നിങ്ങളുടെയൊക്കെ സുഹൃത്താകാനായതിൽ അഭിമാനമുണ്ട്, ഡോക്ടർ

62

Dr Divya John

കാസർകോട് കോവിഡ് ആശുപത്രി സജ്ജീകരിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള സംഘം പുറപ്പെട്ടിരിക്കുന്നു. ലോകത്തെവിടെയും ദുരിതമേഖലകളിൽ ഓടിയെത്തുന്ന ഡോക്ടർമാരുടെ സന്നദ്ധ സംഘടനയായ ഡോക്ടേഴ്‌സ് ബിയോണ്ട് ബോർഡേഴ്‌സിന്റെ സൗത്ത് ഏഷ്യ വൈസ് പ്രസിഡന്റും തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡെപ്യൂട്ടി സൂപ്രണ്ടും സർവ്വോപരി ഞങ്ങളുടെയെല്ലാം പ്രിയ സുഹൃത്തുമായ ഡോ. സന്തോഷ് കുമാര്‍ ആണ് സംഘത്തിന് നേതൃത്വം നൽകുന്നത്. ഈ ദൗത്യം സ്വന്തം നാട്ടിൽ അദ്ദേഹമേറ്റെടുക്കുന്ന ജീവൻരക്ഷാ പ്രവർത്തനമെന്നതിലുപരി അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും പുതിയൊരുനുഭവമാകുമെന്ന് ഉറപ്പുണ്ട്.
യുദ്ധവും കലാപവും പ്രകൃതിക്ഷോഭവും ഒക്കെ കഷ്ടത്തിലാക്കിയ ലോകരാജ്യങ്ങളിൽ നടത്തിയിട്ടുള്ള ആരോഗ്യപ്രവർത്തനങ്ങളെപ്പറ്റി സന്തോഷ് ഡോക്ടർ പറയുമ്പോൾ ചെവി കൂർപ്പിച്ചിരുന്ന് കേൾക്കാറുണ്ട്. ആരോഗ്യമേഖലയിലെ പല കാര്യങ്ങളെപ്പറ്റിയുമുണ്ടായിരുന്ന തെറ്റിദ്ധാരണകൾ മാറ്റിത്തന്നതും അദ്ദേഹമാണ്. സമീപനാളിൽ ഡൽഹിയിൽ പ്രശ്‌നങ്ങളുണ്ടാകുകയും ഒട്ടേറെപ്പേർ ദുരിതത്തിലാകുകയും ചെയ്തപ്പോൾ അവിടെ ആരോഗ്യപ്രവർത്തനങ്ങളുമായി ഓടിയെത്തിയ സംഘത്തിൽ സന്തോഷ് ഡോക്ടറുമുണ്ടായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് സ്വമേധയാ സ്വന്തം വാഹനത്തിൽ വയനാട്ടിലും നിലമ്പൂരിലുമുള്ള ഉൾനാടൻ മേഖലകളിൽ ആരോഗ്യപ്രവർത്തനവുമായി സന്തോഷ് ഡോക്ടർ പോയിരുന്നു. അന്ന് പുറപ്പെടുംമുൻപ് തനിക്കാവശ്യമുള്ള മരുന്നെടുക്കാനായി രാത്രി വൈകി അദ്ദേഹം കോർപ്പറേഷന്റെ റിലീഫ് കളക്ഷൻ സെന്ററിലേക്കാണ് വന്നത്.
വൈദ്യത്തിൽ മാത്രമല്ല അദ്ദേഹത്തിന്റെ മികവ്. സൗഹൃദസദസ്സുകളിൽ ഘനഗാംഭീര്യമാർന്ന ശബ്ദത്തിൽ പാടും. ശാസ്ത്രം വിട്ടൊരു കളിയില്ല. ഭരണഘടനാസംരക്ഷണത്തിനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘വീ ദ പീപ്പിൾ’ കൂട്ടായ്മയുടെ മുന്നിൽതന്നെയുണ്ടായിരുന്നു, ഓരോ തവണയും. കഴിഞ്ഞ രണ്ടുമൂന്നാഴ്ചയായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഊണും ഉറക്കവും ഒഴിച്ചുള്ള പ്രവർത്തനത്തിലായിരുന്നു സന്തോഷ് ഡോക്ടറും സംഘവും. തിരുവനന്തപുരം മെഡിക്കൽ കോളജിനെ അത്യാധുനിക സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളുമൊക്കെയുള്ള സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന ഒന്നാക്കി മാറ്റിയതിൽ അദ്ദേഹത്തിനുള്ള പങ്ക് വളരെ വലുതാണ്. സന്തോഷ് ഡോക്ടറിനൊപ്പം കട്ടയ്ക്കു നിൽക്കുന്ന വേറേ കുറേപ്പേർ കൂടി അവിടെയുണ്ട്. മിക്കവരേയും വ്യക്തിപരമായിത്തന്നെ അറിയാം. ആരുടേയും പേരെടുത്തു പറയുന്നില്ല.
നിങ്ങളുടെയൊക്കെ സുഹൃത്താകാനായതിൽ അഭിമാനമുണ്ട്, ഡോക്ടർ.