ജപ്തിയെന്നാല് പുറംതള്ളലല്ല മാറ്റിപ്പാര്പ്പിക്കലാവണം
കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു കൊല്ലുന്നതും വ്യാജ ഏറ്റുമുട്ടലഭിനയിച്ച് വെടിവെച്ചു കൊല്ലുന്നതും മാത്രമല്ല ഭരണകൂട കൊലപാതകം. പൗരന്മാരെ വഴിമുട്ടിച്ചു ആത്മഹത്യയിലേക്കു നയിക്കുന്നതും അനിശ്ചിതത്വത്തിലേക്ക് എടുത്തെറിയുന്നതും ഭരണകൂട മുന്‍കൈയോടെയുള്ള നരഹത്യകളാണ്.നെയ്യാറ്റിന്‍കര പോങ്ങില്‍ ജപ്തി നടപടിക്കിടയില്‍ പെട്രോളൊഴിച്ചു പ്രതിഷേധിക്കെ തീയാളി വെന്തു മരിച്ച രാജന് സര്‍ക്കാര്‍ നടത്തിയ നരഹത്യയുടെ ഇരയാണ്.
പോകാനിടമില്ലാത്തവര്‍ താമസിക്കുന്നിടം വിട്ട് എങ്ങോട്ടു പോകണമെന്ന് സര്‍ക്കാറാണ് പറയേണ്ടത്.എവിടേയ്ക്കെന്നു പറയാത്ത ഇറക്കിവിടലുകള്തന്നെ നരഹത്യയാണ്.ജീവിതത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ചു പുറംതള്ളാന്‍ ഭരണകൂടത്തിന് എന്തധികാരം? ഒരാള്‍ അന്തിയുറങ്ങുന്ന പുരയിടത്തിന് വ്യക്തികളോ ദേവാലയങ്ങളോ സര്‍ക്കാറോ അവകാശികളാവാം.അവരെ കുടിയൊഴിപ്പിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയും കാണും.പക്ഷെ, ജനാധിപത്യ സര്‍ക്കാര്‍ ജപ്തി എന്നതിന് മാറ്റിപ്പാര്‍പ്പിക്കല്‍ എന്ന അര്‍ത്ഥമേ കാണാവൂ. അതേ ചെയ്യാവൂ.ആകാശത്തു വീടുവെയ്ക്കാനാവില്ല.
പോങ്ങിലെ രാജന് മരിച്ചു.ഭാര്യ പൊള്ളലേറ്റ് ആശുപത്രിയിലാണ്.രണ്ടു കുട്ടികളുണ്ട്.രാജന്റെ മൃതദേഹം അടക്കാന്‍ മറ്റൊരിടമില്ല.താമസിക്കുന്നിടത്തു അനുവദിക്കണമെന്ന് കുട്ടികള്‍ അപേക്ഷിക്കുന്നു.സര്‍ക്കാറിനു കണ്ണും കാതും വേണം.ഭരണയന്ത്രം ഞെരിച്ചു കൊല്ലുന്ന ജീവിതങ്ങളെക്കുറിച്ചു ബോധമുണ്ടാവണം. പരിഹാരം കാണണം.ഇനിമേല്‍ ഒരു ജപ്തിനടപടിയും ജീവിതത്തില്‍ നിന്നുള്ള പുറന്തള്ളലാവരുത്.