ആരൊക്കെ ജനപ്രതിനിധികളാവണമെന്ന് കമ്പനി നിര്‍ദ്ദേശിക്കും, ആനുകൂല്യം വേണ്ടവര്‍ക്ക് വോട്ടു ചെയ്യാം

276

ആസാദ്

‘പരമ്പരാഗത ഇടതു രാഷ്ട്രീയോര്‍ജ്ജത്തെ, നിവേദനം മാര്‍ച്ച് ധര്‍ണ പിക്കറ്റിംഗ് തുടങ്ങിയ സമരോത്സാഹങ്ങളില്‍നിന്ന് പുതു വികസന മാതൃകകളിലേക്ക്’ വലിച്ചടുപ്പിക്കാന്‍ തൊണ്ണൂറുകളുടെ ആദ്യപാതിയിലുണ്ടായ ശ്രമം ഓര്‍ക്കുന്നു. കല്യാശ്ശേരിയിലും ചപ്പാരക്കടവിലുമൊക്കെ നടന്ന ‘മഹത്തായ പരീക്ഷണ’ങ്ങളില്‍ പൗരസമൂഹ കൂട്ടായ്മകളെ രാഷ്ട്രീയ കക്ഷികള്‍ക്കും പ്രാതിനിധ്യ ജനാധിപത്യത്തിനും മുകളില്‍ പ്രതിഷ്ഠിച്ചു. പാര്‍ട്ടിരഹിത പങ്കാളിത്ത വികസനം ആഘോഷിക്കപ്പെട്ടു.

രണ്ടായിരത്തിപ്പത്തുകളുടെ ആദ്യപാതിയില്‍ കിഴക്കമ്പലത്തു ഒരു ചുവടുകൂടി മുന്നേറുന്നതു കണ്ടു. രാഷ്ട്രീയ പാര്‍ട്ടികളെ പുറന്തള്ളി ധന മുതലാളിത്തം പഞ്ചായത്തുകളെ നേരിട്ട് ഏറ്റെടുക്കാനും കൂടുതല്‍ ജനപ്രിയ വികസനം വാഗ്ദാനം ചെയ്യാനും തുടങ്ങി. ആരൊക്കെ ജനപ്രതിനിധികളാവണമെന്ന് കമ്പനി നിര്‍ദ്ദേശിക്കും. ആനുകൂല്യം വേണ്ടവര്‍ക്ക് വോട്ടു ചെയ്യാം. ജനാധിപത്യ സംവിധാനത്തിലെ പിശകു പരിഹരിക്കാനുള്ള ശ്രമം എന്നാണ് അവകാശവാദം. കമ്പനിയുടെ ഓഫര്‍ രാഷ്ട്രീയ കക്ഷികളെ നിഷ്പ്രഭമാക്കി.

പങ്കാളിത്ത ജനാധിപത്യം തുറന്ന അരാഷ്ട്രീയ പൗരസമൂഹത്തിലേക്കുള്ള വഴി കോര്‍പറേറ്റ് ജനാധിപത്യത്തിന്റെ മുറ്റത്തു വന്നു നില്‍പ്പാണ്. മാന്‍ വേഷത്തില്‍ വന്നത് രാക്ഷസവേഷം കാണിച്ചു തുടങ്ങിയിരിക്കുന്നു. പ്രാതിനിധ്യ ജനാധിപത്യവും അതിന്റെ ശക്തമായ രാഷ്ട്രീയാടിത്തറയും തകര്‍ക്കാനുള്ള കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ പരീക്ഷണം പുതിയ ഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുന്നു.
ജനങ്ങളെ രാഷ്ട്രീയാദര്‍ശങ്ങളില്‍നിന്നും വെറും ഉപഭോക്താക്കളാക്കി വെട്ടിച്ചുരുക്കിയ പരീക്ഷണം വിജയിക്കുന്നു. സര്‍ക്കാറിനെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബാധ്യതകളില്‍നിന്നു മാറ്റി ക്ഷേമ – സാന്ത്വന പ്രവര്‍ത്തനങ്ങളിലേക്കു പരിമിതപ്പെടുത്തി വളര്‍ന്ന വികസന മുതലാളിത്ത അജണ്ടയും ലക്ഷ്യം നേടുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ജനാധിപത്യ സംവിധാനങ്ങളെ കോര്‍പറേറ്റ് കമ്പനികള്‍ വിലയ്ക്കു വാങ്ങും. അദാനിയോ യൂസഫലിയോ കേരളം ഭരിച്ചേക്കും!

കിഴക്കമ്പലം പഞ്ചായത്ത് താല്‍ക്കാലിക സൗകര്യങ്ങളുടെ പറുദീസയാവാം. അത് കേരളത്തിലാണ്. ഇന്ത്യയിലാണ്. പൊതു ജനാധിപത്യ നിയമങ്ങളുടെ വ്യവഹാരങ്ങള്‍ക്കു പുറത്തല്ല കിറ്റെക്സ് റിപ്പബ്ലിക്ക്. അതിനു ജനാധിപത്യത്തോടു കണക്കു പറയേണ്ടിവരും. ഇങ്ങനെയൊരു മോഹവിഭ്രമത്തിലേക്ക് ജനങ്ങളെ എറിഞ്ഞുകൊടുത്ത കുറ്റത്തില്‍ നിന്ന് രാഷ്ട്രീയ കക്ഷികള്‍ക്കും ഭരണ നേതൃത്വങ്ങള്‍ക്കും ഒഴിഞ്ഞു മാറാനാവില്ല.

പ്രാദേശിക ഭരണകൂടങ്ങളെ കൂടുതല്‍ ശക്തവും സ്വതന്ത്രവുമാക്കേണ്ടതിനു പകരം പ്രാതിനിധ്യ ജനാധിപത്യത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടതാണ് മുഖ്യ പിശക്. എന്‍ ജി ഒവത്ക്കരണത്തിന്റെ വഴിയിലേക്കു വഴുതിയത് തെറ്റ്. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ക്കു കീഴ്പ്പെട്ടു അവരുടെ തിട്ടൂരങ്ങളനുസരിച്ച് ഒരു നാടിനെ പുതിയ കോളനിവത്ക്കരണത്തിനു വിധേയമാക്കുന്ന നിലയിലെത്തി. കല്യാശ്ശേരിയില്‍നിന്നും ചപ്പാരക്കടവില്‍നിന്നും കിഴക്കമ്പലത്തേക്ക് നീണ്ട പാത അതെല്ലാം ഓര്‍മ്മിപ്പിക്കണം. പാര്‍ട്ടിരഹിത പങ്കാളിത്ത ജനാധിപത്യം എങ്ങോട്ടു നയിച്ചു എന്നു ബോദ്ധ്യപ്പെടണം.