കണ്ണാപ്പിയും മുത്തും പിന്നെയൊരു വൈഢൂര്യവും
Dr DeepakDas
തങ്കം കണ്ടു.പത്തരമാറ്റ് തനി തങ്കം.കാണേണ്ട നല്ല സിനിമ.ഒരൊന്നാന്തരം റിയലിസ്റ്റിക്ക് ക്രൈംത്രില്ലര്‍. മികച്ചതും ത്രസിപ്പിക്കുന്നതുമായ തിരക്കഥ.ലാളിത്യം നിറഞ്ഞ ഭംഗിയാര്‍ന്ന അവതരണം.സഭാകമ്പം തെല്ലുമില്ലാത്ത സംവിധാനമികവ്. ബിജുമേനോനും വിനീതും മല്‍സരിച്ച് തകര്‍ത്തഭിനയിച്ചിരിക്കുന്നു. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ കണ്ണാപ്പിയും മുത്തും നീറുന്ന ഒരു നോവായി നമ്മോടൊപ്പം ഇറങ്ങിവരും.അപര്‍ണ്ണ നന്നായി അഭിനയിച്ചിരിക്കുന്നു.ചില രംഗങ്ങളില്‍ ഞെട്ടിച്ചിട്ടുമുണ്ട്. തട്ടത്തില്‍ഡേവിഡ് പൊളി.വളരെ കുറച്ച് രംഗങ്ങളിലേ ഉള്ളൂ എങ്കിലും കൊച്ചുപ്രേമന്‍ ഇതുവരെ കാണിച്ചിട്ടില്ലാത്ത ഒരു പ്രകടനമാണ് കാഴ്ച്ചവച്ചത്.ഒരൊറ്റ സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന വിക്കി എന്ന കഥാപാത്രം ഗംഭീരപ്രകടനമാണ് നടത്തിയത്.അംബികചേച്ചിയായി ഇന്ദിരാപ്രസാദിന്റെ അഭിനയം,അഭിനയമായേ തോന്നിയില്ല,അത്ര കണ്ട് സത്യസന്ധമായ പകര്‍ന്നാട്ടം. നൈസര്‍ഗികമായ, അകൃത്രിമായ പെരുമാറ്റം പോലെ തോന്നിച്ചു.ഇത്രയും നാള്‍ ഇവരൊക്കെ എവിടെയായിരുന്നു എന്ന് അത്ഭുതപ്പെട്ടുപോയി.
പക്ഷെ സിനിമ കണ്ടിറങ്ങിയതിന് ശേഷം ആദ്യം അന്വേഷിച്ചത് ഇതിലെ ഇന്‍സ്പെക്ടര്‍ വേഷം കൈകാര്യം ചെയ്ത നടനാരാണെന്നാണ്.മറാഠി/ഹിന്ദി നടനായ ഗിരീഷ് കുല്‍ക്കര്‍ണ്ണി.മികച്ച നടന്റെയും മികച്ച തിരക്കഥാകൃത്തിന്റെയും രണ്ട് ദേശീയ പുരസ്ക്കാരങ്ങള്‍ വീട്ടിലെ ഷോകേസില്‍ അടുക്കി വച്ചിരിക്കുന്ന ഈ മനുഷ്യന്‍,ചുമ്മാതല്ല ഇത്ര ആയാസരഹിതമായി, സ്വാഭാവികമായി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.ഒരു വേള തിലകനെയോ,ഗോപിയെയോ,നെടുമുടിയേയോ മുരളിയെയോ ഒക്കെ നമ്മളെ ഓര്‍മ്മിപ്പിക്കുന്ന അസാമാന്യപ്രകടനമാണ് അദ്ദേഹം പുറത്തെടുത്തിരിക്കുന്നത്.ഒരു പൊലീസ് ഇന്‍സ്പെക്റുടെ ഭാവങ്ങളിലേക്കും ശരീരഭാഷയിലേക്കും നിഷ്പ്രയാസം ആവാഹിച്ചിറങ്ങുന്നതിനൊപ്പം കൗശലക്കാരനും കുശാഗ്രബുദ്ധിയുള്ളവനുമായി പരകായ പ്രവേശം നടത്തുന്നതില്‍ ഈ നടന്റെ അനന്യമായ മികവാണ് ചിത്രത്തിനെ അക്ഷരാര്‍ത്ഥത്തില്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്.
ജയിലിലെയും DYSP ഓഫീസിലെയും രംഗങ്ങള്‍ ഒരേസമയം ക്ളാസ്സും മാസുമായി അടയാളപ്പെടുത്തേണ്ടി വരും.ആദ്യം ഒരല്പം ഈര്‍ഷയൊക്കെ അയാളോട് തോന്നാമെങ്കിലും, പതിയെ പതിയെ ആ കഥാപാത്രത്തിനും ആ അഭിനേതാവിനും പ്രേക്ഷകര്‍ ഇടനെഞ്ചില്‍ ഇടം കൊടുക്കും.അയാളുടെ തിളങ്ങുന്ന കണ്ണുകളില്‍ അണയാത്ത ഒരു തീ എപ്പോഴും കാണാനാകും, ദുരൂഹതകള്‍ നീക്കി സത്യം പുറത്ത് കൊണ്ടുവരാനുള്ള ആവേശമാണ് ആ തീ.മറ്റ് രണ്ട് നായകനടന്മാരുടെ പ്രകടനം അതിമനോഹരമായിരുന്നെങ്കില്‍ പോലും, ഗിരീഷ് കുല്‍ക്കര്‍ണ്ണിയോട് പ്രേക്ഷകന് വല്ലാത്തൊരു മാനസിക അടുപ്പം തോന്നുന്നത് ഇന്‍സ്പെക്ടറായി അയാള്‍ നടത്തിയ മാസ്മരിക പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ്.അയാളുടെ ചലനങ്ങളില്‍,ആ കണ്ണുകളില്‍,ഡയലോഗ് ഡെലിവറിയില്‍,മാനറിസങ്ങളില്‍,ഒക്കെ തന്നെ യഥാര്‍ത്ഥപകര്‍ന്നാട്ടത്തിന്റെ അനിര്‍വചനീയമായ തന്മയീഭാവം അനുഭവപ്പെടുന്നുണ്ട്.