ഈയിടെ വധിക്കപ്പെടുന്നതൊക്കെ സി പി എം പ്രവര്‍ത്തകരാണ്. തിരിച്ചടികളും കണക്കു തീര്‍ക്കലുകളും കുറഞ്ഞിരിക്കുന്നു. കൊലയ്ക്കു കൊലയല്ല ഞങ്ങളുടെ നയം എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി പ്രഖ്യാപിച്ചത് അടുത്ത കാലത്താണ്. വെഞ്ഞാറമ്മൂടില്‍ രണ്ടു യുവ സഖാക്കള്‍ കൊല ചെയ്യപ്പെട്ട ശേഷം. മുമ്പൊന്നും ഇത്ര പക്വമായ സമീപനം നാം കണ്ടിട്ടില്ല. കണ്ണിനു കണ്ണ് ചോരയ്ക്കു ചോര വരമ്പത്തു കൂലി എന്നതായിരുന്നു നിലപാട്. ഇപ്പോള്‍ തിരിച്ചടിക്കാന്‍ ശക്തിയില്ലാത്തതല്ല, പ്രാണന് വീഴ്ത്തുന്ന പകപോക്കലിന് ഒരുക്കമില്ല എന്നതാണ് പിന്മാറ്റത്തിനു കാരണമെന്നു വ്യക്തം. ആദരിക്കണം ആ നിലപാടിനെ. സ്വാഗതം ചെയ്യുകയും വേണം.
സഖാവ് സനൂപാണ് ഇന്നലെ കുത്തേറ്റു മരിച്ചത്. ഡിവൈഎഫ് ഐയുടെ ഉശിരന്‍ സഖാവ്. സി പിഎമ്മിന്റെ ബ്രാഞ്ചു സെക്രട്ടറി. ഒരാളും ഇനി കൊല ചെയ്യപ്പെട്ടുകൂടാ എന്നും ഞങ്ങള്‍ പകരത്തിനു പകരം ചെയ്യില്ല എന്നും പ്രഖ്യാപിച്ച പ്രസ്ഥാനത്തെ നിരന്തരം കുത്തി വീഴ്ത്തുന്നത് അവരെക്കൊണ്ട് ആയുധം എടുപ്പിക്കാനാവണം. അതാര്‍ക്കൊക്കെയോ കാര്യങ്ങള്‍ എളുപ്പമാക്കുമായിരിക്കും. സംഘട്ടനങ്ങളിലേക്ക് സിപിഎമ്മിനെ ചേര്‍ത്തു നിര്‍ത്താന്‍ ഏറ്റവുമധികം ആഗ്രഹിക്കുക ആര് എസ് എസ് ആവും. ആ വിചാരധാര നമുക്കെല്ലാം അറിയുന്നതാണ്.
രാഷ്ട്രീയ കൊലപാതകങ്ങളുടെ പതിവുരീതി ഭയം വിതച്ചും ഭയമരിഞ്ഞും രാഷ്ട്രീയ വിജയം നേടുന്നതായിരുന്നു. അതിന്റെ ഉത്സവകാലം ഏറെക്കുറെ അസ്തമിച്ചിട്ടുണ്ട്. രാഷ്ട്രീയ സേനകളല്ല, ക്വട്ടേഷന്‍ സേനകളാണ് കുറെ കാലമായി നാട്ടില്‍ പെരുകുന്നത്. അവ വളര്‍ത്തു യജമാനന്മാര്ക്കു കീഴിലാണ് വളരുന്നത്. നമ്മുടെ നാട്ടില്‍ ഊടുവഴികളില്‍ പോലും സമാന്തരമായ പണമൊഴുക്ക് നടക്കുന്നുണ്ടല്ലോ. അതെവിടെനിന്നാണ് ഒഴുകിപ്പരക്കുന്നത്? എല്ലാ അധിനിവേശ മൂലധനത്തിനും പിറകില്‍ അതിന്റെ ചോറ്റു പട്ടാളം സജീവമാണ്. വനം – മണല്‍ – പാറ ഖനന ലോബികളും സ്വകാര്യ ഭൂമി – ധനമിടപാട് സ്ഥാപനങ്ങളും മയക്കുമരുന്ന് – കള്ളക്കടത്തു ലോബികളും ഗുണ്ടാസേനകളെ പോറ്റുന്നുണ്ട്.
ഓരോ പ്രദേശത്തും ചെറിയ ചെറിയ പ്രശ്നങ്ങള്‍പോലും അക്രമാസക്തമാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ആരെയും നേരിടാനുള്ള ത്രാണി നേടിയിട്ടുണ്ട് ക്വട്ടേഷന്‍ സംഘങ്ങള്‍. അല്‍പ്പം നീതിബോധമുള്ള ഏതു പൗരനും പൊലീസുകാരനും ഇക്കുട്ടരുടെ ഭീഷണിക്കു വിധേയനായിട്ടുണ്ടാകും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ‘ഞങ്ങള്‍ക്കു വഴങ്ങുന്നോ ഞങ്ങളുടെ ശത്രുവാകുന്നോ’ എന്ന മട്ടിലുള്ള ചോദ്യത്തെ വെറുതേവിട്ടു മുന്നോട്ടു പോകാന്‍ പ്രയാസമാണ്.
കേരളീയ സമൂഹത്തിനകത്തും അപഥ സഞ്ചാരികളുടെ അതിക്രമങ്ങള്‍ ദിനം പ്രതി വര്‍ദ്ധിക്കുന്നു. അവരുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ക്കു രാഷ്ട്രീയമുണ്ട്. എന്നാല്‍ അത് ഭിന്ന രാഷ്ട്രീയങ്ങളുടെ ഏറ്റുമുട്ടലല്ല. ചത്തത് കീചകനാണെങ്കില്‍ കൊന്നത് ഭീമനാണെന്ന് ധരിച്ചിരുന്ന കാലം കഴിഞ്ഞു. അങ്ങനെ കാണാനുള്ള വെമ്പല്‍ പലര്‍ക്കും ഉണ്ട്. അത് രാഷ്ട്രീയമായി വികസിപ്പിക്കാന്‍ താല്‍പ്പര്യവും കാണും. എന്നാല്‍ കീഴ്പ്പെടുത്തുന്ന ആപത്ത് എത്രമേല്‍ അരാഷ്ട്രീയവും മനുഷ്യത്വ വിരുദ്ധവുമാണ് എന്ന് നാം ശ്രദ്ധിക്കുന്നില്ല. കൊലപാതകവും ബലാല്‍സംഗവും കയ്യേറ്റവും അതിക്രമവും ഉഴുതു മറിക്കുന്ന പൊതുബോധത്തില്‍ മാറ്റംവരാന്‍ അവിടെ നീതിയുടെ രാഷ്ട്രീയം വിളയേണ്ടതുണ്ട്.
കമ്യൂണിസ്റ്റുകാരെ വേട്ടയാടി ഇല്ലാതാക്കല്‍ പരമലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ള രണ്ടു കൂട്ടര് ആര് എസ് എസ്സും അമേരിക്കന്‍ സാമ്രാജ്യത്വവുമാണ്. അവര്‍ ഇപ്പോഴും അത് ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട്. സാമ്പത്തികവും സൈനികവുമായ അമേരിക്കന്‍ അധിനിവേശ താല്‍പ്പര്യത്തിനും ആര് എസ് എസ് ഹിന്ദുത്വ റിവൈവലിസത്തിനും തടസ്സം നില്ക്കുന്ന പ്രത്യയശാസ്ത്രമാണ് കമ്യൂണിസം. അതു തട്ടിനീക്കാനാണ് അവര്‍ പ്രവര്‍ത്തകരെ വേട്ടയാടുന്നത്. ഉന്മൂലനത്തിനുള്ള ഗൂഢ പദ്ധതികളുമായി അലയുന്ന രണ്ടു പ്രതിലോമ ശക്തികളും ചുവപ്പിനു മുന്നില്‍ പകച്ചു പോകുന്നവരാണ്. ആയുധപ്രയോഗവും ഉന്മൂലനത്തിന്റെ രാഷ്ട്രീയവും ജനാധിപത്യ വ്യവഹാരങ്ങളിലൂടെ തിരുത്തിയെഴുതിക്കാന്‍ കഴിയണം.
ഓരോ കൊലപാതകവും വേദനാകരമാണ്. ആവര്‍ത്തിക്കില്ലെന്നു തീര്‍ച്ചപ്പെടുത്തിയ പക്ഷത്ത് ഐക്യപ്പെടുകയും കൊലയാളികളെ സാമൂഹികമായി ഒറ്റപ്പെടുത്തുകയും വേണം. ഫാഷിസത്തിന്റെ നാട്ടധികാരികളാണ് കൊലപാതകങ്ങളെ ന്യായീകരിക്കുന്നത്. വീണ്ടും വീണ്ടും അതു ചെയ്തുകൊണ്ടേ ഇരിക്കുന്നത്. ഫാഷിസ്റ്റ് വിരുദ്ധ ഐക്യം മനുഷ്യസ്നേഹത്തിന്റെ പക്ഷം ചേരലാവണം. ഹിംസയുടെ രാഷ്ട്രീയത്തെ നിര്‍ദ്ദയം തള്ളിക്കളയുന്നതാവണം. ഇനി ഒരാളും കൊല ചെയ്യപ്പെട്ടുകൂടാ എന്ന നിശ്ചയത്തിന് വര്‍ത്തമാന ഇന്ത്യയില്‍ വലിയ അര്‍ത്ഥമുണ്ട്. സനൂപിന്റെ രക്തസാക്ഷിത്വം, മനുഷ്യര്‍ പ്രവര്‍ത്തിക്കുന്നു, പൊരുതുന്നു എന്ന പ്രഖ്യാപനത്തിന്റെ നിറമുള്ള സ്മരണയായി ഞാന്‍ വേദനയോടെ അറിയുന്നു. സഖാവിന് അന്ത്യാഭിവാദ്യം.