ഇതു ദൈവനീതിയെങ്കില്‍ ആ ദൈവം സത്യത്തെ ഭയപ്പെടുന്നുണ്ട്

47

ഡോ. ആസാദ് എഴുതുന്നു:

ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ ലോകത്തിനു മുന്നില്‍ തല കുനിച്ചു നില്‍ക്കട്ടെ! ആധുനിക സ്വതന്ത്ര ഇന്ത്യന്‍ റിപ്പബ്ലിക് സൃഷ്ടിച്ച മണ്‍മറഞ്ഞ മഹാരഥന്മാരെല്ലാം ലജ്ജകൊണ്ടു പുളയട്ടെ! ഭരണഘടനാ സ്രഷ്ടാക്കളുടെ കുഴിമാടങ്ങള്‍ പൊട്ടിത്തെറിക്കാതിരിക്കട്ടെ! ജനാധിപത്യ ഗോപുരങ്ങള്‍ തകര്‍ന്നടിയാതിരിക്കട്ടെ!

സത്യത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും ഇനി പുലമ്പരുത്. ഇതു ദൈവനീതിയെങ്കില്‍ ആ ദൈവം സത്യത്തെ ഭയപ്പെടുന്നുണ്ട്. ഒരു ജനത കണ്‍മുന്നില്‍ കണ്ട രഥയാത്രകള്‍, ശിലാപൂജകള്‍, ആയുധഘോഷങ്ങള്‍, അതിക്രമങ്ങള്‍, വിജയഭേരികള്‍, വെല്ലുവിളികള്‍, അട്ടഹാസങ്ങള്‍… മൂന്നു പതിറ്റാണ്ടടുക്കുമ്പോഴും ആറിത്തണുത്തിട്ടില്ല ഞെട്ടലുകളൊന്നും. രാമന്റെ പേരിലായിരുന്നു എല്ലാം. ഒരു രാമനും സഹിക്കാനിടയില്ലാത്ത നീതികേടുകള്‍. ഒരു ദൈവവും പൊറുക്കാനിടയില്ലാത്ത ദുര്‍വൃത്തികള്‍.

രാജ്യം ഭരിച്ച ബാബര്‍ ജനങ്ങളെയാകെ മതം മാറ്റി ഇസ്ലാമാക്കിയില്ല. മുകള്‍ വംശത്തിലാരും ഇന്ത്യയില്‍ മതരാഷ്ട്രം പണിതില്ല. മതാധീശ മത്സരങ്ങളുടെയും വെട്ടിപ്പിടുത്തങ്ങളുടെയും കാലത്തു പോലും ജനങ്ങളിലെ വൈവിദ്ധ്യം നിലനിര്‍ത്തി. ആ ഉദാരതയുടെ സ്മാരകങ്ങള്‍ ഒന്നൊന്നായി തകര്‍ക്കപ്പെടുകയാണ്. എന്താണോ കണ്‍മുന്നിലെ ഇന്ത്യ അതാണ് വാസ്തവത്തില്‍ ഇന്ത്യയെന്ന് അവര്‍ അറിയുന്നില്ല. വൈവിദ്ധ്യങ്ങളുടെ അടയാളങ്ങള്‍ ഓരോന്നും തകര്‍ത്തെറിഞ്ഞു സ്ഥാപിക്കേണ്ട ദൈവനീതിക്കു നിങ്ങള്‍ എന്തു പേരുമിട്ടുകൊള്ളൂ; ഇഷ്ടദൈവങ്ങളുടെ പേരൊഴികെ.

അടിമരാജ്യമോ മുഗള്‍ രാജ്യമോ സ്ഥാപിച്ചവര്‍ നൂറ്റാണ്ടുകള്‍ നീണ്ട ഭരണകാലത്ത് ജനങ്ങളെയാകെ മതം മാറ്റിയിരുന്നുവെങ്കില്‍ മഹാന്മാരായ കുറ്റവിമുക്തരേ, നിങ്ങളൊക്കെ മറ്റൊരു മതത്തിലാവും ജനിച്ചിട്ടുണ്ടാവുക! മറ്റൊരു മതത്തിലാവും വളര്‍ന്നിട്ടുണ്ടാവുക! അതില്‍ നിങ്ങള്‍ ഉന്മാദം കൊള്ളുമായിരിക്കും! ഹിംസയുടെ പെരുങ്കളിയാട്ടം നടത്തുമായിരിക്കും!

പരിമിതമായെങ്കിലും നിലനിന്ന സ്നേഹവും സഹിഷ്ണുതയും മതസാഹോദര്യവും കരുണയും ഇവിടെ ബാക്കിവെച്ചത് മുമ്പേ കടന്നു പോയവരാണ്. ആയിരത്താണ്ടുകളുടെ ജാതി – വര്‍ണ വേര്‍തിരിവുകള്‍ക്കിടയിലും അതു അതിജീവിച്ചു നിന്നു. ഏറെ മുറിവേറ്റിട്ടും അറ്റുപോകാതിരുന്ന ആ ദേശസ്നേഹത്തെ ജാതി വംശ മേധാവിത്തത്തിന് ഇപ്പോള്‍ നിങ്ങള്‍ക്ക് കീഴ്പ്പെടുത്തണം! അതിന് ഇതിഹാസങ്ങളില്‍ നിന്ന് നായകരെ എടുപ്പു രൂപങ്ങളാക്കി എഴുന്നെള്ളിക്കണം! അന്യമത ദ്വേഷത്തിന്റെ മതരാഷ്ട്രം പടുത്തുയര്‍ത്തണം!

ചരിത്രവും സംസ്കാരവും തിരുത്തുകയാണ്. ജനസമ്മതി തിരുത്തുകയാണ്. സാമൂഹിക ബന്ധങ്ങളും സുരക്ഷാ വഴക്കങ്ങളും തിരുത്തുകയാണ്. ജനാധിപത്യ മതേതര ഭരണഘടനയും നിയമ വ്യവസ്ഥയും തിരുത്തുകയാണ്. നീതിപീഠത്തില്‍ മനുവാണ്. സിംഹാസനത്തില്‍ മോദിയാണ്.

നമ്മുടേതല്ല ഈ നിയമ പുസ്തകം. നമ്മുടേതല്ല ഈ നിയമപാലകര്‍. നമ്മുടേതല്ല ഈ നീതിപീഠം. നമ്മുടേതല്ല നീതിലേശം കലരാത്ത ഈ പക്ഷപാത വിധികള്‍. കണ്‍മുന്നില്‍ നടന്ന ഹിംസയെ മറയ്ക്കുന്ന നിഴലുകളൊന്നും നമ്മുടേതല്ല. ഇന്ത്യയുടേതല്ല.
നിങ്ങള്‍ക്ക് ഇന്നലെയാണ് എഴുന്നേല്‍ക്കേണ്ടത്. കുതിരപ്പുറത്തോ ആനപ്പുറത്തോ കയറണം. ഉടവാളു ധരിക്കണം. അപ്രിയ സത്യത്തെ ഒളിയുദ്ധത്തില്‍ വധിക്കണം. പറ്റിയാല്‍ പള്ളിയും കൊട്ടാരവും പൊളിക്കണം. ബാബറെ തൂക്കിലേറ്റണം. പാനിപ്പത്തില്‍ കോമാളികള്‍ക്ക് യുദ്ധവിജയം ആഘോഷിക്കണം. കാലാന്തര യാനത്തില്‍ രാമരഥയാത്ര നടത്തണം. ഇന്നലെ ഇന്നലെയായി ജനിച്ചുകൊണ്ടിരിക്കണം!!
ഞങ്ങളുടെ വര്‍ത്തമാന ഇന്ത്യ കോമാളി നാടകങ്ങള്‍ ഏറെ കണ്ടിട്ടുണ്ട്. അധികാരം ഉന്മത്തമാകുന്നതും കണ്ടിട്ടുണ്ട്. എന്നാലത് ഇങ്ങനെ തിമര്‍ത്താടുന്നത് കണ്ടിട്ടില്ല. പാതാളത്തിലെങ്ങോ അടിഞ്ഞ ആഗ്രഹങ്ങള്‍ മോടിയില്‍ ഫണം വിടര്‍ത്തുന്നത് ഇപ്പോള്‍ ഞങ്ങളെ ഭയപ്പെടുത്തുന്നില്ല. ഞങ്ങളുടെ ഭയം നിങ്ങള്‍ അരിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ നീതിബോധത്തെ നിങ്ങള്‍ മുറിവേല്‍പ്പിച്ച് ഉണര്‍ത്തിയിരിക്കുന്നു.

തകര്‍ക്കപ്പെട്ട ബാബറി മസ്ജിദ് മതേതര ഇന്ത്യയുടെ മകുടമായിരുന്നു. ഇന്ത്യക്കാരുടെ അഭിമാനമായിരുന്നു. അതു ഒരുപറ്റം രാജ്യദ്രോഹികള്‍ തകര്‍ത്തുവെന്ന് കോടതി അറിഞ്ഞില്ല. വാര്‍ത്താ മാദ്ധ്യമങ്ങള്‍ അപ്പാടെ പകര്‍ത്തിയത് കോടതിക്ക് തെളിവായില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടുകളോ മുറിവേറ്റ സാഹോദര്യത്തിന്റെ നിലവിളികളോ കോടതി അറിഞ്ഞില്ല. ഈ കോടതി നീതി തന്നില്ലല്ലോ!
ഞാന്‍ മിണ്ടാതിരിക്കണമെന്ന് എല്ലാവരും പറയുന്നു. പുതിയ നിയമം എന്നെ കൊണ്ടു പോകുമെന്ന് അവര്‍ ഭയപ്പെടുന്നു. മഹാത്മജിയെ വെടിവെച്ചു വീഴ്ത്തിയവര്‍ തോക്കുകളുമായി കറങ്ങി നടക്കുന്നുണ്ട്. മത സ്പര്‍ദ്ധ വിതച്ചവരെ നിയമം തൊടുന്നില്ല. യുഎപിഎ ചുമത്തപ്പെട്ട ചിലര്‍ ഇരുട്ടറകളിലേക്കും ചിലര്‍ പാര്‍ലമെന്റിലേക്കും തിരിഞ്ഞു പോകുന്നത് കോടതിക്കവലയില്‍ നിന്നാണ്. എന്റെ വഴി ഏതെന്ന് വ്യക്തമാണ്.