എന്‍ ഐ എ – യു എ പി എ ഭേദഗതികളെ തെരുവിലെങ്കിലും എതിര്‍ത്തു നില്‍ക്കാന്‍ ഇടതു സർക്കാരിന് ബാധ്യതയുണ്ട്

89

ആസാദ്

ആ ചങ്ങലയില്‍ മുഴങ്ങുമോ യു എ പി എ വിരുദ്ധ മുദ്രാവാക്യം ?

മനുവാദ ഹിന്ദുരാഷ്ട്ര നിര്‍മാണത്തിന്റെ മുന്നുപാധികളായാണ് രണ്ടാം മോദി സര്‍ക്കാര്‍ അവതരിപ്പിച്ച പ്രധാനനിയമ ഭേദഗതികളെ കാണേണ്ടത്. അതില്‍ പൗരത്വ ഭേദഗതി നിയമത്തെ മാത്രം വേര്‍പെടുത്തി വിമര്‍ശനം ഉന്നയിക്കുന്നതുകൊണ്ടായില്ല.

പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ പട്ടികയുടെയും ലക്ഷ്യം ആര്‍ എസ് എസ്സിന്റെ ഹിന്ദുമാത്ര വാഗ്ദത്തഭൂമിയാണ്. അതിലേക്ക് കടന്നെത്താന്‍ വലിയ പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടി വരും. ജനാധിപത്യ മതേതര ദര്‍ശനങ്ങളും ജനകീയ പ്രതിരോധങ്ങളുമാണവ. അവയെ നേരിടാന്‍ കര്‍ക്കശ നിയമങ്ങള്‍ ഉപയോഗിക്കാനാണ് മോദിസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. അതിന്റെഭാഗമായാണ് യുഎപിഎ, എന്‍ ഐ എ നിയമങ്ങള്‍ ഭേദഗതി ചെയ്തത്.

നിയമ ഭേദഗതി കൊണ്ടുവരാന്‍ മാത്രമല്ല, അതു നടപ്പാക്കാനുള്ള മണ്ണൊരുക്കാനും ആര്‍ എസ് എസ് ശ്രദ്ധിച്ചിട്ടുണ്ട്‌. അര്‍ബന്‍ നക്സല്‍, അര്‍ബന്‍ മാവോയിസ്റ്റ് തുടങ്ങിയ പദങ്ങളെ പദകോശങ്ങളിലേയ്ക്കും രാഷ്ട്രീയ ജീവിതത്തിലേയ്ക്കും കൗശലപൂര്‍വ്വം എറിഞ്ഞു പിടിപ്പിച്ചത് അതിനാണ്. ആരെരും ഭീകരരായി കാണാം ഭരണകൂടത്തിന് . പ്രത്യേകിച്ചും സ്വതന്ത്രാഭിപ്രായം പറയുന്നവരെ, ചിന്തിക്കുന്നവരെ, പ്രതിഷേധിക്കുന്നവരെ. ഇത് ഏറ്റവുമേറെ ബാധിക്കുക ഇടതുപക്ഷ പ്രതിരോധ നിരയെയാവും.

അതിനാല്‍ പൗരത്വ ഭേദഗതി നിയമത്തെ പ്രതിരോധിക്കാനുള്ള ഏതു സമരവും യുഎ പി എ,- എന്‍ ഐ എ ഭേദഗതികള്‍ക്ക് എതിരെ കൂടിയാവണം. ഒന്നു മറച്ചുവെച്ച് മറ്റൊന്നിനെതിരെ പ്രതിഷേധിക്കാന്‍ ഇടതുപക്ഷത്തിന് കഴിയില്ല. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ഈ വാസ്തവത്തെക്കാള്‍ പ്രധാനം അധികാരമാണ്. അതുകൊണ്ടാണ് അലനെയും താഹയെയും യുഎ പി എ ചുമത്തി പിടികൂടി എന്‍ ഐ എയ്ക്ക് വിട്ടുകൊടുക്കാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനു കഴിയുന്നത്. അതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചങ്ങല തീര്‍ക്കുമ്പോള്‍ എന്‍ ഐ എ – യു എ പി എ നിയമ ഭേദഗതി സൗകര്യപൂര്‍വ്വം വിട്ടുകളയാന്‍ സാധിക്കുന്നത്.

യു എ പി എയ്ക്കെതിരെ മുദ്രാവാക്യം വിളിക്കാനാവാത്ത ഒരു പ്രതിഷേധച്ചങ്ങലയില്‍ സി പി ഐയും സി പി ഐ എമ്മും കൈ കോര്‍ക്കുന്നത് അത്ഭുതകരമാണ്. ഈ വിധേയത്വം അവരുടെ പരിമിതിയാകാം. സ്വന്തം അണികളെ അര്‍ബന്‍ മാവോയിസ്റ്റുകളാക്കി ബലി നല്‍കി സംരക്ഷിക്കേണ്ട വിധം പവിത്രമാണ് അധികാരം എന്നവര്‍ ധരിക്കുന്നു! അങ്ങനെയൊരു ചങ്ങല ദുര്‍ബ്ബലമായ കണ്ണികളുടെ പ്രദര്‍ശന നാടകമേ ആവൂ. വിധേയത്വത്തിന്റെ അഥവാ അടിമത്തത്തിന്റെ ഏറ്റുപറച്ചില്‍!
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവില്‍ പൊരുതുമ്പോള്‍ എന്‍ ഐ ഭേദഗതിക്കെതിരെ കോടതിയില്‍ പൊരുതാന്‍ ഛത്തീസ്ഗഡ് ഗവണ്‍മെന്റു തയ്യാറാണ്. ആ വിവേകം ഒരിടതുപക്ഷ ഗവണ്‍മെന്റില്‍ കാണുന്നില്ലെങ്കില്‍ അതൊരു ഇടതുപക്ഷ ഗവണ്‍മെന്റാവുകയില്ല. എന്‍ ഐ എ – യു എ പി എ ഭേദഗതികളെ തെരുവിലെങ്കിലും എതിര്‍ത്തു നില്‍ക്കാന്‍ അവര്‍ക്കു ബാധ്യതയുണ്ട്. മനുഷ്യച്ചങ്ങലയില്‍ ആ മുദ്രാവാക്യം തെളിയുന്നില്ലെങ്കില്‍ അതിന്റെ താല്‍പ്പര്യം സംശയിക്കാതെ വയ്യ.

Advertisements