സന്തോഷ് ജോർജ് കുളങ്ങര അഭിനവ “വിഖ്യാത മൂക്കന്‍” ആകരുത്

0
661

Dr Deepu Sadasivan എഴുതുന്നു 

ചില കാര്യങ്ങളിൽ വളരെയധികം ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ശ്രീ സന്തോഷ് ജോർജ് കുളങ്ങര, എന്നാൽ എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ അദ്ദേഹത്തിന് ധാരണയില്ലാത്ത വിഷയങ്ങളിൽ അഭിപ്രായം പൊതുവൽക്കരിച്ചു പറഞ്ഞു അഭിനവ “വിഖ്യാത മൂക്കന്‍” മാരിലൊരാളായി മാറരുതെന്നു അപേക്ഷയുണ്ട്.

അദ്ദേഹം പറയുന്നതിൽ രണ്ടു കാര്യങ്ങളോട് യോജിക്കുന്നു

1, ഒരു ഡോക്ടർ പ്രസ്തുത ചോദ്യം അദ്ദേഹത്തോട് ചോദിക്കാൻ ഇടയായത്,
അദ്ദേഹം സൂചിപ്പിച്ചത് പോലെ ഒരു അപലപനീയമായ ഒരു അവസ്ഥ തന്നെ ആയിരുന്നു, തുടര്‍ന്നുള്ള കുളങ്ങരയുടെ പ്രകടനം അത് സാധൂകരിച്ചു.

2, യോജിക്കാവുന്ന മറ്റൊരു അഭിപ്രായം
കേരളത്തിലെ ഡോക്ടർമാരുടെ മെഡിക്കൽ എത്തിക്സ്ന്‍റെ നിലവാരം പോര എന്നതാണ്.
ഈ പ്രസ്താവനയോട് യോജിച്ചു കൊണ്ട് തന്നെ മറ്റു ചില കാര്യങ്ങൾ വഴിയെ പറയാം,
എന്നാൽ അതിനു മുന്‍പ് അദ്ദേഹം പറഞ്ഞതിലെ വാസ്തവവിരുദ്ധമായ / പ്രതിലോമപരമായ ചില കാര്യങ്ങള്‍ ചൂണ്ടി കാണിക്കട്ടെ.

തങ്ങൾക്കു വൈദഗ്ധ്യമില്ലാത്ത വിഷയങ്ങളിൽ മുന്‍വിധിയോടെ/ ഉപരിപ്ലവമായി കാര്യങ്ങളെ സമീപിച്ചു അങ്ങേയറ്റം ലാഘവത്തോടെ കൂടി, Hasty ജനറലൈസേഷനായി,
ഒരു മാസ് ഡയലോഗ് ഫോര്‍മാറ്റില്‍ കയ്യടിക്കായി ക്യാമറയ്ക്ക് മുന്നില്‍ പറയുന്ന പ്രവണതയുടെ മറ്റൊരു ഉദാഹരണമായിരുന്നു ഇത്, അത്രതന്നെ.

ഇതിൽ വലിയൊരു അപാകത,

ഇത്തരം വ്യക്തികൾക്കുള്ള പൊതുവിലുള്ള സ്വീകാര്യത, അതേപോലെ തന്നെ മാധ്യമങ്ങള്‍ ഇതിലെ വസ്തുതകള്‍ അപഗ്രഥിക്കാതെ മറുവശം അവതരിപ്പിക്കാതെ ഇതിനു കൊടുക്കുന്ന പ്രചാരം, ഇത്തരം വേറിട്ട അഭിപ്രായങ്ങള്‍ ധീരമായ തുറന്നു പറച്ചില്‍ എന്ന രീതിയില്‍ ഉള്ള അവതരണത്തിലൂടെ കിട്ടുന്ന ശ്രദ്ധ , വിവാദ മാര്‍ക്കെറ്റില്‍ ഉള്ള മൂല്യം ഒക്കെ വെച്ച് ഏറെ പേരില്‍ എത്തുകളും വലിയ തെറ്റിദ്ധാരണകൾ പടര്‍ത്തുകയും ചെയ്യും എന്നതാണ്.

“ഏറ്റവും ആരോഗ്യമുള്ള സമൂഹം എവിടെയാണ് ഉള്ളത് കേരളത്തിലാണോ/ അത് പുറത്ത് എവിടെയെങ്കിലും ആണോ?എന്ന ആശയം ആയിരുന്നു ചോദ്യത്തില്‍.”

അതിന് അങ്ങേയറ്റം ജനറലൈസ് ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞത് കേരളത്തിലെ മൂന്നരക്കോടി മനുഷ്യരും രോഗികളാണ്!!!!?
അനാവശ്യമായ മരുന്നുകളുടെ കൂമ്പാരത്തിൽ ആണ് ഇവർ ഇനി കഴിയാൻ പോകുന്നത് എന്നാണു.

“ഇത് ഞാന്‍ എവിടെയോ….?” ങാ പിടി കിട്ടി മുന്‍പ് സമാന ഡയലോഗ് പറഞ്ഞത് ശ്രീ ശ്രീനിവാസനാണ്.

മോഡേണ്‍ മരുന്നുകൾ കടലിൽ എറിഞ്ഞു കളഞ്ഞാൽ ഇന്നാട്ടിലെ ജനങ്ങൾ രക്ഷപ്പെടും, എന്നാൽ കടലിലെ മീനുകളുടെ കാര്യം എന്താവും എന്നറിയില്ല എന്നും അദ്ദേഹം മാസ്സ് ഡയലോഗ് കാച്ചിയപ്പോഴും ഇത് പോലെ സദസ്സില്‍ നിന്നും ചിരികള്‍ ഉയര്‍ന്നിരുന്നു.

പൊതുസദസ്സില്‍ ഇങ്ങനെ ഒക്കെ തട്ടി വിട്ട അദ്ദേഹത്തിന് അസുഖം വന്നപ്പോൾ “പഞ്ചനക്ഷത്ര” ആശുപത്രിയിൽ പോയി കടലിൽ എറിയാന്‍ ആഹ്വാനിച്ച മരുന്നുകൾ ഒക്കെ കഴിച്ചു ആരോഗ്യത്തോടെ തിരിച്ചു വരുകയും ചെയ്തത് നാം കണ്ടതാണ്.

കുളങ്ങര ഏറ്റവും ആരോഗ്യമുള്ള ജനതയെ കണ്ടത് ആഫ്രിക്കയിലെ എത്യോപ്യയിലെ ഉപ്പ് കല്ല്‌ വെട്ടി ഒട്ടകത്തിൽ കയറ്റി കൊണ്ടുപോയി ജീവിക്കുന്ന ഗോത്ര സമൂഹത്തിലെ മനുഷ്യരിൽ ആണത്രേ !!!

അവിടെ പോയി അദ്ദേഹം കണ്ട ഏതാനും മനുഷ്യരുടെ ബാഹ്യശരീരപ്രത്യേകതകൾക്കപ്പുറം എത്രത്തോളം വസ്തുതാപരമാണീ പ്രസ്താവന എന്ന് ആരെങ്കിലും പരിശോധിച്ചോ? ഒട്ടുമിക്കവരും പരിശോധിക്കില്ല. അത് തന്നെ ഇങ്ങനെ വായില്‍ തോന്നുന്നത് പറയാനുള്ള ബലവും.

പ്രസ്തുത പ്രദേശത്തിന്റെ പ്രത്യേക ആരോഗ്യ ഇൻഡക്സ്കൾ ലഭ്യമല്ലാത്തതിനാൽ എത്യോപ്യയും കേരളവുമായി ആരോഗ്യ നിലവാരം എങ്ങനെ തുലനം ചെയ്യാം ?

1-2 ആരോഗ്യ സൂചികൾ ഉദാ: ആയി എടുക്കാം

എത്യോപ്യയിലെ പുരുഷന്റെ ശരാശരി ആയുര്‍ ദൈര്‍ഘ്യം ഏദേശം 63.7 ആണ്. (സ്ത്രീയുടെ 67)
കേരളത്തിലത്72.2 വയസ്സ് ആണ്. (സ്ത്രീ 79.9)

കേരളത്തിലെ മാതൃമരണ അനുപാതം Maternal Mortality Ratio 46 ആണ് (ഇന്ത്യയില്‍ ഏറ്റവും മികച്ച നില)
എത്യോപ്യയിൽ അത് 676 ആണ്. ഒരു ഏകദേശ താരതമ്യത്തിനായി 2 സൂചികകൾ പറഞ്ഞുവെന്നേയുള്ളൂ.

ശാസ്ത്രീയമായി വസ്തുതകൾ അവലോകനം നടത്തിയാൽ ഈ രണ്ട് മേഖലകളിലെ ആരോഗ്യ സംവിധാനങ്ങളില്‍ വലിയ അന്തരമുണ്ട് എന്നിരിക്കെ, സാമൂഹിക ആരോഗ്യത്തെ ബാധിക്കുന്ന വിവിധ ഘടകങ്ങള്‍ ഒന്നും കണക്കില്‍ എടുക്കാതെയുള്ള ഈ പ്രസ്താവന എത്ര പൊള്ളത്തരമാണ്.

അവിടെ കായികാധ്വാനം ചെയ്യുന്ന ചിലരെയും അവരുടെ ബാഹ്യ ശരീര ഘടനയും മാത്രം ” കണ്ട ” അടിസ്ഥാനത്തിൽ ഏറ്റവും ആരോഗ്യം ഉള്ള മനുഷ്യരുടെ സമൂഹം ഇതാണ് എന്ന് പറയുന്നത് എത്ര ഭോഷ്കാണ്. ശരീരത്തിൽ കൊഴുപ്പില്ലാത്ത വ്യായാമ ശീലമുള്ള ഏതാനും മനുഷ്യരെ അദ്ദേഹം കണ്ടെന്ന ഘടകം മാത്രമാണ് പറഞ്ഞത്, മറ്റെന്തെങ്കിലും പഠനമോ, ഡാറ്റയോ പരാമീറ്ററുകളോ ഇല്ല.
ഇവിടുത്തെ ജിമ്മിന്റെ മുന്നില്‍ വിസിറ്റ് പോയിട്ട് ഇവിടെ എല്ലാരും കനത്ത ആരോഗ്യം ഉള്ളവരാണ് എന്ന് പ്രസ്താവിച്ചാല്‍ എങ്ങനെ ഇരിക്കും?

ഗോത്ര മനുഷ്യരുടെ ഇടയിൽ മറ്റൊരു പ്രതിഭാസവും കാണും,
ദുർബലരും രോഗമുള്ളവരും വളരെ വേഗം മരണപ്പെടുകയും അവരിൽ ഒരു വിഭാഗം താരതമ്യേന ആരോഗ്യ ശേഷിയുള്ളവര്‍ പ്രകൃതിയോട് മല്ലിട്ട് കാഴ്ചയിൽ ഉരുക്ക് ബോഡിയുള്ളവരായി ഇരിക്കും. ജീവിതശൈലീ രോഗങ്ങള്‍ ഇവരില്‍ കുറവ് ആയിരിക്കും എന്നാല്‍ നിസ്സാര സൂക്ഷ്മ ജീവികളായ വൈറസോ ബാക്ടീരിയയോ ഒക്കെ മതി പല മസിലന്മാരുടെയും ജീവനെടുക്കാന്‍, ഒരു അപ്പെൻഡിസൈറ്റിസോ, മെഡിക്കൽ എമർജൻസികളോ വന്നാല്‍ മതി ഗോത്ര സമൂഹത്തില്‍ ഉള്ള ഒരാള്‍ മണ്ണിനടിയില്‍ ആവാന്‍. എന്നാൽ കേരളത്തിൽ ഇത്തരമൊരവസ്ഥയല്ല ഉള്ളത്.

കേരളത്തില്‍ നീപ്പ പോലുള്ള മാരക രോഗപ്പകര്‍ച്ച പോലും ഫലപ്രദമായി പ്രതിരോധിച്ച ആധുനിക വൈദ്യത്തില്‍ ഊന്നിയ പൊതുജനാരോഗ്യ വ്യവസ്ഥയാണ് ഉള്ളത്.

വ്യക്തിഗത നിരീക്ഷണങ്ങളും ശാസ്ത്രീയ പഠനങ്ങളും തമ്മിലുള്ള വ്യത്യാസം എന്തെന്നാല്‍, വ്യക്തിയുടെ മുന്‍വിധികളും, ധാരണകളും, ഉള്ക്കാഴ്ച്ചയില്ലയ്മയും കൊണ്ടുള്ള ബയസ് ശാസ്ത്രീയ അവലോകനത്തിൽ വരാനുള്ള സാധ്യത തീരെ കുറവായിരിക്കും.

കേരളവുമായി താരതമ്യം ചെയ്‌താല്‍ പരിമിതമായ ആരോഗ്യ സംവിധാനങ്ങൾ ആണുള്ളത്. അവിടെ ആരോഗ്യപ്രശ്നങ്ങൾ അനേകമുണ്ട് ഇത് ആർക്കും 1 മിനുട്ട് ചെലവഴിച്ച് ഗൂഗിൾ ചെയ്താൽ വസ്തുതാപരമായ കണക്കുകൾ പരിശോധിച്ച് മനസ്സിലാക്കാവുന്നതാണ്, പക്ഷെ കുളങ്ങരയുടെ വിലയിരുത്തലില്‍ ആരോഗ്യം എന്നത് കൊഴുപ്പില്ലായ്മയും, പേശികളുടെ ദൃഡതയും മാത്രം മുന്‍നിര്‍ത്തി ആയിരുന്നിടത്താണ് അപാകത.

ഒരു പക്ഷെ 60 വർഷം മുന്‍പ് കേരളത്തിലെ ഏതെങ്കിലും ചന്തയില്‍ പോയി നിന്നാല്‍ ശ്രീ സന്തോഷ്‌ കണ്ടത് പോലുള്ള ഉറച്ച ശരീരം ഉള്ള കായികാധ്വാനികളായ മനുഷ്യരെ കണ്ടേനെ.

എന്നാല്‍ അക്കാലത്ത് രോഗമില്ലാ എന്ന് അതിനു അര്‍ഥം ഇല്ല, എന്‍റെ അമ്മയുടെ അച്ഛന്‍ 30 കളില്‍ മരിക്കുന്നത് ആമാശയത്തില്‍ അസിഡിറ്റി കൊണ്ട് ഉണ്ടായ അള്‍സര്‍ വന്നിട്ടാണ്. ഇന്ന് ഈ വിധ പ്രശ്നം ഉള്ള പിന്‍ തലമുറയിലെ ആരും കേരളത്തില്‍ ഈ രോഗം കൊണ്ട് മരിക്കുന്നില്ല, നിസ്സാര മരുന്ന് ചികില്‍സ കൊണ്ട് തന്നെ നിയന്ത്രിച്ചു നിര്‍ത്താവുന്ന ഒന്നായി അത് മാറി.

കേരളം മാറി സാമൂഹിക അവസ്ഥകള്‍ മാറി ഒപ്പം നമ്മുടെ രോഗങ്ങളും.
ജീവിതശൈലിയില്‍ ഉള്ള മാറ്റങ്ങള്‍ ജീവിതശൈലീ രോഗങ്ങളുടെ വര്‍ദ്ധനവിന് കാരണമായി.
കായിക അധ്വാനക്കുറവ്‌, ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത, ലഹരി വസ്തുക്കളുടെ വര്‍ദ്ധിത ഉപഭോഗം എന്നിങ്ങനെ പലതും, ഇതൊന്നും പക്ഷെ ശാസ്ത്രത്തിന്റെയോ മോഡേണ്‍ മെഡിസിന്റെയോ കുറ്റം കൊണ്ടല്ല. മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ അല്ല മലയാളികളെ വ്യായാമം ചെയ്യുന്നതില്‍ നിന്നും തടയുന്നത്, ഒരു ഡോക്ടറും മനുഷ്യരെ വീട്ടില്‍പോയി വിളിച്ചു ഇറക്കി മരുന്ന് തീറ്റിക്കുന്നും ഇല്ല, ഡോക്ടർമാരല്ല പുകവലിയും മദ്യപാനവും പ്രോത്സാഹിപ്പിക്കുന്നത്.

പണ്ട് കാലത്ത് ആയുസ്സ് എത്താതെ “അകാരണ ദീനം വന്നു” മരിക്കുമായിരുന്ന പലരും ഇന്ന് മരുന്നുകള്‍ കഴിച്ചു ഏകദേശം നിയർ നോര്‍മല്‍ രീതിയില്‍ ഏറെക്കാലം ജീവിക്കുന്നുണ്ട്, സ്വാഭാവികമായും കൂടുതല്‍ കാലം ജീവിക്കുമ്പോഴും ജീവിത ശൈലീ രോഗങ്ങളും, ക്യാന്‍സര്‍ പോലുള്ളവയും വരാന്‍ സാധ്യതയും കൂടും. തിരുവിതാം കൂര്‍ രാജാക്കന്മാരുടെ ശരാശരി ആയുസ്സ് പോലും ഇന്നത്തെ ശരാശരിയില്‍ നിന്നും വളരെ താഴെ ആയിരുന്നു. 30-40 വയസ്സില്‍ പൊടുന്നനെ മരിച്ചാല്‍ ശരിയാണ്, “രോഗിയായി” എഴുപതു വയസ്സ് വരെ ജീവിക്കേണ്ടി വരുമായിരുന്നില്ലെന്നത് ശരിയാണ്. ഇതില്‍ ഏതാണ് അഭികാമ്യം എന്നത് യുക്തിക്ക് വിടുന്നു.

കുളങ്ങര പറയുന്നത് പോലെ ജീവിക്കെണ്ടവര്‍ക്ക് നാട്ടില്‍ അതിനുള്ള ഓപ്ഷന്‍ ഉണ്ടെന്നു വിശ്വസിക്കുന്നു, ഉപ്പ് കല്ല്‌ വെട്ടാനും ഒട്ടകത്തോട് ഒപ്പം കഴിയാനും പറ്റിയില്ലെങ്കിലും മരുന്ന് കഴിക്കാതെ ജീവിക്കാന്‍ സംവിധാനങ്ങള്‍ തടസ്സം ആവും എന്ന് തോന്നുന്നില്ല.

പക്ഷെ അസുഖങ്ങള്‍ വരുമ്പോള്‍ കുളങ്ങരയും ശ്രീനിവാസനും ഒക്കെ “നല്ല ഡോക്ടമാരുടെ” അടുത്തേക്ക്‌ ഓടി വരും….എന്നാല്‍ ചില പാവങ്ങള്‍ ഇതൊക്കെ വിശ്വസിച്ചു മരുന്നുകള്‍ ഒക്കെ നിര്‍ത്തി നേരത്തെ രോഗമില്ലാ നിത്യ ശാന്തിയിലേക്ക് പോവും.

ശ്രീ കുളങ്ങരയോടുള്ള പ്രതികരണം… കഴിഞ്ഞ പോസ്റ്റിന്റെ തുടർച്ച.

ഡോക്ടര്‍മാരുടെ ധാര്‍മ്മികത എന്ന വിഷയത്തിലേക്ക് വരാം,

കേരളത്തിലെ ഡോക്ടർമാർ ആകമാനം ധാർമികത ഇല്ലാത്തവരാണ് എന്ന ധ്വനിയിലുള്ള പ്രസ്താവനകള്‍ക്ക് തൊട്ടു പുറകെ തന്നെ ഇതിനു കടക വിരുദ്ധമായി
അദ്ദേഹത്തിന്‍റെ പരിചയത്തില്‍ വളരെയധികം നല്ല ഡോക്ടർമാർ ഉണ്ടെന്നും പറയുന്നുണ്ട്. രണ്ടു പ്രസ്താവനയും തമ്മിലെങ്ങനെ പൊരുത്തപ്പെടുമെന്ന് ചോദിച്ചാൽ, എനിക്കറിയില്ല. പോട്ട് നമ്മുടെ ബന്ധു മിത്രാദികള്‍ ആയ ഡോക്ടര്‍മാര്‍ നല്ലവരും അല്ലാത്തവര്‍ മൊത്തത്തില്‍ കുഴപ്പക്കാര്‍ എന്ന ലോജിക്ക് വരവ് വെക്കാം.

പറയാനുള്ളത്,
സമൂഹത്തിൻറെ പൊതുവായ ധാർമ്മികയുടെ നിലവാരത്തിനുമപ്പുറത്തേക്ക് എത്തികൽ ഔന്നത്യം മെഡിക്കല്‍ സമൂഹത്തില്‍ നിന്ന് ആരെങ്കിലും പ്രതീക്ഷിച്ചാല്‍ അത് കടന്ന കൈയ്യാവും. എം ബി ബി എസ് കോഴ്സ് അത്തരത്തിൽ പുണ്യാളന്മാരെ വാർത്തെടുക്കുന്ന ഒരു പരിശീലനമല്ല കൊടുക്കുന്നത്, നമ്മുടെ ഒക്കെ ഇടയിൽ വളർന്നു വരുന്ന ആൾക്കാർ തന്നെയാണ് ഡോക്ടർമാരാവുന്നത്, ( ശ്രീ കുളങ്ങര പോയ രാജ്യങ്ങളിൽ നിന്ന് ഇങ്ങട് ഇറക്കുമതിയുമില്ല).

വരുമാന സാധ്യതകളും , “ഉയര്‍ന്ന സോഷ്യല്‍ സ്റ്റാറ്റസും” കല്യാണ മാർക്കറ്റിലെ മൂല്യവുമൊക്കെ പ്രതീക്ഷിച്ചു നമ്മളൊക്കെ സ്വന്തം കുടുംബത്തില്‍ നിന്ന് നിര്‍ബന്ധിച്ചും അല്ലാതെയും കോച്ചിംഗ് സെന്ററില്‍ അട വെച്ച് വിരിയിക്കുന്ന വ്യക്തികള്‍ ആണ് ഇത്.

ഡോക്ടര്‍മാരെ അടച്ചാക്ഷേപിക്കുന്നവര്‍ പോലും സ്വന്തം മക്കളെയും കുടുംബക്കാരെയുമൊക്കെ ഡോക്ടര്‍മാര്‍ ആക്കാന്‍ പരിശ്രമിക്കുന്നതും, കുടുംബത്തിലുള്ള ഡോക്ടർമാരുടെ കാര്യം ഗർവ്വോടെ പറയുന്നതും നിരീക്ഷിക്കാം. ഈ വിരോധാഭാസത്തില്‍ ഉണ്ട് ചില Clues.

പൊതുവായ ധാർമികതയ്ക്ക് ആനുപാതികമായിരിക്കും എല്ലാ പ്രൊഫഷനുകളിലെയും ആള്‍ക്കാരുടെയും ധാർമികത, അതിപ്പോ ഡോക്ടറായാലും, രാഷ്ട്രീയക്കാരായാലും മാധ്യമപ്രവർത്തകരായാലും, സർക്കാർ ഉദ്യോഗസ്ഥരായാലും കറപ്റ്റ് ആയിട്ടുള്ള സമൂഹത്തിന്റെ ഉല്‍പ്പന്നത്തിന്റെ നിലവാരം ഇടിഞ്ഞിരിക്കുന്നത് അസ്വാഭാവികം അല്ല.

പുണ്യാളൻ ആകാൻ പ്രാപ്തമായ രീതിയിൽ തിയോളജി പഠിപ്പിക്കുന്ന സെമിനാരികളിൽ നിന്നിറങ്ങുന്നവരിൽ പോലും പല അപചയങ്ങളുമുള്ളപ്പോൾ ഡോക്ടർമാർ മാത്രം വേറിട്ട് ഉന്നത മൂല്യങ്ങൾ പുലർത്തണം എന്ന പ്രതീക്ഷ തന്നെ അയഥാർത്ഥ ചിന്തയാണ്.

എന്നാൽ മെഡിക്കൽ പ്രൊഫഷനിൽ ധാർമികതയും ഉന്നത മൂല്യവും ഉറപ്പുവരുത്തേണ്ടത് സമൂഹത്തിൻറെ ആവശ്യമാണെന്നതിനോട് പൂർണ്ണമായും യോജിക്കുന്നു. അതിനു മാസ് ഡയലോഗ് മാത്രം പോരാ. സ്വയം വ്യക്തികള്‍ നന്നാവും എന്ന പ്രതീക്ഷയും വേണ്ട. നിയന്ത്രിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുകയാണ് വേണ്ടത്, അതിനു വേണ്ടി പോളിസി മേക്കര്‍ മാരായ ഉദ്യോഗസ്ഥ/ രാഷ്ട്രീയക്കാരില്‍ സമ്മര്‍ദ്ദം പൊതു സമൂഹത്തില്‍ നിന്നും ഉണ്ടാവണം.

ഉദാഹരണത്തിന് മെഡിക്കൽ മേഖലയിലെ അധാർമിക പ്രവണതകൾ സമഗ്രമായി നിയന്ത്രിക്കാൻ കെൽപ്പുള്ള അതല്ലെങ്കിൽ ഏറ്റവും ഫലവത്തായി നിയന്ത്രിക്കാൻ കെൽപ്പുള്ള “പവർഫുൾ” ബോഡിയാണ് മെഡിക്കൽ കൗൺസിൽ. എന്നാൽ ഇന്ത്യയിലെ മെഡിക്കൽ കൗൺസിൽ എക്കാലത്തും അഴിമതി ആരോപണങ്ങളില്‍ പുതഞ്ഞു കിടക്കുന്ന ഒന്നാണ്.
എമ്പ്രാന്‍ അല്പം കട്ട് ഭുജിച്ചാല്‍ അമ്പലവാസികള്‍ ഒക്കെ കക്കും എന്നാണല്ലോ.

നാടൊട്ടുക്ക് തട്ടുകട പോലെ മെഡി: കോളേജ് വന്ന്, സങ്കര വൈദ്യം വന്ന് ഇന്ത്യൻ മെഡിക്കൽ രംഗത്ത് നിലവാരമിടിയുമ്പോഴും പലപ്പോഴും പൊതുസമൂഹത്തിന യാതൊരു ആശങ്കയും തോന്നി കണ്ടിട്ടില്ല,
മെഡിക്കൽ സമൂഹത്തിൽ നിന്നുതന്നെ ഉള്ള വിസിൽ ബ്ലോവർ മാർക്ക് കടുത്ത പ്രതിസന്ധികൾ നേരിടേണ്ടി വരുന്നത് കൊണ്ട് വ്യക്തികള്‍ക്കോ ചെറു സംഘടനകള്‍ക്കോ സമൂലമായ മാറ്റം ഒന്നും കൊണ്ട് വരാനും കഴിയില്ല. പ്രതികരിക്കാൻ ശ്രമിച്ച ചില ഒറ്റയാൾ പോരാട്ടങ്ങളെ അറിയാം ബാബു സർ, ജിനേഷ് etc, അവർക്ക് നേരിടേണ്ടി വന്നതും ഒടുവിൽ സംഭവിച്ചതും പലർക്കുമറിയാമെന്ന് കരുതുന്നു. Jinesh PS @Babu KV

അഴിമതി പലതും (ഉദാ: കൈക്കൂലി ) നമ്മൾക്ക് എളുപ്പ വഴിക്കായി നാം നില നിർത്തി പോരുന്നത് കൂടിയാണ്, ഇത് വ്യക്തിഗതമായി expose ചെയ്യൽ എളുപ്പമല്ല. ഇതിൽ കൊടുക്കൽ വാങ്ങലുകൾക്ക് തെളിവൊന്നും ഉണ്ടാവില്ല. ഉദാ: ഡോക്ടർമാരിൽ ചിലർ ലാബ്/സ്കാനിങ്ങ് സെന്ററിൽ നിന്ന് പണം പറ്റുന്നു എന്ന് ഞാനും കരുതുന്നു, എന്നാൽ ഈ വിഷയത്തിൽ എനിക്ക് ചെയ്യാവുന്നത് അതിൽ നിന്ന് സ്വയം മാറി നിൽക്കുകയും ഏറിയാൽ ആശയ പ്രചരണം നടത്തുകയുമാണ്. ബാക്കി മേശക്കടിയിലൂടെ നടക്കുന്ന പണമിടപാടിന് എന്റെ കയ്യിൽ തെളിവൊന്നുമുണ്ടാവില്ല. ഇരയാവുന്ന വ്യക്തികൾക്ക് എന്നാൽ അത്തരം സാധ്യതകളുള്ളത് ഉപയോഗിക്കണം, മാധ്യമങ്ങളും സമൂഹവുമൊക്കെ വേണ്ട പിന്തുണ കൊടുത്ത് മോശക്കാർക്ക് ശിക്ഷ കിട്ടുമെന്ന് ഉറപ്പ് വരുത്തണം. ഇങ്ങനെ കുറച്ച് സംഭവങ്ങൾ ഉണ്ടായാൽ തന്നെ വലിയ മാറ്റം വരും.

എത്തിക്സ് ഡോക്ടർമാർക്ക് മാത്രം മതിയോ എന്ന ചോദ്യവും ഉണ്ട്. രാഷ്ട്രീയക്കാർക്ക്, വക്കീലന്മാർക്ക്, പോലീസുകാർക്ക് എന്തിന് മാധ്യമ പ്രവർത്തകർക്ക് ഉൾപ്പെടെ അവശ്യം എത്തിക്സ് വേണ്ടേ?
മേൽപ്പറഞ്ഞ മേഖലകളിൽ ധാർമ്മികത വേണ്ട വിധം ഉണ്ടായിരുന്നേൽ unethical പ്രവർത്തികൾ ചെയ്യുന്ന ഡോക്ടർമാർ രക്ഷപെടാൻ ഗതിയില്ലാതെ വലയിലായേനെ.

ശ്രീ കുളങ്ങര അദ്ദേഹം ഉൾപ്പെടുന്ന മാധ്യമ ലോകത്തിന്റെ എത്തിക്കൽ നിലവാരം എന്നെങ്കിലും അളക്കാൻ ശ്രമിക്കുമോ എന്ന് ഉറ്റു നോക്കുന്നു.

രോഗികൾക്കും സമൂഹത്തിനും കേടുപാടുകൾ ഏൽപ്പിക്കുന്നവരെ ഒറ്റപ്പെടുത്തി കടുത്ത ശിക്ഷ തന്നെ കൊടുക്കണമെന്നുമാണ് ആഗ്രഹമെന്നാലും,
വ്യക്തിപരമായി പറഞ്ഞാൽ എനിക്കീ നാട് ധാർമ്മികതാ നിലവാരം ഉയർത്തി സ്വയം നന്നാവുമെന്ന പ്രതീക്ഷയില്ല.

ഇതൊക്കെ പറയുമ്പോഴും കേരളത്തിൽ എല്ലാം മോശമെന്ന് അടച്ചാക്ഷേപിക്കുന്നതിനോട് വിയോജിപ്പ്.

പൊതുജനാരോഗ്യ മേഖലയിലും , അതിനപ്പുറത്തേക്കും ഇന്ത്യയ്ക്ക് ഒട്ടാകെ മാതൃക ആവുന്ന രീതിയില്‍ കേരളം മുന്നോട്ട് ചുവടുകള്‍ വെക്കുന്ന ഈ അവസരത്തില്‍, (കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രികള്‍ക്കുള്ള കേന്ദ്ര സർക്കാരിന്റെ അവാര്‍ഡുകള്‍ കേരളം വാരിക്കൂട്ടുന്ന കാഴ്ചയാണ്).

നിർഭാഗ്യകരമെന്ന് പറയട്ടെ ഇദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ചില കൂട്ടര്‍ക്കു ആവേശ ജനകമായി തോന്നി പ്രചരിപ്പിക്കുന്നുണ്ട്. ചില കപട ചികിത്സകരും, കേരളം മുന്നേറുന്നതില്‍ കാര്യമായ ദണ്ഡം ഉള്ളവരുമാണ് അതിൽ മുന്നിൽ.

ഇവിടെ എല്ലാം ഭദ്രം ആണെന്നൊന്നും വാദമില്ല, പരിമിതികള്‍ക്കു ഉള്ളില്‍ നിന്നും പലപ്പോഴും കേരളത്തിലെ സ്പോര്‍ട്സ്‌ താരങ്ങള്‍ ദേശീയ തലത്തില്‍ മെഡലുകള്‍ വാരിക്കൂട്ടാറില്ലേ, അപ്പോള്‍ തോന്നുന്ന ഒരു അഭിമാനവും വികാരവും ഇല്ലേ അത്ര തന്നെ.

(അഭിപ്രായം വ്യക്തിപരം , ഇതിനെ ഇൻഫോ ക്ലിനിക്കുമായൊന്നും ദയവായി കൂട്ടിക്കെട്ടരുത് )