പാലാരിവട്ടത്തെ പാലം ഹിന്ദു പാലമോ ?

74

ആസാദ്

പാലാരിവട്ടത്തെ പാലം ഹിന്ദു പാലമോ?

പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ തുടങ്ങുകയാണ്. തുടക്കം പൂജയോടെത്തന്നെ! ജനാധിപത്യ മതേതര സര്‍ക്കാറിന്റെ മതം പുറത്താവുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ശാസ്ത്രവും സാങ്കേതിക വിദ്യയും എത്ര വികസിച്ചാലും ഈ പൂണൂല്‍ പൗരോഹിത്യം ഒപ്പമില്ലാതെ വയ്യ! വെറുതെയല്ല പാലം പൊളിയുന്നത്! ഇബ്രാഹിം കുട്ടിക്ക് ഒരു ഹിന്ദുപാലം പണിയാനാവില്ല! അതിനു സുധാകരനാണ് ഭേദം. കര്‍ക്കിടക മാസത്തില്‍ ആ ഭക്തി നിറഞ്ഞു വഴിയുന്നത് നാം കണ്ടതാണ്. മുഖ്യമന്ത്രിയെ രാമായണ മാസത്തിലാണോ വിമര്‍ശിക്കുന്നത് എന്ന അദ്ദേഹത്തിന്റെ അമ്പരപ്പും ഉത്ക്കണ്ഠയും നമ്മെ വിസ്മയിപ്പിച്ചതുമാണ്. സംഘപരിവാരം നാണം കെട്ടു തലകുനിക്കുന്ന ഭക്തിയാണിത്.

കേരളം ഒരു ഹിന്ദു ഭൂരിപക്ഷ സമൂഹമല്ല. ന്യൂനപക്ഷ വിഭാഗങ്ങളാണ് ഭൂരിപക്ഷം. പല സാംസ്കാരിക ധാരകളുണ്ട്. സര്‍ക്കാറിനു മാത്രമായി ഒരു മതം നിശ്ചയിക്കപ്പെട്ടിട്ടില്ല. നമ്മുടേത് മത രാഷ്ട്രവുമല്ല. മത ദേശീയതയും മതേതര ദേശീയതയും വേറെവേറെയാണ്.
പാലം പൊളിക്കുന്നത് മുഖ്യമന്ത്രിക്കോ മരാമത്ത് മന്ത്രിക്കോ ഉദ്ഘാടനം ചെയ്യാം. അവര്‍ക്കു പൂജ നിര്‍ബന്ധമാണെങ്കില്‍ അത് അവരുടെ വീടുകളിലാവാം. ബ്രാഹ്മണിക്കല്‍ ആചാരങ്ങളെ പൊതുജീവിതത്തില്‍ ചേര്‍ത്തു കെട്ടരുത്. വിശ്വാസം വ്യക്തിപരമാവണം.
ജനങ്ങളുടെ സമ്പത്ത് അധികാരികള്‍ ദുരുപയോഗം ചെയ്തതിന്റെ സ്മാരകമായ പാലം പൊളിക്കാന്‍ ഇ ശ്രീധരന്റെ മേല്‍നോട്ടം മതിയാവുമെന്ന് ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. അതിനു പാലത്തെ മതത്തില്‍ ചേര്‍ക്കേണ്ട. മതാചാരവും പൂണൂല്‍ മഹിമയും നമ്മുടെ പൊതുസംസ്കാരത്തിന്റെ ഭാഗമെന്ന ഗിരിപ്രഭാഷണങ്ങളും വേണ്ട.


Unnikrishnan Unni

സാക്ഷര കേരളം ഉത്തരേന്ത്യയേക്കാൾ അധഃപതിച്ചിരിക്കുന്നു.മനുസ്മൃതി ഇന്ത്യയുടെ ഭരണഘടനയായി മാറുന്നത് കാണാൻ അധികകാലം കാത്ത് നിൽക്കേണ്ടി വരില്ല. ആ നിയമം ഉ യ ർ ന്ന് വരുന്നത് കേരളത്തിൽ നിന്നായാലും നമ്മൾ അത്ഭുതപ്പെടാനില്ല. ഇന്ന് കേരളത്തിലെ ഭരണ വർഗ്ഗം പോലും അത്തരം രീതിയോട് കൂടുതൽ അടുത്തിരിക്കുകയാണ്.മതം എന്ന കറുപ്പ് ഈ രാജ്യത്തിന് ശാപമാണ് അത്തരം ആശയം ഉൾകൊണ്ട് പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ എവിടെ.
ഒരു മതത്തിന്റെയോ, ജാതിയുടെ യോ പരിധിയിൽ വരാത്ത എല്ലാ വിഭാഗത്തിന്റെയും നികുതി പണം കൊണ്ട് കെട്ടിപ്പൊക്കിയ പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഈ രീതി ചടങ്ങുകൾ നടത്തുന്നത് ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ല.ഇന്ത്യയെ മനുസ്മൃതി തത്ത്വങ്ങൾക്ക് അടിമപ്പെടുത്താൻ ശ്രമിക്കുന്നവർ ഭരണഘടനയെ തകർക്കുകയാണ് ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുകയാണ്.
മതമോ, ജാതിയോ, വർഗ്ഗമോ, ലിംഗമോ ഏത് തന്നെ ആയാലും നമ്മമെല്ലാം മനുഷ്യരാണ് അതുകൊണ്ട് തന്നെ തുല്യരാണ് എന്ന് പറയുന്ന ഭരണഘടനയെ സംരക്ഷിക്കുക. മനുസ്മൃതി തന്ത്രങ്ങളെ ഒറ്റക്കെട്ടായി എതിർക്കുക.