ചരിത്രം കുറിക്കാവുന്ന ഒരു പ്രക്ഷോഭം കേരളത്തില്‍ ഉയരേണ്ടതായിരുന്നു, അതിനു നേതൃത്വം നല്‍കേണ്ടിയിരുന്നവരുടെ പിന്മാറ്റം ചോദ്യം ചെയ്യപ്പെടണം

145

ആസാദ്

ഒരിടതുപക്ഷ പ്രഭാഷണത്തില്‍ കേട്ടു: ”കാമ്പസ് രാഷ്ട്രീയത്തെപ്പറ്റി വലിയ എതിര്‍പ്പോ ആശങ്കയോ പുലര്‍ത്തിയിരുന്നവരുണ്ടല്ലോ. ഇപ്പോള്‍ നോക്കൂ രാജ്യം അപകടത്തെ നേരിടുമ്പോള്‍ വിദ്യാര്‍ത്ഥികളല്ലേ ഉണര്‍ന്നു രംഗത്തു വന്നത്? രാഷ്ട്രീയ പ്രബുദ്ധമാണ് നമ്മുടെകാമ്പസുകള്‍”.

ശരിയാണ്. ജാമിയാ, ജെ എന്‍ യു ,അലിഗഢ്, എച്ച് സി യു, ഇഫ്ലു, ദില്ലി, ഐ ഐ ടി തുടങ്ങി രാജ്യത്തെ കാമ്പസുകളെല്ലാം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തു വന്നു. ഹിന്ദുത്വ മതരാഷ്ട്ര നിര്‍മാണത്തിനെതിരെ സൂക്ഷ്മ ജാഗ്രത പുലര്‍ത്തി നമ്മുടെ ജനാധിപത്യത്തിനു കാവലാരംഭിച്ചു. സ്വാതന്ത്ര്യാനന്തര കാലത്ത് ഇങ്ങനെയൊരു സമരാനുഭവം വേറെയില്ല.

പക്ഷെ, കേരളത്തിലെ കാമ്പസുകളോ? ചട്ടപ്പടി ദിനാചരണങ്ങളുടെ ഒച്ചയനക്കങ്ങള്‍പോലും പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍നിന്ന് ഉയര്‍ന്നില്ല. തെരുവിലേക്ക് ഇരമ്പിയിറങ്ങാന്‍ അവര്‍ മടിച്ചു. എന്നിട്ടും അതിനു ശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ പലയിടത്തുമുണ്ടായി. ആ ഊര്‍ജ്ജം ആളിപ്പോകരുതെന്ന ശാഠ്യമാണ് വ്യവസ്ഥാപിത വിദ്യാര്‍ത്ഥി സംഘടനകളില്‍ കണ്ടത്. ജനാധിപത്യ രാഷ്ട്രീയ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ മൗനം മതാധിഷ്ഠിത വിദ്യാര്‍ത്ഥി സമൂഹത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കി. കേരളത്തിലെ കാമ്പസുകളില്‍ ഫാഷിസ്റ്റു വിരുദ്ധ സമരത്തിന്റെ മുന്‍കൈ മതേതര സംഘടനകളില്‍നിന്നു മാറിപ്പോവുന്നു. തിരുവനന്തപുരത്ത് ആരംഭിച്ച ഷഹീന്‍ബാഗ് മാത്രമാണ് ഏകാപവാദം. ആ പന്തല്‍ പൊളിക്കാനാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കാണണം.

ചരിത്രം കുറിക്കാവുന്ന ഒരു പ്രക്ഷോഭം കേരളത്തില്‍ ഉയരേണ്ടതായിരുന്നു. അതിനു നേതൃത്വം നല്‍കേണ്ടിയിരുന്നവരുടെ പിന്മാറ്റം ചോദ്യം ചെയ്യപ്പെടണം. തങ്ങളില്‍ രണ്ടുപേര്‍ യു എ പി എ ചുമത്തി തടവില്‍ അടയ്ക്കപ്പെട്ടിട്ടും അതു ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ടയുടെ പ്രാരംഭ നടപടികളാണെന്നു തിരിച്ചറിയാനും പ്രക്ഷോഭ രംഗത്തിറങ്ങാനും കഴിയാത്ത മന്ദന്മാരുടെ വിദ്യാര്‍ത്ഥി സംഘടനകളേ കേരളത്തിലുള്ളു. ജനാധിപത്യമൂല്യങ്ങള്‍ക്കു മുറിവേല്‍ക്കുമ്പോള്‍ പൊള്ളുന്ന ധാര്‍മികതയൊന്നും ബാക്കിയില്ല.

എന്നിട്ടും കാമ്പസുകളുടെ രാഷ്ട്രീയോണര്‍വ്വു സംബന്ധിച്ച് അഭിമാനം കൊള്ളുകയാണ് പ്രഭാഷണ വേദികളില്‍ ചിലര്‍! അടിമകളുടെ സഹനവും സന്നദ്ധതയുമേ ഇവിടെയുള്ളു. അതു പൊട്ടിച്ചു പുറത്തിറങ്ങാന്‍ അപൂര്‍വ്വം ചിലയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാവുന്നു. അവരതിന് അക്രമങ്ങളെ നേരിടുന്നുമുണ്ട്. എന്തുപറ്റി കേരളത്തിന്റെ പുരോഗമന കാമ്പസുകള്‍ക്കെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ പറയട്ടെ. ഒരു ‘ഷഹീന്‍ ബാഗെ’ങ്കിലും ഒരുക്കി സമരോര്‍ജ്ജം പൊട്ടിത്തെറിക്കട്ടെ. അലന്‍ താഹമാരുടെ യുഎപിഎ അറസ്റ്റിനെതിരെ ഒരു പ്രതിഷേധ ജാഥയെങ്കിലും കാണട്ടെ. എന്നിട്ടു നമുക്ക് കാമ്പസുകളുടെ രാഷ്ട്രീയ പ്രബുദ്ധത കൊണ്ടാടാം.

ആസാദ്
20 ഫെബ്രുവരി 2020

Advertisements