ഹത്രാസ് സന്ദര്‍ശിച്ച പത്രപ്രവര്‍ത്തകനും ദില്ലി പത്രപ്രവര്‍ത്തക യൂണിയന് നേതാവുമായ സിദ്ദിഖ് കാപ്പനെ യു പി പൊലീസ് അറസ്റ്റു ചെയ്ത് യു എ പി എ ചുമത്തിയത് കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ്. മൂന്നു മാസം കഴിഞ്ഞിട്ടും അതറിഞ്ഞുവെന്ന് സമ്മതിക്കാന്‍ കേരള സര്‍ക്കാറോ ഭരണ മുന്നണിയോ തയ്യാറല്ല. നിയമസഭയില്‍ ഇന്നലെ ചോദ്യമുയര്‍ന്നപ്പോള്‍ ആ വിഷയത്തില്‍ ഇടപെടാന്‍ തടസ്സമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്താണ് തടസ്സമെന്ന് അദ്ദേഹം വിശദീകരിച്ചു കണ്ടില്ല.
വേറൊരു സംസ്ഥാനത്തു നടക്കുന്ന കാര്യങ്ങളാണ് എന്ന ഒരു സാങ്കേതികതടസ്സമേ മറുപടിയിലുള്ളു. വേറൊരു രാജ്യത്തായാല്‍ പോലും ഇടപെടുന്ന മുഖ്യമന്ത്രിയാണ് നമ്മുടേത്. വേറൊരു സംസ്ഥാനത്താവുമ്പോള്‍ ദൂരം കൂടുമോ? എന്‍ ഡി എ നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ കണ്ട അമിതോത്സാഹമൊന്നും കാണിച്ചില്ലെങ്കിലും ഒരു മലയാളിയോടുള്ള ഔപചാരിക കടമ നിര്‍വ്വഹിക്കാമായിരുന്നു. മുഖ്യമന്ത്രിയെ തടയുന്നതാരാണ്? അഥവാ എന്തു വിചാരമാണ്?
പന്തീരങ്കാവില്‍ രണ്ടു വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തു യു എ പി എ ചാര്‍ത്തി എന്‍ ഐ എയ്ക്കു വിട്ടുകൊടുത്ത സര്‍ക്കാറാണ് പിണറായി വിജയന്റേത്. അതിനാല്‍ കാപ്പനെ അറസ്റ്റു ചെയ്തതിനെ എതിര്‍ക്കാനുള്ള ധാര്‍മ്മിക ബലം കാണില്ല. കേന്ദ്ര ഗവണ്മെന്റിന്റെ യു എ പി എ നിയമ ഭേദഗതിയുടെ ആദ്യപ്രയോഗമാണ് അലന് താഹ അറസ്റ്റുകളില്‍ കണ്ടത്. അതേ നിയമം ആദിത്യനാഥ് സര്‍ക്കാര്‍ ഉപയോഗിക്കുമ്പോള്‍ പിണറായി എതിര്‍ക്കുന്നതെങ്ങനെ? ഒരേ അജണ്ടയുടെ നടത്തിപ്പു സംഘങ്ങളായ രണ്ടു സര്‍ക്കാറുകളെ തിരിച്ചറിയുകയാണ് വേണ്ടത്.
ആര് എസ് എസ് നേതൃത്വത്തെ ചൊടിപ്പിക്കുന്ന ഒരു കാര്യവും ആദിത്യനാഥോ പിണറായിയോ ചെയ്യില്ലെന്ന് തീര്‍ച്ച. പ്രീതിപ്പെടുത്താന്‍ അന്യോന്യം മത്സരിക്കുകയും ചെയ്യും. ദില്ലി കലാപത്തിനു ശേഷം കേന്ദ്രഭരണവും ആര് എസ് എസ്സും ശക്തിപ്പെടുത്തിയ മുസ്ലീം വിരുദ്ധ നീക്കത്തില്‍ പങ്കുചേരുകയാണവര്‍. രണ്ടുപേരും തങ്ങള്‍ക്കാവുംവിധം ഒരേ ഉത്തരവു പാലിക്കുന്നു!
നിരോധിക്കപ്പെട്ട ഏതെങ്കിലും സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്നോ ഏതെങ്കിലും ക്രിമിനല്‍ കുറ്റം ചെയ്തുവെന്നോ ലഘുലേഖയോ ആയുധമോ കൊണ്ടുനടന്നുവെന്നോ കാപ്പന്റെ പേരില്‍ ആരോപിക്കപ്പെട്ടില്ല. പന്തീരങ്കാവില്‍ കേരള പൊലീസ് കാണിച്ച ഉത്സാഹത്തിന്റെ ആദിത്യനാഥ് ശൈലിയാണ് കാപ്പന്റെ കേസില്‍ പ്രകടമാകുന്നത്. മോദിസര്‍ക്കാര്‍ ആഗ്രഹിക്കുന്ന മുസ്ലീംവിരുദ്ധ തീവ്രവാദി ആക്ഷേപങ്ങളുടെ രാഷ്ട്രീയമാണ് അതില്‍ കണ്ടത്. കേരളത്തില്‍ പൊടുന്നനെയുള്ള ജമാ അത്തെ വിരുദ്ധ വെളിപാടായി മുഖ്യമന്ത്രി അവതരിപ്പിച്ചതും അതേ രാഷ്ട്രീയംതന്നെ.
യു പി പൊലീസ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെന്ന് ആരോപിച്ചു കാപ്പനെതിരെ തിരിഞ്ഞ അതേ വീറിലാണ് കേരളത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരായ നീക്കം നടന്നത്. പല പഞ്ചായത്തുകളിലും ഭരണം പങ്കിട്ടുകൊണ്ടിരിക്കെത്തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ തിരിയാന്‍ സി പി എമ്മിനു തടസ്സമുണ്ടായില്ല. നാഗ്പൂരില്‍നിന്നുള്ള ഉത്തരവുകളാണ് കേരള സി പി എം നടപ്പാക്കുന്നത്. വര്‍ഗീയ പാര്‍ട്ടികളെ അകറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായി ദീര്‍ഘകാലം ഐ എന്‍ എല്ലിനെ പുറത്തു നിര്‍ത്തിയ ഇടതുപക്ഷ മുന്നണി അവരെയും ജോസ് വിഭാഗം കേരള കോണ്‍ഗ്രസ്സിനെയും ചേര്‍ത്തു നിര്‍ത്തിയാണ് ഇപ്പോള്‍ മുസ്ലീംലീഗിനെ വര്‍ഗീയമെന്ന് ആക്ഷേപിക്കുന്നതും. അജണ്ട മുസ്ലീം ന്യൂനപക്ഷങ്ങളിലെ ഫാഷിസ്റ്റ് വിരുദ്ധ ഐക്യം തകര്‍ക്കല്‍ മാത്രമാണെന്ന് വ്യക്തം.
അതിനാല്‍ എത്ര സമരം ചെയ്താലും സിദ്ദിഖ് കാപ്പനുവേണ്ടി മുഖ്യമന്ത്രി ഒരക്ഷരം ഉരിയാടില്ല. ഒരു കത്തും ഒരാള്‍ക്കും അയക്കില്ല. പകരം ഫാഷിസ്റ്റ് കേന്ദ്രത്തിന്റെ ഉപശാലാ പദവിക്ക് നിരക്കുന്നതെന്തും ചെയ്യും. അടുത്ത തെരഞ്ഞെടുപ്പില്‍ മോദിയാവുമോ ഇടതുപക്ഷത്തെ നയിക്കുക!
ആസാദ്
13 ജനുവരി 2021