ഡോക്ടർമാർക്കിടയിൽ ഏറ്റവും ആയുസ് കുറവുള്ള ഡോക്ടർ വിഭാഗം ആണ് സർജൻ, കാരണമുണ്ട്

102

ഡോ. ഗംഗ എസ്

ഡോക്ടർമാർക്കിടയിൽ ഏറ്റവും ആയുസ് കുറവുള്ള ഡോക്ടർ വിഭാഗം ആണ് സർജൻ .കാരണം സർജറികൾക്ക് മറ്റുള്ള ചികിത്സാരീതികളെക്കാൾ കൂടുതൽ റിസ്ക് ഉണ്ട്. അതിന്റെതായ ടെൻഷൻ അവർക്ക് ഉണ്ട്.രോഗിക്ക് ഒപ്പം സർജനും ഒരു പരിധി വരെ സ്‌ട്രെസ് ഉണ്ട്. എനിയ്ക്ക് ഏറ്റവും ബഹുമാനമുള്ളത് സർജനോട് ആണ്. അതിൽ എല്ലാ വിഭാഗവും, general surgeon തൊട്ട് thoracic , neuro ,plastic gastro, cardio, uro, ortho, ophthalmologist , ent, gynaec തുടങ്ങി എല്ലാവരും ഉണ്ട്. മേല്പറഞ്ഞ എല്ലാവരും വിവിധ തരം സർജറികൾ ചെയ്യുന്നവരാണ്.

ലാപ്രോസ്കോപ്പിക്ക് സർജറി നൂതന വിഭാഗം ആണ്.ഒരിയ്ക്കൽ ഒരു രോഗി സർജറിയെ കുറിച്ച് കേട്ടയുടനെ പറഞ്ഞു,ഡോക്ടറെ എനിയ്ക്ക് ഓപ്പറേഷൻ ചെയ്യാൻ പേടിയാ. അതിന് ഡോക്ടർ പറഞ്ഞ മറുപടി, നിങ്ങൾ പേടിയ്ക്കുന്നതെന്തിന് നിങ്ങൾ അല്ലല്ലോ ഞാൻ അല്ലേ ഓപറേഷൻ ചെയ്യുന്നത്. എനിയ്ക്കല്ലേ പേടി തോന്നേണ്ടത് എന്ന്. ഇത് ഒരു തമാശ സംഭാഷണം ആണെങ്കിലും അതിൽ ഒരു വസ്തുത ഉണ്ട്. ഡോക്ടർക്കുള്ള സ്‌ട്രെസ്.പഠിച്ച് ഡിഗ്രി എടുക്കുന്നതിനൊപ്പം സീനിയർ സർജന്മാരുടെ കൂടെ നിന്ന് നിരവധി സർജറികൾ ചെയ്ത് പരിശീലനം കിട്ടിയിട്ടാണ് ഒരു സർജൻ സർജറി സ്വന്തം ആയി ചെയ്യുന്നത്.അങ്ങനെ വേണ്ടത്ര പരിശീലനം കിട്ടാതെ സർജറി ചെയ്യാൻ സാധിയ്ക്കുമോ?

അങ്ങനെ പരിശീലനം കിട്ടി എന്നതിന്റെ രേഖയാണ് അവരുടെ സർട്ടിഫിക്കറ്റ്.ഒരു രോഗിക്ക് സർജറി എന്ന ചികിത്സ വേണം എന്നത് ആരാണ് തീരുമാനിയ്ക്കുക? സർജൻ ആണ്.അദ്ദേഹം മാത്രമാണ് അതിന്റെ ഉത്തരവാദിത്തം വഹിയ്ക്കുന്നത്, ആ രോഗിയെ മറ്റുള്ള ഡോക്ടർമാർ കൂടി മറ്റ് തരത്തിൽ ചികിൽസിയ്ക്കുന്നുണ്ടെങ്കിലും.ഉദാ : രോഗിയ്ക്ക് ഒരു മുഴ ഉണ്ടെങ്കിൽ ചിലപ്പോൾ ഉടനെ അതങ്ങ് വെട്ടിയെടുക്കാൻ പറ്റില്ല. ചില മുഴകൾ ഉടനെ സർജറി ചെയ്തുകൂടാ എന്നുണ്ട്. അവിടെ പഴുപ്പ് ഉണ്ടെങ്കിൽ ആന്റിബയോട്ടിക് കൊടുത്ത് ചുരുക്കി, ചിലപ്പോൾ റേഡിയേഷനോ കീമോയോ കൊടുത്തിട്ട് ചെയ്യണം. അതിന് conchologist ന്റെ (consultation) നിർദേശം അറിയണം. ടിബി ആണെങ്കിൽ അതിനുള്ള ATT ചികിത്സ കൊടുക്കണം ഒപ്പം. ചിലപ്പോൾ മുഴ എടുക്കും മുൻപ് fnac (കുത്തിയെടുത്ത് പരിശോധന) യും സ്കാനും വേണ്ടി വരും.. ഇതൊക്കെ തീരുമാനിക്കുന്നത് സർജൻ ആണ്. ഫിസിഷ്യൻ പോലുമായിരിക്കില്ല.
കൈയിലോ കാലിലോ വെറുമൊരു മുറിവ് തുന്നുമ്പോൾ പോലും ശ്രദ്ധിക്കേണ്ടതുണ്ട് .. Tendon ( പേശി എല്ലുമായി യോജിക്കുന്ന നാട പോലുള്ള ഭാഗം ), artery (ധമനി) ,nerve (ഞരമ്പ്) ന് ക്ഷതം ഉണ്ടോ, അടിയിലുള്ള എല്ലിന് കേടുപാട് ഉണ്ടോ എന്നതൊക്കെ നോക്കണം. Tendon ന് ക്ഷതമോ എല്ലിന് പൊട്ടലോ സംശയം ഉണ്ടെങ്കിൽ ഓർത്തോ സർജന്റെ സഹായം വേണ്ടി വരും.
ചില രോഗികളിൽ മറ്റ് വിഭാഗങ്ങളുടെ, ഫിസിഷ്യൻ, ഗൈനക്ക്, ഇ എൻ ടി, യൂറോ, നെഫ്രോ തുടങ്ങിയവരൂടെ നിർദേശമോ ഇടപെടലോ ചികിത്സയോ കൺസൾട്ടേഷനോ വേണ്ടി വരും.
.
ഉദാ വൃക്ക രോഗിയ്ക്ക് ഒരു സർജറി ചെയ്യുമ്പോൾ നെഫ്രോയുടെ മേൽനോട്ടം അല്ലെങ്കിൽ അവരുടെ നിർദേശം കൂടി വേണ്ടി വരും.
ഇനി ഹൃദ്രോഗി ആണെങ്കിൽ അതിന് കഴിയ്ക്കുന്ന ecospirin clopi warf മുതലായ മരുന്നുകൾ തല്ക്കാലം നിർത്തണമെങ്കിൽ ചികിൽസിക്കുന്ന കാർഡിയോളജിസ്റ്റിന്റെ നിർദേശം വേണം. ഗർഭിണി ആണെങ്കിൽ ഗൈനെക് ഡോക്ടറിന്റെ കൂടി മേൽനോട്ടം വേണ്ടി വരും..അങ്ങനെ നിരവധി ഘടകങ്ങൾ ചേരുന്ന സങ്കീർണ്ണമായ ഒരു പ്രക്രിയ ആണ് സർജറി.സർജറിയ്ക്ക് pre operative (ഓപ്പറേഷന് മുൻപ് ), post operative ( ഓപ്പറേഷന് ശേഷം ) periods ഉണ്ട്. സർജറിയ്ക്ക് രോഗി മാനസികമായും ശാരീരികമായും ഫിറ്റ്‌ ആണോ എന്ന് തീരുമാനിക്കേണ്ടതുണ്ട്.അതിന് അനെസ്തെറ്റിസ്റ്റ് വക noc വേണം.മറ്റസുഖങ്ങൾ ഉള്ളവരെങ്കിൽ അതാതിന്റെ വകുപ്പ് ഡോക്ടർമാർ, ഫിസിഷ്യൻ, പൾമോണോളജിസ്റ്റ്, ന്യൂറോ, തുടങ്ങിയവരുടെ വക noc വേണ്ടി വരും.സർജറി ചെയ്യും മുൻപ് രോഗിയെ തയ്യാറാക്കേണ്ടതുണ്ട്.
Pre operative period മറ്റ് അസുഖങ്ങൾ നിലവിൽ ഉള്ളത് നിയന്ത്രണത്തിലാക്കണം. സർജറിയുടെ വക stress ( ആഘാതം ) താങ്ങാൻ പറ്റുന്ന ഹൃദയം, വൃക്ക ആണോന്ന് നോക്കണം. ഇതുവരെ കണ്ട് പിടിയ്ക്കപ്പെടാത്തതോ മറഞ്ഞു കിടക്കുന്നതോ ആയ എന്തെങ്കിലും അസുഖങ്ങൾ ഉണ്ടോന്ന് കണ്ടുപിടിക്കണം. ഉണ്ടെങ്കിൽ അതിനുള്ള ചികിത്സ, മുൻകരുതൽ കൂടി വേണ്ടി വരും.പ്രമേഹത്തിന് മരുന്ന് കഴിച്ചവരിലും രക്തത്തിൽ ഷുഗറിന്റെ അളവ് കൂടിയാലും ഇല്ലെങ്കിലും സർജറി കാലത്ത് ഇൻസുലിനിലേയ്ക്ക് ചിലപ്പോൾ മാറ്റേണ്ടി വരും.
മുൻപ് ഏതെങ്കിലും സർജറി ചെയ്യുമ്പോൾ അലർജി, cardiac arrest (ഹൃദയപ്രവർത്തനം നിലയ്ക്കുക ) renal failure (വൃക്ക പ്രവർത്തനം തകരാറിൽ ആവുക ), അപസ്മാരം (seizure ) തുടങ്ങി ഉണ്ടായിട്ടുണ്ടെങ്കിൽ അതാത് വിഭാഗം ഡോക്ടർമാരുടെ കൂടി അഭിപ്രായമോ ചികിത്സയോ സാന്നിധ്യമോ ഉറപ്പാക്കണം.

സർജറിയ്ക്ക് മുന്നോടിയായി ഇസിജി, എക്കോ, സ്കാൻ ലാബ് പരിശോധന തുടങ്ങി എല്ലാം സർജൻ മാത്രമോ കാർഡിയോളജിസ്റ്റൊ ഫിസിഷ്യനോ മറ്റ് വിഭാഗം ഡോക്ടർമാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരും കൂടിയോ നിശ്ചയിക്കും.സർജറി മൈനറും മേജറും ഉണ്ട്.
സർജറി ചെയ്യുമ്പോൾ അത് മൈനർ ആവട്ടെ മേജർ ആവട്ടെ അതിൽ ചെറുതും വലുതുമായ റിസ്ക്കുകളും ഉണ്ട്.സാധാരണ നിലയിൽ ഒന്നും സംഭവിയ്ക്കാറില്ല എങ്കിൽ കൂടിയും അതും കണക്കിലെടുക്കണം സർജന് ഒപ്പം വേണ്ടുന്ന വിഭാഗം ഡോക്ടർ ആണ് anaesthetist (മയക്കു ഡോക്ടർ)സർജറി ഒരു ടീം വർക്ക് ആണ്. അതിൽ അനെസ്തെറ്റിസ്റ്റിന്റെയും സർജന്റെയും ഇടയിൽ ഒരു കെമിസ്ട്രിയും ഉണ്ടാവും.രോഗി, സർജൻ അനെസ്തറ്റിസ്റ്റ് മൂവരുടെയും ഭാഗത്ത്‌ നിന്നും എപ്പോൾ വേണമെങ്കിലും മേല്പറഞ്ഞ ഒരു എമർജൻസി crisis situation ഉണ്ടാവാം. രോഗിയുടെ നിലവിലുള്ള അസുഖങ്ങൾ, , ഡോക്ടർ സർജറി ചെയ്യുന്ന രീതി, അനെസ്തെഷ്യ. ഇതിൽ ഒരു അത്യാഹിതം ഉണ്ടാവാൻ സാധ്യത അവർ മുന്നിൽക്കാണുന്നുണ്ട്.

അത് ചിലപ്പോൾ ഒരു അപ്രതീക്ഷിത ഹൃദയ സ്തംഭനം (cardiac arrest ) ആവാം. അനസ്‌തേഷ്യയ്ക്ക് മുന്നോടിയായി ഇന്റുബേഷൻ, എയർവേ കൊടുക്കുമ്പോഴോ വളരെ അപൂർവമായി ഉണ്ടാവാം.ഷോക്ക്, രക്ത സ്രാവം ( bleeding ) ബിപി താഴുക, ഹാർട്ട് അറ്റാക്ക്, അലർജി അപസ്മാരം അങ്ങനെ ചില complications വേണമെങ്കിലും സംഭവിയ്ക്കാൻ സാധ്യത നില നിൽക്കുന്നുണ്ട്. അപൂർവമായിട്ടാണെങ്കിലും. അങ്ങനെ എന്തെങ്കിലുമുണ്ടായാൽ, സർജറി നടന്നു കൊണ്ടിരിയ്ക്കുമ്പോൾ ആണെങ്കിൽ കൂടി, സർജനും അനസ്തെറ്റിസ്റ്റും കൂടി രോഗിയെ രക്ഷിയ്ക്കാൻ ശ്രമിക്കും. മറ്റ് ഡോക്ടർമാരുടെ സഹായവും ചിലപ്പോൾ വേണ്ടി വരും, അവരൊക്കെ ഉണ്ടാവും.വെന്റിലേറ്റർ, മറ്റ് ജീവൻ രക്ഷാ മരുന്നുകൾ defibrillator തുടങ്ങി സൗകര്യങ്ങൾ സർജറി ചെയ്യുന്ന മിക്കവാറും ആശുപത്രികളിൽ ഉണ്ടാവും.ഇതെല്ലാം എപ്പോഴും സംഭവിക്കണം എന്നില്ല പക്ഷേ സംഭവിച്ചാൽ തന്നെയും അത് കൈകാര്യം ചെയ്യാനും വേണ്ട പരിശീലനവും ആധുനിക സംവിധാനവും ഉണ്ട്.മുൻ കാലങ്ങളെ അപേക്ഷിച്ചു നൂതന മാർഗങ്ങൾ ഇന്നുണ്ട്.ഇത്രയും കഴിഞ്ഞാലും പോസ്റ്റ്‌ ഓപ്പറേറ്റീവ് പീരീഡിൽ മറ്റ് റിസ്കുകൾ ഉണ്ട്.സർജറി കഴിയുമ്പോൾ ആന്റിബയോട്ടിക്‌ ഉൾപ്പെടെ മരുന്നുകൾ പോസ്റ്റ്‌ ഓപ്പറേറ്റീവ് പീരീഡിൽ കൊടുക്കേണ്ടി വരും.

ഇൻഫെക്ഷൻ( അണുബാധ ) നിയന്ത്രണത്തിലായില്ലെങ്കിൽ കൾച്ചർ ചെയ്ത് ആന്റിബിയോട്ടിക് മാറ്റിക്കൊടുക്കേണ്ടി വരും.
ഏതിനും അലർജി ഉണ്ടാവാം. പഴയതൊ പുതിയതോ ആയ മറ്റ് അസുഖങ്ങൾ കൊണ്ട് രോഗിയുടെ നില വഷളാവാം.
( മുൻപ് ഞാൻ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ഇൻജെക്ഷൻ പാരസെറ്റമോൾ കൊണ്ട് അലർജി ഉണ്ടായി അത്യാസന്ന നിലയിൽ കൊണ്ട് വന്ന് ഓപ്പറേഷൻ തിയേറ്ററിൽ മരിച്ച ഒരു ചെറുപ്പക്കാരനെ അറിയാം. ). ലോക്കൽ അനസ്‌തേഷ്യയ്ക്ക് പോലും അലർജി ഉണ്ടാക്കാം. ലോക്കൽ അനേസ്തെഷ്യയിലോ സ്‌പൈനൽ അനേസ്തെഷ്യയിലോ തുടങ്ങി ചിലപ്പോൾ ജനറൽ അനേസ്തെഷ്യ തന്നെ കൊടുക്കേണ്ടി വരാം.സർജറിയോടാനുബന്ധിച്ചുള്ള ചികിത്സയും തയ്യാറെടുപ്പുകളും മുഴുവനും അലോപ്പതിയിലിരിക്കെ, അനെസ്ത്തെറ്റിക് മെഡിസിൻസ്, സെഡേറ്റീവ്സ്, മസിൽ റിലാക്‌സന്റ്സ് ഇൻസുലിൻ, ടെറ്റനസ് ടോക്സോയ്ഡ്, ആന്റിബിയോട്ടിക്‌സ്, ബോട്രോപേസ്, ഡോപ്പാമിൻ, അഡ്രിനാലിൻ , സ്റ്റീറോയിഡ്സ് തുടങ്ങി ഐ വി ഫ്ലൂയിഡ് വരെ,

അതെല്ലാം കൈകാര്യം ചെയ്യുന്നത് ആര്? അതല്ല അതിനെല്ലാം ആയുർവേദ മരുന്നുകൾ ആയിരിയ്ക്കുമോ പകരം ഉപയോഗിക്കുക?
ഇതിന് പുറമേ സർജൻ അല്ലാത്ത ഡോക്ടർക്കൊപ്പം നിന്ന് അനെസ്തെറ്റിസ്റ്റ് അനേസ്തെഷ്യ കൊടുക്കാൻ തയ്യാറാകുമോ?
അതോ ആയുർവേദ വിഭാഗം അവരുടേതായ അനെസ്തെറ്റിക്ക് മരുന്നുകൾ ആണോ ഉപയോഗിക്കുക?അതെല്ലാം പരീക്ഷണങ്ങൾ നടത്തി വിജയിച്ചുകഴിഞ്ഞതാണോ?അങ്ങനെ ഒരുറപ്പ് രോഗിയ്ക്ക് കൊടുക്കാൻ സാധിയ്ക്കുമോ? രോഗികൾ എത്ര പേർ തയ്യാറാവും ?
സർജൻ അല്ലാത്ത ഡോക്ടർമാർ സർജറി ചെയ്യാൻ തയ്യാറാവുമോ ? ഇനി സർജറി ചെയ്ത് complications ഉണ്ടായാൽ (ഉണ്ടാവില്ല എന്നാർക്കും പറയാൻ സാധിയ്ക്കില്ല ) അതിന് രോഗിയെ ആര് പിന്നീട് ചികിൽസിയ്ക്കും?അതിന്റെ ഉത്തരവാദിത്തം ആരേറ്റെടുക്കും?
അതിൽ മെഡിക്കൽ മാത്രമല്ല നിയമപരമായും ധാർമ്മികമായും പ്രശ്നങ്ങൾ ഇല്ലേ?അങ്ങനെയിരിയ്ക്കെ ആയുർവേദവിഭാഗം സർജറി ചെയ്യുക എങ്ങനെ എന്ന് എനിയ്ക്ക് മനസിലായില്ല. ചികിത്സ വിഭാഗങ്ങൾ അതാത് തനത് ആയി നിൽക്കട്ടെ. അതല്ലേ നല്ലത്?
അങ്ങനെയല്ലേ നിലവിൽ നടക്കുന്നത്?അതിൽ രോഗികൾക്കും പരാതി ഇല്ലാത്തിടത്തോളം കാലം പുതിയ മിക്സോപ്പതിയുടെ ഉദ്ദേശം എന്താണെന്ന് മനസ്സിലാകുന്നില്ല.ഇപ്പോഴത്തെ നിലയിൽ തന്നെ രോഗിയ്ക്ക് ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാമല്ലോ!

Nb ഈ വിഷയം അല്ലാതെ ഇത് മായി ബന്ധപ്പെട്ടതല്ലാത്ത മറ്റ് വിഷയങ്ങൾക്ക് സമാധാനം പറയുന്നതല്ല