“ചക്ക കഴിച്ചോളൂ, പച്ചചക്കപ്പൊടി ക്യാൻസർ / പ്രമേഹത്തിന് ലളിത പരിഹാരം എന്ന വാർത്തകളിൽ വീഴരുതേ”

0
134
Dr Deepu Sadasivan
“ചക്ക കഴിച്ചോളൂ, പച്ചചക്കപ്പൊടി ക്യാൻസർ / പ്രമേഹത്തിന് ലളിത പരിഹാരം എന്ന വാർത്തകളിൽ വീഴരുതേ”
മനുഷ്യ പുരോഗതിക്ക് ആധാരശില ശാസ്ത്രമാണ്. മാനവരാശിയെ ഒന്നിച്ച് നിർത്താനും പോന്നതാണ് ശാസ്ത്രം. അതിരുകളില്ലാതെ അറിവ് വിനിമയം ചെയ്യാതിരുന്നെങ്കിലോ, എന്താവുമായിരുന്നു? എന്നാൽ ശാസ്ത്രം പ്രദാനം ചെയ്ത എല്ലാ ഉപാധികളും ഉപയോഗിച്ച് അശാസ്ത്രീയത പ്രചരിപ്പിക്കുന്നതാണ് ഇന്നത്തെ ട്രെൻഡ്.
ശാസ്ത്രം വളരെ ന്യൂട്രലാണ്, ഉദാ: ഒരു സാങ്കേതിക വിദ്യ കൊണ്ട് എന്ത് ചെയ്യണം എന്ന് ശാസ്ത്രം നിർദ്ദേശിക്കുന്നില്ല, വ്യാവസായിക ലാഭത്തിന് ഉപയോഗിക്കണോ എന്നതൊക്കെ മനുഷ്യൻ്റെ തീരുമാനമാണ്, നേരായ രീതിയിലായിരുന്നാൽ അതിൽ അപാകതയൊന്നുമില്ല.
എന്നാൽ ശാസ്ത്രീയതയുടെ മൂടുപടം ഇട്ട് പാതിവെന്ത ശാസ്ത്രമോ (അങ്ങനെയൊന്നില്ല ആലങ്കാരിക പ്രയോഗമാണ്), കപടശാസ്ത്രമോ ഒക്കെ സ്ഥാപിത താൽപ്പര്യങ്ങൾക്ക് ഉപയോഗിക്കുന്നത് അധാർമ്മികമാണ്, സമൂഹത്തോടുള്ള ദ്രോഹമാണ്, പ്രത്യേകിച്ച് മനുഷ്യൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ളവ ആവുമ്പോൾ.
ശാസ്ത്രീയ അടിത്തറ ദുർബലമായ ഒരു പഠനം വെച്ച് ഇല്ലാത്ത ഗുണമേന്മ ഉണ്ടന്ന് വരെ ശാസ്ത്രം തെളിയിച്ചു എന്ന്, മാദ്ധ്യമങ്ങൾക്ക് മുന്നിൽ കൊട്ടിഘോഷിച്ച് ക്യാൻസർ ചികിത്സയിൽ വലിയ കണ്ടുപിടുത്തം നടത്തിയെന്ന് വലിയ അവകാശവാദം ഉന്നയിച്ച് ചക്കപ്പൊടി മാർക്കറ്റ് ചെയ്യുന്നത് ഇതിന് ഉദാഹരണമാണ്.
ഈ വിഷയത്തിൽ ഇന്നും ഇന്നലെയുമായി വന്ന വാർത്തകളാണ്. ഇന്നലെയും ഇന്നുമായി കൈരളി ടി.വിയിൽ “ഞാൻ മലയാളി” ഷോയിൽ ചർച്ചയുമുണ്ട്. ഇത് കൈരളി ന്യൂസിൽ ശനിയാഴ്ച്ച പുന: സംപ്രേക്ഷണവുമുണ്ട്.
ചക്കപ്പൊടി മാർക്കറ്റിങ്ങ് പ്രചരണങ്ങളെ അറിഞ്ഞുമറിയാതെയും ചില മാദ്ധ്യമങ്ങൾ പരിപോഷിച്ചപ്പോൾ, ഈ നിർണ്ണായക ഘട്ടത്തിലെങ്കിലും വസ്തുതകൾ ജനങ്ങളിൽ എത്തിച്ചതിന്, ദി ഹിന്ദു , കൈരളി ന്യൂസ്, The New Indian express, ദേശാഭിമാനി എന്നിവരോട് നന്ദി പറയുന്നു.
കീമോതെറാപ്പിയെടുക്കുന്ന രോഗികളെ ഈ പ്രചരണം പ്രതികൂലമായി ബാധിച്ചു തുടങ്ങി എന്ന് വാർത്തകളിൽ തന്നെ കണ്ടു. കീമോ എടുക്കുന്ന രോഗി പച്ചചക്ക കഴിച്ച് വയറിളക്കത്താൽ അവശയായി വന്ന വിവരം വാർത്തയിലുണ്ട്.
തെറ്റായ പ്രചരണങ്ങൾ പടരാതിരിക്കാൻ ഏവരും ശ്രദ്ധിക്കുക.
ഭക്ഷണ പദാർത്ഥമാണെന്ന തൊടു ന്യായം ഉന്നയിച്ച്, നിരീക്ഷണ പഠനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് മാർക്കറ്റിൽ ലഭ്യമാവുന്ന ഒരു പ്രത്യേക ബ്രാൻഡ് ചക്കപ്പൊടിയാണ് രോഗികളിൽ പരീക്ഷിച്ച് ഔഷധ ഗുണം വിലയിരുത്തിയത്. മതിയായ അനുമതികൾ തേടാതെയാണിത് എന്ന് കരുതുന്നു, അതല്ലെങ്കിൽ തെളിയിക്കേണ്ട ബാധ്യത പഠനം നടത്തിയവർക്കാണ്.
ഈ ചക്കപ്പൊടിയുടെ വിപണത്തിനെ അനുകൂലിക്കുന്ന മറ്റൊരു ഡോക്ടർ കൂടി സ്വന്തം രോഗികളിൽ ഇത്തരം പരീക്ഷണം നടത്തിയെന്ന് ഇന്നലെ ചാനൽ ചർച്ചയിൽ പറഞ്ഞു.
ശാരീരിക പ്രഭാവങ്ങൾ പരീക്ഷിക്കപ്പെടുന്നവരുടെ ജീവനും ആരോഗ്യവും അവകാശവും സംരക്ഷിക്കാനും , പഠനങ്ങൾക്ക് മേൽ നിയന്ത്രണവും നിരീക്ഷണവും ഉണ്ടാവാൻ വേണ്ടിയാണ് എല്ലാ ഇത്തരം പരീക്ഷണങ്ങളും (ഇതര വൈദ്യം ഉൾപ്പെടെ) ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ( ICMR ) ൽ രജിസ്റ്റർ ചെയ്യണമെന്ന് നിബന്ധനയുള്ളത്.
കേരളത്തിലെ രണ്ട് പ്രമുഖ ക്യാൻസർ രോഗ വിദഗ്ദ്ധർ (ഡോ : ഗംഗാധരൻ & ഡോ: നാരായണൻകുട്ടി) അഭിപ്രായപ്പെട്ടത് പോലെ, ഇതിന് പിന്നിലെ താൽപര്യങ്ങൾ സുതാര്യമാക്കും വിധം കർശനമായ അന്വേഷണമാണ് വേണ്ടത്. ഡോക്ടർമാർ ഉൾപ്പടെ വ്യാവസായിക താൽപ്പര്യങ്ങൾക്ക് കുടപിടിക്കാൻ തുനിയുന്ന പ്രവണത ഉണ്ടാവുന്നത് പൊതു സമൂഹത്തിന് ആശാസ്യകരമല്ല.