ഈ ടെസ്റ്റ് നടത്തിയ ആരെങ്കിലുമുണ്ടെങ്കിൽ, കഴിയുമെങ്കിൽ റിസൾട്ടിന്റെ കോപ്പി പങ്കുവെച്ചാൽ ഉപകാരമായിരുന്നു

0
356

Dr Deepu Sadasivan എഴുതുന്നു

പണ്ട് കേട്ടൊരു കഥയാണ്,

മരിച്ച് പരലോകത്ത് എത്തിയ ഒരാളുടെ മുന്നിൽ 2 ബോർഡ്, ഒന്നിൽ അനാകർഷകമായ രീതിയിൽ സ്വർഗ്ഗം എന്നെഴുതിയിരിക്കുന്നു. രണ്ടാമത്തേതിൽ തരുണീമണികളുടെ ചിത്രങ്ങളുടെ ഒക്കെ അകമ്പടിയോടെ നരകം എന്ന്. ബോർഡിൽ വിവരിച്ചിരിക്കുന്നു നരകം എത്ര മനോഹരമാണെന്ന്!!

ഇങ്ങനൊന്നുമല്ലല്ലോ കേട്ടിരിക്കുന്നത്, സത്യമാവുമോ? എന്നൊക്കെ സംശയം തോന്നിയെങ്കിലും ഒടുവിൽ കരിമ്പും കാട് കണ്ട ആനയെപ്പോലെ നരകത്തിലേക്ക് ചാടിയോടിപ്പോയി കക്ഷി.

അകത്തു ചെന്നപ്പോഴാകട്ടെ ഇതൊന്നുമവിടെയില്ല പകരം കേട്ടറിഞ്ഞത് പോലെ തീച്ചൂളയും ചാട്ടവാറടിയുമൊക്കെത്തന്നെ. ഏറെ പണിപ്പെട്ട് അയാൾ ചെകുത്താനെ കണ്ടെത്തി ചോദിച്ചു,

“ഇതെന്താ ഇങ്ങനെ ഒന്നും അല്ലല്ലോ പുറത്ത് വലിയ ഡെക്കറേഷനായി എഴുതി വെച്ചിരിക്കുന്നത്, എവിടെ ചിത്രത്തിലെ രംഭ, മേനക തിലോത്തമ? ”

“ഹേയ് മനുഷ്യാ അത് നരകത്തിന്റെ പരസ്യമല്ലേ? പരസ്യത്തിൽ കാണുന്നതൊക്കെ ഉള്ളിലുണ്ടാവും
എന്ന് വിചാരിക്കുന്നത് എത്ര മഠയത്തരം! നിങ്ങൾ ഇത്രയും നാൾ ഭൂമിയിൽ താമസിച്ചിട്ട് ഇതൊന്നും മനസ്സിലായില്ലേ… പോയി 10 അടി കൂടുതൽ കൊള്ളൂ” എന്ന് ഡെവിൾ.

ഈ തമാശക്കഥയിൽ പരസ്യങ്ങളെ സംബന്ധിച്ചുള്ള ഒരു വലിയ സത്യം അടങ്ങിയിട്ടുണ്ട്, അത് പോലെ പ്രലോഭിതരായി തട്ടിപ്പിൽ വീഴാനുള്ള മനുഷ്യന്റെ പ്രവണതയെക്കുറിച്ചും.

ഇമ്മാതിരി ഒരു പരസ്യം കഴിഞ്ഞ ദിവസം കേരളത്തിലെ പ്രമുഖ പത്രങ്ങളുടെ ഫ്രണ്ട് പേജിൽ പ്രദർശിപ്പിച്ചിരുന്നു.

No photo description available.നിങ്ങളുടെ അലർജി ടെസ്റ്റ് ഇപ്പോൾ തന്നെ നടത്തൂ, ഒറ്റ പരിശോധനയിലൂടെ അലർജിയുടെ കാരണം കണ്ടെത്താം, പകുതിയിൽ താഴ്ന്ന നിരക്കിൽ
എന്നൊക്കെയുള്ള ആകർഷകമായ വാഗ്ദാനങ്ങളും, കുറച്ച് ശാസ്ത്രീയ വിവരണങ്ങളും കുറെയധികം തെറ്റിദ്ധാരണാജനകമായ കാര്യങ്ങളുമൊക്കെ അടങ്ങിയ ഒരു പരസ്യം.

“രോഗനിർണയം ആണ് അലർജി ചികിത്സയ്ക്കുള്ള ഏകമാർഗ്ഗം” എന്നൊക്കെയുള്ള കൃത്യതയില്ലാത്ത ചില വാചകങ്ങളും, പരസ്യത്തിന്റെ വലിപ്പവും പ്രാധാന്യവും അവതരണരീതിയും കൊണ്ട് അനേകം പേർ ഇതിനു പുറകേ പോയിട്ടുണ്ടെന്ന് ഉറപ്പ്.

പരസ്യം വന്ന ദിവസം തന്നെ മൂന്നു പേരെങ്കിലും ഇത് ചെയ്യട്ടേ എന്ന് എന്നോട് ചോദിച്ചു. കേട്ട ഉടനെ പോയി ടെസ്റ്റ് ചെയ്തവരുമുണ്ട്, മറ്റ് ഡോക്ടർമാരും അനുഭവം പങ്കുവച്ചു കണ്ടു.

പല കാരണങ്ങളാൽ ഈ പരസ്യം തെറ്റിദ്ധാരണാജനകമാണ്, ഇതേക്കുറിച്ച് വിശദമായി Jinesh PS മൊത്ത് ഇൻഫോക്ലിനിക്കിൽ ലേഖനം എഴുതി ഉടൻ പ്രസിദ്ധീകരിക്കും.

ആരെയും വിലക്കുന്നില്ല, എന്നാൽ അഭിപ്രായം ചോദിക്കുന്നവരോട് അതുവരേക്കും പറയാനുള്ളത് ഈയൊരു ടെസ്റ്റ് മാത്രം ചെയ്തു കൊണ്ട് മാത്രം ഉദ്ദേശിച്ച പ്രയോജനമുണ്ടാവണമെന്നില്ല. ആയതിനാൽ രോഗലക്ഷണമുള്ളവർ ഡോക്ടറെ കണ്ട് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ആവശ്യമുള്ള ടെസ്റ്റുകൾ മാത്രം ചെയ്യുക.

വ്യവസായ താല്പര്യങ്ങൾ മുൻനിർത്തി ഉള്ള ഇത്തരം പരസ്യങ്ങൾ അധാർമികവും അനഭിലഷണീയ പ്രവണതയുമായി കണക്കാക്കണം, ശാസ്ത്രാവബോധമുള്ളവരും അധികാരികളും ഇതിൽ ഇടപെടുകയും വേണം.

ഈ കൃത്യത്തിൽ ഞങ്ങൾക്ക് പങ്കില്ലാ എന്ന് കൈ കഴുകാതെ മാധ്യമങ്ങളും അൽപ്പമെങ്കിലും വിവേചന ബുദ്ധി കാണിക്കണം.

NB : ഈ ടെസ്റ്റ് നടത്തിയ ആരെങ്കിലുമുണ്ടെങ്കിൽ, കഴിയുമെങ്കിൽ റിസൾട്ടിന്റെ കോപ്പി പങ്കുവെച്ചാൽ ഉപകാരമായിരുന്നു.