സൗദി വെള്ളക്കയും ചില അചേതന വസ്തുക്കളും
Dr Deepak Das സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പ്, മനോഹരമായ നിരീക്ഷണം
ദൃശ്യപരമായ കഥപറച്ചിലില്‍ അചേതനങ്ങളായ സാമഗ്രികള്‍ ഏറ്റവും ഫലപ്രദമായി എങ്ങനെ ഉപയോഗത്തില്‍ വരുത്താം എന്നുള്ളതിന്റെ മികച്ച പല ഉദാഹരണങ്ങളും കാട്ടിത്തരുന്ന ഒരു ചിത്രമാണ് സൗദി വെള്ളക്ക.ചിത്രത്തിന്റെ പേരില്‍ തന്നെയുള്ള വെള്ളക്കയാണ് പ്രധാന സംഭവത്തിന്റെ മൂലകാരണങ്ങളില്‍ ഒന്നായി കാണപ്പെടുന്നത്.പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കോടതി ദൃശ്യങ്ങളില്‍ ആ വെള്ളക്കയും ഒരു മടലും തെളിവായി വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്.രാധാകൃഷ്ണന്റെ റ്റീച്ചറായ മകള്‍ യഥാര്‍ത്ഥ മടല് അടുപ്പില്‍ വച്ച് കത്തിക്കുന്ന രംഗത്തില്‍ തന്നെയാണ് ഒരു പൊലീസുകാരന് കൃത്രിമ തെളിവുണ്ടാക്കാനായി മറ്റൊരു മടല് വെട്ടി എടുക്കുന്നത്.
അഭിലാഷിനെ ആശുപത്രിയില്‍ കാണാനെത്തുന്ന അയിഷാറാവുത്തറുടെ കൈയ്യിലാണ് നമ്മള് ബണ്ണ് ആദ്യമായി കാണുന്നത്.ചവിട്ടി മെതിക്കപ്പെട്ട നിലയിലാണ് പിന്നീട് നമ്മള് ആ അചേതനവസ്തുവിനെ കാണുന്നത്.കോടതി ഭക്ഷണശാലയില്‍ നിന്നും അഭിലാഷ് ഉമ്മയ്ക്ക് സ്നേഹത്തോടെ വാങ്ങി നല്‍കുന്നതും ബണ്ണാണ്.അവസാനരംഗങ്ങളില്‍ അഭിലാഷിന്റെ അമ്മ വെള്ളത്തില്‍ മുക്കി, ചെറിയ കഷണങ്ങളാക്കി ഉമ്മയ്ക്ക് നല്കുന്ന ബണ്ണ് കരുതലിന്റെയും സ്നേഹത്തിന്റെയും അനിഷേധ്യമായ പ്രതീകമല്ലാതെ മറ്റെന്താണ്.
ഉമ്മ ജയിലില്‍ പോകുമോ എന്ന ആശങ്കയാല്‍ സത്താറിന് അലയേണ്ടി വന്ന രാത്രിയില്‍ അവനെ സഹായിക്കുന്നത് ബ്രിട്ടോ മാത്രമല്ല,മറ്റൊരു ഓട്ടോ ഡ്രൈവറും അയാളുടെ ഓട്ടോയും കൂടിയാണ്.ആവശ്യത്തിലും അല്പം അധികം ദീപാലംകൃതമായ ആ ഓട്ടോ,ഒരു സാധാരണക്കാരന്റെ വാഹനം മാത്രമായല്ല ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.ഏത് പാതിരാത്രിയിലും അത്യാവശ്യത്തിന് ഉപകരിക്കുന്ന ഒരുത്തമ സഹായിയാണ് ആ ഓട്ടോറിക്ഷ.ചിട്ടി അടയ്ക്കാനും മറ്റത്യാവശ്യ ചിലവുകള്‍ക്കുമായി മാറ്റി വച്ചിരുന്ന കാശുമായി ഓട്ടോക്കൂലി കൊടുക്കാനെത്തുന്ന സത്താറിനെ പിന്നിലാക്കികൊണ്ട് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും ചക്രങ്ങളിലേറി ആ ഇടവഴിയിലൂടെ നിറുത്താതെ പോകുന്ന ആ ഓട്ടോ ഈ ചിത്രത്തിലെ യഥാര്‍ത്ഥ നായകരിലെ പ്രധാനിയാണ്.
കോടതിവളപ്പില്‍ പൊടിപിടിച്ച് ചെടി വളര്‍ന്നുകിടക്കുന്ന ഒരു വെളുത്ത മാരുതി800 കാറും അത് നോക്കി അസ്വസ്ഥനാകുന്ന ഒരാളെയും നമ്മള് കാണുന്നുണ്ട്.വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കോടതി വളപ്പില്‍ എത്തുമ്പോള്‍ തുരുമ്പെടുത്ത് നശിച്ച ആ മാരുതി 800 അവിടെ തന്നെ കാണാം.കോടതി വ്യവഹാരങ്ങളുടെ മെല്ലെപ്പോക്കും കെടുകാര്യസ്ഥതയും ഇതിലും ഭംഗിയായി എങ്ങനെയാണ് ദൃശ്യവല്കരിക്കാനാവുക.ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അഭിലാഷിന്റെ മൂത്രം ശേഖരിക്കാനായി നല്കിയ ബോട്ടില്‍ മറ്റൊരു പ്രധാന അചേതന കഥാപാത്രമാണ്.സംഘര്‍ഷത്തിനൊടുവില്‍ അത് ഉമ്മയുടെ നേര്‍ക്ക് വലിച്ചെറിയപ്പെടുന്നുണ്ട്.യൂറിന്‍ ബാഗ് പിന്നെയും കഥയില്‍ വരുന്നുണ്ട്.ചെയ്തുകൂട്ടിയ തിന്മകളുടെയും കുത്തിത്തിരുപ്പുകളുടെയും ശാപവും പേറി അബോധാവസ്ഥയില്‍ മരണത്താല്‍ പോലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ രാധാകൃഷ്ണന് കിടക്കുമ്പോള്‍,ആ കട്ടിലിന്റെ അറ്റത്ത് കെട്ടിയിരിക്കുന്ന യൂറിന്‍ ബാഗ് മറ്റൊരു പ്രതീകമായി മാറുന്നു.
വാടകവീട്ടില്‍ ഒറ്റയ്ക്ക് കഴിയാന്‍ വിധിക്കപ്പെട്ട അയിഷാറാവുത്തറിന്റെ അതിജീവനത്തിന്റെയും ശാക്തീകരണത്തിന്റെയും ദൃഷ്ടാന്തമായാണ് ഉണ്ണിയപ്പം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.തന്റെ ഉപജീവനഉപാധിയായി മാത്രമായല്ല ഉണ്ണിയപ്പം പ്രത്യക്ഷപ്പെടുന്നത് ,പകരം തന്നെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത ബ്രിട്ടോയ്ക്കും അഭിലാഷിനും അയിഷാ റാവുത്തര്‍ ഉപചാരപൂര്‍വ്വം നല്‍കുന്നതും ഉണ്ണിയപ്പമാണ്.
ചിത്രത്തിലെ മറ്റൊരു അചേതനവസ്തു ഹെല്‍മറ്റാണ്.ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചവരെ നാം ആദ്യം പൊലീസ് സ്റ്റേഷനില്‍ കാണുന്നു.പിന്നീട് ഹെല്‍മറ്റ് ധരിച്ച് കോടതിമുറിക്കുള്ളില്‍ വന്ന് നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി അറസ്റ്റ് ഒഴിവാക്കാനായി രണ്ട് യുവാക്കള്‍ നടത്തുന്ന വിഫലശ്രമവും നമ്മള് കണ്ടു.അവര്‍ വലിച്ചെറിഞ്ഞുപേക്ഷിച്ച ഹെല്മറ്റിലാവണം പിന്നീട് നാളുകള്‍ക്ക് ശേഷം പാഴ്ചെടി വളര്‍ന്നുനില്‍ക്കുന്നതായി നമ്മള് കാണുന്നത്.
ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഏറ്റവും മനോഹരമായ മറ്റൊരു അചേതനവസ്തു ഒരുകാറിന്റെ റിവേഴ്സ് ഹോണാണ്.ജഡ്ജി കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയ പൊലീസുകാരനോട് തനിക്കൊക്കെ ഇവിടെ എന്താണ് പണി എന്ന് ചോദിക്കുമ്പോള്‍ അതിന്റെ ഉത്തരമെന്നോളം ആ റിവേഴ്സ് സൈറണ്‍ മുഴങ്ങുന്നു. കാശ്…പണം….ധുട്ട്…മണി…മണി എന്ന ഗാനശകലം.ഒരു കാര്‍ സൈറണ്‍ പോലും ഇത്ര ഫലപ്രദമായി ഉപയോഗിക്കപ്പെടുന്ന ഒരു രംഗം മലയാളസിനിമയില്‍ തന്നെ ഇതാദ്യമാണെന്ന് തോന്നുന്നു. ഉമ്മയെ തിരികെ കൊണ്ടു പോകാനായി വീട്ടിലെത്തുന്ന സത്താര്‍ ആ മഴയത്തും തന്റെ കുട ആ വരാന്തയില്‍ ഉപേക്ഷിച്ചാണ് മടങ്ങുന്നത്.അതിന് തൊട്ട് മുന്‍പിലുള്ള രംഗത്തിലാണ് മഴ തോര്ന്നാല് കുട എല്ലാവര്ക്കും ഒരു ബാധ്യതയാണെന്ന് കഥാകൃത്ത് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
കഥ പറയുമ്പോഴും കഥാപാത്രങ്ങളെ മാത്രമല്ല,വെറും വസ്തുക്കളെ പോലും ശക്തമായ കഥാപാത്രങ്ങളാക്കി രൂപാന്തരപ്പെടുത്തി ഹൃദ്യമായി അനുഭവവേദ്യമാക്കുന്നത് ഒരു ചെറിയ കാര്യമല്ല.ഹൃദയത്തില്‍ മാത്രമല്ല തലച്ചോറിലും ദൈവത്തിന്റെ കൈയ്യൊപ്പുളള ഒരാള്‍ക്ക് മാത്രമേ ഇത്ര മനോഹരമായി അത് സാധിക്കൂ.