പൗരത്വ ഭേദഗതി ബില്ലിനെതിരെ മലയാള സിനിമാ മേഖല ഉണരണം, പൊരുതണം

141

മലയാള സിനിമാ മേഖല ഉണരണം, പൊരുതണം : ഡോ.ബിജു പ്രതികരിക്കുന്നു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ തെരുവിൽ പൊരുതുന്നത് ഭൂരിഭാഗവും വിദ്യാർത്ഥികളും വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ആണ്. നിരവധി സംസ്ഥാനങ്ങളിൽ അവർക്ക് പിന്തുണ അർപ്പിച്ചും ബില്ലിനെതിരെ രൂക്ഷ എതിർപ്പ് പ്രകടിപ്പിച്ചും സിനിമാ മേഖലയിലുള്ള ആളുകൾ തെരുവുകളിൽ പരസ്യമായി രംഗത്തെത്തി. മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനിയിൽ ഇന്ന് നടക്കുന്ന പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കുമെന്ന് നിരവധി ബോളിവുഡ് സിനിമാ പ്രവർത്തകർ വ്യക്തമാക്കി. കമൽഹാസൻ ഒക്കെ പരസ്യമായി പ്രതിഷേധ യോഗങ്ങളിൽ പങ്കെടുത്തു.

കേരളത്തിൽ ഒട്ടേറെ സിനിമാ പ്രവർത്തകർ ഫേസ്‌ബുക്ക്/ഇൻസ്റ്റാഗ്രാം/ട്വിറ്റർ പിന്തുണ രേഖപ്പെടുത്തി. നല്ല കാര്യം..പക്ഷെ അതിനപ്പുറം പ്രത്യക്ഷ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ എത്ര പേർ തയ്യാറാകും എന്നതും പ്രധാനമാണ്. സംവിധായകൻ സഖറിയയും കൂട്ടരും ഈ വിഷയത്തിൽ പ്രതിഷേധിച്ചു ദേശീയ പുരസ്‌കാരം സ്വീകരിക്കുന്ന ചടങ്ങു ബഹിഷ്‌കരിക്കുന്നു എന്നത് ഏറ്റവും ആർജ്ജവം ഉള്ള നടപടി ആണ്. സോഷ്യൽ മീഡിയ പ്രതികരണങ്ങൾ വളരെ എളുപ്പമാണ്. അതിനപ്പുറം പ്രത്യക്ഷ പ്രതിഷേധ പരിപാടികൾ ആവശ്യമായ ഒരു സമയം ആണിത്. തെരുവിലിറങ്ങുന്ന വിദ്യാർത്ഥികൾക്കൊപ്പം , പ്രതിഷേധിക്കുന്ന ഈ രാജ്യത്തെ ജനങ്ങൾക്കൊപ്പം ഞങ്ങളും. ഉണ്ടെന്ന് തെരുവിൽ ചെന്നു ഐക്യപ്പെടേണ്ട സമയം. സിനിമാ, സാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ യോജിച്ചുള്ള ഒരു പ്രതിഷേധം എന്തുകൊണ്ട് കേരളത്തിലുണ്ടാകുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. അത്തരം ഒരു പ്രതിഷേധം ആദ്യം ഉണ്ടാകേണ്ട സ്ഥലം കേരളം ആയിരുന്നു. അതിനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

സോഷ്യൽ മീഡിയ പ്രതികരണങ്ങൾക്കും സംയുക്ത പ്രസ്താവനകൾക്കും അപ്പുറം ഒരു ദിവസമെങ്കിലും നിങ്ങൾ , നമ്മൾ തെരുവിൽ അവരോടൊപ്പം അണി ചേരേണ്ടതുണ്ട്…പ്രിയപ്പെട്ട കലാകാരന്മാരെ, സിനിമാ പ്രവർത്തകരെ, നാടക പ്രവർത്തകരെ, സാഹിത്യകാരന്മാരെ, കവികളെ, സാംസ്കാരിക പ്രവർത്തകരെ, ഇനിയും എന്താണ് നോക്കി നിൽക്കുന്നത്..ജനങ്ങളും വിദ്യാർത്ഥികളും തെരുവുകളിലാണ്…ജനാധിപത്യത്തെ ഭരണഘടനയെ സംരക്ഷിക്കാൻ അവർ തെരുവുകളിൽ രക്തം ചിന്തുകയാണ്..ഒരു ദിവസം എങ്കിലും അവരോട് ഐക്യപ്പെട്ട് തെരുവിൽ ഒരു സമ്മേളനം എങ്കിലും നടത്താൻ ഇനിയും മടിക്കുന്നതെന്ത്.

അനേകം സംഘടനകൾ ഉണ്ടല്ലോ സിനിമാ രംഗത്ത്..അവയ്ക്കൊന്നും ഇത്തരം ഒരു സമ്മേളനം രൂപപ്പെടുത്താൻ ബാധ്യത ഇല്ലെന്നാണോ…സംഘടനകൾ ഇല്ലെങ്കിൽ പോകട്ടെ എന്തുകൊണ്ട് എല്ലാവർക്കും ചേർന്ന് ഒരു പ്രതിഷേധ യോഗം സംഘടിപ്പിക്കാൻ ആവുന്നില്ല…പ്രിയരേ ഓർക്കുക..വിദ്യാർത്ഥികളും ജനങ്ങളും തെരുവിലാണ്..ജാതി മത വ്യത്യാസമില്ലാതെ ഓരോ ഇന്ത്യക്കാരനും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി അവർ തെരുവിൽ രക്തം ചിന്തുകയാണ്..അവരോട് ചേർന്ന് ഒരു ദിവസം എങ്കിലും നമ്മളും തെരുവിലേക്ക് എത്തേണ്ടതുണ്ട്…..ഇനിയും വൈകിക്കൂടാ..