ഭരണമേ മാറുന്നുള്ളു ഭരണകൂടം മാറുന്നില്ലെന്ന് എം വി ഗോവിന്ദന്റെ മഹാ കണ്ടുപിടുത്തം, അതു ജനങ്ങള്‍ക്ക് എന്നേ അനുഭവമാണ്

121
ആസാദ്
ഫെഡറല് സംസ്ഥാനങ്ങള്ക്ക് നിലവില് ലഭ്യമായ പരിമിതമായ അധികാരംപോലും ഉപയോഗിക്കാന് കെല്പ്പില്ലാതെ ഭരണകൂട വ്യാഖ്യാനങ്ങളിലും സാധൂകരണങ്ങളിലും അഭിരമിക്കുകയാണ് സി പി ഐ എം നേതൃത്വം. പിണറായി ചെയ്യുന്നതും എം വി ഗോവിന്ദന് പറയുന്നതും അതാണ്.
കേന്ദ്ര ഭരണ പ്രദേശങ്ങളിലും അര്ദ്ധ സംസ്ഥാന പദവിയുള്ളയിടങ്ങളിലും പൊലീസ് കേന്ദ്ര സര്ക്കാറിനു കീഴിലാണ്. എന്നാല് നമ്മുടേതുപോലെയുള്ള സംസ്ഥാനങ്ങളില് പൊലീസ് നയം നിശ്ചയിക്കാനും നടപ്പില് വരുത്താനും പൂര്ണാധികാരം സംസ്ഥാന സര്ക്കാറുകള്ക്കാണ്. അതില് കടന്നു കയറാന് കേന്ദ്രം ശ്രമിക്കുന്നുണ്ടെന്നത് നേര്. അത്തരമൊരു ഘട്ടത്തില് സംസ്ഥാനത്തിനുള്ള അധികാരം ,പ്രയോഗിക്കാതെ ഞങ്ങള് കേന്ദ്ര ഭരണകൂടത്തിന്റെ ഭാഗമാണ് എന്നു പ്രസ്താവിക്കുന്നത് അടിമത്തം യാചിച്ചു വാങ്ങലാണ്.
സംസ്ഥാന സര്ക്കാറുകള് പൊലീസ് നയം പ്രഖ്യാപിക്കാറുണ്ട്. അതു നടപ്പാക്കാറുമുണ്ട്. തൊഴില് സമരങ്ങളില് ഇടപെടില്ല എന്ന നിശ്ചയം ഇടതുപക്ഷ സര്ക്കാര് നടപ്പാക്കിയിട്ടുണ്ട്. അന്നു കീഴ് വഴക്കമോ ബൂര്ഷ്വാ ഭരണകൂടത്തിന്റെ പരിമിതികളോ തടസ്സമായില്ല. നടപ്പാക്കാന് ശേഷിയുള്ള പാര്ട്ടിയും നേതൃത്വവും അന്നുണ്ടായിരുന്നു.
ഇപ്പോള്, ‘പൊലീസ് മാറിയില്ല പഴയതു തന്നെയാണ്’, ‘പൊലീസിലുമുണ്ട് പലതരക്കാര്, അവര് തന്നിഷ്ടം കാണിക്കുന്നു’ എന്നൊക്കെ വിശദീകരിക്കുമ്പോള് തെളിയുന്നത് സര്ക്കാറിന്റെ കഴിവുകേടല്ലാതെ മറ്റെന്ത്? പൊലീസ് ഭാഷ്യം ഉരുവിടാനുള്ള ആളല്ല പൊലീസ് വകുപ്പു മന്ത്രി. പൊലീസ് സേന തങ്ങളുടെ ഗവണ്മെന്റിന്റെ പൊലീസ് നയം നടപ്പാക്കുന്നുണ്ടോ എന്നു ഉറപ്പു വരുത്തേണ്ട ആളാണ്.
യു എ പി എ പ്രയോഗിക്കേണ്ട ഒരു സാഹചര്യം കേരളത്തിലില്ലെന്നാണ് സി പി ഐ എം കരുതുന്നത്. അതു തുറന്നു പറഞ്ഞിട്ടുമുണ്ട്. അപ്പോള് പിന്നെ പൊലീസ് എഫ് ഐ ആറിടുമ്പോള്തന്നെ യു എ പി എ ചേര്ക്കുന്നുണ്ടെങ്കില് അതു ചേര്ത്ത പോലീസുകാരന് കേരള ഗവണ്മെന്റിന്റെ ശംബളം വാങ്ങുന്ന ആളാവുകയില്ല. സര്ക്കാര് നയത്തിനെതിരെ പ്രവര്ത്തിക്കുന്നവരെ എന്തു ചെയ്യണമെന്നതിനും നിയമത്തില് വകുപ്പുകള് കാണുമല്ലോ.
ഇവിടെ അങ്ങനെ പ്രവര്ത്തിച്ച പൊലീസിനെതിരെ നടപടിയില്ല. അങ്ങനെ വേണ്ടിവന്നാല് ഡി ജി പിയെത്തന്നെ മാറ്റേണ്ടി വരും. അദ്ദേഹത്തിനു ചോറിവിടെയാണെങ്കില് കൂറു ദില്ലിയിലാണ്. ആ കൂറിന്റെ ഓരം പറ്റി നടക്കാനാണ് കേരളത്തിലെ പൊലീസ് മന്ത്രിക്കും താല്പ്പര്യം. അതിനു പ്രേരിപ്പിക്കുന്ന ഘടകമെന്താണാവോ!
നയമല്ല,നേതാവാണ് മുഖ്യമെന്നു കരുതുന്ന പാര്ട്ടി നേതൃത്വം മൗനം പുലര്ത്തുന്നു. കുത്തിക്കുത്തി ചോദിച്ചാല് ഒന്നിലേറെ ശരികള് പുലമ്പും. പാര്ട്ടിക്കും ഭരണത്തിനും ഒറ്റ ഓഫീസേയുള്ളു. ഇടതുപക്ഷം ഭരിക്കുമ്പോള് മുമ്പത് എ കെ ജി സെന്ററായിരുന്നു. ഇപ്പോള് മുഖ്യമന്ത്രിയുടെ ഓഫീസാണ്. അതിനാല് മുഖ്യമന്ത്രിയെ ന്യായീകരിക്കലാകുന്നു പാര്ട്ടിയുടെ അടിയന്തര ചുമതല.
ഭരണമേ മാറുന്നുള്ളു ഭരണകൂടം മാറുന്നില്ലെന്ന് എം വി ഗോവിന്ദന്റെ മഹാ കണ്ടുപിടുത്തം! അതു ജനങ്ങള്ക്ക് എന്നേ അനുഭവമാണ്. എങ്കിലും ഭരണകൂടത്തില് ചില ആഘാതങ്ങളേല്പ്പിക്കാനും തിരുത്തല് വരുത്താനും ബദലുകള് നടപ്പാക്കാനും ഇടതുപക്ഷത്തിനു ശേഷിയുണ്ടെന്ന് അവര് ധരിച്ചുപോയി. ഇല്ലെങ്കില് കേരളത്തില് ഭരണ മാറ്റത്തിന് അവര് ആഗ്രഹിക്കുകയോ മുതിരുകയോ ചെയ്യുമായിരുന്നില്ല. ഈ പരിമിതമായ സാധ്യതപോലും തങ്ങളെക്കൊണ്ടാവില്ലെന്ന ഇപ്പോഴത്തെ ഏറ്റുപറച്ചിലുണ്ടല്ലോ അത് അതീവ ദയനീയമാണ്. എം വി ഗോവിന്ദനെ കാത്തിരുന്നവര്ക്ക് ഗോവിന്ദന് തന്റെ ഉള്പ്പുറങ്ങള് കാണിച്ചുകഴിഞ്ഞു.