ശിവശങ്കര്‍ കുറ്റം ചെയ്തതായി സമ്മതിക്കേണ്ടി വന്നാല്‍ അദ്ദേഹത്തിന്റെ ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടു എന്നു വ്യക്തമാവും, അതു മുഖ്യമന്ത്രിയുടെ ഓഫീസാണ്

ആസാദ്

ശിവശങ്കര്‍ എന്ന ഉന്നത ഐ എ എസ് ഓഫീസറെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നമുക്കു സങ്കടം തോന്നാം. എന്തു പറ്റി അദ്ദേഹത്തിന്? ഇത്ര വലിയ ക്രിമിനല്‍ സംഘത്തോടൊപ്പം ചേരാന്‍ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞു? അഥവാ അദ്ദേഹം നിരപരാധിയായിരിക്കുമോ?

വലിയ പദവിയില്‍ കഴിയുന്നവരോടുള്ള ഒരു അനുതാപം പൊതുവില്‍ സമൂഹത്തിലുണ്ട്. കുറ്റവാസന സാമൂഹിക പദവിയുമായും സാമ്പത്തിക നിലയുമായും ബന്ധപ്പെട്ടതാണ് എന്ന ചിന്ത സാര്‍വ്വത്രികമാണ്. ചാളയിലും ചേരിയിലുമുള്ളവരും കീഴ്ത്തട്ടു മദ്ധ്യവര്‍ഗവുമാണ് കൂടുതല്‍ കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നത് എന്ന അപബോധം സജീവമാണ്. വലിയ ആളുകള്‍ക്ക് വലിയ അഴിമതികള്‍ നടത്താം. അത് ഒരു കഴിവായി സമൂഹം കാണും. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കലും കള്ളക്കടത്തിനു സഹായിക്കലും അത്ര നല്ല കുറ്റങ്ങളായി പൊതുബോധം കാണുന്നില്ല. അതില്‍ ശിവശങ്കര്‍ പെട്ടിട്ടുണ്ടാവില്ല എന്നു സങ്കല്‍പ്പിക്കാനാണ് മാന്യസമൂഹം ആഗ്രഹിക്കുക. ശിവശങ്കര്‍ കുറ്റം ചെയ്തതായി സമ്മതിക്കേണ്ടി വന്നാല്‍ അദ്ദേഹത്തിന്റെ ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടു എന്നു വ്യക്തമാവും. അതു മുഖ്യമന്ത്രിയുടെ ഓഫീസാണ്. ശിവശങ്കരന്‍ പിടിക്കപ്പെടുമ്പോള്‍ സംശയിക്കപ്പെടുക മുഖ്യമന്ത്രിയാണ്.

അതിനാല്‍ ശിവശങ്കരനു വേണ്ടി സത്യാന്വേഷികള്‍ കേസ് ഇഴ പിരിച്ചു പഠിക്കും. പഴുതുകള്‍ വീര്‍പ്പിച്ചെടുക്കും. മുഖ്യമന്ത്രിയിലേക്കുള്ള വഴികളില്‍ തടസ്സമിടും.അലനെയും താഹയെയും ‘അവര്‍ മാവോയിസ്റ്റുകള്‍ തന്നെ, അതെല്ലാവര്‍ക്കും ബോദ്ധ്യമായതാണല്ലോ’ എന്നു കടത്തിപ്പറഞ്ഞ മുഖ്യമന്ത്രി, ശിവശങ്കരനെപ്പറ്റി ‘അയാള്‍ കള്ളക്കടത്തു സംഘത്തിന്റെ സഹായിയായി, അതെല്ലാവര്‍ക്കും ബോദ്ധ്യമായതാണല്ലോ’ എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ആ വാസ്തവത്തെ നേരിടാന്‍ അദ്ദേഹത്തിനു ചങ്കുറപ്പുണ്ടായിട്ടില്ല. മുഖ്യമന്ത്രി അങ്ങനെ പറയുംവരെ അനുചര ഗോത്രത്തിനു കണ്‍മുന്നില്‍ കണ്ടതു പറയാനാവില്ല. ‘ഇപ്പോഴും രാത്രിതന്നെ’യെന്ന് നട്ടുച്ചയ്ക്കും അവര്‍ പുലമ്പിക്കൊണ്ടിരിക്കും. കേസ്ഡയറിയുടെ വക്കും മൂലയും കടിച്ച് അയാളെ പിടിക്കാന്‍ ഇതുപോരാ, ഇതുപോരാ എന്ന് ഉരുവിട്ടുകൊണ്ടിരിക്കും.

ശിവശങ്കരനു മുകളില്‍ ഒരാളേ ഉണ്ടായിരുന്നുള്ളു. അയാള്‍ക്ക് ഒരാളെ മാത്രമേ ഭയക്കേണ്ടി വന്നിട്ടുള്ളു. അയാളുടെ ഇംഗിതത്തോടെയോ സമ്മതത്തോടെയോ അല്ല ഈ ചെയ്തതൊന്നും എന്നു കരുതാന്‍ എനിക്കു സമ്മതമാണ്. പക്ഷെ, അങ്ങനെയൊരു ഞെട്ടലോ, ‘പഹയാ ചുമലിലിരുന്ന് ചെവി തിന്നുവല്ലോ നീ’ എന്ന പരിഭവമോ, ‘പരനാറീ, ചതിച്ചുവല്ലോ നീ’ എന്ന ക്ഷോഭമോ മുഖ്യമന്ത്രിയില്‍നിന്ന് ഉയര്‍ന്നു കണ്ടില്ല. അതെന്നെ അത്ഭുതപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍, ഈ നിസ്സംഗതയില്‍ മുഖ്യമന്ത്രിക്കു ചേരാത്ത ഒരു പന്തികേടുണ്ട്. അതു ജനാധിപത്യ രാഷ്ട്രീയത്തിനു കളങ്കമാണ്. ഭക്തരുടെ ശരണം വിളികളില്‍ അതു മാഞ്ഞു പോവില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് കള്ളക്കടത്തു സംഘത്തിന്റെ നായകര്‍ നാടു ഭരിച്ചത് അപമാനകരമാണ്. അതില്‍ ശിവശങ്കരന്‍ ഉള്‍പ്പെടെ എല്ലാവരുടെ പങ്കും നിയമവേദികള്‍ പരിശോധിക്കട്ടെ. പക്ഷെ, കളങ്കപ്പെട്ട ഓഫീസിന്റെ നായകന് ധാര്‍മ്മികമായ ചില ഉത്തരവാദിത്തങ്ങളുണ്ട്. അദ്ദേഹത്തെ ആ സ്ഥാനമേല്‍പ്പിച്ച പാര്‍ട്ടിക്കും മുന്നണിക്കും ജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടി വരും.