സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്
സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ മലയാള മാധ്യമങ്ങൾ നൽകുന്ന പല റിപ്പോർട്ടുകളും അടിസ്ഥാനപരമായി അതിനെപ്പറ്റി യാതൊരു അറിവും ഇല്ലാതെയാണ് നടത്തുന്നത് . എത്രയോ വർഷങ്ങളായി ഇങനെ തന്നെയാണ് . ഹോളിവുഡ് ഒഴികെ യൂറോപ്പും , ലാറ്റിൻ അമേരിക്കയും ഉൾപ്പെടെ ലോകരാജ്യങ്ങളിലെ സിനിമാ ലോകം ഒന്നും തന്നെ അത്ര പ്രാധാന്യം കല്പിക്കാത്ത ഓസ്‌കാറിന് മലയാള മാധ്യമങ്ങൾ നൽകുന്ന അമിത പ്രാധാന്യം തന്നെ ഒരു തമാശ ആണ് . അമേരിക്കയിൽ റിലീസ് ചെയ്ത സിനിമകൾ മാത്രം മത്സരിക്കുകയുംഏതാണ്ട് പതിനായിരത്തോളം പേരുടെ വോട്ടിന്റെ അടിസ്ഥാനത്തിലും മാത്രം നൽകുന്ന ഒരു അവാർഡ് ആണ് ഓസ്കാർ . വിവിധ ലോകരാജ്യങ്ങളിലെ മികച്ച സിനിമകളിൽ ഭൂരിപക്ഷവും ഓസ്‌കാറിന് മത്സരിക്കാറും ഇല്ല .

ഓസ്‌കാർ റിപ്പോർട്ടിങ്ങിൽ മിക്കപ്പോഴും മലയാള മാധ്യമങ്ങൾ വലിയ മണ്ടത്തരങ്ങൾ വിളമ്പാറുണ്ട് . അതിൽ ഏറ്റവും ഒടുവിലത്തേത് ആണ് കീരവാണിയുടെ പ്രസംഗത്തിന്റെ ആശാരി പരിഭാഷ . ഓസ്കാറിനായി ഏത് സിനിമയ്ക്കും അമേരിക്കയിൽ റിലീസ് ചെയ്‌താൽ മത്സരിക്കാൻ അപേക്ഷ നൽകാം . ഗോൾഡൻ ഗ്ലോബിനും ഇതാണ് നിയമം . അപേക്ഷിക്കുന്ന എല്ലാ സിനിമകളുടെയും പേരടങ്ങിയ ലിസ്റ്റ് ആദ്യ ഘട്ടത്തിൽ അക്കാദമി പ്രസിദ്ധീകരിക്കും . മിക്കവാറും വർഷങ്ങളിൽ ഇന്ത്യൻ , മലയാള മാധ്യമങ്ങൾ ഇങനെ അപേക്ഷിച്ചതിലുള്ള ഇന്ത്യൻ / മലയാള സിനിമകൾ അവയ്ക്ക് നോമിനേഷൻ ലഭിച്ചു എന്ന തരത്തിൽ അബദ്ധ റിപ്പോർട്ടിങ് ആണ് ചെയ്യുക .
ചലചിത്ര മേളകളുടെ കാര്യത്തിലും റിപ്പോർട്ടിങ് ഇമ്മാതിരിയാണ് . ലോകത്തെ ഏറ്റവും പ്രധാന ചലച്ചിത്ര മേളകൾ എത്രയുണ്ട് ഏതൊക്കെയാണ് എന്നത് FIAPF ന്റെ വെബ്‌സൈറ്റിൽ പോയാൽ കിട്ടുമെന്നിരിക്കെ അതിനൊന്നും മിനക്കെടാതെ ലോകത്തെ പതിനായിരക്കണക്കിന് തല്ലിപ്പൊളി ഫെസ്റ്റിവലിൽ ഏതിലെങ്കിലും ഒരു മലയാള സിനിമ പ്രദർശിപ്പിച്ചു എന്ന് കേട്ടാൽ ആ ഫെസ്റ്റിവലിന്റെ ക്രെഡിബിലിറ്റി പോലും ഒന്നന്വേഷിക്കാതെ വാർത്ത നൽകുന്ന സിനിമാ റിപ്പോർട്ടർമാരാണ് കേരളത്തിൽ ഉള്ളത് . വലിയ ചലച്ചിത്ര മേളകളിൽ ഫിലിം മാർക്കറ്റിൽ കാശ് കൊടുത്തു സ്ലോട്ട് ബുക്ക് ചെയ്തു സിനിമ കാണിച്ചാലും ആ ഫെസ്റ്റിവലിൽ സിനിമ ഔദ്യോഗികമായി പ്രദർശിപ്പിച്ചു എന്ന തരത്തിൽ വാർത്ത നൽകുന്നതാണ് നമ്മുടെ മാധ്യമ ജ്ഞാനം .
അതേപോലെ തട്ടിക്കൂട്ട് അവാർഡുകൾ നിരവധിയുണ്ട് ഇന്ത്യയിൽ . ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട് ..ഈ അവാർഡുകളുടെ ക്രെഡിബിലിറ്റി പോലും ചെക്ക് ചെയ്യാൻ മിനക്കെടാതെ വാർത്ത നൽകുന്ന പുതു മാധ്യമ പ്രവർത്തകർ ഈ വിഷയത്തിൽ അല്പമെങ്കിലും റിസർച് ചെയ്തു കാര്യങ്ങൾ മനസ്സിലാക്കുന്നത് ഇനി എന്നാണ് . കേരളത്തിൽ പോലും പല തട്ടിക്കൂട്ട് അവാർഡുകൾക്ക് മാധ്യമങ്ങൾ നൽകുന്ന പ്രാധാന്യം വലുതാണ് . ഇത്തരം കാര്യങ്ങളിൽ അടിസ്ഥാന വിവരം ആർജ്ജിക്കാൻ ശ്രമങ്ങൾ നടത്തിയില്ലെങ്കിൽ ഇത്തരം അബദ്ധ റിപ്പോർട്ടിങ്ങുകൾ തുടരെ ഉണ്ടായിക്കൊണ്ടിരിക്കും…