Media
മുഖ്യമന്ത്രിയെ സൈനികമേധാവിയെ സൈനികരെന്നപോല് ഭയക്കരുതേ പത്രക്കാരേ
കൊറോണ തീണ്ടാത്ത ഒരു ജീവിതമുണ്ടോ കേരളത്തില്‍? പത്രങ്ങളെങ്ങനെ എത്ര മറിച്ചു നോക്കിയാലും കാണില്ല. മറ്റൊരു വാര്‍ത്തയില്ല. ആളുകള്‍ പുറത്തിറങ്ങാതെ എന്തു സംഭവം? എന്തു വാര്‍ത്ത? മഴ, വരള്‍ച്ച, കുടിവെള്ള ക്ഷാമം, അക്രമം, മാനഭംഗം
235 total views

മാധ്യമ സുഹൃത്തുക്കള്‍ക്ക് ഒരു കത്ത്
കൊറോണ തീണ്ടാത്ത ഒരു ജീവിതമുണ്ടോ കേരളത്തില്‍? പത്രങ്ങളെങ്ങനെ എത്ര മറിച്ചു നോക്കിയാലും കാണില്ല. മറ്റൊരു വാര്‍ത്തയില്ല. ആളുകള്‍ പുറത്തിറങ്ങാതെ എന്തു സംഭവം? എന്തു വാര്‍ത്ത? മഴ, വരള്‍ച്ച, കുടിവെള്ള ക്ഷാമം, അക്രമം, മാനഭംഗം, കലാപ്രവര്‍ത്തനം, പഠനം, പരീക്ഷ, രാഷ്ട്രീയം, നീതി…. ഒന്നുമില്ല.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നോക്കൂ. ക്ലാസിലെന്നപോലെ പത്രക്കാര്. കേട്ടെഴുത്തു മാത്രം. പാഠഭാഗത്തില്നിന്നല്ലാതെ സംശയം പാടില്ല. അനുസരണതോടെ പത്രലോകം. ശ്വാസവായുപോലും വ്യവസ്ഥയെ വേദനിപ്പിച്ചാലോ എന്ന സൂക്ഷ്മശ്രദ്ധ ഓരോ നാലാംതൂണുകാരനുമുണ്ട്. യുദ്ധങ്ങളിത്ര ഭയപ്പെടുത്തിയില്ല. ഒരടിയന്തരാവസ്ഥയും ഇത്രമേല്‍ ഒച്ചയമര്ത്തിയിട്ടില്ല. കാലുകള്‍ കെട്ടിയിട്ടില്ല. അതിജീവിക്കാന്‍ അവനവനെ മെരുക്കുകയാണ് എല്ലാവരും.
ജനങ്ങളുടെ ആത്മ നിയന്ത്രണം, ശ്രദ്ധ, അനുസരണ, നിരീക്ഷണം, അഭിപ്രായം, വിമര്‍ശനം എന്നിവയിലെല്ലാമുണ്ട് വാര്‍ത്ത. വൈകുന്ന മഴ, ഉണങ്ങുന്ന വയലുകള്‍, വറ്റുന്ന നീര്‍ത്തടങ്ങള്‍, മാനഭംഗപ്പെട്ട പെണ്‍കുട്ടികള്‍, അന്യനാടുകളില്‍ ഒറ്റപ്പെട്ടുപോയ ഉറ്റവര്‍, ശവപ്പറമ്പുകള്‍ നോക്കി പറക്കുന്ന കഴുകന്മാര്, കുറ്റവാളിയെ തൊടാനറയ്ക്കുന്ന നിയമപാലനം തുടങ്ങി എല്ലാറ്റിലുമുണ്ട് വാര്‍ത്താമൂല്യം.
ഒരു വാര്‍ത്തയുടെ കാണാമുനയില് തകരുമോ ഈ നിശ്ശബ്ദതയെന്ന്, ഒരെതിര്വാദത്തില് അടി പതറുമോ അച്ചടക്കമെന്ന് ആരാണവരെ ഭയപ്പെടുത്തുന്നത്? കൊറോണാഭീതിയെ നിസ്സാരമാക്കുന്ന ഒരു കഥയോ ഫലിതമോ പറയാന്‍ ആരെയും കാണുന്നില്ലല്ലോ!
കൊറോണയെ മാത്രം പുല്കിയിരിക്കരുതേ പത്ര സുഹൃത്തുക്കളേ. മുഖ്യമന്ത്രിയെ, സൈനികമേധാവിയെ സൈനികരെന്നപോല് ഭയക്കരുതേ. ഞങ്ങള്‍ പാവം ജനതയുടെ പ്രതിനിധിയാണ് അദ്ദേഹം. ജനാധിപത്യത്തിന്റെ ഒരു നെടുന്തൂണ്. മറ്റൊരു തൂണല്ലേ നിങ്ങള്‍?
അത്യധികമായ ജാഗ്രതയോടെ, എന്നാല്‍ എന്നത്തേയുമെന്നപോല്‍ സ്വാഭാവികമായി നിങ്ങളൊന്നു സംസാരിക്കൂ. അകത്തിട്ട കുട്ടികള്‍ക്കു സുഖമാണോ എന്നു ചോദിക്കൂ. രോഗങ്ങളുടെയും യുദ്ധങ്ങളുടെയും മറവില്‍ കടന്നുകയറാന്‍ ഇടയുള്ള കൊള്ളസംഘങ്ങള്‍ പിടികൂടപ്പെടുമോ എന്നന്വേഷിക്കൂ. പാലത്തായിയും വാളയാറുമുള്ള നിലവിളികളെ ഈ നിശബ്ദ കാലത്തും ഞെരിച്ചമര്‍ത്തുന്ന ശക്തികള്‍ ഏതെന്നു തിരക്കി നോക്കൂ. ഈ ദുരിതത്തെ നേരിടാന്‍ താങ്കളും കൂട്ടുകാരും ചുറ്റുവട്ടമുള്ള ഉറ്റവരും എന്തു നല്‍കുന്നുവെന്ന്, എങ്ങനെ മുണ്ടു മുറുക്കിയുടുക്കുന്നുവെന്ന് ചോദിക്കൂ.
ദൈവങ്ങള്‍ പിന്‍വാങ്ങിയ യുദ്ധക്കളത്തില്‍ ഒരധികാരവും വിയോജിപ്പുകളെ മെരുക്കാന്‍ പ്രാപ്തമാവില്ല. വിയോജിപ്പുകളോടെയുള്ള യോജിപ്പാണ് ജനാധിപത്യ ജീവിതം. എവിടെ വരെ എതിര്‍ക്കാം, എങ്ങാശ്ലേഷിക്കാമെന്ന് കൊറോണക്കാലം പഠിപ്പിക്കുന്നു. മാധ്യമ സുഹൃത്തുക്കളേ, നിങ്ങളെന്തിനാണ് ഇവ്വിധം രോഗത്തിനു ചുറ്റും ഓടിക്കൊണ്ടിരിക്കുന്നത്? ഒന്നു തലയുയര്ത്തിയാല് കേള്‍ക്കാമല്ലോ വേറിട്ട ശബ്ദങ്ങള്‍. നിലവിളികള്‍. അതുകൂടി വേണം നിങ്ങളുടെ കാഴ്ച്ചയില്‍. പ്രവൃത്തിയില്‍.
(14 ഏപ്രില്‍ 2020)
236 total views, 1 views today