ബിനീഷിന് ഉണ്ടായ അപമാനത്തിൽ ആശ്ചര്യം തോന്നുന്നത് കേരളം പുരോഗമന സമൂഹമെന്ന് അന്ധമായി വിശ്വസിക്കുന്നവക്ക് മാത്രം

0
262

ഡോ. ബിജു 

അൽപ്പം വ്യക്തിപരം കൂടിയാണ് എന്ന് ആദ്യമേ പറയട്ടെ..ക്ഷമിക്കുക…ഈ അവസരത്തിൽ പ്രസക്തമാണ് എന്നു തോന്നുന്നതിനാൽ കുറിയ്ക്കാതെ വയ്യ.

ബിനീഷ് ബാസ്റ്റിന് നേരെ ഉണ്ടായ അപമാനത്തിൽ സത്യത്തിൽ എനിക്ക് അത്രമേൽ ആശ്ചര്യം ഒന്നും തോന്നുന്നില്ല. കേരളം ജാതി മത വംശീയതകൾ ഇല്ലാത്ത, കറുത്ത നിറത്തെ കളിയാക്കാത്ത ,കുറഞ്ഞ തൊഴിലിൽ (?) ഏർപ്പെടുന്നവരെ പുച്ഛത്തോടെ കാണാത്ത , സാമ്പത്തികമായി ദരിദ്രരായ മനുഷ്യരെ പരിഗണിക്കുന്ന ഒരു പുരോഗമന നവോത്ഥാന നാടാണ് എന്നും വലിയ ഒരു പുരോഗമന സമൂഹം ആണ് നമ്മൾ എന്നും ഒക്കെ ഇപ്പോഴും അന്ധമായി വിശ്വസിക്കുന്ന മനുഷ്യൻമാർക്ക് മാത്രമേ ഇതിൽ പുതുമ തോന്നാൻ ഇടയുള്ളൂ.

എലൈറ്റിസം അവകാശപ്പെടാനില്ലാത്ത എല്ലാ മനുഷ്യരോടും കേരളീയ സമൂഹത്തിന്റെ ഒരു അടിസ്ഥാന മനോഭാവം ഇത് തന്നെയാണ് എന്നത് ആണ് സത്യം. കലാരംഗത്തു പ്രവർത്തിക്കുന്ന ആൾ എന്ന നിലയിൽ ഈ രംഗത്തും അത് ഒട്ടും കുറവല്ല എന്നത് നേരിട്ട് അറിയാവുന്ന ഒരാൾ ആണ്. ഒരേ വേദിയിൽ ഉദ്ഘാടകൻ ആയി മലയാളത്തിലെ പ്രമുഖ സംവിധായകൻ എത്തുകയും ആ വേദിയിൽ മുഘ്യ പ്രഭാഷണത്തിനായി ഞാൻ ഇരിക്കുമ്പോൾ ഞാൻ ഒഴികെ മറ്റെല്ലാവരുടെയും പേരെടുത്തു പറഞ്ഞു അദ്ദേഹം അഭിസംബോധന ചെയ്യുകയും ഞാൻ പ്രസംഗിക്കാൻ എഴുന്നേൽക്കുന്ന അതേ നിമിഷത്തിൽ വേദി വിട്ടു പോവുകയും ചെയ്ത അനുഭവം നിരവധി തവണ ഉണ്ടായിട്ടുണ്ട്.

അവാർഡ് ജൂറിയിൽ പ്രവർത്തിക്കുമ്പോൾ ഒപ്പം ജൂറി അംഗമായി മറ്റ് മലയാളികൾ ഉണ്ടായിട്ടും അവാർഡ് കിട്ടാത്ത ആളുകൾ മറ്റ് ജൂറി അംഗങ്ങളെ ഒന്നും പറയാതെ എന്നെ മാത്രം ഫോണിൽ വിളിച്ചു അസഭ്യം പറയുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. മലയാളത്തിലെ ആഢ്യ സിനിമാ നിരൂപകന്മാർ സിനിമയിലെ പുതു സംവിധായകരെ പറ്റി ലേഖനങ്ങൾ എഴുതുമ്പോൾ ഒരു സിനിമ ചെയ്ത സംവിധായകരെ പോലും ഓർത്തെഴുത്തുമ്പോൾ എല്ലായ്പ്പോഴും മുറപോലെ ഒഴിവാക്കപ്പെടുന്ന പേരാകാറുണ്ട് എന്റേത്..

ലോകത്തെ പ്രധാനപ്പെട്ട മേളകളിൽ മത്സരത്തിൽ ഇടം നേടുമ്പോഴും കേരളത്തിലെ മേളയിൽ മത്സരത്തിൽ നിന്നും സൗകര്യപൂർവം ഒഴിവാക്കപ്പെടാറുണ്ട്. 10 സിനിമകളിൽ നിന്നായി ഒട്ടേറെ ദേശീയ പുരസ്കാരവും അന്തർ ദേശീയ പുരസ്കാരവും കിട്ടിയപ്പോഴും കേരളത്തിൽ ഒരു തവണ പോലും സംസ്ഥാന പുരസ്കാരം കിട്ടിയിട്ടില്ല…ഇതൊക്കെയും യാദൃശ്ചികം ആണെന്ന് കരുതാൻ മാത്രം മൗഢ്യം എനിക്കില്ല..ചില സാമൂഹ്യ സാംസ്കാരിക വിഷയങ്ങളിൽ താര തമ്പുരാക്കന്മാർക്ക് എതിരെ പ്രതികരിച്ചപ്പോൾ ഫാനരന്മാർ മാത്രമല്ല സിനിമാ രംഗത്തെ ചില പ്രധാനികളും ചില മാധ്യമങ്ങളും ഉൾപ്പെടെ വംശീയ അധിക്ഷേപം നടത്തിയിട്ടുണ്ട്…..അതുകൊണ്ട് പറഞ്ഞു വന്നത് ഇതാണ് നിങ്ങൾ എലൈറ്റ് ക്ലാസ്സിൽ പെട്ട ആളല്ലെങ്കിൽ നിങ്ങൾ എന്തൊക്കെ നേട്ടങ്ങൾ നേടിയാലും നിങ്ങളോടുള്ള അവഗണന ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ് കേരളത്തിൽ…അതിനെ മറികടക്കാൻ അവർക്ക് എത്താൻ പറ്റാത്ത ഇടങ്ങളിലേക്ക് നമ്മൾ പടർന്നു കയറി നേട്ടങ്ങൾ ഉണ്ടാക്കുക എന്നത് മാത്രമാണ് വഴി.

ബിനീഷ് ബാസ്റ്റിന്റെ പ്രതികരണം ഉഷാറായി. എലൈറ്റിസത്തിന് മുഖമടച്ചുള്ള ഒരടി..ആ സംവിധായകനെ പറ്റി കൂടുതൽ ഒന്നും പറയാനില്ല. മലയാള പുരോഗമന സമൂഹത്തിന്റെ കാപട്യം ആവോളമുള്ള ഒരു സവർണ്ണ മേദസ്സ് മാത്രമാണയാൾ.. ദുഃഖം തോന്നുന്നത് ആ കോളജിലെ യൂണിയൻ ഭാരവാഹികളെ പറ്റിയും ..ആ വേദി ഉപേക്ഷിക്കാൻ ആർജ്ജവം ഇല്ലാതെ പോയ വിദ്യാർത്ഥികളെപ്പറ്റിയും ആണ്. ഇവരൊക്കെ ഭാവി ഡോക്ടർമാർ ആണല്ലോ എന്നോർക്കുമ്പോൾ ചെറുതല്ലാത്ത ആശങ്കയും ഉണ്ട്..ആ പ്രിൻസിപ്പലിനെ പറ്റി പുച്ഛം മാത്രം..പ്രിയ ബിനീഷ് ബാസ്റ്റിൻ, കേരള പിറവി ദിനത്തിൽ കേരളത്തിലെ പൊതു സമൂഹത്തിനു മുന്നിൽ അവർ മനപ്പൂർവം ഇല്ലെന്നു നടിച്ചു മേനി പറയുന്ന വംശീയതയുടെ ഒരു പരിച്ഛേദം തുറന്നു കാട്ടിയതിന് നന്ദി.