അനധികൃത ഫ്ലാറ്റുകള്‍ തകര്‍ത്ത സ്ഫോടനങ്ങള്‍, ഉറങ്ങിക്കിടക്കുന്ന നീതിബോധത്തെ ഉണര്‍ത്തുമോ?

0
274

ആസാദ്

എത്രമേല്‍ ഉയര്‍ന്നാലും കയ്യേറ്റമാളികകള്‍ തകര്‍ക്കപ്പെടാം. നിയമവിരുദ്ധ നിര്‍മാണങ്ങള്‍ നമ്മുടെ നാട്ടില്‍ നൂറുകണക്കിനുണ്ട്. അവ ഓരോന്നിനും ഇതു മുന്നറിയിപ്പ്. തകര്‍ന്ന മരട് ഫ്ലാറ്റുകളില്‍നിന്ന് നമ്മുടെ കാഴ്ച്ച കൊച്ചിയിലെയും ആലപ്പുഴയിലെയും കായല്‍ കയ്യേറ്റങ്ങളിലേയ്ക്ക്, തൃശൂരിലെ നീര്‍ത്തട കയ്യേറ്റങ്ങളിലേയ്ക്ക്, പശ്ചിമഘട്ട മലയോര കയ്യേറ്റങ്ങളിലേയ്ക്ക് തീരദേശ മണല്‍ കച്ചവടങ്ങളിലേയ്ക്ക് അതുപോലുള്ള അനവധി അതിക്രമങ്ങളിലേയ്ക്ക് നീളാതിരിക്കില്ല.

മരടിലെ ഫ്ലാറ്റുകള്‍ നിലംപൊത്തുമ്പോള്‍ നാം ആനന്ദിക്കുകയോ ഖേദിക്കുകയോ അല്ല. നീതി നടത്തിപ്പില്‍ അഭിമാനിക്കുകയാണ്. നിയമമോ മര്യാദയോ പാലിക്കാതെ പടുത്തുയര്‍ത്തിയ ഫ്ലാറ്റുകള്‍ ജനവിരുദ്ധ വികസനത്തിന്റെ കൊടിമരങ്ങളായിരുന്നു. നമ്മുടെ ജനാധിപത്യ ക്രമങ്ങളെ വെല്ലുവിളിച്ചാണവ വളര്‍ന്നത്. അവ തകര്‍ക്കുമ്പോള്‍ നമ്മുടെ പൊതുവിഭവങ്ങളും മനുഷ്യാദ്ധ്വാനവും നിയമവും അതിന്റെ മൂല്യവും മഹത്വവും വീണ്ടെടുക്കുകയാണ്.

പണമുതലാളിത്തത്തിന്റെ ( അതിന്റെ ദല്ലാള്‍ ഉദ്യോഗസ്ഥരുടെയും) ആര്‍ത്തിയും അഴിമതിയും ശമിക്കുകയില്ല. അതിനു മുന്നില്‍ നിയമമോ ധാര്‍മ്മികതയോ തടസ്സമല്ല. ദയയോ കാരുണ്യമോ പിന്തിരിപ്പിക്കുകയുമില്ല. ക്രൂരവും ഏകപക്ഷീയവുമായ കയ്യേറ്റങ്ങളില്‍ ജനങ്ങളും പ്രകൃതിയും ശ്വാസംമുട്ടുകയായിരുന്നു. പണ മുതലാളിത്തം ഭരണകൂടത്തെ വിഴുങ്ങുന്ന ഒരു കാലത്ത് കോടതി മനുഷ്യപക്ഷത്തു നിന്നു വിധി പറയുന്നതും അതു നടപ്പാവുന്നതും വലിയ സന്തോഷമുണ്ടാക്കുന്നു. പക്ഷെ ജനാധിപത്യ ഭരണകൂടവും അതിന്റെ ഉദ്യോഗസ്ഥ ശൃംഖലയും എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യം ബാക്കിയുണ്ട്. അരുതാത്തത് നടക്കുമ്പോള്‍ കണ്ണുമൂടുന്ന ഭരണാധികാരികള്‍ ജനാധിപത്യത്തിന്റെ സംരക്ഷകരേയല്ല.

തകര്‍ന്നുവീണത് ജനവിരുദ്ധ വികസനത്തിന്റെ ഗോപുരങ്ങളാണ്. ഇനി നിയമത്തിന്റെ ചൂണ്ടുവിരല്‍ എങ്ങോട്ടു നീങ്ങുമെന്ന്, അഥവാ എങ്ങോട്ടെങ്കിലും നീങ്ങുമോയെന്ന് നമുക്കറിയില്ല. നിയമവേദികളെ വാങ്ങാന്‍ ശേഷിയുള്ള ശക്തികളാണ്. കോടതിയെ കളിപ്പിക്കല്ലേ എന്ന് ഉന്നത നീതിപീഠത്തിന് താക്കീതു ചെയ്യേണ്ടി വന്നത് നാം കണ്ടിട്ടുണ്ട്. ഇനി എന്തുണ്ടാവുമെന്ന് പറയുക വയ്യ. നിയമവിരുദ്ധ കയ്യേറ്റങ്ങളും നിര്‍മ്മിതികളും ഇനിയുംഏറെയുണ്ട്. സാധാരണക്കാരുടെ വീടു നിര്‍മ്മാണത്തിന് നിയമത്തിന്റെ കുരുക്കുകള്‍ ഏറെയാണ്. വന്‍സ്രാവുകള്‍ക്ക് ഒന്നും തടസ്സമല്ല.ഈ സ്ഥിതി മാറുമോ?

അനധികൃത ഫ്ലാറ്റുകള്‍ തകര്‍ത്ത സ്ഫോടനങ്ങള്‍, ഉറങ്ങിക്കിടക്കുന്ന നീതിബോധത്തെ ഉണര്‍ത്തുമോ? ജനാധിപത്യ മൂല്യത്തെയും പ്രയോഗത്തെയും ശക്തിപ്പെടുത്തുമോ? ജനങ്ങള്‍ നീതിയുടെ പക്ഷത്തു അണി ചേരുമോ?