ആ പിഴ സംഗീത നാടക അക്കാദമി അടയ്ക്കട്ടെ

117

ആസാദ്

ആ പിഴ സംഗീത നാടക അക്കാദമി അടയ്ക്കട്ടെ

നമ്മുടെ കേരളത്തില്‍ ഒരു നാടകവണ്ടിയുടെ ബോര്‍ഡിനു ഉദ്യോഗസ്ഥര്‍ പിഴയിട്ടുവത്രെ. 24000രൂപ. ഒരു കളിക്കു കിട്ടുന്ന പ്രതിഫലം സര്‍ക്കാര്‍ കൊള്ളയടിച്ചുവെന്നു പറയണം. രാത്രിയുടെ രണ്ടാംപാതിയില്‍ കളി കഴിഞ്ഞു പോകുന്ന നാടകവണ്ടികള്‍ നിറഞ്ഞിരുന്നു ഹൈവേകളില്‍. കലാ കേരളത്തെക്കുറിച്ചുള്ള അഭിമാനമുയര്‍ത്തിയിരുന്നു ആ കാഴ്ച്ച. ബോര്‍ഡുകളില്‍ കെ പി എ സി എന്നോ കാളിദാസ കലാ കേന്ദ്രയെന്നോ സംഗമമെന്നോ ചിരന്തനയെന്നോ ഒക്കെ വായിച്ചു പുതിയ നാടകങ്ങളിലേക്കു നാം പ്രവേശിച്ചിട്ടുണ്ട്.

നമ്മുടെ നാടക പാരമ്പര്യത്തിന്റെ ഭാഗമായേ ആ വണ്ടികളും രാത്രികാഴ്ച്ചകളും ഓര്‍മ്മയില്‍ തെളിയുന്നുള്ളു.വണ്ടിയുടെ ഭംഗി കൂട്ടാനോ രൂപം മാറ്റാനോ അല്ല ആ ബോര്‍ഡുകള്‍. നാടകത്തെയും നാടകസംഘത്തെയും പരിചയപ്പെടുത്താനാണ്. കലാകേരളത്തിന്റെ വര്‍ത്തമാനമാണത്. അവയില്‍ ഒന്നിനെ പോലും പിടിച്ച് ആയിരങ്ങളുടെ പിഴ ചാര്‍ത്തിയതായി ഇന്നോളം കേട്ടിട്ടില്ല.
മാര്‍ച്ചു മാസത്തെ കടുംപിരിവില്‍ ഉദ്യോഗസ്ഥര്‍ക്കു കാഴ്ച്ചയും വിവേകവും നഷ്ടപ്പെടുന്നതാണോ?അങ്ങനെ വിചാരിക്കാനും പ്രയാസം.

പ്രമാണി വാഹനങ്ങള്‍ ഭംഗികൂട്ടി അധിക കൂട്ടിച്ചേര്‍ക്കല്‍ നടത്തി ഇതേ നിരത്തുകളില്‍ ഒഴുകുന്നുണ്ട്. ഒന്നു കൈകാണിക്കാന്‍ ത്രാണിയുണ്ടാവില്ല അധികാരികള്‍ക്ക്. ട്രാഫിക് നിയമം ലംഘിച്ചതിന് അവര്‍ ശിക്ഷിക്കപ്പെടില്ല. ഈ വിവേചനം കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.നാടകബോര്‍ഡ് മാത്രം അധികാരികളെ അസ്വസ്ഥമാക്കുന്നുവെങ്കില്‍ പ്രശ്നമാണ്. സിനിമക്കാരായിരുന്നുവെങ്കില്‍ തൊടാന്‍ അറയ്ക്കും എന്നതുകൂടി കൂട്ടിവായിച്ചാല്‍ നാടകം എവിടെയാണ് നില്‍ക്കുന്നത് എന്നറിയാം! സിനിമാ പ്രവര്‍ത്തകരെയും നാടക പ്രവര്‍ത്തകരെയും ഒരേപോലെ കാണാനുള്ള കണ്ണ് നമുക്കില്ല. കാഴ്ച്ചയില്‍ വിപണിലീലകള്‍ കണ്‍കെട്ടു നടത്തും.

നിയമനടത്തിപ്പു മാത്രമല്ല, നാടകത്തോടുള്ള മനോഭാവം കൂടിയാണ് അധികാരികള്‍ പുറത്തുവിട്ടത്. അകത്തിരുത്തേണ്ടതാരെ, പുറത്തു നിര്‍ത്തേണ്ടതാരെ എന്ന് അവര്‍ക്ക് നിശ്ചയമുണ്ട്! ബോര്‍ഡുവെച്ചത് വലിയ കുറ്റമാണെങ്കില്‍ ആ പിഴ ഇന്നോളമുള്ള നമ്മുടെ നാടകയാത്രകള്‍ക്കുള്ളതാണ്. അത് സംഗീത നാടക അക്കാദമി അടയ്ക്കണം. ഇനിയുള്ള കാലം നാടകവണ്ടികള്‍ എങ്ങനെ അലങ്കരിക്കണമെന്ന് സര്‍ക്കാറും നാടക അക്കാദമി അധികാരികളും തീരുമാനിക്കണം.

ആസാദ്
05 മാര്‍ച്ച് 2020