അണഞ്ഞു പോവുകയായിരുന്ന വെളിച്ചത്തെ ജ്വലിപ്പിച്ചു നിര്‍ത്താന്‍ സി പി ഐ (എം എല്‍) ലിബറേഷന്‍ വഹിച്ച പങ്ക് ചെറുതല്ല

54

Dr. Azad

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രകടമായ ഇടതുപക്ഷ ഉണര്‍വ്വാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ തരംഗമാവുക. അണഞ്ഞു പോവുകയായിരുന്ന വെളിച്ചത്തെ ജ്വലിപ്പിച്ചു നിര്‍ത്താന്‍ സി പി ഐ (എം എല്‍) ലിബറേഷന്‍ വഹിച്ച പങ്ക് ചെറുതല്ല. ഈ മേഖലയിലെ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമിടയില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമാണ് ലിബറേഷന്‍ നടത്തുന്നത്.
ബിഹാറില്‍ കോണ്‍ഗ്രസ്സിന്റെയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ശക്തമായ ധാരകളാണ് നില നിന്നത്. പ്രാന്തധാരയായി ഭാരതീയ ജനസംഘവും ഉണ്ടായിരുന്നു. 1952ല്‍ സംസ്ഥാനം തെരഞ്ഞെടുപ്പിലേക്കു കടക്കുമ്പോള്‍ കോണ്‍ഗ്രസ്സിന് 41.38% വോട്ടു കിട്ടിയിരുന്നു. 322ല്‍ 239 സീറ്റും. സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് 23 സീറ്റ്. 1957ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഏഴു സീറ്റുകള്‍ നേടി രംഗത്തു വന്നു. 1962ല്‍ 84 സീറ്റുകളില്‍ മത്സരിച്ച സി പി ഐ 12 സീറ്റുകളില്‍ വിജയിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനു ശേഷം 1967ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി പി ഐ 24 സീറ്റിലും സി പി ഐ എം 4 സീറ്റിലും വിജയിച്ചു. 1969ല്‍ അത് 25ഉം 3 ഉം എന്ന നിലയ്ക്കായി. 1972ല്‍ സി പി ഐയുടെ നേട്ടം 35 സീറ്റായി മാറി. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി വളര്‍ന്നു. 1977ല്‍ സി പി ഐ 21ഉം സി പി എം നാലും സീറ്റു നേടി. 1980ല്‍ ഇത് 23ഉം 6ഉം ആയി. 1985ല്‍ 12ഉം ഒന്നുമായി കുറഞ്ഞെങ്കിലും 1990ല്‍ വീണ്ടും സി പി ഐക്ക് 23ഉം സി പി എമ്മിന് 6ഉം സീറ്റുകള്‍ ലഭിച്ചു. 1995 മുതല്‍ സി പി ഐ (എം എല്‍) ലിബറേഷനും ആറു സീറ്റുമായി കടന്നുവന്നു. അത്തവണ സി പി ഐക്ക് 26സീറ്റും സി പി എമ്മിന് രണ്ടു സീറ്റുമാണ് ഉണ്ടായിരുന്നത്.

പുതിയ നൂറ്റാണ്ടിലേക്കു കടക്കുമ്പോള്‍ രാഷ്ട്രീയ ചിത്രം മാറി. രണ്ടായിരാമാണ്ട് സി പി ഐ അഞ്ച്, സി പി എം രണ്ട്, ലിബറേഷന്‍ ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില. 2005ല്‍ ലിബറേഷന് ഏഴു സീറ്റായി. സി പി ഐക്ക് മൂന്നും സി പി എമ്മിന് ഒന്നും. 2010ല്‍ സി പി ഐക്കു കിട്ടിയ ഒറ്റ സീറ്റില്‍ ഇടതുപക്ഷം ഒതുങ്ങി. 2015ല്‍ ലിബറേഷനു കിട്ടിയ മൂന്നു സീറ്റിലും. കഴിഞ്ഞ രണ്ടു ദശകങ്ങളിലെ ഈ പിറകോട്ടുപോക്കിനാണ് ഇപ്പോള്‍ ഇടതുപക്ഷം തടയിട്ടത്. ലിബറേഷന് പന്ത്രണ്ടു സീറ്റും സി പി ഐ – സി പി എം കക്ഷികള്‍ക്ക് രണ്ടു വീതം സീറ്റുകളും കിട്ടി. ബിഹാറില്‍ മങ്ങിയ ചോപ്പ് തിരിച്ചു വരികയാണ്. സമരനിലങ്ങളില്‍ അതു ജീവന്‍വെച്ചു തുടങ്ങി.
പുതിയകാലത്തു അതിജീവിക്കാന്‍ വേണ്ട ശേഷി കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കൈവരിച്ചു തുടങ്ങി. ലിബറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ആ നിലയ്ക്ക് ശക്തമായ ഊര്‍ജ്ജമാകുന്നുണ്ട്. ഒപ്പം കിസാന്‍സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഉത്തരേന്ത്യയിലാകെ പുതുചലനങ്ങള്‍ ഉണ്ടാക്കുന്നു. ചെങ്കൊടികളുടെ പ്രഭാവകാലം കഴിഞ്ഞില്ലെന്ന് വ്യക്തം. രാജ്യത്തിനു പ്രതീക്ഷ നല്‍കുന്ന ഉയിര്‍ത്തെഴുന്നേല്‍പ്പാണിത്.

ഇടതു പ്രസ്ഥാനങ്ങളുടെ ഐക്യം അനിവാര്യമാണെന്ന് ബിഹാര്‍ തെരഞ്ഞെടുപ്പ് അടിവരയിടുന്നു. ചിതറിച്ചിതറി പലതാവുകയും അന്യോന്യം കൊത്തിയാട്ടുകയും ചെയ്യുന്ന ശീലം തിരുത്താതെ ഇടതുപക്ഷത്തിനു ഭാവിയില്ല. ആശയപരമായ വിയോജിപ്പും സംവാദവും തുടര്‍ന്നുകൊണ്ടുതന്നെ യോജിക്കാവുന്ന പൊതുതലം കണ്ടെത്തണം. ചെറുതും വലുതുമായ കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഇടതുപക്ഷ ധാരകളും ഒന്നിച്ചു നില്‍ക്കണം. അതിനു മുഖ്യധാരാ ഇടതുപക്ഷം നേതൃത്വം നല്‍കണം. ബിഹാര്‍ തെരഞ്ഞെടുപ്പു നല്‍കുന്ന സന്ദേശം അതാണെന്ന് ഞാന്‍ കരുതുന്നു.