അമിത് ഷാ ഇച്ഛിക്കുകയേ വേണ്ടൂ, നടക്കും കേരളത്തില്‍

170

ആസാദ്

ദില്ലി നോയ്ഡ പാതയിലെ ‘ഷഹീന്‍ബാഗ് പെണ്‍പോരാട്ടം’ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല മോദിക്കും അമിത്ഷായ്ക്കും. ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ട് ആ സമരം രണ്ടു മാസം പിന്നിട്ടിരിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയുടെ സമര നാമമായി ഷഹീന്‍ബാഗ് മാറിയിരിക്കുന്നു. മോദിക്കും അമിത് ഷായ്ക്കും കഴിയാത്തതു ചെയ്തു കാണിക്കാമെന്ന വാശിയിലാണ് കേരള പൊലീസ്.

തിരുവനന്തപുരത്തെ ഷഹീന്‍ബാഗ് സമരപ്പന്തല്‍ പൊളിച്ചു മാറ്റാന്‍ പൊലീസ് ഉത്തരവിട്ടിരിക്കുന്നു. ദില്ലിയില്‍ ആയിരങ്ങള്‍ അണി നിരക്കുന്ന ഷഹീന്‍ബാഗ് സമരത്തിനില്ലാത്ത സുരക്ഷാ പ്രശ്നം കേരള തലസ്ഥാനത്ത് നൂറുകണക്കിനു പേര്‍ പങ്കെടുക്കുന്ന ഷഹീന്‍ബാഗിനുണ്ടെന്ന് ഇടതുപക്ഷ സര്‍ക്കാറിന്റെ പൊലീസിനു തോന്നുന്നു! അവര്‍ക്കത് പൊളിച്ചേ തീരൂ. ഒപ്പം ഒരു മാസമാവാറായ വാളയാര്‍ സമരപ്പന്തലും പൊളിക്കാം. ഒരു വെടിയ്ക്കെത്ര പക്ഷി ! അമിത് ഷാ ഇച്ഛിക്കുകയേ വേണ്ടൂ, നടക്കും കേരളത്തില്‍.

അര്‍ബന്‍ നക്സലുകളെന്നു പറയുകയേ വേണ്ടൂ, പേരിട്ട് അടയാളമിട്ട് അകത്താക്കും കേരള പൊലീസ്. യു എ പി എ ഭേദഗതി വരുത്തി വെച്ചല്ലേ ഉള്ളൂ, ആദ്യ പ്രയോഗം നടത്തിയില്ലേ കേരളത്തില്‍! പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരരംഗത്തു വരുന്നവരില്‍ ഇസ്ലാമിക തീവ്രവാദികള്‍ നുഴഞ്ഞു കയറുന്നുവെന്ന് കേരളത്തെ ഉദ്ധരിച്ചല്ലേ ഹിന്ദുത്വഫാഷിസം ആഘോഷിച്ചത്!കേരളം മുന്നിലാണ്.

ഫാഷിസത്തിലേയ്ക്ക് അതിവേഗം കുതിക്കുന്ന രാജ്യത്തിന് മുന്നിലൊരു പൊലീസ് വണ്ടി. അതു നമ്മുടെ കേരളത്തിന്റേതാണ്. അതോടിക്കുന്നതാരാണ്? തിരുവനന്തപുരത്തെ ഷഹീന്‍ബാഗ് പന്തലിലൂടെ അതു നാളെ പാഞ്ഞു പോകുമോ? വല്ലതും ബാക്കി കാണുമോ? കടിഞ്ഞാണറ്റ വണ്ടികള്‍ക്കെല്ലാം എവിടെയെങ്കിലും വേണമല്ലോ ഒരവസാനം. അതിവിടെയാവുമോ?

Advertisements