കൊറോണക്കാലം സാധാരണക്കാർക്കും പാവങ്ങൾക്കും എങ്ങനെ ആവും ?

0
36

ഗംഗ എസ്

ഇനി കൊറോണക്കാലം സാധാരണക്കാർക്കും പാവങ്ങൾക്കും എങ്ങനെ ആവും ?

കൊറോണയോട് ഇപ്പോൾ യുദ്ധം ചെയ്യുന്നത് യഥാർത്ഥത്തിൽ സാധാരണക്കാരും പാവങ്ങളും ആണ്, എല്ലാ അർത്ഥത്തിലും. അതിജീവനത്തിന്റെ യുദ്ധം. കൊറോണയോട് മാത്രം അല്ല ലോക്ക് ടൗണിനോടും പൊരുതി തളർന്നു. ബാങ്ക് ബാലൻസ് ഉള്ളവർ , വർക്ക് ഫ്രം ഹോം, സർക്കാർ ജീവനക്കാർ, പെൻഷണേർസ് , പ്രൈവറ്റ് ഡോക്ടർസ് ഉൾപ്പെടെ ഉള്ള പ്രൊഫെഷണൽസ്, എന്നിവരെ വലുതായി ബാധിച്ചിട്ടില്ല, ഇനിയും അങ്ങനെ തന്നെ. ഒരു വർഷമോ അതിൽ കൂടുതലോ ഒക്കെ പിടിച്ചു നിൽക്കും, അതിൽ മിക്കവാറും പേർ. വരുമാനം ഉള്ളവരും ഇല്ലാത്തവരും എന്നിങ്ങനെ സമൂഹം രണ്ടായി വിഭജിയ്ക്കപ്പെട്ടു. പൊതുവാഹനം ഉപയോഗിയ്ക്കുന്നവരും ദിവസക്കൂലിക്കാരും ചെറുകിട കച്ചവടക്കാരും കർഷകരും ഒക്കെ ഇനിയും പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടും.മാസ്ക് മഴയത്തു നനയില്ലേ? . നനഞ്ഞ തുണി കൊണ്ട് മൂക്കും വായും മൂടിയാൽ ശ്വാസം മുട്ടും. അതും സാധാരണ ക്കാർക്ക് മാത്രം ബാധിയ്ക്കും. ഇരുചക്ര വാഹനങ്ങൾ ഉപയോഗിയ്ക്കുന്നവരും നടക്കുന്നവർക്കും ബസിൽ സഞ്ചരിയ്ക്കുന്നവർക്കും മാത്രം ഉണ്ടാവാൻ പോകുന്ന പ്രശ്നം ആണ്.

കൂടെ ഉണങ്ങിയ മാസ്ക് വേറെ കരുതണം. മാസ്ക് കെട്ടിയില്ലെങ്കിൽ പിഴ. മാത്രം അല്ല അപകടവും. ത്രീ വീലർ, ഫോർ വീലർ ഉള്ളവർക്ക് അപ്പോഴും പ്രശ്നം ഇല്ല. ഏത് യുദ്ധത്തിലും സ്ത്രീകളും വൃദ്ധരും, കുട്ടികളും,ഭിന്ന ശേഷിക്കാരും രോഗികളും ആണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. അതിലും പാവങ്ങൾ ആണ് ഏറ്റവും കൂടുതൽ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുന്നത്.
കുട്ടികളെ സ്‌കൂളിലോ ഡേ കെയറിലോ ആക്കിയിട്ടു ആണ് സാധാരണ അച്ഛനമ്മമാർ ജോലിക്ക് പോകുന്നത്.ഇനിയിപ്പോൾ മാറിയ സാഹചര്യത്തിൽ അവർ എങ്ങനെ ജോലിയ്ക്ക് പോകും? അവരിലൊരാൾ മിക്കവാറും പെണ്ണുങ്ങൾ തന്നെ വീട്ടിൽ നിൽക്കേണ്ടിവരും, ചെറിയ കുട്ടികൾ ആണെങ്കിൽ. പെൺകുട്ടികൾ ആണെങ്കിൽ അവരുടെ സുരക്ഷയും നോക്കണം.അവിടെയും സമ്പന്നർക്ക് ആരെയെങ്കിലും കെയർ ടേക്കറെ വീട്ടിൽ ജോലിക്ക് നിർത്താം. സ്കൂൾ കുട്ടികൾ ഉള്ള കുടുംബങ്ങൾ വീണ്ടും പെട്ടു. അതും പാവങ്ങളുടെ, സാധാരണക്കാരുടെ കുടുംബങ്ങളിൽ. വീടുകളിൽ സംഘർഷം പുകയും.ബെവ്‌കോയും തൊഴിൽ ഇല്ലായ്മയും, കുട്ടികളുടെ സംരക്ഷണവും എല്ലാം കൂടി സ്ത്രീകളുടെ മാനസിക ആരോഗ്യം തകർക്കും.കാശ് എവിടുന്നു ഉണ്ടാക്കും?

രണ്ടാൾ ജോലി ചെയ്താലും ജീവിക്കാൻ ബുദ്ധിമുട്ട് ഉള്ള കാലം ആണ്. ഇതിപ്പോൾ രണ്ട് മാസം ലോക്ക് ഡൗൺ കഴിഞ്ഞതേ ഉള്ളൂ. നിരവധി പേർക്ക് ഇനിയും കാത്തിരിയ്‌ക്കേണ്ടി വരും തൊഴിൽ കിട്ടാൻ. റിവേഴ്‌സ് ക്വാറന്റൈൻ 60 വയസ്സ് കഴിഞ്ഞവർ വീട്ടിൽ ഇരിയ്ക്കാൻ ആണ്. അവരും കൂടി ചെറിയ ജോലികൾ ചെയ്തു ആണ് പാവപ്പെട്ട, സാധാരണ കുടുംബങ്ങളിൽ ജീവിക്കുന്നത്. ഇവരുടെ ഒക്കെ ജീവിത താളം തെറ്റുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക, മാനസിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടേ? അതോ അതൊക്കെ അവരായി അവരുടെ പാടായി എന്ന് വച്ചേക്കുക ആണോ ? (രാഷ്ട്രീയ തൊഴിലാളികൾക്കും മുതലാളി മാർക്കും റിവേഴ്‌സ് ക്വാറന്റൈൻ ഇല്ലേ? അതോ അവരിൽ 60 നു മേൽ പ്രായം ഉള്ള യൂത്ത് വിങ്ങുകൾ ഇല്ലേ? )അതിന്റെ പ്രതിഫലനങ്ങൾ ആണ് ഇനി വരാൻ പോകുന്നത്.
ക്വാറന്റൈൻ തെറ്റിയ്ക്കുന്നവർ നൽകുന്ന സന്ദേശം അഹങ്കാരത്തിന്റേത് ആണ്. . ഇപ്പോൾ ഒരുവിധം എല്ലാവർക്കും അറിയാം ആരൊക്കെ ആണ് പ്രതിരോധ ശേഷി കുറഞ്ഞവർ എന്ന്. അവരെ കുറിച്ച് കരുതൽ ഇല്ലാത്തത് കൊണ്ട് ആണ് ക്വാറന്റൈൻ തെറ്റിയ്ക്കുന്നത്. .

ഒരാൾ ക്വാറന്റൈൻ തെറ്റിയ്ക്കുമ്പോൾ ഒരു ഏരിയ വീണ്ടും അടച്ചിടുക ആണ്. അവിടെ ഉള്ള ആൾക്കാർ മുഴുവനും അല്ലെങ്കിൽ സമ്പർക്കം പുലർത്തിയ ആൾക്കാർ വീണ്ടും അടച്ചിടപ്പെടുകയാണ്. അവർക്ക് ജോലിയോ ജീവിതമോ ഒക്കെ നിഷേധിയ്ക്കുക ആണ്. ആര് അവരുടെ നഷ്ടം നികത്തും ? അതൊന്നും നിർഭാഗ്യ വശാൽ ഭരണാധികാരികളുടെ ഉത്തരവാദിത്വത്തിൽ വരുന്നില്ല. ദേവാലയങ്ങളിൽ, മദ്യശാലകളിൽ അതിന്റെ അടിമകൾ അല്ലാതെ വിവേകവും തിരിച്ചറിവും ഉള്ളവർ ഈ അവസ്ഥയിൽ പ്രത്യേകിച്ച് പോകില്ല. അവർക്ക് അറിയാം അവിടെ സുരക്ഷിതം അല്ലെന്ന്‌.ഇത് ഒരു പൊരുതൽ ആണ്. കൊറോണയും എല്ലാ അർത്ഥത്തിലും ശേഷി കുറഞ്ഞവരും തമ്മിൽ. ഒരു നിയന്ത്രണാതീതമായ സമൂഹ വ്യാപനം ഉണ്ടായാൽ അവിടെയും ഒഴിവാക്കപ്പെടുന്നത് പാവങ്ങൾ ആവും. അവർ ഓക്സിജൻ, icu, വെന്റിലേറ്റർ ഒക്കെ മത്സരിയ്ക്കേണ്ടി വരും സമ്പന്നരോട്. Survival of the fittest. ഒടുവിൽ നല്ല ആരോഗ്യമുള്ള സാമ്പത്തികശേഷിയുള്ള ജനത മാത്രം ശേഷിച്ചാൽ മതി എന്നാണോ?