കാൻസർ ദിനവും ചക്കയും പിന്നെ മനോരമയും

0
288
Dr Deepu Sadasivan
”കാൻസർ ദിനവും ചക്കയും പിന്നെ മനോരമയും”
ഇന്ന് (Feb 4) ലോക കാൻസർ ദിനമായി ആചരിക്കുന്നു, കാൻസെറിനെതിരെ അവബോധം വളർത്താനും, പ്രതിരോധിക്കാനും, കണ്ടെത്തി നേരത്തേ ശരിയായ ചികിത്സ നൽകാനുമൊക്കെയുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാനാണീ ദിനാചരണം.
മനോരമ പ്രത്രത്തിന്റെ മുൻ പേജിൽ കാൻസർ ദിനത്തിൽ വന്ന “വാർത്ത” പല കാരണങ്ങളാൽ നിരാശാജനകവും, അപലപനീയവുമാണ്.
കാൻസർ അവബോധനത്തിന് പകരം, ഒരു അത്ഭുത പ്രതിവിധി കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് കണ്ടെത്തിയെന്ന വിധം “ചക്ക മാഹാത്മ്യം” സെൻസേഷണലൈസ് ചെയ്ത് അവതരിപ്പിക്കുകയാണ് മനോരമ ചെയ്തത് !!
തലക്കെട്ടും, ഹൈലൈറ്റും തൊട്ട് അതിശയോക്തിയും, അവാസ്തവങ്ങളുമൊക്കെയാണ് നിരത്തിയിരിക്കുന്നതെന്നത് ഖേദകമാണ്.
ഇതിൽ തെറ്റിദ്ധരിക്കപ്പെട്ട് ക്യാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കും പച്ചച്ചക്ക ഉത്തമം എന്ന നിലയിൽ ലളിതവൽക്കരിക്കാനിടയുണ്ട്, പ്രത്യേകിച്ച് ഇത്തരം സംഗതികൾ കാൽപ്പനികവൽക്കരിക്കുകയും മാർക്കറ്റു ചെയ്യുകയും ചെയ്യുന്ന ഒരു കൂട്ടർ സമൂഹത്തിലുള്ളതിനാൽ. പലരും ജാഗ്രത പാലിക്കാതിരിക്കുകയോ, അശാസ്ത്രീയ രീതികൾ അവലംബിക്കുകയോ ചെയ്യുന്നതിലേക്ക് ഇത് നയിച്ചേക്കും.
“പച്ചച്ചക്ക കാൻസർ രോഗികളിൽ *കീമോ പ്രശ്നങ്ങൾ* പരിഹരിച്ചതായി പഠനം.” എന്നതാണ് ഹൈലൈറ്റ് !!
ലേഖനത്തിന്റെ ആദ്യവാചകം തന്നെ “കീമോ ചികിത്സയുടെ വേദനാജനകമായ പാർശ്വഫലങ്ങൾക്ക് ചക്കയിലൂടെ മോചനം” എന്ന് അസന്നിഗ്ദ്ധമായി പ്രസ്താവിച്ചിരിക്കയാണ്.
തുടർന്ന് പറയുന്നു, കീമോതെറാപ്പി മൂലം വരുന്ന കടുത്ത ക്ഷീണം, വയറിളക്കം, ന്യുമോണിയ, വായിലെ വ്രണം എന്നീ പാർശ്വഫലങ്ങൾ പച്ച ച്ചക്ക പൊടിച്ച് നൽകിയാൽ “വരുന്നില്ല” എന്ന് പഠനം കണ്ടെത്തിയെന്ന്!!
കേവലം ഒരു പഠനത്തെ മുൻനിർത്തി മാത്രം ഒരു ശാസ്ത്രീയ ബ്രേക്ക് ത്രൂ എന്നൊക്കെ അവതരിപ്പിക്കുന്ന സെൻസേഷണലിസം അവിടെ നിൽക്കട്ടെ. അതിനും മുൻപ് പ്രസ്തുത പഠനമിങ്ങനെ അവകാശപ്പെടുന്നുണ്ടോ എന്ന് നോക്കാം.
തികച്ചും അവാസ്തവമാണിത്,
പ്രസ്തുത പഠനം ആർക്കും വായിച്ച് നോക്കാം.
കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഈ പഠനത്തിൽ ഒരേ ഒരു പാർശ്വഫലം മാത്രമാണ് പഠനവിധേയമാക്കിയത്.
കീമോതെറാപ്പിക്ക് വിധേയമാവുന്ന രോഗികളിൽ ഉണ്ടാവുന്ന ശ്വേതരക്താണുക്കളിലെ കുറവ് പരിഹരിക്കാൻ പച്ച ചക്കയ്ക്ക് കഴിയുമോ എന്ന് മാത്രം.
വാർത്തയിൽ പറയുന്ന മറ്റ് പാർശ്വഫലങ്ങളിൽ ചക്കയ്ക്ക് പരിഹാരം നൽകാനാവുമോയെന്ന് പഠനവിധേയമാക്കിയിട്ടേ ഇല്ല എന്ന് ചുരുക്കം.
ശാസ്ത്രീയ പഠനങ്ങളുടെ / കണ്ടുപിടുത്തങ്ങളുടെ പ്രസക്തി വിലയിരുത്തുന്നത് ശാസ്ത്ര സമൂഹമാണ്. കണ്ടുപിടുത്തങ്ങൾ അമിത പ്രാധാന്യത്തോടെ മീഡിയയുടെ മുന്നിൽ അവതരിപ്പിക്കുന്ന രീതി അത്രയ്ക്ക് ശാസ്ത്രീയ സമീപനമല്ല എന്ന് പറയേണ്ടിയിരിക്കുന്നു.
50 രോഗികളിൽ നടത്തിയ ഈ പഠനത്തിന്റെ ശാസ്ത്രീയത, ഉപയോഗയുക്തമാക്കിയ മെത്തേഡോളജിയുടെ സാങ്കേതിക മികവ്, പുനരാവർത്തിച്ചാൽ സമാന റിസൾട്ട് കിട്ടാനുള്ള സാധ്യത, ബയസുകളുടെ സ്വാധീനം ഉണ്ടായിട്ടുണ്ടോ എന്ന പരിശോധന ഇവയെല്ലാം ശാസ്ത്ര സമൂഹത്തിൽ നിന്നുള്ള വിദഗ്ദ്ധരാണ് വിലയിരുത്തേണ്ടത്.
അതിന്റെ ഭാഗമാണ് ജേർണലുകളിൽ പ്രസിദ്ധീകരിക്കുന്നതും, ശാസ്ത്ര സെമിനാറുകളിൽ അവതരിപ്പിക്കുന്നതുമൊക്കെ.
ജേർണലുകളുടെയും സെമിനാറുകളുടെയും നിലവാരത്തിന് അനുശ്രുതമായിട്ടായിരിക്കും അവിടെ ഈ വിഷയം വിമർശനാത്മകമായി വിലയിരുത്തപ്പെടുക എന്നതും ഓർക്കേണ്ടതാണ്.
ഈ പoനം പ്രസിദ്ധീകരിച്ച ജേർണൽ പേയ്ഡ് ആർട്ടിക്കിളുകൾ പ്രസിദ്ധീകരിക്കുന്ന ഒന്നാണ് എന്ന് മനസ്സിലാക്കുന്നു. അത്തരം രീതി നിലവിലുണ്ട്. ഈ വിവരം സുതാര്യമാക്കുന്നെങ്കിൽ അതിൽ അധാർമ്മികത കാണാൻ കഴിയില്ല എന്ന് വേണമെങ്കിൽ പറയാം .
ശാസ്ത്രീയ പഠനങ്ങൾ ഏറ്റവും സുതാര്യമാവണം എന്നാണ് വെപ്പ്, ആയതിനാൽ conflict of interest അഥവാ പoനം നടത്തുന്നവർക്ക് ഇതിൽ പ്രത്യേക താൽപ്പര്യങ്ങൾ വിഷയ സംബന്ധമായി ഉണ്ടോ എന്ന് വെളിപ്പെടുത്തണം എന്നതാണ് പൊതു രീതി.
ഈ പഠനത്തിൽ അങ്ങനെ ഒന്നുണ്ട് അത് വെളിപ്പെടുത്തിയിട്ടുമുണ്ട് ( നല്ല കാര്യം), എന്നാൽ മനോരമ ലേഖനത്തിൽ അത് വെളിപ്പെടുത്താത്തത് വിട്ടു പോയതാവും എന്ന് കരുതി വായനക്കാർ ക്ഷമിക്കുമല്ലോ.
ചക്ക കൊണ്ട് പ്രമേഹം കുറയ്ക്കുമെന്ന് മുൻപ് കണ്ടെത്തിയെന്ന് ലേഖനത്തിൽ പ്രതിപാദിക്കുന്ന ശ്രീ ജയിംസ് ജോസഫിനെ ലേഖകൻ അവതരിപ്പിക്കുന്നത് മൈക്രോസോഫ്റ്റിന്റെ മുൻ ഡയറക്ടർ കൂടി ആണെന്നാണ്. നിലവിൽ അദ്ദേഹത്തിന്റെ വ്യവസായം എന്താണെന്ന കാര്യം പരാമർശിച്ചിട്ടില്ല. എന്നാൽ പഠനത്തിൽ പറഞ്ഞിട്ടുണ്ട് ചക്ക ഉൽപ്പന്നങ്ങളുടെ ഒരു പ്രമുഖ കമ്പിനി നടത്തുകയാണ് നിലവിൽ അദ്ദേഹം.
ഇക്കാര്യങ്ങൾ സുതാര്യമാക്കുന്നിടത്തോളം അദ്ദേഹം പഠനം നടത്തുന്നതിലോ കണ്ടുപിടുത്തങ്ങൾ മുൻപോട്ട് വെക്കുന്നതിലോ ഒരു അധാർമ്മികതയും ഇല്ല. എന്നാൽ വർഷങ്ങൾ മുൻപത്തെ അദ്ദേഹത്തിന്റെ ജോലി പ്രതിപാദിക്കുകയും, നിലവിലെ ചക്ക ഉത്പന്ന വ്യവസായം ലേഖകൻ മറന്നു പോവുകയും ചെയ്തത് അസ്വാഭാവികമായി തോന്നി. 2013 മുതൽ അദ്ദേഹം ആ വ്യവസായം നടത്തുന്നു.
വാർത്ത വായിച്ചാൽ ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കും അദ്ദേഹം മെഡിക്കൽ മേഖലയിലുള്ള ശാസ്ത്രജ്ഞനാണെന്ന്!
ഇനി ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ കൂടി.
1, ”കീമോയുടെ പാർശ്വഫലങ്ങൾ ഇല്ലാതാക്കാമെന്ന പ്രബന്ധത്തിന് അംഗീകാരം ” എന്ന് പറയുന്നു. എന്ത് അംഗീകാരമാണ് ലഭിച്ചത്?
2, ”സാൻഡിയാഗോയിലെ അമേരിക്കൻ അസോ: ഫോർ ക്യാൻസർ റിസർച്ച് സമ്മേളനത്തിൽ ഇത് അവതരിപ്പിക്കും”
ഈ സമ്മേളനത്തിലേക്കുള്ള പ്രബന്ധങ്ങൾ ഓൺലൈനായി സ്വീകരിക്കുന്നതിന്റെ അവസാന ദിവസം ജനുവരി 30 ആയിരുന്നു.( അയച്ചു കൊടുക്കുന്നതിൽ നിന്ന് ചിലത് മാത്രമാവും സ്വീകരിക്കപ്പെടുക. )
സാധാരണ ഗതിയിൽ ഇത്ര പെട്ടന്ന് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിക്കില്ല. ഈ സമ്മേളനത്തിൽ ഈ പഠനം അവതരിപ്പിക്കാനുള്ള ക്ഷണം കിട്ടിയതിന്റെ രേഖ പോലുള്ളവ കിട്ടുമോ?
3, ബയോമോളിക്യൂൾസ് എന്ന ജേർണലിൽ ഈ ലേഖനം പ്രസിദ്ധീകരിച്ചത് പേയ്ഡ് വിഭാഗത്തിലാണോ?
4, ശ്രീ പി കിഷോർ ശാസ്ത്ര ലേഖനം എഴുതി കണ്ടിട്ടില്ല, എന്നാൽ അദ്ദേഹത്തിന്റെ ബിസിനസ്സ് ലേഖനങ്ങൾ സ്ഥിരമായി വായിക്കാറുണ്ട്.
അവസാനമായി ഒരു സംശയം, നമ്മുടെ എല്ലാം പ്രിയപ്പെട്ട ചക്കയെ കുറിച്ചുള്ള ഈ ലേഖനം ചക്ക ഫെസ്റ്റ് ദിനത്തിലോ, ചക്ക വ്യവസായം പരിപോഷിപ്പിക്കുന്ന ദിനത്തിലോ പ്രസിദ്ധീകരിക്കാൻ വച്ചിരുന്നതാണോ? അബദ്ധത്തിൽ ക്യാൻസർ ദിനത്തിൽ പ്രസിദ്ധീകരിച്ചതാണോ?
മാധ്യമപ്രവർത്തകരും ശാസ്ത്രജ്ഞരും തമ്മിൽ സാമ്യമുണ്ട് എന്ന് പറയാറുണ്ട്. ഇരുവരും സത്യം അന്വേഷിക്കുകയും അത് ലോകത്തെ അറിയിക്കുകയും ചെയ്യുന്നു.
വഴിതെറ്റിക്കപ്പെടാതിരിക്കാൻ ഇരുവരും ഗണ്യമായ ഊർജ്ജം ചെലവഴിക്കുന്നു. വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള ഒരു അച്ചടക്കം ഇരുവരും വെച്ചു പുലർത്തുന്നു. തെളിവുകൾ ഏങ്ങോട്ട് നയിക്കുന്നുവോ മുൻവിധികൾ മാറ്റി വെച്ച് അങ്ങോട്ടേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. ഇതൊക്കെയാണ് മാതൃകാപരമായ രീതി.
തെറ്റിദ്ധരിപ്പിക്കുന്ന പക്ഷപാതങ്ങൾ (ബയസുകൾ) കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള വിശദമായ നടപടിക്രമങ്ങൾ നല്ല ശാസ്ത്രീയ പഠനങ്ങളുടെയും മാദ്ധ്യമ റിപ്പോർട്ടിങ്ങിന്റെയും അടിസ്ഥാനമാണ്.
മാധ്യമ പ്രവർത്തകർ ഉറവിടങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ: (മുൻപ് വായിച്ചത് ഓർമ്മയിൽ നിന്ന്)
A, നിങ്ങളുടെ വിദഗ്ദ്ധന് അവരുടെ മേഖലയിൽ പ്രസക്തമായ ഒരു ശാസ്ത്രീയ പശ്ചാത്തലം ഉണ്ടോ?
B, അവർ ഗവേഷകരെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടോ? സജീവമായ ഒരു ഗവേഷണ കരിയർ ഉള്ളവരാണോ ? സഹശാസ്ത്രജ്ഞർക്കിടയിൽ അവരുടെ നിലയും വിലയും എന്താണ്?
C, വിദഗ്ദ്ധന്റെ വീക്ഷണങ്ങളെ അനാവശ്യമായി സ്വാധീനിച്ചേക്കാവുന്ന ഏതെങ്കിലും താൽപ്പര്യ വൈരുദ്ധ്യങ്ങളോ ബാഹ്യ ഓർഗനൈസേഷനുമായുള്ള ബന്ധമോ നിങ്ങൾക്ക് കണ്ടെത്താനാകുമോ?
ഇതൊക്കെ ഈ ലേഖനത്തിൽ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നത് മനോരമയും വായനക്കാരും വിലയിരുത്തട്ടെ.
ശാസ്ത്രീയമായ ഗവേഷണ രീതികളെക്കുറിച്ച് ഒരു ലേഖനം ഉടൻ ഇൻഫോ ക്ലിനിക്കിൽ പ്രസിദ്ധീകരിച്ചേക്കും വായിക്കണമെന്ന് അപേക്ഷ.