റപത്രം നല്‍കണം. വിചാരണ നടത്തണം. അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം. അല്ലാതെ പൊതു ജീവിതത്തില്‍നിന്നും പൗരാവകാശ- മനുഷ്യാവകാശ തണലുകളില്‍നിന്നും എന്തിനു മാറ്റി നിര്‍ത്തപ്പെടണം? പന്ത്രണ്ടു വര്‍ഷം ജയിലില്‍ കഴിഞ്ഞവന് നിരപരാധിയെന്ന വിധി എന്ത് ആശ്വാസമാണ് പകരുക? ആ ജീവിതത്തിന്റെ കടം ആരാണ് വീട്ടുക?
സത്യത്തില്‍ ഇതെല്ലാം എന്നെ പലപ്പോഴും അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഭീകര വാദത്തോടു ജനാധിപത്യം കണക്കു തീര്‍ക്കേണ്ടതെങ്ങനെയെന്ന് തര്‍ക്കിച്ചേയുള്ളു. വിചാരണയ്ക്കു മുമ്പുള്ള ശിക്ഷയുടെ ക്രൂരത വേദനാകരവും മനുഷ്യത്വത്തെ വിചാരണ ചെയ്യുന്നതുമാണ്. അതു നാമനുഭവിക്കുന്നു.
നമ്മുടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ഇങ്ങനെയൊരു മുഖമുണ്ട്! അതിജീവിക്കാന്‍ സ്വന്തം ജനതയുടെ മേല്‍ അവിശ്വാസത്തിന്റെ കണ്ണ്. കുറ്റമല്ല, കുറ്റം ചെയ്യാനുള്ള സാധ്യതയാണ് അടയാളപ്പെടുത്തുന്നത്. പേരു കൊണ്ടോ രൂപംകൊണ്ടോ കുറ്റവാളിയാവാന്‍ സാധ്യത! കുറ്റവിചാരണ നീട്ടി നീട്ടി കൊണ്ടുപോകും. അകറ്റേണ്ടവരുടെ പട്ടിക തടങ്കല്‍ പാളയങ്ങളിലേക്കുള്ള കരുതല്‍. യു എ പി എയുടെ ക്രൂരമായ ആവിഷ്കാരമാണത്.
വിചാരണ നീണ്ടു നീണ്ടു പോകാം. ഒടുവില്‍ നിരപരാധിയെന്ന് കണ്ടെത്തുമ്പോള്‍ ഒരു ജീവിതം തീര്‍ന്നു പോയിട്ടുണ്ടാകും. കുടുംബവും പ്രിയപ്പെട്ടവരും ഉരുകിത്തീര്‍ന്നിട്ടുണ്ടാകും. കോടതിയിലെത്തുംമുമ്പ് ശിക്ഷ നല്‍കുന്ന നിയമം. അത് ഭീകരതയാണ്. നിയമം ഭരണകൂട ഭീകരതയാകുന്നു! അലനും താഹയും അങ്ങനെ അറസ്റ്റു ചെയ്യപ്പെടുന്നതില്‍ അവസാനത്തെ പേരുകാരാണ്. ഇതുവരെ ഉറക്കെ ഒച്ച വെയ്ക്കാത്ത ഞാന്‍ ഇപ്പോള്‍ അലമുറയിടുന്നതെന്ത്?
വല മുറുകി മുറുകി സ്വാഭിപ്രായം ധീരമായി പറയുന്നവരിലേക്ക് എത്തുകയാണെന്ന ഭയമാവുമോ? പൗരത്വ നിയമത്തിനെതിരെ സംസാരിക്കുന്നവരെകൊന്നു കുഴിച്ചു മൂടുമെന്ന് കൊലവിളി നടത്തുന്ന ഉത്തരേന്ത്യന്‍ മന്ത്രിമാരും നേതാക്കളും തീര്‍ച്ചയായും എന്നെ ഭയപ്പെടുത്തുന്നുണ്ട്. ആരെയും പിടികൂടാം. യു എ പി എ ഭേദഗതി കൊണ്ടുവന്നത് അതിനാണ്. എന്‍ ഐ എഭേദഗതിക്കും അതേ ലക്ഷ്യം. അതിനു ശേഷം പിടികൂടപ്പെടുന്ന രണ്ടു വിദ്യാര്‍ത്ഥികളാണ് അലനും താഹയും. അതൊരു പുതിയ യുദ്ധത്തിന്റെ തുടക്കമായി എന്നെ ഞെട്ടിക്കുന്നു.
നേരത്തേ പറഞ്ഞവര്‍ പിടികൂടപ്പെടുമ്പോള്‍ ചില സ്ഫോടനങ്ങളുമായുള്ള ബന്ധം ആരോപിക്കപ്പെട്ടിരുന്നു. അതിനാല്‍ ആളുകള്‍ നിശബ്ദരായി. ഗോധ്രയിലായാലും മലേഗാവിലായാലും കോയമ്പത്തൂരോ ബാംഗലൂരോ ആയാലും ഭീകരപ്രവര്‍ത്തനം മാപ്പര്‍ഹിക്കുന്നില്ല. അതിനാല്‍ അത്തരം കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആരും ഇടപെടില്ല. എന്നാല്‍ പതിററാണ്ടു പിന്നിട്ടിട്ടും വിചാരണ നടക്കുന്നില്ലെങ്കില്‍ ജനാധിപത്യ ഇന്ത്യയിലെ നിയമ വ്യവസ്ഥയ്ക്കു കാതലായ എന്തോ പിശകുണ്ട്. അതു പറയാതിരിക്കുന്നതെങ്ങനെ?
അലനെയും താഹയെയും അറസ്റ്റു ചെയ്യുമ്പോള്‍ ഇങ്ങനെയൊരു സ്ഫോടനമോ ചെറിയതോ വലിയതോ ആയ അക്രമമോ ചൂണ്ടിക്കാണിക്കപ്പെട്ടില്ല. പരിഷ്കരിച്ച യു എ പി എ ചുമത്താന്‍ അങ്ങനെയൊരു കാരണവും ആവശ്യമില്ലത്രെ. ഇനി ജയിലില്‍ കിടന്ന് അവര്‍ അവരുടെ നിരപരാധിത്വം തെളിയിക്കണം. അതും ഏതോ കാലത്ത് കേസ് കോടതിയില്‍ വരുമ്പോള്‍. ആ കുട്ടികളുടെ പഠനം, ഭാവി എന്നിവയെല്ലാം അനിശ്ചിതത്വത്തിലാണ്. കുറ്റമെന്തെന്ന ചോദ്യത്തിന് അവര്‍ അത്ര പരിശുദ്ധരല്ലെന്ന മറുപടിയേയുള്ളു മുഖ്യമന്ത്രിക്കും. കുറ്റമെന്തെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
അലനും താഹയും വിട്ടുപോകുന്നില്ലെന്ന് മാത്രമല്ല, അവരെ വിഴുങ്ങിയ അനീതിയുടെ ഇരുള്‍ വഴികളില്‍ എന്നെ നടത്തുകയും ചെയ്യുന്നു. അവിടെ ഒട്ടേറെ പേരെ കണ്ടുമുട്ടുന്നു. ജനാധിപത്യ ഭരണകൂടത്തിന്റെ മറ്റൊരു മുഖം കണ്ടു ഞാന്‍ വിളറിപ്പോകുന്നു. അടിയന്തരാവസ്ഥ ഒരു കാലത്തിന്റെ വിളിപ്പേരല്ല. ഒരനുഭവത്തിന്റെ തുടര്‍ച്ചയാണ്. ഭരണകൂടം അതു നമ്മെ അനുഭവിപ്പിക്കുന്നു.
അലനും താഹയും എന്റെ മക്കളാവുന്നു. അവരെ കൈവിട്ടിട്ടു രണ്ടര മാസമാകുന്നു. ഭരണകൂടത്തിന് അവരുടെ രക്തം വേണം. നമ്മുടെ ജീവിത്തിന്റെ അര്‍ത്ഥവും മൂല്യവുമുള്ള രക്തമാണത്. അതിനുശേഷം നമ്മളുണ്ടാവില്ല. ജനാധിപത്യത്തിന് അര്‍ത്ഥവുമുണ്ടാവില്ല. ഫാഷിസം എന്നെ നേര്‍മുന്നില്‍ വന്ന് വിരാട്രൂപം കാണിക്കുന്നു. നാമെല്ലാം അകപ്പെട്ട വിപത്തിന്റെ ഭീമാകാര ദൃശ്യം തെളിയുന്നു.
ഞാനവരെ കൈവിടില്ല. കുറ്റകൃത്യത്തിനല്ലാത്ത ഒരു ശിക്ഷയും അവര്‍ക്കു മേല്‍ ചുമത്തപ്പെട്ടുകൂടാ. ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ അവര്‍ക്കുമുള്ളതാണ്. അതു സംരക്ഷിക്കാന്‍ ഇപ്പോള്‍ ഒച്ചവെച്ചേ തീരൂ. അലനും താഹയും എന്നെ ഞാനകപ്പെട്ട ആപത്താണല്ലോ കാണിച്ചു തന്നിരിക്കുന്നത്. ഇനി ഞാനെങ്ങനെ പഴയപോലെ നിശബ്ദനാകും? അവരെ വിമോചിപ്പിക്കാതെ നമ്മളാരും സ്വതന്ത്രരാവില്ല. യു എ പി എ പോലുള്ള ഭീകരതകള്‍ പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല. ജനങ്ങളുടെ സമ്മര്‍ദ്ദവും പ്രക്ഷോഭവും വേണം ജനാധിപത്യം നിലനില്‍ക്കാന്‍.
അലനും താഹയ്ക്കും നീതി കിട്ടുംവരെ ജനാധിപത്യവാദികള്‍ക്ക് ഉറക്കമില്ല. അലനും താഹയുമെന്നത് ഇന്നലെവരെ രണ്ടു വിദ്യാര്‍ത്ഥികളുടെ പേരുകളായിരുന്നു. ഇന്നത് പേരറിയാത്ത ജനതയുടെ മുഴുവന്‍ പേരാണ്. നീതി കാക്കുന്ന ലോകത്തിന്റെ വിളിപ്പേരാണ്. ഞാനവരെ വിട്ടുപോവുകയില്ല.
ആസാദ്
14 ജനുവരി 2020
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.