വാളയാർ കുഞ്ഞുങ്ങളുടെ അമ്മ ഇപ്പോള്‍ നടത്തുന്ന പ്രക്ഷോഭം ആരെയൊക്കെയോ അസ്വസ്ഥമാക്കുന്നുണ്ട്

32

ആസാദ്

വാളയാര്‍ കുട്ടികളുടെ അമ്മയ്ക്കെതിരെ ഫേസ്ബുക് പോസ്റ്റുകള്‍ നിറയുകയാണ്. അവര്‍ അത്ര നിഷ്കളങ്കയല്ല എന്നാണ് ഓരോ പോസ്റ്റും പറയുന്നത്. ഏറെക്കുറെ ഒരേ അച്ചിലുള്ള പോസ്റ്റുകള്‍. അതിനു ജീവന്‍ വെപ്പിച്ചതാവട്ടെ ദി ഹിന്ദുവില്‍ ഒരു ദിവസം മുമ്പ് വന്ന വാര്‍ത്തയും.

ആ അമ്മ ഇപ്പോള്‍ നടത്തുന്ന പ്രക്ഷോഭം ആരെയൊക്കെയോ അസ്വസ്ഥമാക്കുന്നുണ്ട്. അവരുടെ സഹായികള്‍ രംഗത്തെത്തുന്നു. ബലാല്‍സംഗം ചെയ്തു കെട്ടിത്തൂക്കപ്പെട്ട കുരുന്നുകളെക്കുറിച്ചോ അതു ചെയ്ത കൊടും കുറ്റവാളികളെക്കുറിച്ചോ അവരെ രക്ഷിച്ച ഭരണകൂട സംവിധാനങ്ങളെക്കുറിച്ചോ അല്ല ഇക്കൂട്ടരുടെ രോഷാവിഷ്കാരം. ആ കുട്ടികളുടെ അമ്മയെക്കുറിച്ചാണ്. അവരുടെ മൊഴിയും പെരുമാറ്റവും സംശയാസ്പദമത്രെ. പൊലീസ് അന്വേഷണത്തിലെ അലംഭാവം കൊണ്ടു മാത്രം വിട്ടുപോയ ഒരു കേസിലെ വിധിപ്പഴുതുകള്‍ തേടി ഹിന്ദുപോലെ ഒരു പത്രവും ചില നിഷ്പക്ഷരും ഇറങ്ങിത്തിരിച്ചത് സംശയകരമാണ്.

അന്വേഷണത്തില്‍ അമ്മയോ അച്ഛനോ കുറ്റവാളികളാണെങ്കില്‍ അതു കണ്ടെത്താമല്ലോ. അവര്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്താനും കുറ്റപത്രം സമര്‍പ്പിക്കാനും പൊലീസിനു തടസ്സമെന്തായിരുന്നു? കുറ്റവാളികളെങ്കില്‍ അവര്‍ കോടതി തള്ളിയ കേസ് പുനരന്വേഷിക്കണം എന്നു ആവശ്യപ്പെടുന്നത് എന്തിനാണ്? ഇനി അവരാണ് കുറ്റം ചെയ്തതെങ്കില്‍ സമഗ്രമായ അന്വേഷണത്തില്‍ അതു കണ്ടെത്തട്ടെ. കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം അന്വേഷണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

ഊഹങ്ങളില്‍ അഭിരമിക്കാനുള്ള ആവേശം കൊള്ളാം! എന്നാല്‍ കണ്‍മുന്നിലെ വാസ്തവത്തോടു ധീരമായി പ്രതികരിക്കാന്‍ ഒട്ടും വയ്യ! പോക്സോ കേസിലാണ് പൊലീസ് ഏമാന്‍ ഒമ്പതും പതിമൂന്നും വയസ്സുള്ള കുട്ടികളില്‍ ലൈംഗികാഭിമുഖ്യം കണ്ടെത്തിയത്. അച്ഛനെ കുറ്റമേല്‍ക്കാന്‍ നിര്‍ബന്ധിച്ചത്! കേസ് തുമ്പില്ലാതാക്കിയത്. ആ ഡി വൈ എസ് പിക്കെതിരെ പോക്സോ വകുപ്പു ചാര്‍ത്തി കേസെടുക്കേണ്ട സര്‍ക്കാര്‍ അയാളെ എസ് പിയായി ഉദ്യോഗക്കയറ്റം നല്‍കി ആദരിച്ചു. ഐ പി എസ് ശുപാര്‍ശ ചെയ്യാന്‍ നിശ്ചയിച്ചു. ആര്‍ക്കും പൊള്ളിയില്ല!

ഇതേ കേസില്‍ പ്രതിക്കു വേണ്ടി ഹാജരായ വക്കീലിനെ, അയാള്‍ പോക്സോ കേസുകളില്‍ പ്രതികള്‍ക്കു വേണ്ടി സ്ഥിരം വക്കാലത്തെടുക്കുന്ന വക്കീലാണെന്നു ബോദ്ധ്യമുണ്ടായിട്ടും ശിശുക്ഷേമ സമിതിയുടെ ജില്ലാ ചെയര്‍മാനാക്കി സര്‍ക്കാര്‍ തങ്ങളുടെ പക്ഷമേതെന്ന് വെളിപ്പെടുത്തി. താല്‍പ്പര്യമെന്തെന്ന് പ്രകടമാക്കി. മാത്രമല്ല പബ്ലിക് പ്രോസിക്യൂട്ടറാണ് കേസ് തോല്‍ക്കാന്‍ കാരണമെന്നും അവരെ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ചതാണെന്നും വാദിക്കുന്നതും കേട്ടു. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച പ്രോസിക്യൂട്ടറെ മാറ്റി ഇടതനുഭാവിയായ മറ്റൊരാളെ എല്‍ ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നുവെന്നും അയാളെ മൂന്നു മാസത്തിനകം മാറ്റി യു ഡി എഫ് നിയോഗിച്ച ആളെത്തന്നെ തിരിച്ചുകൊണ്ടുവന്നുവെന്നും ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. ഇതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതാണ്.

രാജ്യത്തെ നടുക്കിയ കേസാണിത്. ഹത്രാസിനെക്കാള്‍ ഭീകരം. വേദനാകരം. ആ കേസില്‍ കുറ്റക്കാരെ വിട്ടയക്കേണ്ടി വരുമ്പോള്‍ പരാജയപ്പെടുന്നത് ആഭ്യന്തര വകുപ്പാണ്. ലജ്ജിച്ചു തല കുനിക്കേണ്ടത് ജനാധിപത്യ ഭരണകൂടമാണ്. കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാറാണ്. യു പിയിലെ യോഗി സര്‍ക്കാറിന്റെ ന്യായവാദങ്ങളല്ല കേരള സര്‍ക്കാറില്‍നിന്നും അതിന്റെ രാഷ്ട്രീയ മുഖത്തുനിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍, സര്‍ക്കാറിനെ തുണയ്ക്കാന്‍ എത്തുന്നവരേറെയും സംഘപരിവാര യുക്തികളുടെ പ്രചാരകരാണ്.
ദളിതരിലും മറ്റ് അടിത്തട്ടു ജീവിതങ്ങളിലും അധാര്‍മ്മിക വ്യതിയാനങ്ങള്‍ ആരോപിച്ചു ശീലിച്ച വരേണ്യ പൊതുബോധമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. പുറന്തള്ളപ്പെട്ട വിഭാഗങ്ങള്‍ക്കു നീതി നല്‍കാന്‍ മനസ്സുപോരാ അവര്‍ക്ക്. രണ്ടു കുട്ടികള്‍ നഷ്ടപ്പെട്ട അമ്മയുടെ പെരുമാറ്റത്തിലും മൊഴിയിലും സംശയം കണ്ടെത്തുന്ന സൂക്ഷമ നോട്ടങ്ങള്‍ ഈ കുഞ്ഞുങ്ങളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു കണ്ടശേഷവും കുറ്റകരമായ മൗനം പാലിച്ച ശിശുക്ഷേമ സമിതിയെയും പ്രതികളെ തുണച്ച പൊലീസിനെയും വെറുതെ വിടുകയാണ്. ജാതി വിവേചനത്തിന്റെ ഹീനമുഖങ്ങളാണ് ഹത്രാസിലും വാളയാറിലും ഒരുപോലെ പ്രകടമാകുന്നതെന്ന വാസ്തവം മറച്ചുവെക്കാന്‍ കഴിയില്ല.

വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മ നടത്തുന്ന പുതിയ സമരഘട്ടം നാലാം നാളിലേക്കു കടന്നു. ഒരമ്മയുടെ നിലവിളി മതി കേരളത്തെ തീ പിടിപ്പിക്കാന്‍. അതു രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും തമ്മിലുള്ള സൗന്ദര്യപ്പിണക്കങ്ങളെക്കുറിച്ചോ വീതംവെപ്പു ബന്ധങ്ങളെക്കുറിച്ചോ ശ്രദ്ധിക്കുകയില്ല. നീതി തേടുന്ന അമ്മമാരുടെ നിലവിളികള്‍ക്ക് ഏതു രാഷ്ട്രീയത്തെയും വിചാരണ ചെയ്യാനുള്ള ശേഷിയുണ്ടാവും. അത് മറക്കേണ്ട.