വൈറസ്‌ രോഗം പടരുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ഫേസ്‌ മാസ്ക്ക്‌ ധരിക്കുന്നതിനെ പറ്റി സംശയങ്ങൾ ഉള്ളവർക്കായി

300
Dr Divya John
ഈ അടുത്തയിടയായി ഇടയ്ക്കിടയ്ക്ക്‌ വൈറസ്‌ രോഗം പടരുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ഫേസ്‌ മാസ്ക്ക്‌ ധരിക്കുന്നതിനെ പറ്റി സാധാരണ ജനങ്ങൾക്കിടയിൽ സംശയങ്ങൾ ധാരാളമാണു. ഈ സാഹചര്യത്തിൽ ചില അടിസ്ഥാന കാര്യങ്ങൾ പറയാമെന്നു തോന്നുന്നു.
ചിത്രം ഒന്നിൽ കാണുന്നത്‌ സിമ്പിൾ ഫേസ്‌ മാസ്ക്ക്‌ അല്ലെങ്കിൽ സർജ്ജിക്കൽ മാസ്ക്ക്‌. ഇതിന്റെ ഒരു വശം ഇളം നിറവും( വെള്ള) മറുവശം അൽപ്പം കടുത്ത നിറവും ആയിരിക്കും. ഒരു വശത്ത്‌ മൂക്കിനോട്‌ ചേർത്ത്‌ വെയ്ക്കുന്നതിനായി നേർന്ന മെറ്റൽ സ്റ്റ്രിപ്പും. ധരിക്കുമ്പോൾ മെറ്റൽ സ്റ്റ്രിപ്പുള്ള വശം മുകളിലായി വെള്ള അല്ലെങ്കിൽ ഇളം നിറമുള്ള ഭാഗം ധരിക്കുന്ന ആളുടെ ഉൾവശത്ത്‌ വരുന്ന രീതിയിൽ വേണം ധരിക്കാൻ , പ്രതേകിച്ച്‌ ധരിക്കുന്ന ആൾക്ക്‌ ജലദോഷമോ ചുമയോ ഒക്കെയുണ്ടെങ്കിൽ. വെള്ള വശത്താണു ഫിൽറ്റർ ഉള്ളത്‌ എന്നത്‌ കൊണ്ടാണിത്‌.ഈ മാസ്ക്ക്‌ ധരിക്കുന്ന ആളുടെ മൂക്കിലെയോ വായിലേയോ ജലകണികകൾ സർജ്ജിക്കൽ ഫീൽഡിലോട്ടോ മറ്റുള്ളവരിലോട്ട്‌ തെറിക്കാതിരിക്കാനോ, സർജ്ജിക്കൽ ഫീൽഡിൽ നിന്നും ഉള്ള വലിയ തുള്ളി രക്തമോ ജലമോ ഇങ്ങോട്ട്‌ നേരിട്ട്‌ പതിക്കാതിരിക്കാനോ ആണു ഉപയോഗിക്കുന്നത്‌. എട്ട്‌ മണിക്കൂറിൽ കൂടുതൽ ഒറ്റ മാസ്ക്ക്‌ ധരിക്കാൻ പാടില്ല. ഇടയ്ക്കിടയ്ക്ക്‌ അഴിച്ചോ ലൂസാക്കിയോ വായുടെ താഴെയോ നെഞ്ചിലോട്ട്‌ ഇട്ടിട്ട്‌ തിരിച്ച്‌ പിന്നെയും കെട്ടി വെയ്ക്കാനും പാടില്ല. ഇതിൽ ധരിക്കുന്ന ആളുടെ മൂക്കിൽ നിന്നും വായിൽ നിന്നുമുള്ള ജലകണികങ്ങളും വിയർപ്പും ഒക്കെയായി നിറയെ രോഗാണുക്കൾ അടിഞ്ഞിരിക്കും. ഈ മാസ്ക്ക്‌ ധരിക്കുന്നതിൽ വഴി വൈറസ്‌ രോഗാണുക്കളിൽ നിന്നും രക്ഷ കിട്ടില്ല. സാധരണ ജലദോഷം , ടി ബി എന്നിവ പോലെയുള്ള അസുഖങ്ങൾ മറ്റുള്ളവരിലേക്ക്‌ പടരാതിരിക്കാൻ ഇത്‌ ധരിക്കുന്നത്‌ ഗുണം ചെയ്യും.
രണ്ടാമത്തെ ചിത്രത്തിൽ കാണുന്നതാണു N95 മാസ്ക്‌ അല്ലെങ്കിൽ റെസ്പിറേറ്റർ. ഈ ടൈപ്പ്‌ മാസ്ക്കാണു നിപ്പ കൊറോണ പോലെയുള്ള വൈറസ്‌ രോഗാണുക്കൾ പകരാതിരിക്കുന്നതിൽ നിന്നും രക്ഷ തരുന്നത്‌. ഇതിനു സാധരണ മാസ്ക്കിൽ നിന്നും കട്ടി കൂടുതലാണു.പല സൈസുകളിൽ ലഭ്യമാണു. ഒരോരുത്തർക്ക്‌ ചേരുന്ന കറക്റ്റ്‌ സൈസിൽ ഈ മാസ്ക്ക്‌ എയർ ടൈയ്റ്റ്‌ ആണ്‌. ധരിക്കുന്നതിനു മുന്നെ കൈ സോപ്പിട്ടോ സാനിടറൈസറോ ഇട്ട്‌ വൃത്തിയാക്കിയതിനു ശേഷം മുഖത്തിനു മുന്നിൽ ചേർത്ത്‌ പിടിച്ചിട്ട്‌ താഴത്തെ വള്ളി ആദ്യം തലയ്ക്ക്‌ മുകളിലൂടെയെടുത്ത്‌ ചെവിയുടെ താഴെയായി കഴുത്തിനു പുറക്‌ ഭാഗത്താക്കണം. എന്നിട്ട്‌ മുകളിലെ വള്ളി തലയ്ക്ക്‌ മുകളിലൂടെ എടുത്ത്‌ തലയുടെ പിൻഭാഗത്തായി വെക്കാം. അതിനു ശേഷം മൂക്കിനു മുകളിലുള്ള മെറ്റൽ സ്റ്റ്രിപ്പിലും വശങ്ങളിലും ചെറുതായി പ്രസ്‌ ചെയ്ത്‌ മുഖത്തോട്‌ ചേർത്ത്‌ ഫിറ്റാക്കി വെയ്ക്കുക. ഇത്‌ ധരിക്കുമ്പോൾ മാസ്ക്കിന്റെ വശങ്ങളിൽ കൂടി വായു അകത്തോട്ട്‌ പ്രവേശിക്കില്ല മുൻപിലുള്ള ഫിൽറ്ററിൽ കൂടി അകത്തോട്ട്‌ വരുന്ന വായു ആണു ശ്വസിക്കേണ്ടത്‌.തുടർച്ചയായോ ഘട്ടം ഘട്ടമായോ എട്ട്‌ മണിക്കൂറിൽ കൂടുതൽ ഒരു മാസ്ക്ക്‌ ധരിക്കാൻ പ്രോൽസാഹിപ്പിക്കാറില്ല. ഇത്‌ ധരിക്കുമ്പോൾ ശ്വാസമെടുക്കാൻ പലർക്കും ബുദ്ധിമുട്ട്‌ അനുഭവിക്കാറുണ്ട്‌. കാർബൻ ഡയോക്സൈഡ്‌ കെട്ടി കിടക്കാനും സാധ്യതയുണ്ട്‌. കുട്ടികളിലും ഹൃദയ സംബന്ധമോ ശ്വാസകോശ സംബന്ധമോ ആയ അസുഖമുള്ളവരിലും ഈ മാസ്ക്ക്‌ ധരിക്കുന്നത്‌ അപകടം വരുത്തി വെയ്ക്കാം.റെസ്പിറേറ്ററുകൾ പലതുണ്ടെങ്കിലും താരമേന്യേ വിലക്കുറവുള്ളത്‌ N95 ആണ്‌.
ഇപ്പോളുള്ള കൊറോണ വൈറസ്‌ ഭീതിയിൽ പൊതു ജനങ്ങൾ ഇത്‌ പൊതുവായി ഉപയോഗിക്കേണ്ടതില്ല. വളർത്ത്‌ നായ്ക്കളിലും ഉപയോഗിക്കേണ്ടതില്ല. ആശുപത്രികളിലും മറ്റും രോഗബാധിതരോട്‌ അടുത്തിടപെടുന്നവർക്ക്‌ ഇത്‌ രക്ഷ നൽകിയേക്കും. ഏറ്റവും വേണ്ട കാര്യം ജനക്കൂട്ടങ്ങളിൽ നിന്നും ഒഴിവാകുന്നതും രോഗലക്ഷണമുള്ളവർ നേരത്തെ തന്നെ സ്വയം ചികിൾസ ചെയ്യാതെ ശരിയായ ചികിൾസ തേടുകയും രോഗലക്ഷണമുള്ളവർ യാത്ര ചെയ്യുകയോ മറ്റുള്ളവരോട്‌ അടുത്തിടപെടുകയോ ചെയ്യാതെ മറ്റുള്ളവരിലേക്ക്‌ രോഗം പകരാതെ നോക്കുകയുമാണു വേണ്ടത്‌.