പ്രകൃതിക്ഷോഭം കഴിഞ്ഞ നാട്ടില്‍ തെരഞ്ഞെടുപ്പുത്സവത്തിന് എവിടെനിന്നെത്തി ഇത്ര പണം?

658

ഡോ. ആസാദ് എഴുതുന്നു 

പ്രളയം വിഴുങ്ങിയ കേരളമാണിത്. ദുരിതാശ്വാസം ഇപ്പോഴും എല്ലാവര്‍ക്കും ലഭിച്ചിട്ടില്ല. വീടോ കൃഷിയോ മറ്റെന്തുമാവട്ടെ, നഷ്ടമായതിനൊന്നും പരിഹാരമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വല്ലതും തരണേയെന്നു കേരളം കേണു. സംസ്ഥാന ജീവനക്കാര്‍ ശംബളം നല്‍കി. യുവാക്കളുടെ കൂട്ടായ്മകളും വിവിധ സംഘടനകളും സഹായമെത്തിച്ചു. മന്ത്രിമാര്‍ വിദേശങ്ങളില്‍ യാചനായാത്ര നടത്തി. ചെലവു ചുരുക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ഉത്സവങ്ങള്‍ക്കു പകിട്ടു കുറഞ്ഞു. മേളകളുടെ ഫീസ് പലമടങ്ങു കൂടി.

ഡോ. ആസാദ്
ഡോ. ആസാദ്

പ്രളയ ദുരിതാശ്വാസം ജനങ്ങള്‍ വലിയ പ്രതിബദ്ധതയോടെയാണ് ഏറ്റെടുത്തത്. പക്ഷെ, ഗവണ്‍മെന്റ് ചെലവു ചുരുക്കിയോ? ഉദ്ഘാടനം, പ്രചാരണം, അകമ്പടി എന്നിങ്ങനെ എന്തിലെങ്കിലും നിയന്ത്രണമുണ്ടായോ? പ്രകൃതി ദുരന്തത്തില്‍ പുറന്തള്ളപ്പെട്ടവര്‍, കോര്‍പറേറ്റ് വികസനത്തില്‍ പുറംതള്ളപ്പെട്ടവര്‍ എന്നിങ്ങനെ പുറംതള്ളപ്പെടുന്ന ആളുകള്‍ പെരുകി. അവരുടെ അവകാശമോ, അവര്‍ക്കുള്ള ആശ്വാസമോ ആരുടെയും പരിഗണനയില്‍ കണ്ടില്ല. പ്രളയം വിഴുങ്ങിയ കേരളം അഞ്ചെട്ടു മാസങ്ങള്‍ പിന്നിടുമ്പോള്‍ ധൂര്‍ത്തുത്സവങ്ങളില്‍ തിമര്‍ക്കുകയാണ്.

പ്രളയത്തെ നേരിടാന്‍ ചെലവു ചുരുക്കുകയല്ല, ആ പേരില്‍ എവിടെനിന്നൊക്കെ കടംവാങ്ങാമോ അതു തരപ്പെടുത്തുകയായിരുന്നു ഗവണ്‍മെന്റ്. സാമ്പത്തിക പ്രതിസന്ധി മറി കടക്കാന്‍ ഓര്‍ക്കാപ്പുറത്ത് ഒരു കൈസഹായം. പ്രളയ പീഡിതര്‍ക്ക് എന്തു കിട്ടി എന്നാരും ചോദിക്കില്ല.

വലിയ പ്രകൃതിക്ഷോഭത്തിലൂടെ കടന്നുപോയ ഒരു നാട്ടില്‍ തെരഞ്ഞെടുപ്പുത്സവത്തിന് ഓരോ മുന്നണിയും ചെലവഴിച്ച തുക നമ്മെ ഞെട്ടിക്കണം. എവിടെനിന്നു വന്നു ഇത്രയേറെ പണം? പോസ്റ്ററുകളോ, ചുമരെഴുത്തുകളോ ഹോര്‍ഡിങ്ങുകളോ വാഹനഘോഷങ്ങളോ ചുരുങ്ങിയില്ല. പത്ര/ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധം പരസ്യങ്ങള്‍ നിറഞ്ഞു. പ്രമുഖ പത്രങ്ങളിലെല്ലാം പേജുകണക്കിനു പരസ്യം നല്‍കാന്‍ എത്ര കോടി രൂപവേണം? അതെല്ലാം എവിടെനിന്നാണ് വന്നത്?

കൈവശം പണമില്ലാത്തതിനാല്‍ വായ്പാ സമ്പദ് ഘടനയെ ആശ്ലേഷിക്കുന്ന ധന നയമാണ് നമ്മുടെ സംസ്ഥാനത്തിന്റേത്. വരും തലമുറയെ പണയംവെച്ചു ഭരിക്കാന്‍ ഒരു ലജ്ജയും സര്‍ക്കാറിനില്ല. പണം എവിടെനിന്നും വാങ്ങി എന്തിനും ഉപയോഗിക്കും എന്ന മാനസികാവസ്ഥയാണ് വളരുന്നത്. പ്രളയ മുറിവുകളുണങ്ങും മുമ്പ് ധൂര്‍ത്തിന്റെ ഉത്സവം നടത്താന്‍ ഒരു ധാര്‍മ്മിക തടസ്സവും രാഷ്ട്രീയ നേതാക്കള്‍ക്ക് ഉണ്ടായില്ല. തെരഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിച്ച പരിധിയിലുള്ള കണക്ക് അവര്‍ നല്‍കുമായിരിക്കും. എന്നാല്‍ നമ്മുടെ കണ്‍മുന്നില്‍ ഏറ്റവും വലിയ ധൂര്‍ത്താണ് നടന്നതെന്ന വാസ്തവം മറഞ്ഞുപോവില്ല.

ലോകത്തൊരിടത്തും തെരഞ്ഞെടുപ്പ് ഇവ്വിധം ആഘോഷിക്കുന്നില്ല. കൊടിതോരണങ്ങളും പോസ്റ്ററുകളും കൊണ്ടു പരിസരം നിറയ്ക്കുന്നില്ല. ആശയപ്രചാരണത്തിന് ഇതര ഉപാധികളുണ്ടവിടെ. പണം ഇങ്ങനെ വാരിയെറിയരുത്. ദരിദ്രരുടെ ജനാധിപത്യ രാജ്യമാണ്‌. ഭൂമിക്കും കിടപ്പാടത്തിനും തൊഴിലിനും സമരം ചെയ്യുന്നവരുടെ നാടാണ്‌. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന നാടാണ്. കടമെടുത്ത പാവങ്ങളെ ബാങ്കുകള്‍ കൊല്ലാക്കൊല ചെയ്യുന്ന സര്‍ഫാസിനാടാണ്‌. പ്രളയം എല്ലാം കുത്തിയൊഴുക്കിക്കൊണ്ടുപോയ നാടാണ്. ഇവിടെ ഇത്രയേറെ പണം കുമിഞ്ഞതും അങ്ങാടികളില്‍ മറിഞ്ഞതും എങ്ങനെയാണ് രാഷ്ട്രീയക്കാരേ? അതിന്റെ കണക്കും വ്യാകരണവും പറയാമോ ‘ജനാധിപത്യത്തിന്റെ കാവല്‍ക്കാരേ’?

ആസാദ്
23 ഏപ്രില്‍ 2019