ഹെലിൻ ബൊലക്കിന്റെ ചരമദിനം ആണ് ഇന്ന്…????????

ഡോ. ബിജു

കല കലയ്ക്ക് വേണ്ടി മാത്രമുള്ളതല്ല . അത് രാഷ്ട്രീയം കൂടി ആണ് , അത് ഒരു പ്രതിഷേധ മാർഗ്ഗം കൂടിയാണ് , അത് ഒരു സമരം കൂടിയാണ് .കല ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നും മാറി നിൽക്കുന്ന ഒരു എലൈറ്റ് രൂപം അല്ല . കലാകാരൻ/ കലാകാരി എന്നത് ഈ ലോകത്തോടൊപ്പം നടക്കുന്ന ഒരാൾ തന്നെയാണ് . ഭരണകൂടങ്ങളുടെ ഏകാധിപത്യത്തിനെതിരെ പ്രതിഷേധിച്ചിട്ടുള്ള നിരവധി കലാകാരന്മാരും കലാകാരികളും ഈ ലോകത്തുണ്ടായിട്ടുണ്ട് . പാടാനുള്ള സ്വാതന്ത്ര്യത്തിനായി , മനുഷ്യാവകാശത്തിനുള്ള പോരാട്ടത്തിനായി, തുർക്കിയിലെ ഏകാധിപതിയായ പ്രസിഡൻറ്റ് എർദോഗാന്റെ ഭരണകൂടത്തിനെതിരെ 288 ദിവസം നിരാഹാരം അനുഷ്ടിച്ച 28 വയസ്സ് മാത്രം പ്രായമുള്ള വിപ്ലവ ഗായിക ഹെലിൻ ബോലെക് കഴിഞ്ഞ ദിവസം രക്തസാക്ഷിത്വം വരിച്ചു .

തുർക്കിയിലെ ഏറെ പ്രശസ്തമായ ഇടതു പക്ഷ ആഭിമുഖ്യം ഉള്ള ബാൻഡ് ആണ് 1985 ൽ ആരംഭിച്ച ഗ്രുപ് യോറും എന്ന ബാൻഡ് . ഈ ബാൻഡിന്റെ കൺസേർട്ടുകളും ആൽബങ്ങളും പല തവണ ടർക്കിഷ് ഭരണകൂടം നിരോധിച്ചിട്ടുണ്ട് . ബാൻഡ് സംഘത്തിലെ കലാകാരന്മാരിൽ പലരെയും അറസ്റ്റ് ചെയ്യുകയും ക്രൂരമായി പീഢിപ്പിക്കുകയും ചെയ്തിട്ടുണ്ട് ..

1985 ൽ മർമാരാ യൂണിവേഴ്‌സിറ്റിയിലെ 4 പേര് ചേർന്നാണ് ഈ മ്യുസിക് ബാൻഡ് ആരംഭിച്ചത് . ടർക്കിഷ് , കുർദിഷ് നാടൻ പാട്ടുകൾ സമന്വയിപ്പിച്ചാണ് ബാൻഡ് സംഘം പാട്ടുകൾ സൃഷ്ടിച്ചിരുന്നത് . ടർക്കിഷ് , കുർദിഷ് വിഭാഗങ്ങളിലെ ഇടത് ആഭിമുഖ്യമുള്ള യുവാക്കളും വിദ്യാർത്ഥികളും അടങ്ങിയ ഒരു വലിയ ആസ്വാദക വൃന്ദം ഗ്രുപ് യോറുമിന് ആരാധകരായി ഉണ്ടായിരുന്നു . ടർക്കിയിലെ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ആയ റെവല്യൂഷനറി പീപ്പിൾസ് ലിബറേഷൻ പാർട്ടിയുമായി ബന്ധമുണ്ട് എന്നാരോപിച്ചു ഈ ബാൻഡിനെ തുർക്കി സർക്കാർ നിരന്തരം നിരീക്ഷിച്ചിരുന്നു . തുർക്കി സർക്കാർ തുർക്കിയിലെ 12 തീവ്രവാദ സംഘടനകളിൽ ഒന്നായാണ് റെവല്യൂഷനറി പീപ്പിൾസ് ലിബറേഷൻ പാർട്ടിയെ ഉൾപ്പെടുത്തിയിരിക്കുന്നത് .

ഗ്രുപ് യോറും ആലപിച്ചിരുന്ന ഗാനങ്ങളിൽ പലതും മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും അമേരിക്കയ്ക്കും, എതിരെ ഉള്ളതായിരുന്നു. പാവപ്പെട്ട ജനങ്ങളോടുള്ള തുർക്കി സർക്കാരിന്റെ നയങ്ങൾക്കെതിരായുള്ള പാട്ടുകളും ഗ്രുപ് യോറും പാടിയിരുന്നു . കുർദിഷുകളോടുള്ള ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ തുർക്കിയിൽ ധാരാളമായുണ്ട് . 1980 ലെ കുർദിഷുകൾക്കെതിരായ പട്ടാള നീക്കത്തിന് ശേഷം ടർക്കിയിൽ കുർദിഷ് ഭാഷ ടർക്കി ഗവണ്മെന്റ്റ്‌ ഔദ്യോഗികം ആയി നിരോധിച്ചു .. കുർദിഷ് ഭാഷ സംസാരിക്കുന്നതും പാട്ട് പാടുന്നതും ടർക്കി സർക്കാർ കുറ്റകരമായി കണക്കാക്കുന്നു . പക്ഷെ ഗ്രുപ് യോറും പലപ്പോഴും തങ്ങളുടെ പാട്ടുകൾ പാടിയിരുന്നത് കുർദിഷ് ഭാഷയിൽ കൂടി ആയിരുന്നു . ടർക്കിയിലെ കുർദിഷുകളുടെ അവകാശങ്ങൾക്ക് ഗ്രുപ് യോറും അനുഭാവം പ്രകടിപ്പിച്ചിരുന്നു..
.
കുർദിഷ് കലാകാരന്മാർ കൂടി അടങ്ങിയത് ആയിരുന്നു ഈ ബാൻഡ് സംഘം. ഗ്രുപ് യോറും സ്ഥാപിച്ചത് മുതൽ ഇന്നേ വരെ ഏതാണ്ട് 400 ൽ ഏറെ തവണ അതിലെ കലാകാരന്മാരെ അറസ്റ്റ് ചെയ്യുകയും രാഷ്ട്രീയ തടവിന് വിധിക്കുകയും ചെയ്തിട്ടുണ്ട് .നിരവധി തവണ ബാൻഡിന്റെ ആൽബങ്ങൾ കണ്ടു കെട്ടുകയും കൺസേർട്ടുകൾ നിരോധിക്കുകയും ചെയ്തിട്ടുണ്ട് . ഇത്തരം അടിച്ചമർത്തലുകൾക്കിടയിലും അന്താരാഷ്‌ട്ര തലത്തിൽ ഏറ്റവും പ്രാചാരവും പ്രശസ്തിയുമുള്ള ബാൻഡ് ആയി മാറി ഗ്രുപ് യോറും . 2010 ജൂൺ 12 ന് ഗ്രുപ് യോറും ബാൻഡിന്റെ ഇരുപത്തി അഞ്ചാമത് വാർഷിക ആഘോഷ കൺസേർട്ടിൽ പങ്കെടുത്തത് അൻപത്തിഅയ്യായിരം കാണികൾ ആയിരുന്നു .

2013 ജനുവരി 18 ന് ഗ്രുപ് യോറും സംഘത്തിലെ അഞ്ചു കലാകാരന്മാരെ റെവല്യൂഷനറി പീപ്പിൾസ് ലിബറേഷൻ പാർട്ടിയുമായി ബന്ധമുണ്ട്എന്നാരോപിച്ചു തുർക്കി ഭരണകൂടം അറസ്റ്റ് ചെയ്തു . ഏതാനും ദിവസങ്ങൾക്ക് ശേഷം അവരെ വിട്ടയച്ചു . 2016 നവംബറിൽ ബാൻഡ് സംഘം ഒരു കൺസേർട്ട് നടത്തികൊണ്ടിരിക്കെ 8 കലാകാരന്മാരെ ടർക്കി പോലീസ് അറസ്റ്റ് ചെയ്തു . ഏതാനും മാസങ്ങളിലെ ക്രൂര മർദ്ദനത്തിന് ശേഷം ആണ് അവരെ മോചിപ്പിച്ചത് . 2018 ഫെബ്രുവരിയിൽ സംഘത്തിലെ 6 കലാകാരന്മാരെ ടർക്കി ഭരണകൂടം വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇവരുടെ തലയ്ക്ക് മൂന്ന് ലക്ഷം ടർക്കിഷ് ലിറ ആണ് തുർക്കി പോലീസ് പ്രതിഫലം നിശ്ചയിച്ചത് . 2019 നവംബറിൽ ഗ്രുപ് യോറും ടർക്കിയിൽ നടത്താനിരുന്ന കൺസേർട്ട് തുർക്കി ഭരണകൂടം നിരോധിച്ചു . കഴിഞ്ഞ രണ്ടു വർഷത്തിനിടെ പത്തിലേറെ തവണ ആണ് ഗ്രുപ് യോറും ഓഫീസ് സ്ഥിതി ചെയ്യുന്ന കൾച്ചറൽ സെന്റർ തുർക്കി പോലീസ് റെയ്ഡ് ചെയ്തത് .ഓരോ റെയ്ഡിലും സംഗീതോപകരണങ്ങൾ നശിപ്പിക്കുകയും , മോഷണം പോവുകയും മ്യുസിക് ബുക്കുകൾ കീറിക്കളയുകയും ചെയ്യുക എന്നതായിരുന്നു കണ്ടു വന്നത് .

ഹെലിൻ ബോലെക്കും , ഇബ്രാഹിം ഗൊക്കെക്കും ഉൾപ്പെടെ എട്ട് കലാകാരന്മാരെ 2019 ൽ തുർക്കി ഭരണകൂടം അറസ്റ്റ് ചെയ്തു . രണ്ടു പേരും നിരാഹാര സമരം ആരംഭിച്ചു . ബാൻഡ് സംഘത്തിനെതിരായുള്ള നിരന്തരമായ റെയിഡുകൾ നിർത്തലാക്കുക , ഗ്രുപ് യോറും അംഗങ്ങളായ കലാകാരന്മാരെ സർക്കാരിന്റെ വാണ്ടഡ് ലിസ്റ്റിൽ നിന്നും ഒഴിവാക്കുക , ബാൻഡ് സംഘത്തിന്റെ കൺസേർട്ടുകൾക്കുള്ള നിരോധനം പിൻവലിക്കുക . ഗ്രൂപ്പ് മെമ്പർമാരെ ജയിലിൽ നിന്നും വിട്ടയയ്ക്കുകയും അവരുടെ പേരിലുള്ള കേസുകൾ പിൻവലിക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹെലിൻ ബോലെക്കും , ഇബ്രാഹിം ഗൊക്കെക്കും നിരാഹാര സമരത്തിൽ ഏർപ്പെട്ടത് . 2019 നവംബർ 20 ന് ഹെലിൻ ബോലെക്കിനെ ജയിൽ മോചിത ആക്കിയെങ്കിലും അവർ ഈ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ നിരാഹാരം തുടരാൻ തീരുമാനിക്കുക ആയിരുന്നു . ഹെലിൻ ബോലെക്കും , ഇബ്രാഹിം ഗൊക്കെക്കും നിരാഹാരം തുടരവേ രണ്ടു പേരെയും 2020 മാർച്ചു 11 ന് ടർക്കി ഗവണ്മെന്റ്റ്‌ ബലമായി അറസ്റ്റ് ചെയ്തു ഹോസ്പിറ്റലിൽ അയക്കുകയുണ്ടായി . ആരോഗ്യ നില തീരെ വഷളായ ഹെലിൻ ബോലെക്ക് നീണ്ട 288 ദിവസത്തെ നിരാഹാര സമര പോരാട്ടത്തിനൊടുവിൽ രക്ത സാക്ഷി ആയി …

പാടാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ഹെലിൻ ബോലെക്ക് പൊരുതി മരിച്ചു .. മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടി ധീരമായ സമരം ചെയ്ത് ഇരുപത്തി എട്ടാമത്തെ വയസ്സിൽ മരണത്തിലേക്ക് നടന്നു കയറി ഹെലിൻ ബോലെക്ക് ..ഇബ്രാഹിം ഗൊക്കെക്ക് ഇപ്പോഴും നിരാഹാരം തുടരുന്നു. ഇബ്രാഹിം ഗോക്കെക്കിന്റെ ഭാര്യ ഉൾപ്പെടെ ബാൻഡ് ട്രൂപ്പിലെ രണ്ട് പേർ ഇപ്പോഴും ജയിലിൽ ആണ്.കല കലയ്ക്ക് വേണ്ടി മാത്രമായല്ല മറിച്ചു അവകാശ പോരാട്ടങ്ങൾക്കും , മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും കൂടിയുള്ളതാണ് എന്ന് നമ്മെ നിരന്തരം ഓർമപ്പെടുത്തുന്നു ഈ കലാ പ്രവർത്തകർ …കല എന്നത് മാനവികത കൂടിയാണ് എന്ന് നമ്മെ പഠിപ്പിക്കുന്നു ഇവർ ..

കല എന്നത് പോരാട്ടം കൂടിയാണ് എന്ന് കാട്ടിത്തരുന്നു ഇവർ …. ഇങ്ങനെയുള്ള കലാകാരന്മാർ കൂടി ചേർന്നതാണ് ലോകം എന്നതാണ് ഈ ലോകത്തിന്റെ സൗന്ദര്യം ഇപ്പോഴും നിലനിർത്തുന്നത് ..ഇങ്ങനെയുള്ള മനുഷ്യർ കൂടി ജീവിക്കുന്ന ലോകത്ത് ജീവിക്കുന്നു എന്നതാണ് നമ്മുടെ ജീവത്തെത്തേയും എന്നേയ്ക്കുമായി പ്രതീക്ഷാ ഭരിതം ആക്കുന്നത് ..ഇങ്ങനെയുള്ള മനുഷ്യരുടെ പോരാട്ടങ്ങൾ നോക്കി കാണുമ്പോഴാണ് നമ്മുടെ രാഷ്ട്രീയവും മാനവികം ആകുന്നത് …ഇന്ത്യയിലും കേരളത്തിലും വർഗീയ ഫാസിസവും, മാവോയിസ്റ്റ് വേട്ടയും ,യൂ എ പി എ യും ഉൾപ്പെടെയുള്ള ഭരണ കൂട ഭീകരതകൾ നിലനിൽക്കുന്ന ഒരു സാഹചര്യത്തിൽ ആണ് ഹെലിൻ ബോലെക്കിന്റെ ജീവിതവും സമരവും മരണവും പ്രസക്തമാകുന്നത്..ലോകം അത്രമേൽ ചെറുതാണ്..മനുഷ്യ ജീവിതങ്ങൾ അത്രമേൽ സാമ്യവും.

വിട ഹെലിൻ ബോലെക്ക് … മനോഹരവും അത്രമേൽ തീക്ഷ്ണവും ആയ ഒരു ടർക്കിഷ്, കുർദിഷ് ഗാനം പോലെ നീ ഞങ്ങളിൽ ജ്വലിച്ചു കൊണ്ടേ ഇരിക്കും . നിന്റെയും നിന്റെ കൂട്ടുകാരുടെയും പാട്ടുകൾ ഞങ്ങൾ തലമുറകളോളം കേട്ട് കൊണ്ടിരിക്കും . കണ്ണടച്ച് ആ പാട്ടുകൾ ആസ്വദിക്കുമ്പോൾ ഞങ്ങളുടെ ഹൃദയം തുടിച്ചു കൊണ്ടിരിക്കും , ഞങ്ങളുടെ മുഷ്ടികൾ ആകാശത്തേക്ക് ഉയരും .. ഹെലിൻ ബോലെക് ലാൽസലാം … വിട ….

 

Leave a Reply
You May Also Like

‘കാജോളിൻ്റെ സിനിമ പ്രവേശം’

കാജോളിൻ്റെ സിനിമ പ്രവേശം ഇടവേളക്ക് ശേഷം താഹ സംവിധാനം ചെയ്യുന്ന ** *കാജോളിന്റെ സിനിമാ പ്രവേശം***എന്ന…

അവർ ‘പരാക്രമം’ തുടങ്ങി

“പരാക്രമം ” തൃശൂരിൽ. സൂഫിയും സുജാതയും ഫെയിം ദേവ് മോഹൻ, സിജു സണ്ണി,രഞ്ജി പണിക്കർ, സംഗീത,സോണ…

ജോഷി, ജോജു, കല്യാണി ചിത്രം ‘ആന്റണി’ ആദ്യ ഗാനം എത്തി

ജോഷി, ജോജു, കല്യാണി ചിത്രം ആന്റണി ആദ്യ ഗാനം എത്തി ജേക്സ് ബിജോയ് മാജിക്ക് വീണ്ടും..!!…

എന്തിനാണ് നിങ്ങൾ സറോഗസിയെക്കുറിച്ച് പ്രബന്ധമെഴുതുന്നത് ?

Lijeesh Kumar എന്തിനാണ് നിങ്ങൾ സറോഗസിയെക്കുറിച്ച് പ്രബന്ധമെഴുതുന്നത് ? ഈ രണ്ട് നിൽപ്പുകൾ തമ്മിൽ ഒരു…