പ്രതിരോധ ശേഷിയ്ക്ക് സ്പീഷീസുമായും ജീവിയ്ക്കുന്ന സമൂഹവുമായും, പാരമ്പര്യവുമായും ബന്ധമുണ്ട്

150

ഡോക്ടർ ഗംഗ എസ്

ഇന്നത്തെ വിഷയം രോഗ പ്രതിരോധ ശേഷി

ഇതും മറ്റേത് മെഡിക്കൽ വിഷയങ്ങൾ പോലെ തന്നെ കുറച്ചു നീണ്ടത് ആയത് കൊണ്ട് രണ്ട് പോസ്റ്റുകൾ ആണ്. സാധാരണ മെഡിക്കൽ വിഷയങ്ങൾ പൊതുവെ വളരെ നീണ്ടതും കടുകട്ടിയും സാധാരണക്കാർക്ക് ബോറും ആയത് കൊണ്ട് കുറച്ചു ലളിതമായും തമാശ രൂപേണയും ആണ് എഴുതുന്നത്. വിഷയം ഗൗരവത്തിൽ ഉള്ളതാണെങ്കിലും. ചിലർക്ക് എങ്കിലും കൊറോണയുടെ പശ്ചാത്തലത്തിൽ ഇമ്മ്യൂണിറ്റിയെ കുറിച്ച് പറയുന്നത് പേടിയും മുഷിച്ചിലും ഉണ്ടാക്കും. അതിനെ മറികടക്കാൻ വേണ്ടി ഉള്ള തന്ത്രം.

മൂന്നാല് ദിവസം മുൻപ്, ഞാൻ കുറച്ചു ദൂരെ ഉള്ള സൂപ്പർ മാർക്കറ്റിലേയ്ക്ക് നടന്ന് പോയപ്പോൾ, അവിടെ എത്തും മുൻപേ ദേഹത്ത് ആകെ ചൊറിച്ചിൽ തുടങ്ങി. കടയ്ക്കകത്തു ചൂടും കൂടി ആയപ്പോൾ ചൊറിച്ചിൽ കൂടി. കണ്ണടയും മാസ്കും ഉണ്ടായിരുന്നു അത് കൊണ്ട് ആർക്കും മുഖം ചുവന്നു തടിച്ചു തിണർത്തത് മനസിലായില്ല എന്ന് ആശ്വസിയ്ക്കാം. പക്ഷെ ചെറിയ രീതിയിൽ ചുമ ഉണ്ടായതും ആൾക്കാർ ശ്രദ്ധിയ്ക്കാൻ തുടങ്ങി.

ശ്ശെടാ കൊറോണ എങ്ങാനും ആണോ . ഇതിനൊക്കെ വീട്ടിൽ ഇരുന്ന് കൂടെ. എന്നാണ് ഓരോ മുഖത്തും ഉയർന്ന ചോദ്യം. എന്തായാലും വൈകുന്നേരം വരെ ചൊറിച്ചിലും തടിപ്പും ഉണ്ടായിരുന്നു. ഞാൻ കരുതിയത് രാവിലെ കഴിച്ച ചപ്പാത്തിയുടെ അലർജി ആവും എന്നാണ്. ഹോൾ വീറ്റ് കൊണ്ടുള്ള ചപ്പാത്തി ആയിരുന്നു. ഗോതമ്പിന്റെ തൊലിയിൽ, ഉമിയിൽ ഗ്ലുട്ടൻ എന്നൊരു ആന്റിജൻ ഉണ്ട്. അത് ചിലർക്ക് ചിലപ്പോൾ അലർജി ഉണ്ടാക്കും. എനിയ്ക്ക് ചിലപ്പോൾ ഉണ്ടാകാറുണ്ട്. ചില ബ്രെഡുകൾ, സൂചിഗോതമ്പു, ബിസ്കറ്റ് തുടങ്ങി കഴിച്ചാൽ ചൊറിഞ്ഞു തടിയ്ക്കുകയും ചെറിയ തോതിൽ ശ്വാസം മുട്ട് ഉണ്ടാവുകയും ചെയ്യും.

ചിലർക്ക് മുട്ടയോട് ആവും അലർജി. ചെമ്മീൻ, കക്ക, ഞണ്ട്, തുടങ്ങി എന്തിനോടും ആർക്കും അലർജി ഉണ്ടാവാം. അതാർക്കാണ് ഉണ്ടാവുക എന്ന് പ്രവചിയ്ക്കാൻ സാധ്യമല്ല. ചിലപ്പോൾ ഒരാൾക്ക് ഒന്നിൽ കൂടുതൽ വസ്തുക്കളോട് അലർജി ഉണ്ടാവാം. അതിൽ ഒക്കെ അടങ്ങിയിരിയ്ക്കുന്ന ചില പ്രോട്ടീനുകളെ അന്യ വസ്തു (antigen) വായി കണ്ട് അതിനെതിരെ ശരീരം ആന്റിബോഡി ഉണ്ടാക്കും. Ig E ( immunoglobulin ) എന്ന സെക്യൂരിറ്റികൾ ചാടി വീഴും. Histamine എന്ന വില്ലൻ ആണ് ചൊറിഞ്ഞു തടിയ്ക്കലിന്, ശ്വാസം മുട്ടലിന് നേതൃത്വം നൽകുന്നത് .

കടുത്ത അലർജിയിൽ ചിലപ്പോൾ laryngeal oedema എന്ന അവസ്ഥ ഉണ്ടാകും. ശ്വാസ തടസ്സം. സർജിക്കൽ എമർജൻസി ആണ് സംഭവം. ചിലപ്പോൾ ജീവൻ നഷ്ടപ്പെട്ടേക്കാം. അതൊക്കെ അപൂർവം ആണ്. ഞാൻ ജനിച്ചപ്പോൾ മുതൽ അലർജിയുടെ കൂടായിരുന്നു . ചെറുപ്പത്തിൽ പശുവിൻ പാലിനോടു ആയിരുന്നു അലർജി . പക്ഷേ തൈരിനോട് ഇല്ലായിരുന്നു. ചായ കുടിച്ചു കുടിച്ചു പാലിനോടുള്ള അലർജി മാറി .ചില മരുന്നുകളോടും septran ഉൾപ്പെടെ ഉണ്ട് അലർജി. അത് ടൈഫോയ്ഡ് കാലത്ത് ആണ് തിരിച്ചറിഞ്ഞത്.

പറഞ്ഞു വന്നത്, സൂപ്പർ മാർക്കറ്റ് കഥ ആണല്ലോ. വഴിയ്ക്ക് വച്ചു പോലീസ് എങ്ങാനും തടഞ്ഞു നിർത്തിയെങ്കിൽ. തിരിച്ചറിയാനായി ഐഎംഎ യുടെ മെമ്പർഷിപ്പ് കാർഡ് കൈയിൽ ഉണ്ട്. അതിൽ നോക്കി എന്നെ തിരിച്ചറിയാൻ പറ്റില്ല. ആ ഫോട്ടോയിൽ കാഴ്ച്ചയിൽ ഞാൻ ഏതാണ്ട് എന്നെപ്പോലെ ആണ് . ചൊറിഞ്ഞു തടിച്ചപ്പോൾ സുനിൽ സുഹദയെപ്പോലെയും . (ബോഡി ഷെയിമിങ് അല്ല സാദൃശ്യം മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു ).ആൾമാറാട്ടത്തിനോ ഐഡി മോഷണത്തിനോ എങ്ങാനും കേസ് ചാർജ് ചെയ്യുമോ എന്നായിരുന്നു പേടി. പക്ഷേ പിറ്റേന്നും അതേ മാവ് കൊണ്ടുള്ള ചപ്പാത്തി കഴിച്ചപ്പോൾ കുഴപ്പമില്ല. അപ്പോൾ ആ വില്ലൻ ആരാണ്? ചൊറിയുള്ള ചില മനുഷ്യരോട് മാത്രം അല്ല

ചൊറിയൻ പുഴുക്കളോടും ചില പൂക്കളോടും അക്കേഷ്യ ഉൾപ്പെടെ എനിക്ക് മുൻപ് അലർജി ഉണ്ടായിട്ടുണ്ട്. സൂപ്പർ മാർക്കറ്റിലേയ്ക്ക് നടക്കുന്ന വഴിയിൽ നിറയെ മരങ്ങൾ ഉള്ളതും ആൾ സഞ്ചാരം തീരെ ഇല്ലാത്തത് കൊണ്ടും പുഴുക്കൾ സ്വാതന്ത്ര്യത്തോടെ ഇറങ്ങി വന്നിട്ടുണ്ടാകും. അതിലേതെങ്കിലും ഒരു ചൊറിയൻ പുഴു ഊഞ്ഞാലാടും വഴി മേൽ സ്പർശിച്ചതാകാം. (എങ്ങോട്ടാ ഈ ലോക്ക് ഡൗൺ കാലത്ത് എന്ന് അത് എന്നെ ഞോണ്ടി പരിഹസിച്ചത് ആവും .)ഞങ്ങളുടെ നാട്ടിൽ പുഴു ആട്ടുക എന്നാണ് പറയുക. മൂപ്പരുടെ പേര് ആട്ടാം പുഴുവെന്നും. ഊഞ്ഞാലിൽ ഇരുത്തി ആട്ടുന്നത് കൊണ്ടല്ല. ആട്ടാൻ പുഴുവിന് ആട്ടുകല്ലും കുട്ടിയും ഒന്നും വേണ്ട. അല്ലെങ്കിൽ ബ്ഭാ എന്നായാലും ആട്ടുക എന്ന് തന്നെ അല്ലേ പറയുക. പുഴുവിനെ പുടു എന്നും പുഷു എന്നും പറയാം ന്ന് ചില ദേശക്കാര്.
വീണ്ടും വഴി തെറ്റി. ചില ഭക്ഷണങ്ങൾക്ക് പ്രതിരോധ ശേഷി കൂട്ടാൻ സാധിയ്ക്കും എന്ന് ചിലർ എഴുതി കണ്ടു. അതത്രത്തോളം ശരി ആണെന്ന് പറയാൻ വയ്യ. ഒരേ വീട്ടിൽ ജനിച്ച ഒരേ ഭക്ഷണം കഴിയ്ക്കുന്ന രണ്ട് പേർക്കും ഒരേ പ്രതിരോധ ശേഷി ഉണ്ടെന്ന് പറയാൻ പറ്റില്ല. സമീകൃതാഹാരം തീർച്ചയായും രോഗ പ്രതിരോധത്തിന് ആവശ്യമാണ്.

പ്രതിരോധ ശേഷിയ്ക്ക് സ്പീഷീസുമായും ജീവിയ്ക്കുന്ന സമൂഹവുമായും, പാരമ്പര്യവുമായും ബന്ധമുണ്ട്. അത് കൂടാതെ നിരവധി ഘടകങ്ങളാൽ സ്വാധീനിയ്ക്കപ്പെട്ടിരിയ്ക്കുന്നു ഇമ്മ്യൂണിറ്റി .
പ്രതിരോധ ശേഷി ഉണ്ടാവുന്നതും നിലനിർത്തുന്നതും വളരെ സങ്കീർണ്ണമായ പ്രക്രിയ ആണ്. .
അതങ്ങനെ എളുപ്പത്തിൽ നിർവചിയ്ക്കാവുന്ന ഒന്നല്ല, പോഷകാഹാരക്കുറവ് തീർച്ചയായും പ്രതിരോധ ശേഷി കുറയ്ക്കും. ദരിദ്ര രാജ്യങ്ങളിൽ ക്ഷയം, മറ്റ് പകർച്ചവ്യാധികൾ തുടങ്ങി രോഗങ്ങൾ കൂടുതൽ ആവുന്നതിന്റെ ഒരു കാരണം പട്ടിണി ആണ്. വാക്‌സിനേഷൻ, ഇല്ലാത്തതും, ഇടുങ്ങിയ ഇടത്തു തിങ്ങിപ്പാർക്കുന്നതും പട്ടിണിയും ക്ഷയം പടരാൻ കാരണം ആകുന്നു. രോഗങ്ങളെ നേരിടാനുള്ള പ്രതിരോധ ശേഷി പോഷകാഹാരക്കുറവ് ( malnutrition ) മൂലം കുറയുന്നു.

Immunity അഥവാ പ്രതിരോധ ശേഷി രണ്ട് തരം ഉണ്ട്.
a : Natural immunity അഥവാ പ്രകൃത്യാ ഉള്ളത് ,
b : acquired immunity അഥവാ ആർജിച്ചത്
.
നിഷ്ക്രിയ പ്രതിരോധ ശേഷി (passive immunity ) യും സജീവ പ്രതിരോധ ( active immunity ) യും ഉണ്ട്. Natural ഇമ്മ്യൂണിറ്റി ജന്മനാ ലഭിയ്ക്കുന്നതാണ്. പൊതുവെ ആരോഗ്യമുള്ള ഒരു ആളിന് അത് മതിയായ തോതിൽ ഉണ്ടാവും. വ്യക്തി ചില മാർഗങ്ങളിൽ കൂടി പ്രതിരോധ ശേഷി ആർജിയ്ക്കുന്നത് ആണ് acquired immunity.അത് നാലു തരത്തിൽ ഉണ്ട് .

1 : അണുബാധ കൊണ്ട് സ്വയം കിട്ടുന്നത്,
ഒരു രോഗകാരകമായ അണു ( pathogen ) ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞ് അതിനെതിരെ പൊരുതി പ്രതിരോധം നടത്തി ആന്റിബോഡി നിർമ്മിച്ചു ആർജിയ്ക്കുന്നത്. ഉദ : ചിക്കൻ പോക്സ്, മുണ്ടി നീര്.

2 : വാക്‌സിനേഷൻ
രോഗകാരകരായ അണുക്കൾ, കൊന്നതോ ജീവൻ ഉള്ളതോ, അല്ലെങ്കിൽ അണുക്കളുടെ ടോക്സിൻ നിർവീര്യം ആക്കി ടോക്സോയ്ഡോ (വിഷവസ്തു ), കുത്തിവച്ചു ആന്റിബോഡി ഉണ്ടാക്കുന്നത്.
മേൽപ്പറഞ്ഞ രീതിയിൽ പ്രതിരോധ ശേഷി നിലനിൽക്കുന്ന കാലഘട്ടത്തെ അനുസരിച്ചു മൂന്നു തരം ഉണ്ട്.അതായത് ഒരു ആന്റിജനിനു എതിരെ ആന്റിബോഡി ശരീരത്തിൽ നിലനിൽക്കുന്നത് എത്ര കാലത്തേയ്ക്ക്? .
ആജീവനാന്തകാലം ( ഡിഫ്ത്തീരിയ, വില്ലൻ ചുമ, പോളിയോ ) .
തല്ക്കാലം കുറച്ചു കാലം മാത്രം ( ഹെപ്പറ്റൈറ്റിസ്, ചിക്കൻ പോക്സ്, കോളറ , ടെറ്റനസ്, ടൈഫോയ്ഡ് )
തല്ക്കാലം തന്നെ കുറച്ചു നിശ്ചിത ദിവസങ്ങൾ മാത്രം അതായത് വിഷം ഇല്ലാതാവും വരെ. പാമ്പിൻ വിഷം asv പേവിഷം arv.
വീണ്ടും പാമ്പ് കടിച്ചാൽ വീണ്ടും വിഷം ഏൽക്കാൻ സാധ്യത നിലനിൽക്കുന്നു. വിഷം ശരീരത്തിൽ നിന്ന് പോകുന്നത് വരെ മാത്രം ആന്റിബോഡിയും നിലനിൽക്കുന്നു. വിഷം പോയിക്കഴിഞ്ഞാൽ അതിന് എതിരെ ഉള്ള ആന്റിബോഡിയും ക്രമേണ ഇല്ലാതാവുന്നു
.
അത് പോലെ ഒരിയ്ക്കൽ പേവിഷത്തിനു arv എടുത്തിട്ട്, വീണ്ടും നിശ്ചിത കാലയളവിനുള്ളിൽ പേപ്പട്ടി കടിച്ചാൽ arv ബൂസ്റ്റർ ഡോസ് എടുക്കേണ്ടി വരും. ആ നിശ്ചിത കാലയളവ് കഴിഞ്ഞാൽ, അല്ലെങ്കിൽ രണ്ടാമത്തേത് ഗുരുതര കടി ആണെങ്കിൽ arv ആദ്യം തൊട്ടു തുടങ്ങണം.

3 : ഹേർഡ് ഇമ്മ്യൂണിറ്റി.
ഒരു സമൂഹത്തിൽ 50 % വരെയോ അതിൽ കൂടുതലോ ആൾക്കാർക്ക് ഒരു പ്രത്യേക രോഗാണുവിനോട് പ്രതിരോധ ശേഷി വാക്‌സിനേഷൻ വഴിയോ രോഗ ബാധയാലോ കിട്ടിയാൽ ബാക്കി ജനതയും ആ രോഗത്തിന് പ്രതിരോധ ശേഷി ആർജിയ്ക്കുന്നു. ഉദ : പോളിയോ.

കൊറോണയ്ക്കും അങ്ങനെ ഒരു സാധ്യത നില നിൽക്കുന്നു. യൂ എസ്, യൂ കെ ഉൾപ്പെടെ ഉള്ള യൂറോപ്യൻ രാജ്യങ്ങൾ, ചൈന എന്നിവിടങ്ങളിൽ ചിലപ്പോൾ ഹേർഡ് ഇമ്മ്യൂണിറ്റി സമീപ ഭാവിയിൽ തന്നെ ഉണ്ടാവാം. പക്ഷേ അതിന് വേണ്ടി പാതിയിൽ കൂടുതൽ ഉള്ള ജനങ്ങൾ വൈറസിനോട് പൊരുതേണ്ടി വരും. അത് വേദനാജനകം ആണ്. എങ്കിലും ബാക്കിയുള്ളവർക്ക് ഇമ്മ്യൂണിറ്റി കിട്ടും. അപ്പോഴും പുതുതായി ജനിയ്ക്കുന്ന കുട്ടികൾക്ക് വാക്‌സിനേഷൻ തന്നെ വേണ്ടി വരും കോവിഡ് ഒഴിയാബാധ ആയാൽ.

4 : ആന്റിബോഡി കുത്തി വച്ചു കൊണ്ട് രോഗത്തിനെതിരെ പ്രതിരോധം തീർക്കുക.
ഉദ റാബീസ്, ഹെപ്പറ്റൈറ്റിസ്, ഡിഫ്ത്തീരിയ, ടെറ്റനസ് .
ഇപ്പോൾ കൊറോണയ്ക്ക് എതിരെയും അങ്ങനെ കോവിഡ് ഭേദമായ ആൾക്കാരിൽ നിന്നും പ്ലാസ്മ എടുത്ത് രോഗിയ്ക്ക് കൊടുത്തുകൊണ്ട് പരീക്ഷിയ്ക്കുന്നുണ്ട്. പ്ലാസ്മയിൽ കൊറോണയ്ക്ക് എതിരായ ആന്റിബോഡി ഉണ്ട്. അങ്ങനെ passive immunity കിട്ടുന്നു.

പക്ഷേ അപ്പോഴും അത് ആജീവനാന്ത സംരക്ഷണം എന്ന് പറയാൻ പറ്റില്ല. എത്ര കാലത്തേയ്ക്ക് എന്നും പ്രവചിയ്ക്കാൻ സാധ്യമല്ല. അതിനിടയിൽ മൂപ്പര് ജിനോം മാറുന്നത് വാക്സിൻ നിർമ്മാണത്തിന് തടസ്സം ആണ്. എ, ബി, സി എന്നെല്ലാം പല ജാതികൾ. കൊറോണയ്ക്ക് ജാതി ഇല്ലെങ്കിലും.
കോവിഡ് ഒരു പുതു വൈറസ് ആക കൊണ്ട് ഇതിന്റെ ഭാവി കാലം തല്ക്കാലം ഒന്നും പറയാൻ വയ്യ.
അങ്ങനെ ഇരിയ്ക്കുമ്പോൾ അത്ര വേഗത പോരെന്നു കണ്ട് മൂപ്പരാൾ ഇടയ്ക്ക് ഗിയർ മാറ്റുന്നുണ്ട് മ്യൂട്ടേഷൻ വഴി. വഴി തെറ്റിയ്ക്കുന്നുണ്ട്. ഇപ്പോൾ തന്നെ ജനിച്ചു കഴിഞ്ഞിട്ട് 7-9 പ്രാവശ്യം സ്വന്തം ജിനോം മാറ്റിയിട്ടുണ്ട്. പ്രച്ഛന്ന വേഷധാരി. പിന്നാലെ ഒറ്റാലുമായി പാഞ്ഞു വരുന്ന മരുന്നുകൾക്ക്, വാക്സീനു പിടി കൊടുക്കാതിരിയ്ക്കാനും, കൂടുതൽ പേരിൽ തന്റെ പ്രഹര ശേഷി ഏൽപ്പിച്ചു അപ്രമാദിത്വം ഉറപ്പിയ്ക്കാനും, മനുഷ്യന് മാത്രം അല്ല സാഡിസം നാർസിസം തുടങ്ങി ഇസങ്ങളിൽ തനിയ്ക്കും വലിയ പിടിയുണ്ട് എന്ന് കാണിയ്ക്കാനും കൊറോണയ്ക്ക് മിടുക്ക് ഉണ്ട്.
അത് കൊണ്ട് തന്നെ ഇത് സ്വയം ഭൂ ആണോ നിർമ്മിതം ആണോ പരീക്ഷണത്തിന്റെ പാതി വഴിയിൽ നിന്ന് ഇറങ്ങി ഓടിയത് ആണോ ഇറക്കി വിട്ടത് ആണോ എന്നെല്ലാം പല രാജ്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്.

നമ്മുടെ ശരീരത്തിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ രോഗാണുക്കളുമായോ വിഷവസ്തുക്കളുമായോ നിരവധി ഏറ്റുമുട്ടലുകൾ അഥവാ യുദ്ധങ്ങൾ നടക്കുന്നുണ്ട് .
ആന്റിബോഡി ഉണ്ടാക്കാൻ കെല്പുള്ള ശത്രുവിനെ ആന്റിജൻ അഥവാ അന്യ വസ്തു എന്ന് പറയുന്നു.
നമ്മുടെ ശരീരത്തിന് ഒരു പ്രത്യേകത ഉണ്ട്. ശരീരത്തിന് ഭീഷണി ആയിട്ടുള്ള അല്ലെങ്കിൽ ശത്രു ആയിട്ടുള്ള, വസ്തുക്കളെ ( foreign bodies ) പ്രതിരോധ ശേഷി ഉപയോഗിച്ചു പുറം തള്ളാൻ ശ്രമിയ്ക്കും.
fb ശ്വാസ നാളത്തിൽ തടഞ്ഞു പോയത് ആണെങ്കിൽ ചുമച്ചും, മ്യൂക്കസ് ഉല്പാദിപ്പിച്ചും, പുറത്തേയ്ക്ക് എത്തിയ്ക്കാൻ ശ്രമിയ്ക്കും. ഇനി അന്നനാളത്തിൽ ആണെങ്കിൽ ഛർദിച്ചും വയറിളക്കം കൊണ്ടും ശ്രമിയ്ക്കും. തൊലിയിൽ ആണെങ്കിൽ ചൊറിഞ്ഞു തടിച്ചും, പഴുപ്പ് ഉണ്ടായിട്ടും അന്യ വസ്തുവിനെ പുറം തള്ളാൻ ശ്രമിയ്ക്കും. മൂക്കിൽ ആണെങ്കിൽ തുമ്മും. എങ്ങനെയും അന്യ വസ്തുക്കൾ പുറത്ത് കളയുക എന്നതാണ് ശരീരത്തിന്റെ സ്വഭാവം.
അപ്പോൾ ഒരു സംശയം അവയവം മാറ്റി വയ്ക്കൽ ( organ transplantation ) നടക്കുമ്പോഴോ ? അപ്പോൾ അതും അന്യ വസ്തു ആണ്. സ്വാഭാവികമായും പുതിയ അവയവത്തെ പുറം തള്ളാൻ ശ്രമിയ്ക്കും. അത് തടയാൻ ഉള്ള മരുന്നുകൾ, പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകൾ ജീവിത കാലം മുഴുവൻ കഴിയ്‌ക്കേണ്ടി വരും.ഇനി കണ്ണിൽ കാണാത്ത, electron microscope കൊണ്ട് കാണുന്ന, 0.5 micron വലിപ്പമുള്ള കൊറോണ ഉൾപ്പെടെ ഉള്ള വൈറസുകൾ ,ബാക്ടീരിയകൾ , ഫങ്കസുകൾ, പാരസൈറ്റുകൾ തുടങ്ങി ഉള്ള പീക്കിരികൾ വിചാരിയ്ക്കും ആരും കാണാതെ ശരീരത്തിൽ കേറി പറ്റാം എന്ന്. നടക്കില്ല. നമ്മുടെ ശരീരത്തിന്റെ കാവൽ ഭടന്മാർ ആയ macrophages ഉം ആന്റിബോഡികളും ഒരു പരിധി വരെ സമ്മതിയ്ക്കില്ല. അവ നമ്മുടെ അതിര് കാക്കുന്ന പടയാളികൾ ആണ് . അവരെ വെട്ടിച്ചു അകത്തു കയറാൻ സാധ്യമല്ല. പക്ഷേ നമ്മൾ മിക്കവാറും ഈ യുദ്ധം അറിയുകയില്ല, ലക്ഷണങ്ങൾ ഉണ്ടാവും വരെ.പനി പ്രതിരോധത്തിന്റെ ഒരു ആയുധം ആണ്. ശരീരത്തിന്റെ ചൂട് കൂട്ടി, അകത്തു കയറിപ്പറ്റിയതിനെ ഓടിയ്ക്കുകയോ കൊല്ലുകയോ ചെയ്യുക.
പണ്ട് ഇറാഖ് യുദ്ധത്തിൽ സ്കഡ് മിസൈലിനെ പ്രതിരോധിച്ചത് പേട്രിയട്ട് മിസൈൽ ആയിരുന്നുല്ലോ.
അത് പോലെ ആന്റിജൻ ശരീരത്തിൽ അതിഥി ആയി വരുമ്പോൾ ആതിഥേയൻ വക പ്രതിരോധവുമായി macrophages ഉം ഇമ്മ്യൂണോഗ്ലോബുലിൻസ് ig അഥവാ ആന്റിബോഡികളും രംഗത്ത് എത്തും.
പ്രാദേശിക പോലീസുകാർ ആയ macrophages ആണ് ആദ്യം രംഗത്തിറങ്ങുന്നത്. അവയുടെ പോലീസ് സ്റ്റേഷൻ അങ്ങ് മജ്ജയിൽ ആണ്. അവ ഉല്പാദിപ്പിയ്ക്കുന്നത് മജ്ജ ആണെന്ന് സാരം.
ചെറിയ തോതിൽ അല്ലെങ്കിൽ പ്രാദേശികമായിട്ടാണ് ഒരു ആന്റിജൻ അല്ലെങ്കിൽ വിദേശി നുഴഞ്ഞു കയറുന്നത് എങ്കിൽ അവിടെ ലോക്കൽ ആയിട്ടുള്ള സെക്യൂരിറ്റി അണ്ണന്മാർ, macrophages അണുക്കളെ അല്ലെങ്കിൽ അന്യ വസ്തുക്കളെ തിന്ന് തീർക്കാൻ ( phagocytosis ) ശ്രമിയ്ക്കുന്നു. അവർ ആണ് ആദ്യം രംഗത്ത് എത്തുന്നത്. ബീറ്റ് പോലീസുകാർ.പക്ഷേ macrophages ന്റെ പിടിയിൽ നിന്ന് കുതറി മാറി അതിഥി അകത്തേയ്ക്ക് കയറാൻ ശ്രമിയ്ക്കുമ്പോൾ വയർ ലെസ്സ് വഴി മണത്തറിഞ്ഞു ആന്റിബോഡികൾ യുദ്ധം നടക്കുന്ന ഇടത്തു എത്തുന്നു.
” ആരെടെയ് ഇവിടെ മൊട കാണിയ്ക്കുന്നത്. എല്ലാത്തിനേം പിടിച്ചു വെളിയിൽ കളയെടെ “എന്ന് ആക്രോശിച്ചു കൊണ്ടാണ് ig അണ്ണന്മാരുടെ വരവ്
ഈ ഭൂമി അപകടകാരികൾ ആയ നിരവധി pathogens (രോഗാണു ) ന്റെ കലവറ ആണ്. സൂക്ഷ്മ ജീവികൾ ആയത് കൊണ്ട് അവയുടെ ആക്രമണം നമ്മൾ പലതും കാണുന്നില്ല അറിയുന്നില്ല എന്ന് മാത്രം. നിരന്തര യുദ്ധത്തിൽ ആണ് നമ്മുടെ പ്രതിരോധ വകുപ്പ് . അവിടുത്തെ ഉദ്യോഗസ്ഥർ ആണ് ig കളും macrophages ഉം.
ശരിയ്ക്കും നമ്മുടെ ബോഡി ഗാർഡുകൾ ആണ് ആന്റിബോഡികൾ. Immunoglobulins എന്നാണ് പറയപ്പെടുക.
അവ മജ്ജയിലെ B-cells ആണ് ഉല്പാദിപ്പിയ്ക്കുക.
ഇമ്മ്യൂണോഗ്ലോബുലിൻസ് വിവിധ വിഭാഗക്കാർ ഉണ്ട്.ig A, D, E, G, M.പേര് പോലെ തന്നെ ഇൻസ്‌പെക്ടർ ജനറൽമാർ ആണ് ശരീരത്തിലെ.
പ്രതിരോധ വകുപ്പിന്റെ കാര്യക്ഷമത പ്രകാരം മൂന്നു തരം ആൾക്കാർ ഉണ്ട്.
1 : പ്രതിരോധ ശേഷി സാധാരണ പോലെ ഉള്ളവർ,
സാധാരണ ആരോഗ്യം ഉള്ളവർക്ക് എല്ലാം പ്രതിരോധ ശേഷി ഉണ്ട്. ഒരു വിധപ്പെട്ട സാധാരണ ചെറുകിട അസുഖങ്ങൾ എല്ലാം മരുന്നുകളുടെ സഹായത്തോടെയോ ഇല്ലാതെയോ നേരിടും.പക്ഷേ വൻകിട അസുഖങ്ങൾ വന്നാൽ സ്ഥിതി മാറും.
2 : പ്രതിരോധം കുറവ് ഉള്ളവർ
കാരണങ്ങൾ
പ്രായം ആയവർ,കുട്ടികൾ,
പ്രതിരോധ ശേഷി കുറയ്ക്കുന്ന ചില അസുഖങ്ങൾ ഉള്ളവർ ഉദ aids,
ജന്മനാ ഉള്ള ചില അസുഖങ്ങൾ, ചില മരുന്നുകൾ ഉദ steroids, organ transplantation ന് കഴിയ്ക്കുന്ന ചില മരുന്നുകൾ
താല്ക്കാലികമായി പ്രതിരോധ ശേഷി കുറഞ്ഞവർ
കാരണങ്ങൾ
ചില chronic infections ഉദ ടിബി,
ചില അസുഖങ്ങൾ ഭേദമായ ഉടനെ ഉള്ള കാലം ( convalescence period ).
മേജർ സർജറികൾ കഴിഞ്ഞ ഉടനെ,
കീമോ,ചില തരം കാൻസർ രോഗങ്ങൾ,
പോഷകാഹാരക്കുറവ് (malnutrition )
3 : പ്രതിരോധ ശേഷി ഇല്ലാത്തവർ
ജന്മനാ ഉള്ള അവസ്ഥ
അവരുടെ നിലനിൽപ് തന്നെ ഭീഷണിയിൽ ആണ്.
പ്രതിരോധ ശേഷി നിർണ്ണയിയ്ക്കുന്നത് ആന്റിബോഡികളുടെ അളവ് അനുസരിച്ചു ആണ്. കുഞ്ഞു ജനിയ്ക്കുമ്പോൾ ചില ആന്റിബോഡികൾ,( igG ) , അമ്മയിൽ നിന്ന് പകർന്നു കിട്ടുകയും ജനന ശേഷം 4 മാസം കൊണ്ട് അത് തീർന്നു പോകുകയും ചെയ്യുന്നു. അത് കുഞ്ഞിന് നിഷ്ക്രിയ പ്രതിരോധശേഷി ( passive immunity ) നൽകുന്നു . 3-4 മാസം പ്രായം ആകുമ്പോൾ igG സ്വന്തം ആയി ശരീരത്തിൽ ഉത്പാദിപ്പിയ്ക്കാൻ തുടങ്ങുന്നു. ജനിച്ചു കഴിഞ്ഞാൽ ആദ്യം ഉണ്ടാവുന്ന ig, ig M ആണ്.
ചില വാക്‌സിനേഷനുകളും പാസ്സീവ് ഇമ്മ്യൂണിറ്റി ആണ് പ്രദാനം ചെയ്യുന്നത്.ആക്റ്റീവ് ഇമ്മ്യൂണിറ്റി ഉണ്ടാവുന്നത് ആന്റിജൻ നേരേ ശരീരത്തിൽ കയറി പ്രതിരോധത്തിന്റെ ഭാഗമായി ഉല്പാദിപ്പിയ്ക്കുന്ന ആന്റിബോഡികൾ കൊണ്ടാണ്. അത് നേരിട്ട് ഒരു അണുബാധയോ, ലൈവ്‌ അല്ലെങ്കിൽ കിൽഡ് വാക്‌സിനോ ടോക്സിൻ നിർവീര്യം ആക്കിയ ടോക്സോയ്ഡ് വഴിയോ ആകാം. നേരത്തെ ig കളെ കുറിച്ച് പറഞ്ഞല്ലോ.
അവരിൽ പ്രധാനി ig ചീഫ് M ആണ്. G E ഒക്കെ സ്പെഷ്യലിസ്റ്റുകൾ ആണ്. ഇൻസ്‌പെക്ടർ ജനറൽമാർക്ക് ഓരോ അണുബാധയ്ക്കും വ്യത്യസ്ത യൂണിഫോം ആണ്. ചിക്കൻ പോക്സ്ന്റെ ആന്റിബോഡി അല്ല പോളിയോയുടെത്.വാക്‌സിനേഷൻ കൊണ്ടോ മുൻപ് ചിക്കൻ പോക്സ് വന്നത് മൂലമോ ഇമ്മ്യൂണിറ്റി ഉള്ള ശരീരത്തിൽ ചിക്കൻ പോക്സ് ആന്റിജൻ അതിഥി ആയി വീണ്ടും എത്തിയാൽ,
ഉടനെ ig M ചീഫ് വിളിക്കുന്നു “ആരെടെയ് ചിക്കൻ പോക്സ് ന്റെ ആൾക്കാർ. വാ ചെന്ന് ദോ ലവർക്ക് സ്വീകരണം കൊടുക്ക്‌ “ഉടനെ അവർ പോകുന്നു, ചിക്കൻ പോക്സ് രോഗാണുവിനെ കണ്ടം വഴി ഓടിയ്ക്കുന്നു.അവിടേയ്ക്ക് പോളിയോ, ടിബിയുടെയോ ആന്റിബോഡികൾ ഓടി ചെന്നിട്ട് കാര്യം ഇല്ല. അവർ പോവില്ല.
“ഉം വെൽടൺ മൈ ബോയ്സ് ” ജോസ്പ്രകാശ് മോഡലിൽ അഭിനന്ദിയ്ക്കും ചീഫ്.
പക്ഷേ ഈ ആന്റിബോഡികൾ എല്ലാ കാലവും എല്ലായ്‌പോഴും ഒരേ പോലെ ആകണം എന്നില്ല.
പ്രായം ആകുമ്പോൾ, കാൻസർ, കീമോ ചെയ്യുമ്പോൾ, എയ്ഡ്‌സ്, മറ്റ് ഗുരുതര അസുഖം വന്നു പ്രതിരോധ ശേഷി കുറയുമ്പോൾ, ചില മരുന്നുകൾ കഴിയ്ക്കുമ്പോൾ ആന്റിബോഡികളും ക്ഷീണിയ്ക്കും. പഴയ പവർ ഉണ്ടാവില്ല. ചിലപ്പോൾ പേരിന് മാത്രം, അല്ലെങ്കിൽ പൂർണ്ണമായും തീരും. ആ നേരം ഏതെങ്കിലും രോഗാണു ചിലപ്പോൾ മുൻപ് പ്രതിരോധ ശേഷി വേണ്ടത്ര ഉണ്ടായിരുന്ന സമയത്തു ഓടിച്ചു വിട്ടത് ആവും, തടയാൻ സെക്യൂരിറ്റി ഇല്ലാഞ്ഞിട്ട് കേറി ഇങ്ങു പോരും.
മുൻപ് കണ്ടം വഴി ഓടിയ ചിക്കൻ പോക്സ് രോഗാണു ചിലപ്പോൾ വീണ്ടും വന്നു കേറി രോഗം ഉണ്ടാക്കും. അതല്ല കുറച്ചു സെക്യൂരിറ്റിക്കാർ ig ബാക്കി ഉണ്ടെങ്കിൽ അതായത് കുറച്ചു പ്രതിരോധം ഉണ്ടെങ്കിൽ, ചിക്കൻ പോക്സ് ഞരമ്പ് ചൊള്ളൻ അഥവാ herpes zoster എന്ന ചെറിയ അസുഖത്തിൽ ഒതുങ്ങും. .
ചിലപ്പോൾ ഈ ആന്റിബോഡികൾ ആവശ്യത്തിന് രക്തത്തിൽ റോന്ത് ചുറ്റുന്നില്ലായിരിയ്ക്കും. അപ്പോൾ പോലീസ് സ്റ്റേഷനിലേയ്ക്ക് ( മജ്ജ ) വിളി പോകും
“ആരവിടെ കുറച്ചു ആന്റിബോഡികൾ കൂടുതൽ പോരട്ടെ. ഇവിടെ യുദ്ധത്തിന് ആള് തികയുന്നില്ല “
.പ്രത്യേകിച്ച് ശത്രു ഇമ്മിണി വലുത് ആണെങ്കിൽ.
പുതിയ ഒരു അതിഥി ആന്റിജൻ എത്തുമ്പോൾ ആദ്യ മുന്നണി പോരാളികൾ അതാത് വിഭാഗത്തിലെ ig M കാർ തന്നെ ആണ്. അവർ 3 ആഴ്ചയ്ക്കുള്ളിൽ അളവ് കൂടി പീക് ലെവലിൽ എത്തുകയും അത് കഴിഞ്ഞു താഴാൻ തുടങ്ങും.
“ഇത് ഞങ്ങൾ കൂട്ടിയാൽ കൂടൂല്ല ഓടി വരിൻ ” എന്ന് അവർ പറയും.
അപ്പോൾ അവരെ സഹായിയ്ക്കാൻ ആയി ig G കളത്തിലിറങ്ങും. ig G ക്കാർ ഫീൽഡിൽ ഇറങ്ങണം എങ്കിൽ ആന്റിജൻ നല്ല കൂടിയ അളവിൽ വേണ്ടി വരും. അവർ പൊരുതി 8- 10 ദിവസം ആകുമ്പോൾ ഏറ്റവും ഉയർന്ന അളവിൽ പീക് ലെവൽ ആകും.അതിന് ശേഷം താഴാൻ തുടങ്ങും.
ഒരു രോഗം വന്ന ആളിലോ ഭേദം ആയ ആളിലോ G വിഭാഗം ig ഉണ്ടെങ്കിൽ രോഗം കഠിനം ആണെന്നും തുടങ്ങിയിട്ട് കുറച്ചു ദിവസം ആയെന്നും അനുമാനിയ്ക്കാം.
ഈ വിധം ആന്റിബോഡി ആന്റിജൻ പൊരിഞ്ഞ അടി നടക്കുമ്പോൾ ഇത് ഓർമ്മ കോശങ്ങളിൽ ( memory cells ) ഡീറ്റെയിൽസ് ഡേറ്റ ആയി ശേഖരിച്ചു വയ്ക്കും. ( നമ്മുടെ അടുത്തും ഉണ്ട് ഹേ ഡേറ്റ. അത് പക്ഷെ ആർക്കും അടിച്ചുമാറ്റാൻ പറ്റില്ല എന്നേയുള്ളൂ. ) അടുത്ത തവണ ഇതുങ്ങളെ ഈ പരിസരത്ത് കാണുമ്പോൾ തിരിച്ചറിയണമല്ലോ.പിന്നീട് ഇതേ ആന്റിജൻ പാത്തും പതുങ്ങിയും വരുമ്പോൾ,memory cells “അമ്പട മിടുക്ക ഇങ്ങ് കേറി വാ മക്കളെ “ന്ന് പറയും.എന്നിട്ട് പഴയ ആന്റിബോഡികളെ വിളിച്ചു,” ദോ ലവന്മാർ വരുന്നു. ചെന്ന് വേണ്ട സ്വീകരണം കൊടുക്ക്‌ ” എന്ന് ആജ്ഞാപിയ്ക്കും.
ആരാ കേറി വന്നത് പോളിയോ ആണോ ചിക്കൻ പോക്സ് ആണോ അവ മുൻപ് വന്നു പോയത് ഏതോ അതനുസരിച്ചു ഉള്ള ആന്റിബോഡികൾ കളത്തിലിറങ്ങും. ഒരേ ആന്റിജൻ രണ്ടാമത്തെ തവണ അക്രമിയ്ക്കുമ്പോൾ M നു ഒപ്പം D യും G യും വരും. എല്ലാവരും കൂടി ഒരുമിച്ച് ആണ് നേരിടുന്നത്.
ഇതാണ് ഹേർഡ് ഇമ്മ്യൂണിറ്റിയുടെയും വാക്‌സിനേഷന്റെയും പിന്നിലുള്ള സിദ്ധാന്തം.
Herd immunity യുടെ പ്രവർത്തനം എന്താണെന്ന് വച്ചാൽ 50% കൂടുതൽ ( 50 – 80% ) ആൾക്കാർക്ക് നിശ്ചിത രോഗം ഉണ്ടാവുമ്പോൾ ബാക്കി ആൾക്കാർക്കും പ്രതിരോധം ഉണ്ടാവുന്നു. അതായത് 60 % ആൾക്കാർക്ക് എന്ന് കൂട്ടിയാൽ 10ൽ 6 പേർക്ക് രോഗം വന്നെങ്കിൽ ബാക്കിയുള്ള 4 പേരിലേയ്ക്കും കൂടി കുറേശെ ആയി അണുക്കൾ എത്തും . അവിടുന്നും ഇവിടുന്നും ആയി ചെറിയ തോതിൽ ശരീരത്തിൽ കയറും. എന്നാൽ രോഗം ഉണ്ടാവാനോ മറ്റൊരാളിലേക്ക് പകർത്താനോ വേണ്ടത്ര അളവിൽ ഉണ്ടാ യിരിയ്ക്കില്ല. അപ്പോൾ കുറച്ചു ആന്റിബോഡി ഉണ്ടാവും. വീണ്ടും വീണ്ടും കുറേശ്ശെ antigen വരും. അപ്പോഴേയ്ക്കും ig യ്ക്ക് മുൻ പരിചയം ആയിട്ടുണ്ടാവും കൂടുതൽ ആന്റിബോഡികൾ G, M, D എല്ലാവരും പ്രതിരോധത്തിനായി രംഗത്ത് ഉണ്ടാവും.
കൊറോണ herd immunity യിൽ ഒതുങ്ങുമോ, അതോ സ്വയം വിട വാങ്ങുമോ അതോ വാക്സിൻ കൊണ്ട് തളയ്ക്കാൻ പറ്റുമോ എന്നെല്ലാം ഇപ്പോൾ പ്രവചിയ്ക്കാൻ പറ്റില്ല. കാണാൻ പോകുന്നേയുള്ളു.
പോളിയോ, മുണ്ടിനീര് ഒക്കെ വാക്‌സിനേഷൻ കൊണ്ടുള്ള herd immunity കിട്ടിയത് കൊണ്ടാണ് നമ്മുടെ ഇടയിൽ ഇപ്പോൾ കാണാത്തത്.പക്ഷേ അത്തരം immunity ഉണ്ടാവാൻ കുറച്ചു സമയം എടുക്കും.ഇനി മറ്റൊരു സന്ദർഭം നോക്കാം.അലർജി ഉണ്ടാക്കുന്ന ആന്റിജൻ ആണ് ശരീരത്തിൽ എത്തുന്നത് എങ്കിലോ,”ഡേയ് E ക്കാര് എവിടെ ഇങ്ങള് ഇങ്ങ് ഇറങ്ങിൻ മക്കളെ ” ന്ന് വിളി വരും. ഉടനെ അവർ ചാടി വരും.ചിലപ്പോൾ ആന്റിബോഡിയുടെയും പിടിയിൽ നിൽക്കാത്തത്ര ശക്തർ ആണ് അതിഥികൾ എങ്കിൽ അവർ ലോക്കൽ സെക്യൂരിറ്റികളേയും റോന്ത് ചുറ്റുന്നവരെയും തോൽപ്പിച്ചു അതിര് കടന്ന് രക്തത്തിലൂടെ പാഞ്ഞു പോയി ശരീരത്തിൽ ആധിപത്യം സ്ഥാപിയ്ക്കുന്നു.ഇതെല്ലാം തീരുമാനിയ്ക്കുന്നത് അതിഥി ആന്റിജൻ എത്രത്തോളം virulent (അപകടകാരി ) ആണ് , പുതിയത് ആണ് , എത്ര അളവിൽ എത്തുന്നു എന്നതിനെ ആശ്രയിച്ചിരിയ്ക്കും.കൂടാതെ, ആതിഥേയൻ മുൻപ് ഈ ആന്റിജനുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടോ, വേണ്ടത്ര അളവിൽ ആന്റിബോഡി സംഭരണം ഉണ്ടോ, ആതിഥേയൻ മൊത്തത്തിൽ സെക്യൂരിറ്റി കുറവ് ഉള്ള പാർട്ടി ആണോ അല്ലെങ്കിൽ തീരെ ഇല്ലാതെ ക്ഷീണിതൻ ആണോ എന്നിങ്ങനെ നിരവധി ഘടകങ്ങൾ സ്വാധീനിയ്ക്കുന്നു.
ആന്റിജൻ ശത്രുവിന്റെ ശക്തിയും കഴിവും അനുസരിച്ചു ആണ് ആന്റിബോഡി സെക്യൂരിറ്റിക്കാരുടെ വക സ്വീകരണവും ദ്വന്ദ യുദ്ധവും.ചീള് കേസുകൾ ആയ സാധാരണ വൈറൽ പനി, ബ്രോങ്കൈറ്റിസ്, വയറിളക്കം, ന്യൂമോണിയ തുടങ്ങിയവയ്ക്ക് മുൻ പരിചയം ഉള്ള ig ഉണ്ടാവില്ല. Vip സ്വീകരണവും ഉണ്ടാവില്ല.macrophages ഉം സാധാരണ ig M കാർ വരും തൂക്കി എടുത്ത് കളയാൻ നോക്കും.അതേ സമയം vvip, vip ലെവലിൽ ഉള്ള അതിഥികൾ ആണ് വരവ് എങ്കിൽ ചിലപ്പോൾ എല്ലാവരും വന്നിട്ടും തോറ്റു പോകും. കോളറ, , ടൈഫോയ്ഡ്, ഡിഫ്ത്തീരിയ, തുടങ്ങിയവയ്ക്ക് വാക്‌സിൻ സുരക്ഷ ഇല്ലെങ്കിൽ ശത്രുക്കൾ നേരേ ഇങ്ങു അകത്തു കയറും. അവരെ നേരിടാൻ ആന്റിബിയോട്ടിക്ക് തുടങ്ങി അസിസ്റ്റന്റ്കളുടെ സേവനം കൂടി വേണം.
ഇനി പേ വിഷം, പാമ്പ് വിഷം ഒക്കെ ആണെങ്കിൽ സാധാരണ ig ക്കാരുടെ കൈയിൽ ഒന്നും നിൽക്കില്ല.
റാബീസ് വൈറസിനെ തുരത്താൻ arv തന്നെ വേണം. അല്ലാതെ ശരീരത്തിന്റെ സാധാരണ പ്രതിരോധത്തിൽ ഒന്നും മൂപ്പര് നിൽക്കില്ല. മൂപ്പര് രക്തത്തിലൂടെ ചുറ്റുകയല്ല ചെയ്യുന്നത്. കുറച്ചു വളഞ്ഞ വഴിയായാലും ഏറ്റവും അടുത്ത ഞരമ്പ് വഴി കയറി തലച്ചോറിലേക്ക് നടത്ത തുടങ്ങും.
ഇങ്ങേ അറ്റം കന്യാകുമാരി (പാദം ) തൊട്ട് ഹിമാലയം (തലച്ചോർ ) വരെ എത്താൻ ചിലപ്പോൾ പരമാവധി 3 മാസം എടുക്കും. അതല്ല ഗുജറാത്തിലോ ( കൈ ) മധ്യപ്രദേശിലോ ( ശരീരം ) നിന്ന് ആണ് യാത്ര തുടങ്ങുന്നത് എങ്കിൽ അത്ര സമയം എടുക്കണം എന്നില്ല. റാബീസ് സ്വാമി അങ്ങോട്ട് പുറപ്പെട്ടാൽ ( പേവിഷ ബാധ ഏറ്റാൽ ) എത്രയും പെട്ടെന്ന് വഴി മുടക്കണം. Arv അല്ലാതെ ഒരാൾക്കും ആ യാത്ര തടയാൻ പറ്റില്ല. ഹിമാലയത്തിൽ എത്തിയാൽ പിന്നെ നോക്കണ്ട പിന്നെ ധ്യാനം കൂടി സമാധി ആവും 100%.പാമ്പിൻ വിഷം ആണെങ്കിലോ രക്തം വഴിയാണ് യാത്ര. ഹിമാലയത്തിൽ എത്താൻ അല്ല മൂപ്പർക്ക് താല്പര്യം. പോകുന്ന വഴി , ഇടയ്ക്ക് വൃക്ക, ഹൃദയം തുടങ്ങി തീർത്ഥാടന കേന്ദ്രങ്ങളിൽ ഒക്കെ സന്ദർശിച്ചിട്ട് വരുമ്പോഴേയ്ക്കും മുഴുവൻ പ്രവർത്തനവും തകർത്തു തരിപ്പണം ആയിട്ടുണ്ടാവും. Asv പുറകെ ഓടിച്ചിട്ട് പിടിയ്ക്കണം. ഇതിനിടയിൽ ലോക്കൽ സെക്യൂരിറ്റിക്കാർ, macrophages പാവങ്ങൾ ജീവൻ കളഞ്ഞു പൊരുതും. പക്ഷേ ഒരു രക്ഷയുമില്ല.
കടുത്ത വിഷം ആണ് ഏറ്റതെങ്കിൽ ടോക്സിൻ മൂപ്പര് സാധാരണ ig ക്കാരെ എല്ലാം ഓരോ വട്ടം മലർത്തി അടിച്ചിട്ടാണ് പോക്ക് അകത്തേയ്ക്ക്. വലിയ അളവിൽ ആണ് വിഷം ശരീരത്തിൽ അതിഥി ആയി എത്തിയത് എങ്കിൽ അത് പോലെ ധാരാളം asv യും വേണ്ടി വരും. ഒപ്പം നമ്മുടെ ig M, E, മുതലായവരും ശ്രമിയ്ക്കും. പക്ഷേ വിഷം തീരുമ്പോൾ asv യും വിഷത്തിനെതിരെ പോരാടിയ സ്വന്തം ആന്റിബോഡിയും ശരീരത്തിൽ നിന്ന് പോകും. വിഷം സ്പെഷ്യലിസ്റ്റ് ig കൾ ശരീരത്തിൽ നിലനിൽക്കില്ല. അടുത്ത വിഷബാധയ്ക്ക് വീണ്ടും ആദ്യം തൊട്ട് തുടങ്ങണം.
ചുരുക്കത്തിൽ,ഒരു രോഗത്തെ പ്രതിരോധിയ്ക്കാൻ ഒരു വ്യക്തിയിൽ ജീവൻ ഉള്ളതോ ചത്തതോ, ആയ അണുവിനെയോ അതിൽ നിന്ന് വേർതിരിച്ച toxoid ഓ കുത്തി വച്ചു ആന്റിബോഡി ഉണ്ടാക്കി പ്രതിരോധ ശേഷി ആർജിയ്ക്കാം.ആരോഗ്യം ഉള്ള മനുഷ്യ ശരീരത്തിൽ ആന്റിജൻ കുത്തി വച്ചു ആന്റിബോഡി ഉല്പാദിപ്പിച്ചോ രോഗം വന്നു ഭേദം ആയ ആളിന്റെ പ്ലാസ്മ ആന്റിബോഡി ശേഖരിച്ചോ പ്രതിവിധി കാണാം.അല്ലെങ്കിൽ ചില മൃഗങ്ങളിൽ ആന്റിജൻ കുത്തി വച്ചു ആന്റിബോഡി ശേഖരിച്ചു, അതിലെ മറ്റ് വിഷാംശങ്ങൾ നീക്കി ശുദ്ധീകരിച്ചു വാക്സിൻ തയ്യാറാക്കാം.ഇങ്ങനെ ഒക്കെ ആവും കൊറോണയ്ക്കും വാക്സിൻ കണ്ട് പിടിയ്ക്കുക.എത്രയും പെട്ടെന്ന് ആവട്ടെ.അത് വരെ വ്യക്തി ശുചിത്വം, സാമൂഹിക അകലം, പാലിയ്ക്കുക. മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കുക.