താൻ എൺപത് തികയ്ക്കില്ലായെന്ന് ഒരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു

388

അന്തരിച്ച ഡോ.ഡി.ബാബുപോളിനെ കഥാകൃത്തായ ബാബുകുഴിമറ്റം (Babu Kuzhimattom)അനുസ്മരിക്കുന്നു

പ്രിയപ്പെട്ട ബാബുച്ചായന്റെ വേർപാട് എന്നെ ഏറെ വേദനിപ്പിക്കുന്നു ….

ഞങ്ങൾ തമ്മിൽ വലിയ വ്യക്തി ബെന്ധമുണ്ടായിരുന്നു .

എനിക്ക് അദ്ദേഹം പിതൃതുല്യനും ഗുരുതുല്യനുമായിരുന്നു.

എങ്കിലും –

ചില നിലപാടുകളിൽ വലിയ വിയോജിപ്പും .

വിയോജിപ്പുകൾ പക്ഷെ ഒരിക്കലും ഞങ്ങളുടെ വ്യക്തിബെന്ധത്തെ ബാധിച്ചിരുന്നില്ല .

പള്ളികാര്യങ്ങളിൽ ഏറെ തല്പരനായിരുന്നു അദ്ദേഹം ;

ഒരിക്കൽ പള്ളി വഴക്കുകളെ അപഹസിച്ച് കലാകൗമുദിയിൽ ഞാൻ എഴുതിയ ഒരു ലേഖനത്തിനെതിരെ അദ്ദേഹം വികാരം പൂണ്ട് പ്രതികരിച്ച് മറുലേഖനമെഴുതുകയും അദ്ദേഹത്തിന്റെ ആ ലേഖനത്തിൽ വലിയൊരു തെറ്റ് കടന്നുകൂടുകയുമുണ്ടായി.

എന്നാൽ –

തെറ്റ് ബോദ്ധ്യപ്പെടുത്തിയപ്പോൾ ഉടൻ തന്നെ അദ്ദേഹം ഫോണിലൂടെ എന്നെ വിളിച്ച് മാപ്പ് പറയുകയും ഇനി ഈചർച്ച മുന്നോട്ട് കൊണ്ടുപോകരുതെന്ന് അപേക്ഷിക്കുകയും ചെയ്യുകയുണ്ടായി

ഒരു ക്രിസ്തുമത വിശ്വാസിയായിരിക്കുമ്പോളും മഹത്തായ ഹൈന്ദവ സംസ്കാരത്തെ കൈവിടാതെ സൂക്ഷിക്കുവാൻ ഞാൻ പഠിച്ചത് അദ്ദേഹത്തിൽനിന്നുമാണു

അദ്ദേഹത്തെ ആദ്യമായി കാണുന്നത് ഏറെ വർഷങ്ങൾക്ക് മുൻപ് കുഴിമറ്റം സെന്റ്ജോർജ്ജ് ഓർത്തഡോക്സ് പള്ളിക്കാർ അദ്ദേഹത്തിനു നൽകിയ ഒരു സ്വീകരണ വേളയിലാണു .

ഞാൻ അന്നു ഒരു ബാലജന സഖ്യം പ്രവർത്തകൻ മാത്രമായിരുന്നു

കേരള സ്റ്റേറ്റ് ബുക്ക്‌ മാർക്ക് ന്റെ ആദ്യചുമതലക്കാരൻ അദ്ദേഹമായിരുന്നു . പിൽക്കാലത്ത് ഞാൻ അതിന്റെ മേധാവിയായി ചുമതലയേറ്റപ്പോൾ എനിക്കദ്ദേഹം വലിയൊരു വഴികാട്ടിയായിത്തീർന്നു

അദ്ദേഹത്തിന്റെ വേദശബ്ദരത്നാകരം എന്നബൃഹത് രചന ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞതും ബുക്ക് മാർക്കിലൂടെയാണു .

എന്റെ കഥകളെ അദ്ദേഹം ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു ;

പുതിയൊരു കഥാസമാഹാരം ഇറങ്ങിയെന്നറിഞ്ഞാൽ ഉടൻ തന്നെ അദ്ദേഹം ബുക്സ്റ്റാളിലെത്തി അത് നേരിട്ട് വാങ്ങിയിരുന്നു.

‘മാധ്യമം ‘പത്രത്തെയും വാരികയേയും ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ഏറ്റവും ഒടുവിൽ കണ്ടപ്പോൾ എന്നോടാവശ്യപ്പെട്ടത് മാധ്യമ ത്തിനു കൂടി കഥകൾ നൽകേണമെന്നാണു

എന്നാൽ –

എഴുത്തിൽ ഏറെ അലസനായിത്തീർന്ന എനിക്ക് ഇതുവരെ അതിനു സാധിച്ചതില്ല .

ഞങ്ങൾ ഒരേ പേരുകാരായിരുന്നു ;

ഏറെ സീനിയറായ അദ്ദേഹത്തിനുവേണ്ടിക്കൂടിയാണു ഞാൻ എന്റെ പേരിൽ നിന്നും പോളിനെ നീക്കി കുഴിമറ്റം എന്ന ഗ്രാമപ്പേരു സ്വീകരിച്ചത് .

താൻ എൺപത് തികയ്ക്കില്ലായെന്ന് ഒരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു .

ആ വാക്കുകൾ അറം പറ്റി ;

അദ്ദേഹം എഴുപത്തിയേഴിൽ കടന്നുപോയി ….

Advertisements