കാമ്പസുകളേ, പറയണം അലന്റെയും താഹയുടെയും രക്തം നിങ്ങളോടു പറയുന്നതെന്ത് ?

  120
  ആസാദ്
  കാമ്പസുകളേ, പറയണം അലന്റെയും താഹയുടെയും രക്തം നിങ്ങളോടു പറയുന്നതെന്ത് ?
  കേരളത്തില് രണ്ടു വിദ്യാര്ത്ഥികളെ യു എ പി എ ചുമത്തി തടവറയില് തള്ളിയിട്ട് എണ്പതു ദിവസമായി. ആ കേസ് എന് ഐ എയ്ക്ക് കൈമാറുകയും ചെയ്തു. അവര് ചെയ്ത കുറ്റമെന്തെന്ന് വിശദീകരിക്കാന് ഇതുവരെ സര്ക്കാറിനു സാധിച്ചിട്ടില്ല.
  രണ്ടു വിദ്യാര്ത്ഥികളെ ഇങ്ങനെ ദുരൂഹവും ഇരുളാര്ന്നതുമായ ഭാവിയിലേക്ക് തള്ളിവിട്ട സര്ക്കാറിനെതിരെ ശബ്ദിക്കാന് ഒരു വിദ്യാര്ത്ഥി സംഘടനയും ഇന്നോളം സന്നദ്ധമായിട്ടില്ല. അതു നമ്മുടെ നാട്ടിലെ വിദ്യാര്ത്ഥികളുടെ രാഷ്ട്രീയാവബോധത്തെ ചെറുതാക്കുന്നു. അവരുടെ സമരചരിത്രത്തെ റദ്ദാക്കുന്നു. വര്ത്തമാനത്തെ അശ്ലീലമാക്കുന്നു.
  അലനും താഹയും തലയുയര്ത്തി നില്ക്കുന്നു. തല താഴ്ത്തുന്നത് , താഴ്ത്തേണ്ടത് നീതിയുടെ/ നിയമത്തിന്റെ കാവല്ക്കാരും നടത്തിപ്പുകാരുമാണ്. എന്തിനു ഞങ്ങളെ യു എ പി എ ചുമത്തി ജയിലില് തള്ളിയെന്ന അവരുടെ ചോദ്യത്തെ അഭിമുഖീകരിക്കാന് സര്ക്കാറിനു കഴിയുന്നില്ല. തെളിവെന്തുണ്ട് എന്ന് അവര് ഉറക്കെയുറക്കെ ചോദിക്കുന്നു.
  ഈ ഉറച്ച ശബ്ദം കേരളത്തിലെ കലാലയങ്ങളില് മുഴങ്ങാതിരിക്കുമോ? ഇന്ത്യയിലെവിടെയും വിദ്യാര്ത്ഥികള് വേട്ടയാടപ്പെടുന്നുണ്ട്. അവിടെയെല്ലാം പ്രതിഷേധം ഉയരുന്നുമുണ്ട്. എന്നാല് രാഷ്ട്രീയ ജാഗ്രതയ്ക്കു പേരുകേട്ട കേരളത്തില് അലന് താഹമാരെ ഓര്ത്ത് ഒരു പ്രതിഷേധവും ഉയരാത്തതെന്ത്? സംഘടനകളെല്ലാം ഹീനമായ മൗനത്തിലേക്ക് വീഴുന്നതെന്ത്? സംഘടനകള്ക്കപ്പുറം ഒറ്റപ്പെട്ട ഒരു വിദ്യാര്ത്ഥി നീതിയെപ്പറ്റി ഖേദിച്ചു നിലവിളിക്കുന്നത് നാം സങ്കല്പ്പിക്കണം. അതു യാഥാര്ത്ഥ്യമാകണം.
  അലന് താഹമാരെ ഉടന് വിട്ടയക്കണമെന്ന്, ഭരണകൂടത്തിന്റെ വേട്ടയാടല് അവസാനിപ്പിക്കണമെന്ന് കാമ്പസുകള് പറഞ്ഞു തുടങ്ങണം. ഞാനുണ്ട് ഞാനുണ്ട് എന്ന് ഓരോരുത്തരായി ഉണരണം. അടിമ ജീവിതത്തിന്റെ ഈ വിധേയ നിശബ്ദത കേരളത്തിലെ വിദ്യാര്ത്ഥികള്ക്കു ചേരില്ല.
  ആരുണ്ട് കേരളത്തിലെ കാമ്പസുകളില് ഇതു കേള്ക്കുന്നവരായി? സച്ചിദാനന്ദനും ബി.രാജീവനും കെ ജി ശങ്കരപ്പിള്ളയും സാറാജോസഫും ദേവികയും കെ ആര് മീരയും എം എന് കാരശ്ശേരിയും ബി ആര് പി ഭാസ്കറും പി കെ പോക്കറും വി കെ ജോസഫും സി എസ് വെങ്കിടേശ്വരനും ജോയ് മാത്യുവും കല്പ്പറ്റ നാരായണനും തുടങ്ങി കേരളത്തിന്റെ ഒട്ടേറെ സാംസ്കാരിക ശബ്ദങ്ങള് ഒപ്പുവെച്ച നിവേദനത്തില് സ്വന്തം കൈയൊപ്പു ചാര്ത്താന് കാമ്പസുകളില് ഒരാളും വരാതിരിക്കുമോ?
  പറയണം വിദ്യാര്ത്ഥികള്. അലന്റെയും താഹയുടെയും രക്തം നിങ്ങളോട് എന്ത് ആവശ്യപ്പെടുന്നു എന്ന്.
  Advertisements