പിന്നെയും ഒരു കുടിയിറക്കു വാര്‍ത്ത, അതും തലസ്ഥാനത്തുനിന്നാണ്

0
62

ആസാദ്

പിന്നെയും ഒരു കുടിയിറക്കു വാര്‍ത്ത. അതും തലസ്ഥാനത്തുനിന്നാണ്. കഴക്കൂട്ടം സൈനിക നഗറില്‍ സുറുമി എന്ന ഒരമ്മയെയും അവരുടെ മൂന്നു പെണ്‍മക്കളെയും പുറമ്പോക്കിലെ കൂരയില്‍നിന്നും അയല്‍വാസികളായ ചിലര്‍ ഇറക്കിവിട്ടു. കൂര പൊളിച്ചു മാറ്റുകയും ചെയ്തു. ഡിസംബര്‍ 17നാണത്രെ സംഭവം. പരാതി കിട്ടി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും പൊലീസിന് അനക്കമില്ല. കഴക്കൂട്ടത്തിനു സമീപം ആറ്റിപ്രയില്‍ മാസങ്ങള്‍ക്കു മുമ്പു നടന്ന കുടിയൊഴിക്കലും നാം മറന്നിട്ടില്ല.

വളരെ വൈകി ഇന്നു വാര്‍ത്ത ചാനലുകളിലും സാമൂഹിക മാദ്ധ്യമങ്ങളിലും നിറഞ്ഞതോടെ മന്ത്രിയെത്തി. പതിവുപോലെ സഹായ വാഗ്ദാനങ്ങളും വന്നു തുടങ്ങി. (അതത്രയും അവര്‍ക്കു തുണയാവട്ടെ.) എന്നാല്‍ ഈ പരിഷ്കൃത സമൂഹത്തില്‍ പുറമ്പോക്കില്‍ പോലും ജീവിക്കാന്‍അനുവാദമില്ലാതെ, ആര്‍ക്കു വേണമെങ്കിലും കുടിയിറക്കാന്‍ പാകത്തില്‍ ഇവിടെ ജീവിതങ്ങളുണ്ടെന്ന് സര്‍ക്കാര്‍ അറിയുന്നുണ്ടാവുമോ? അതോ ഇതും ഒരൊറ്റപ്പെട്ട സംഭവമായി അവര്‍ നിസ്സാരമായി തള്ളുമോ?

വികസനഘോഷങ്ങളില്‍ മറയ്ക്കപ്പെടുന്ന കേരളത്തിന്റെ മുറിവുകളാണ് പുറത്തു കാണുന്നത്. നേട്ടങ്ങളുടെയും വികസന വൃത്തികളുടെയും വലിയ നിരയാണ് നമ്മുടെ സര്‍ക്കാറിന് ഉയര്‍ത്താനുള്ളത്. തുറമുഖമോ ദേശീയപാതയോ വിമാനത്താവളമോ സ്വകാര്യ മൂലധനത്തിനു വിട്ടു വികസിപ്പിച്ചിട്ടെന്ത്? കോര്‍പറേറ്റുകളും കണ്‍സള്‍ട്ടന്‍സികളും കൊണ്ടുവരുന്ന വികസനോത്സവത്തിന് പരവതാനി വിരിച്ചിട്ടെന്ത്? കോടികള്‍ മുടക്കി വികസന നേട്ടങ്ങള്‍ വിളംബരം ചെയ്തിട്ടെന്ത്? ദരിദ്രരും ഭൂരഹിതരുമായ അടിത്തട്ടു മനുഷ്യരുടെ ജീവിതത്തിന് ഭൂമിയും സുരക്ഷയും നല്‍കാത്ത നാട് വികസിക്കുമോ?

ഭൂരഹിത വിഭാഗങ്ങളെപ്പറ്റി മൗനമാണ്. ഭവന രഹിതരെപ്പറ്റി പറയാന്‍ അത്യുത്സാഹവും. ഭൂമി നല്‍കാന്‍ നിയമവിരുദ്ധ കൈയേറ്റക്കാരില്‍ നിന്ന് ഭൂമി പിടിച്ചെടുക്കണം. മൂന്നു സെന്റിലോ പുറമ്പോക്കിലോ കഴിയുന്നവരെ ഒഴിപ്പിക്കുന്ന തിണ്ണമിടുക്ക് മതിയാവില്ല അതിന്. അതുകൊണ്ട് നാണംകെട്ട ആ വിധേയത്വം മറച്ചു പിടിക്കാനും വീടുദാതാക്കള്‍ എന്നു മേനി നടിക്കാനുമാണ് ശ്രമം. കയ്യേറ്റ മുതലാളിത്തം നല്‍കുന്ന ദാനവും കേന്ദ്ര സംസ്ഥാന ഖജനാവുകളിലെ പണവും ഉപയോഗിച്ചു ആകാശത്തേക്കൊതുങ്ങുന്ന കോളനിപ്പുര നിര്‍മ്മിക്കാനും അതു വലിയ വികസനമായി കൊട്ടിഘോഷിക്കാനും മടിയില്ല. ഭൂമി തരില്ല പുത്തന്‍ കോളനികള്‍ നല്‍കാം എന്നാണ് വാഗ്ദാനം. ഭൂ അവകാശം ഉറപ്പുവരുത്തുന്ന നിയമമാണ് വേണ്ടത്. ഭൂമിയാണ് വേണ്ടത്. അതു വികസനമായി കാണുന്ന എല്‍ ഡി എഫ് ഇപ്പോഴില്ലെന്നുണ്ടോ?

കഴക്കൂട്ടത്ത് ഭൂ അവകാശമില്ലാത്തവരുടെ ദൈന്യമാണ് കാണുന്നത്. അവരെ നിരന്തരം വേട്ടയാടുന്ന കുടിയൊഴിക്കല്‍ ഭീകരതയാണ് ഞെട്ടിക്കുന്നത്. രണ്ടിനും പരിഹാരമെന്താണ്? വാര്‍ത്തയില്‍ കയറി അസ്വസ്ഥപ്പെടുത്തുന്ന ആളുകള്‍ക്കു വീടുദാനമോ അതില്‍ക്കവിഞ്ഞ വാഗ്ദാനമോ നല്‍കി പരിഹരിക്കാവുന്ന പ്രശ്നമേയുള്ളോ? അതോ ഭൂരഹിതര്‍ക്കു ഭൂമിയിലും പൊതുവിഭവങ്ങളിലും അവകാശം നല്‍കാനാവുമോ? കുടിയൊഴിക്കല്‍ വിട്ടു അവിടെയോ മറ്റൊരിടത്തോ സുരക്ഷിത പാര്‍പ്പിടം ഉറപ്പു നല്‍കാനാവുമോ?

പ്രശ്നത്തിന്റെ കാതലിലേക്കു കടക്കാതെ മുറിവു വെച്ചുകെട്ടാനാണ് ധൃതി. ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയാണ്. പ്രശ്നങ്ങള്‍ അവസാനിക്കില്ല. കുടിയൊഴിപ്പിക്കലുകളും അത്യാഹിതങ്ങളും തുടരും. മന്ത്രിമാര്‍ കണ്ണീരൊപ്പാനെത്തും. മാദ്ധ്യമങ്ങള്‍ വികസന നേട്ടങ്ങള്‍ പാടും. ഇടത്തട്ടു മേല്‍ത്തട്ടു ഭൂസഹിത കേരളത്തിന്റെ വികസനമേ സര്‍ക്കാറുകളുടെ അജണ്ടയില്‍ വരൂ. ഭക്തജന സംഘങ്ങള്‍ ആ വികസനം പാടിപ്പാടി നടക്കും. അവശലക്ഷങ്ങളുടെ ജീവിതത്തിന്റെ പുരോഗതിയാണ് വികസനത്തിന്റെ കാതല്‍ എന്നു പറഞ്ഞ പഴയ നേതാക്കളെ ആരോര്‍ക്കാന്‍!!

(31 ഡിസംബര്‍ 2020)