പിണറായി സര്‍ക്കാറിന്റെ ഭരണകാലം അവസാനിപ്പിക്കാതിരിക്കാന്‍ എന്തു ന്യായവാദം ഉന്നയിക്കാനുണ്ട് ?

0
54

ആസാദ്

പിണറായി വിജയന്‍ സര്‍ക്കാറിന് തുടര്‍ഭരണം നല്‍കേണ്ടത് എന്തിന്റെ പേരിലാണ്? കണ്ണഞ്ചിക്കുന്ന വികസനത്തിന്റെ പേരിലാണോ? അതോ അതു മറച്ചുപിടിച്ച കരളലിയിക്കുന്ന നിലവിളികളുടെ പേരിലോ?എല്ലാവര്‍ക്കും വീടു നല്‍കുന്ന കാരുണ്യത്തിനോ? എല്ലാവര്‍ക്കും ഭൂമിയില്‍ അവകാശം എന്നത് വെറും വീടവകാശമാക്കി ചുരുക്കിയ രാഷ്ട്രീയകൗശലത്തിനോ?സുരക്ഷാ വാഗ്ദാനങ്ങള്‍ നല്‍കിയതിനോ? അമ്മമാരുടെ ശമിക്കാത്ത വിലാപങ്ങള്‍ വരുത്തിവെച്ചതിനോ? കൊല ചെയ്യപ്പെട്ട യുവാക്കളുടെ അമ്മമാര്‍, ബലാല്‍ക്കാരത്തിനു വിധേയരായ പെണ്‍കുട്ടികളുടെ അമ്മമാര്‍, യു എ പി എ ചുമത്തി തടവിലടയ്ക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍, വിദ്യാഭ്യാസ കച്ചവടമേലാളര്‍ ചവച്ചുതുപ്പിയ ജിഷ്ണൂ പ്രണോയ്മാരുടെ അമ്മമാര്‍, കസ്റ്റഡിയില്‍ കൊല ചെയ്യപ്പെട്ടവരുടെ അമ്മമാര്‍, വികസനാഭാസം പുറംതള്ളിയ വീട്ടമ്മമാര്‍- അമ്മമാരുടെ അശരണമായ തേങ്ങലുകള്‍ സര്‍ക്കാറിനെ താങ്ങുമോ?

റോഡുകളും പാലങ്ങളും കാത്തിരിപ്പു കേന്ദ്രങ്ങളും വിമാനത്താവളങ്ങളും മഹാസൗധങ്ങളും വാതകക്കുഴല്‍പ്പാതയും കെ റെയിലും മസാലബോണ്ടും കിഫ്ബിയും തലപൊക്കിയ വികസന ഭാവനയ്ക്ക് മറ്റെല്ലാം മറന്ന് തുടര്‍ഭരണം നല്‍കുമോ? നിറപ്പകിട്ടുള്ള പത്രങ്ങളും ഹോര്‍ഡിങ്ങുകളും കൊട്ടിഘോഷിക്കുന്ന നന്മയ്ക്കു തുടര്‍ച്ച കിട്ടുമോ?വാളയാറിലെ കുഞ്ഞുമക്കളെ കൊന്നു തൂക്കിയ കൊലയാളികളെ പഴുതൊരുക്കി രക്ഷപ്പെടുത്തിയ പൊലീസ് നെറികേടിന് തുടര്‍ച്ച കിട്ടുമോ? പെണ്‍കുട്ടികളുടെ സമ്മതമുണ്ടായിരുന്നു എന്ന് നിര്‍ലജ്ജം മാധ്യമങ്ങളോടു പുലമ്പിയ പൊലീസേമാനെ ഉദ്യോഗക്കയറ്റം നല്‍കി പോക്സോ നിയമത്തെ അപഹസിച്ച സര്‍ക്കാറിന്റെ കുടില സാമര്‍ത്ഥ്യത്തിന് ഭരണത്തുടര്‍ച്ച നല്‍കുമോ?വ്യാജ ഏറ്റുമുട്ടല്‍ കൂട്ടക്കൊലകള്‍ കേരളത്തില്‍ നടപ്പാക്കി എട്ടുപേരെ വെടിവെച്ചു കൊന്ന പൊലീസ് നൃശംസതയ്ക്ക് തുടര്‍ച്ച നല്‍കണോ?

സംഘപരിവാരം കണ്ടെത്തിയ അര്‍ബന്‍ ധൈഷണിക കുറ്റകൃത്യത്തിനും അതിന്റെ യു എ പി എശിക്ഷാവിധിക്കും കേരളത്തിലേക്കു പ്രവേശനം നല്‍കിയ ‘ഇടതുദാരത’യ്ക്കു തുടര്‍ച്ച വേണമോ? വിദ്യാര്‍ത്ഥികളെ വേട്ടയാടിപ്പിടിക്കുന്ന മോദി അമിത് ഷാ ഭരണത്തിന്റെ അജണ്ട അവരെക്കാള്‍ ഹീനമായി നടപ്പാക്കിയതിന് അംഗീകാരം നല്‍കണോ?പിണറായി സര്‍ക്കാറിന് തുടര്‍ഭരണം നല്‍കേണ്ടത് എന്തിന്റെ പേരിലാണ്? നടന്നത് ഓരോന്നും ആ നിമിഷം നീതിബോധത്തിന്റെ അഗ്നിയില്‍ സര്‍ക്കാറിനെ എരിയിച്ചു കളയേണ്ട വിധം കൊടും പാതകങ്ങള്‍! നീതി അക്രമിക്കപ്പെട്ട തെരുവുകളില്‍ എത്രയോ പ്രതാപികളുടെ ഭരണ സംവിധാനങ്ങള്‍ തീയാളിയമര്‍ന്നിരിക്കുന്നു. വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട് അസംഖ്യം ഭരണ നേതൃത്വങ്ങള്‍. എന്നിട്ടും നാണം കെട്ട നിശ്ശബ്ദതയില്‍, ന്യായീകരണ പുകമറകളില്‍ ഒളിച്ചുനിന്ന സര്‍ക്കാറാണിത്.

ഭൂമിക്കും വിഭവാവകാശങ്ങള്‍ക്കും തൊഴിലിനും വേണ്ടിയുള്ള ദളിത് – കീഴാള സമരങ്ങളെ തകര്‍ത്തെറിഞ്ഞ അധികാര ശേഷിക്കാണോ തുടര്‍ഭരണം വേണ്ടത്? സര്‍ക്കാര്‍ ഭൂമി കയ്യേറുന്ന തോട്ടം പ്രമാണിമാര്‍ക്ക് കോടതിയില്‍ തോറ്റു കൊടുക്കുന്ന മെയ് വഴക്കത്തിനാണോ തുടര്‍ ഭരണം നല്‍കേണ്ടത്? ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയെവിടെ? ദളിതര്‍ക്കു കോളനികളില്‍നിന്നുള്ള സ്വാതന്ത്ര്യമെവിടെ? ഭൂരഹിത കര്‍ഷകര്‍ക്കു കൃഷിയിടമെവിടെ? തോട്ടം തൊഴിലാളികള്‍ക്കു ലായത്തിനു പുറത്തു ജീവിതമെവിടെ? ഏത് അടിസ്ഥാന പ്രശ്നം പരിഹരിച്ചതിനാണ് തുടര്‍ഭരണം നല്‍കേണ്ടത്?ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള അനേക സമരങ്ങള്‍. പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള സമരങ്ങള്‍. ഏതു സമരത്തിനു നല്‍കിയ ശ്രദ്ധയ്ക്കും അനുഭാവത്തിനുമാണ് തുടര്‍ഭരണം നല്‍കേണ്ടത്? മനുഷ്യ ജീവിതം അക്രമിക്കപ്പെട്ട തീരദേശത്തും പശ്ചിമ ഘട്ടത്തിലും തോട്ടങ്ങളിലും വയലേലകളിലും കോര്‍പറേറ്റ് കയ്യേറ്റക്കാര്‍ക്കൊപ്പം നിന്ന കൊടും വഞ്ചനയ്ക്കു തുടര്‍ഭരണം നല്‍കണോ?

ജനങ്ങളുടെ ജീവിത പുരോഗതിയാണ് വികസനം എന്നു പഠിപ്പിച്ച മഹാന്മാരുടെ ഓര്‍മ്മകളെ ചവിട്ടിവീഴ്ത്തി കോര്‍പറേറ്റ് വാഴ്ച്ചയ്ക്കു പാവങ്ങളെ ബലിനല്‍കുന്ന വികസനതീവ്രവാദത്തിനാണോ തുടര്‍ഭരണം വേണ്ടത്? റോഡും തുറമുഖവും വിമാനത്താവളവും സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്രത്തിനു കൂട്ടുനിന്ന ഭരണത്തിനാണോ തുടര്‍ച്ച വേണ്ടത്?അഞ്ചുവര്‍ഷംകൊണ്ട് രണ്ടുലക്ഷം കോടിയോളം രൂപ വായ്പയെടുത്ത് ഭാവികേരളത്തിന്റെ കൈകാലുകള്‍ കെട്ടിയിട്ട കടക്കെണിയാസൂത്രണത്തിന് തുടര്‍ച്ച നല്‍കണോ? കോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് കോര്‍പറേറ്റുകളുമായി ഉടമ്പടിയുണ്ടാക്കുന്നതിന്റെ പാര്‍ശ്വ മധുരത്തിനും എടുപ്പുശോഭയ്ക്കും റേഷന്‍ കിറ്റിനും നാണമില്ലാതെ വഴങ്ങണോ ഞങ്ങള്‍? അതിനു നല്‍കണോ തുടര്‍ഭരണം?സാമൂഹിക നീതി വിസ്മരിച്ചു മുന്നോക്ക വിഭാഗങ്ങളെ കാബിനറ്റ് പദവിയില്‍ പരിപാലിച്ചതിനും സംവരണം നല്‍കിയും രാഷ്ട്രീയ ധ്രുവീകരണത്തിനു പ്രേരിപ്പിച്ചും പൊലിപ്പിച്ചെടുത്തതിനും തുടര്‍ച്ചവേണമോ? ഫാഷിസ്റ്റ് ഹിന്ദുത്വത്തെ പാലൂട്ടിവളര്‍ത്താന്‍ ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കുന്ന സൃഗാല കൗശലത്തിനു നല്‍കണോ തുടര്‍ ഭരണം?

പിണറായിസര്‍ക്കാറിനു തുടര്‍ഭരണം നല്‍കേണ്ടത് എന്തിന്റെ പേരിലാണ്?കോര്‍പറേറ്റുകള്‍ക്കും കണ്‍സള്‍ട്ടന്‍സികള്‍ക്കും ഭരണകേന്ദ്രം തുറന്നുകൊടുത്ത ജനവഞ്ചനയ്ക്ക് തുടര്‍ച്ച നല്‍കണോ? പിന്‍വാതില്‍ – ബന്ധു നിയമനങ്ങള്‍ക്കെല്ലാം പിന്തുണ നല്‍കണോ ഞങ്ങള്‍? വികസനഭ്രാന്തില്‍ സ്വന്തം ജനതയെ മറന്ന് ഊഹക്കച്ചവട കേന്ദ്രങ്ങളില്‍ മണിയടിക്കാനോടുന്ന ദുര്‍മ്മോഹികള്‍ക്കു ഭരണത്തുടര്‍ച്ച നല്‍കണോ? വ്യക്തികളുടെ സ്വകാര്യത, എല്ലാ നിയമവും ലംഘിച്ചു വിദേശ കോര്‍പറേറ്റുകള്‍ക്കു വില്‍ക്കുന്ന ഒറ്റുകാര്‍ക്ക് തുടര്‍ച്ച നല്‍കണോ? പിണറായി സര്‍ക്കാറിന്റെ ഭരണകാലം അവസാനിപ്പിക്കാതിരിക്കാന്‍ എന്തു ന്യായവാദം ഉന്നയിക്കാനുണ്ട്?
ചോദിച്ചതിനു മറുപടി പറയാന്‍ ശേഷിയുള്ള ഒരാളും ബാക്കിയില്ലാത്ത പ്രസ്ഥാനം മൃതമാണ്. അത് ദുര്‍ഗന്ധം പരത്തുകയേയുള്ളു. അതേല്‍ക്കുമ്പോള്‍ ആര്‍ക്കും മനസ്സിലാവും കുഴിച്ചുമൂടേണ്ടതൊന്നും പുറത്തു വെച്ചുകൂടാ എന്ന്. അളിഞ്ഞു തീര്‍ന്നത് വളത്തിനേ കൊള്ളൂ എന്ന്.

(19 ഫെബ്രുവരി 2021)